Monday, July 25, 2011

വാസുദേവന്‍ മറന്നു വച്ചത്‌

വാസുദേവന്‍ മറന്നു വച്ചത്‌
*********************

തിരക്കുള്ള ട്രെയിനിലേയ്ക്കു കയറും മുന്‍പ്‌ വാസുദേവന്‍ ഒന്നു കൂടി ഉറപ്പു വരുത്തി;ഒന്നും മറന്നിട്ടില്ല.
കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തു.
ഓഫീസുകളില്‍ കയറി ചെയ്യേണ്ടത്‌ ....
മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടത്‌....
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നുംഎടുക്കാനുള്ളത്‌....
വസുമതിക്കു ഒരു ചുവന്ന ബ്ലൗസ്സിനുള്ള തുണി....
ലൗ ബേഡ്‌ സിനുള്ള തീറ്റ...
മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്....

ഒരോന്നും കയ്യിലുണ്ടെന്നു തിട്ടപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ ആത്മ വിശ്വാസം വര്‍ദ്ധിച്ചു.
ഇന്നു വസുമതിയുടെ വഴക്കു കേള്‍ക്കേണ്ടി വരില്ല .അല്ലെങ്കില്‍ എന്നും എന്തെങ്കിലും കാരണം കണ്ടു പിടിച്ച്‌ വഴക്കുണ്ടാക്കുക എന്നത്‌ അവളുടെ സ്വഭാവമാണ്‌.

ചിലപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടാലും അയാള്‍ ഓഫീസ്സില്‍ കയറാന്‍ മറന്നതിനാകും....
കൊണ്ടു പോയ ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു വല്ലാതെ വിശക്കുന്നു വസുമതി എന്നു അയാള്‍
പലപ്പോഴും വൈകുന്നേരം ആവലാതി പറഞ്ഞിട്ടുണ്ട്‌.അപ്പോഴെല്ലാമാണ്‌ അവളുടെ തനി രൂപം കാണാറുള്ളത്‌. .

വസുമതിയെ പറഞ്ഞിട്ടു കാര്യമില്ല.
അയാളുടെ മറവിയാണ്‌ എല്ലാറ്റിനും കാരണം.
അതോര്‍ക്കുമ്പോള്‍ തന്റെ നശിച്ച മറവിയെ അയാള്‍ ശപിക്കുകയും ചെയ്യും.

പലവട്ടം കൌണ്സിലിങ്ങിനെന്നും പറഞ്ഞ്‌ വാസുദേവനെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയിട്ടുണ്ടവള്‍.

പക്ഷെ ഡോക്ടറുടെ ഉപദേശങ്ങള്‍ കേട്ട ശേഷം അവള്‍ക്ക്‌ ഒരുപാടു മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ വാസുദേവനു സന്തോഷം ഉളവാക്കിയ കാര്യമാണ്‌.
നിരന്തരമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോള്‍ കുറവാണ്‌.മാത്രമല്ല തന്റെ കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നയാള്‍ ആശ്വസിച്ചു.

വെറുതെ ഇരിക്കാന്‍ അവള്‍ സമ്മതിക്കുകയേ ഇല്ല. എന്തെങ്കിലും വായിക്കണം അതിനുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുന്നതും അവളാണ്‌. വായിച്ച കാര്യങ്ങള്‍ ക്രമത്തില്‍ അവളോട്‌ പറയണം .ചെറുപ്പത്തില്‍ മകള്‍ സുഡോക്കുവും പദപ്രശ്നവുമൊക്കെ പൂരിപ്പിക്കുമ്പോള്‍ വെറുതെ സമയം കളയാതെ പഠിക്കെടി എന്ന് വഴക്കു പറഞ്ഞിരുന്ന വസുമതി ഇപ്പോള്‍ അയാള്‍ക്ക്‌ നേരം പോക്കിന്‌ എന്തെല്ലാം കളികളാണു പറഞ്ഞുകൊടുക്കുന്നത്‌.

ഓഫീസ്സു ജോലികളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ലല്ലൊ എന്നു പറഞ്ഞാണ്‌ അവള്‍ അയാളെ വോളണ്ടറി റിട്ടയര്‍മെന്റിനു നിര്‍ബന്ധിച്ചത്‌.തനിക്കത്ര കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു വിചാരം എങ്കിലും വസുമതിയെ അനുസരിക്കുന്നതില്‍ അപാകതയൊന്നും വാസുദേവനു തോന്നിയില്ല.
എന്നിട്ടും പലപ്പോഴും ഓഫീസില്‍ പോകുകയുണ്ടായി....മറവികൊണ്ടു തന്നെ....

പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച്‌ വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട്‌ താന്‍ തികച്ചും സാധാരണപോലെയാണ്‌ എന്നയാള്‍ കരുതി
ഇത്രയും നല്ല ഒരു ഭാര്യയെ തനിക്കു ലഭിച്ചതില്‍ അയാള്‍ തികച്ചും സംതൃപ്തനായിരുന്നു.തന്റെ ഭാഗ്യമാണവള്‍ എന്നയാള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

ഇരു കൈയ്യിലും സഞ്ചികള്‍ തൂക്കി നിമിഷങ്ങള്‍ മാത്രം സ്റ്റോപ്പുള്ള ഇലക്ട്രിക്‌ ട്രെയിനിന്റെ വാതിലിലെ ദ്വന്ദയുദ്ധത്തിനൊടുവില്‍ അയാളും ഉള്ളിലെത്തി.കാലുറപ്പിക്കാനിടമില്ലാത്ത തിരക്കിന്റെ അലകളില്‍ ഒരു പൊങ്ങു തടി പോലെ വാസുദേവന്‍ ഒഴുകി നടന്നു.അവസാനത്തെ സ്റ്റേഷനിലാണ്‌ ഇറങ്ങേണ്ടതെന്നതിനാല്‍ വാസുദേവനു ഉത്‌കണ്ഠ ഒന്നും തോന്നിയില്ല. തിരക്കില്‍പ്പെട്ട്‌ ഇറങ്ങേണ്ടാത്ത സ്റ്റേഷനില്‍ ഇറക്കപ്പെടാതിരിക്കാന്‍ അയാള്‍ ഉള്ളിന്റെ ഉള്ളിലേയ്ക്കു നീന്തി നീന്തി പോയി.

കയ്യിലെ സഞ്ചികള്‍ മുറുക്കെപ്പിടിച്ച്‌ എപ്പോഴോ കിട്ടിയ സീറ്റില്‍ അമരുമ്പോള്‍ അതു വരെ ഇല്ലാത്ത ഒരു ശങ്ക അയാളില്‍ ഉണര്‍ന്നു.

'താനെന്തോ മറന്നിരിക്കുന്നു'

എന്താണത്‌ എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ വന്നില്ല.കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ പിന്നെയും അയാള്‍ കണ്ണോടിച്ചു.സഞ്ചികളില്‍ അവയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു.എന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നിട്ട സ്റ്റേഷനുകളില്‍ അയാളുടെ സ്മരണയില്‍ കത്തി നിന്നത്‌ അതു മാത്രമായിരുന്നു.

എന്തോ താന്‍ മറന്നിരിക്കുന്നു....

വാങ്ങാനുള്ളവയുടെ ലിസ്റ്റ്‌.....കാണാനുള്ളവരുടെ പേരുകള്‍....ചെയ്യാനുണ്ടായിരുന കാര്യങ്ങള്‍.....പിന്നെയും ഓരോന്നായി ഇഴപിരിച്ചെടുത്തു നോക്കി.എന്നിട്ടും ഇല്ല ഒന്നും.
എന്തോ മറന്നുവെന്നത്‌ വെറും തോന്നലാകും...അങ്ങനെ വിശ്വസിക്കാന്‍ ആവതു ശ്രമിച്ചിട്ടും വീണ്ടും സുനാമിത്തിരകള്‍ പോലെ ആ ചിന്ത പൊന്തി വന്നു കൊണ്ടിരുന്നു...

താനെന്തോ മറന്നിരിക്കുന്നു എന്താണ്‌...എന്താണത്‌...?

ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയും പരിഭ്രാന്തിയും വാസുദേവനില്‍ നുരകുത്തി.

ഏയ്‌...ഒന്നുമില്ല.താനിന്നു തികച്ചും സംതൃപ്തനാണ്‌...ഒരു കാര്യം പോലും മറക്കാതെ ചെയ്യാന്‍ കഴിഞ്ഞവന്‍...എന്തായാലും വസുമതിക്ക്‌ ഇന്ന് തന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തോന്നും.ഉറപ്പ്‌.

ശ്ശ്യേ....അല്ല ...എന്തോ ഒന്ന്....

പിന്നെയും അയാളുടെ ചിന്തയില്‍ ആ ദുരൂഹത അലറിക്കരഞ്ഞു.

മനസ്സിന്റെ സ്ലേറ്റില്‍ എഴുതിയും മായ്ച്ചും പലകാര്യങ്ങളും അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഒരിടത്തു പോലും ഒരു മങ്ങിയ ഓര്‍മ്മ കടന്നു വന്നില്ല.
എന്നിട്ടും അയാളുടെ ഉള്ളില്‍ ആരോ ചൊറിഞ്ഞു കൊണ്ടിരുന്നു
എന്താണ്‌...എന്താണു മറന്നത്‌...?

അരെ ഭായ്‌ ക്യാ...?ആപ്‌ ഗാഡീസെ നഹി ഉതര്‍ രഹെംഗെ...??
സഹോദര....താങ്കള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ലേ...?

ഓട്ടം നിലച്ച ട്രെയിനിന്റെ വാതിലുകള്‍ ലോക്കു ചെയ്യാനെത്തിയ ആള്‍ വിളിച്ചുണര്‍ത്തി ചോദിച്ചപ്പോള്‍ വാസുദേവനു സ്ഥലകാല ബോധം ഉണ്ടായി.
അതു വരെയുണ്ടായിരുന്ന തോന്നലിന്റെ അര്‍ഥം അയാള്‍ വെറുതെ ഊഹിച്ചു.
ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നതാണ്‌.

ഉള്ളിലുണര്‍ന്ന ചിരിയോടെ അയാള്‍ വേഗം പുറത്തിറങ്ങി.
പതിവിനു വിപരീതമായി സ്റ്റേഷന്റെ വിജനത കണ്ട്‌ അയാള്‍ക്ക്‌ തെല്ലു പരിഭ്രമമുണ്ടായി.
തനിക്കു വേണ്ടി മാത്രം ഓടിയ വണ്ടിയൊ?
ആയിരിക്കില്ല.വണ്ടിയില്‍ നിന്നിറങ്ങിയവരെല്ലാം തിരക്കിട്ടു പോയതാകും
താന്‍ എത്ര നേരം ഉറങ്ങിയെന്നറിയില്ലല്ലൊ.
എന്തായാലും പേടിക്കാനൊന്നുമില്ല.
ഇരുപതു മിനുട്ട്‌ നടന്നാല്‍ ഫ്ലാറ്റിലെത്താം.
പകല്‍ വെളിച്ചത്തില്‍ എന്നപോലെയാണ്‌ ഇടവഴികള്‍ എല്ലാം.

ആള്‍ത്തിരക്കിലും അനുഭവപ്പെട്ട അതേ ഏകാന്തതയോടെ വാസുദേവന്‍ നടന്നു.
അയാളുടെ മനസ്സപ്പോള്‍ എന്നത്തേക്കാള്‍ ശാന്തമായിരുന്നു;വീട്ടിലെത്തുമ്പോള്‍ ഉള്ള ആനന്ദം അനുഭവിച്ചു തുടങ്ങിയ പോലെ.
അതുകൊണ്ടു തന്നെ ലിഫ്റ്റിനു കാത്തു നില്‍ക്കാതെ ആറാം നിലയിലെ തന്റെ ഫ്ലാറ്റിലേയ്ക്ക്‌ അയാള്‍ നടന്നു കയറി. മുകളിലെത്തുമ്പോഴും അയാള്‍ക്കു തളര്‍ച്ച തോന്നിയില്ല.
വസുമതിയോടു തന്റെ വീരകഥകള്‍ പറയാനും അവളുടെ അഭിനന്ദനം ഏറ്റു വാങ്ങാനുമുള്ള ആവേശത്തിലായിരുന്നു അയാള്‍.

ചുമരിലെ സ്വിച്ചില്‍ വിരലമര്‍ത്തി
അയാള്‍ കാത്തു നിന്നു
പലവട്ടം അകത്തു മണിയടി ശബ്ദം മുഴങ്ങിയിട്ടും വസുമതി വാതില്‍ തുറക്കാതെ വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം അയാള്‍ക്ക്‌ നഷ്ടമായി.

"വസൂ..."

അല്‍പം ശബ്ദമുയര്‍ത്തിത്തന്നെ വാസുദേവന്‍ ഭാര്യയെ വിളിച്ചു.
വാതിലില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു....
എന്നിട്ടും മറുപടി കിട്ടാഞ്ഞ്‌ അയാളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.വാതിലിലെ ഇടിക്കു ശക്തി കൂടുകയും വായില്‍ തോന്നിയ ചീത്തവാക്കുകള്‍ ഭാര്യയെ വിളിക്കുകയും ചെയ്തു....

"അച്ഛാ..."

മകളുടെ കരച്ചിലാണ്‌ അയാളെ പിന്തിരിപ്പിച്ചത്‌.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.

"എന്താ ഇത്രേം വൈകിയത്‌....?
ഞാന്‍ പേടിച്ചു പോയി".

"വൈകിയോ..?ഇതെല്ലാം വാങ്ങിയപ്പോഴേയ്ക്കും സമയം ആയതാ...."

"ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്‍....? "

മകളുടെ കണ്ണുനീര്‍ കണ്ട്‌ അയാള്‍ക്കും സങ്കടം വന്നു....

"നീയെവിടെപ്പോയതാ....?"

" അപ്പുറത്തെ നിലീനാന്റിയുടെ അടുത്ത്‌.ഞാന്‍ തനിച്ചായതോണ്ട്‌ ആന്റി എന്നെ വിളിച്ചോണ്ടു പോയതാ."

"തനിച്ചൊ? അപ്പോള്‍ നിന്റെ അമ്മയെന്ത്യേടി?വല്ലോന്റേം കൂടെപ്പോയോ?"

മകളുടെ മുഖം അമ്പരപ്പില്‍ വിടരുന്നതു കണ്ട്‌ വാസുദേവനു ശങ്ക തോന്നി..

"എന്താടി...?"
അയാള്‍ തിമട്ടി.

"അമ്മയ്ക്കു പനികൂടുതലായിട്ട്‌ ഹോസ്പിറ്റ ലിലേയ്ക്ക് അച്ഛന്റെ കൂടെയല്ലേ വന്നേ.... അമ്മ എന്ത്യേ അച്ഛാ..."

അവളുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയാളെ പരിഭ്രാന്തനാക്കി.

വസുമതി....!ഒരു നിമിഷം അയാള്‍ ഓര്‍മ്മയില്‍ പരതി....
ഡോക്ടറെ കണ്ടു.മരുന്നിനു കുറിച്ചു തന്നു.ഒരു ഇഞ്ജെക്ഷന്‍ എടുക്കുകയും ചെയ്തു....
അഡ്മിറ്റാകണമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിച്ചു കൊണ്ടു പോന്നതാണ്‌.

പിന്നെ....പിന്നെ....
ക്ഷീണം തോന്നുന്നു എന്നു പറഞ്ഞ്‌ സ്റ്റേഷനിലെ ബെഞ്ചില്‍ ഇരുന്നവള്‍....അവള്‍ക്കു വെള്ളം വാങ്ങാന്‍ നീങ്ങിയതാണു താന്‍....ഇപ്പോള്‍ വരാം എന്നു പറഞ്ഞിരുന്നു. അവിടെത്തന്നെ ഇരിക്കണം എന്നും.

ഒന്നും രണ്ടുമല്ല അഞ്ചു സ്റ്റേഷനുകള്‍ക്കപ്പുറത്ത്‌....

അയ്യോ...എന്തോ മറന്നു എന്നു തോന്നിയത്‌ അപ്പോള്‍ അതായിരുന്നു....തന്റെ ഭാര്യ...!

മതിഭ്രമം ബാധിച്ചവനേപ്പോലെ കയ്യിലിരുന്ന സഞ്ചികള്‍ വലിച്ചെറിഞ്ഞ്‌ അയാള്‍ ഇറങ്ങിയോടി.ഇരുപതു മിനുട്ടുകൊണ്ട്‌ നടന്നെത്താവുന്ന ദൂരം അഞ്ചുമിനുട്ടില്‍ ഒതുക്കി താനിറങ്ങിയ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു യാഥാര്‍ഥ്യം അയാളെ തുറിച്ചു നോക്കി.
ഇനി പുലരും വരെ ട്രെയിനുകളില്ല....

വസുമതിയേക്കുറിച്ചുള്ള ഓര്‍മ്മ അയാളെ അടിമുടി പൊള്ളിച്ചു.

നില്‍ക്കപ്പൊറുതിയില്ലാതെ അയാള്‍ റെയില്‍പ്പാളത്തിലൂടെ ഓടിക്കൊണ്ടേയിരുന്നു......

59 comments:

മുഹമ്മദ് സഗീര്‍ said...

മറവിയെ കുറിചുള്ള ഈ കഥ വളരെ മനോഹരമായി തന്നെ ടീച്ചർ എഴുതിയിരിക്കുന്നു.നന്ദി

രമേശ്‌ അരൂര്‍ said...

ചേച്ചീ ..:) മനോഹരമായിരിക്കുന്നു ..മറവി മാത്രമല്ല ..അയാളുടെ ആകുലതകള്‍ നിറഞ്ഞ മനസും മിഴിവോടെ പകര്‍ത്തിയിരിക്കുന്നു ..
ഇങ്ങനെ ഭാര്യയെ മറന്നു യാത്ര ചെയ്ത ഒരാളെ എനിക്കറിയാം .ആദ്ദേഹം തന്നെ പറഞ്ഞ സംഭവമാണ് ..ആലപ്പുഴ യിലെ ഒരു കോളേജില്‍ മലയാളം പ്രോഫസര്‍ ആയി സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹവും ഭാര്യയും കൂടി രാവിലെ സ്കൂട്ടറില്‍ ജോലി ക്കായി പുറപ്പെട്ടതാണ് ..ഇടയ്ക്ക് എന്തോ കാര്യത്തിനായി സ്കൂട്ടര്‍ നിര്‍ത്തി ..പിന്നീട് യാത്ര തുടര്‍ന്ന പ്രൊഫസര്‍ കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴാണ് ഭാര്യ കൂടെയില്ല എന്ന സത്യം മനസിലാക്കിയത് !

Echmukutty said...

കഥ മനോഹരം. വളരെ ഭംഗിയായി എഴുതീരിയ്ക്കുന്നു, അഭിനന്ദനങ്ങൾ. എല്ലാ കഥാപാത്രങ്ങൾക്കും തികഞ്ഞ മിഴിവ്.

junaith said...

നന്നായിരിക്കുന്നു ചേച്ചി.....................

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു.
അവസാനം വരെ ആകുലതയോടെ വായിച്ചു.
പോസ്റ്റ് ഇഷ്ട്ടായി

കെ.എം. റഷീദ് said...

ഹാഷിം പറഞ്ഞിട്ടാണ് ഇതിലെ വന്നത്
വളരെ മനോഹരമായ ഒരുകഥ
നന്നായി ഇഷ്ടപ്പെട്ടു

കടലാസുപുലി said...

ഇഷ്ടപ്പെട്ടു ..ഫോണ്ട് ഒന്ന് കൂടി ക്രമീകരിക്കാമോ ..വായിക്കാന്‍ ഒന്ന് കൂടി സുഖം ഉണ്ടാവും ..ഇവിടെ എത്തിച്ച ഹാഷിം നു നന്ദി ..

subanvengara-സുബാന്‍വേങ്ങര said...

..മറവി പലപ്പോഴും അനുഗ്രഹമാണ്.......എഴുത്ത് നന്നായിട്ടുണ്ട്...

Ismail Chemmad said...

വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍ ചേച്ചി.
ഹാഷിമാണ് ഇവിടെ എത്തിച്ചത്
ഞാനും കുറച്ചാളുകളെ ഇങ്ങോട്റെത്തിക്കാം

ലീല എം ചന്ദ്രന്‍.. said...

മുഹമ്മദ് സഗീര്‍,
രമേശ്‌ അരൂര്‍,
എച്ച്മു ,
ജുനൈദ് ,
ഹാഷിം എല്ലാവര്ക്കും നന്ദി.
ഹാഷിം വിളിച്ചപ്പോള്‍ വരാന്‍ സന്മനസ്സുണ്ടായ റഷീദിനും കടലാസ്സുപുലിക്കും പ്രത്യേക നന്ദി.
ആദ്യമായി വരുന്നതാണ് അല്ലേ ...ഇനിയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

Pradeep Kumar said...

മനോഹരമായി എഴുതി ടീച്ചര്‍

ലീല എം ചന്ദ്രന്‍.. said...

സുബന്‍ ,ഇസ്മൈല്‍ നന്ദി.

ലീല എം ചന്ദ്രന്‍.. said...

നല്ല വാക്കുകള്‍ക്ക് നന്ദി കേട്ടോ പ്രദീപ്‌.ഇനിയും വരണം .

BIJU KOTTILA said...

ടീച്ചറേ നന്നായി എഴുതി . വാസുദേവന്റെ തിരക്കുകളെ ഒന്നു കൂടി ആധുനിക വൽക്കരിക്കാം എന്നു തോന്നി. നല്ല എഴുത്ത് .. ആശംസകൾ

അലി said...

എത്ര മനോഹരമായിട്ടാണീ കഥ പറഞ്ഞിരിക്കുന്നത്. നന്ദി.

ടെമ്പ്ലേറ്റിന്റെ നിറം വായനക്ക് ആയാസമാകുന്നു.

yiam said...

ആദ്യം മുതൽ തന്നെ അവസാനം എന്താകും മറന്നത് എന്നു അറിയാനുള്ള ത്രിൽ ഉണ്ടാകി...

ഞാൻ ആദ്യം വിചാരിച്ചത് അവളൂടെ മരണം മറന്ന്താകുമെന്നാണ്..
അതിലുപരിയായി കഥ ചിത്രീകരിച്ചു

അഭിനന്ദനങ്ങൾ

K@nn(())raan*കണ്ണൂരാന്‍! said...

ലീലേച്ചീ,
ഒരു രാത്രി കണ്ണൂര്‍ മുനിസിപ്പല്‍സ്റ്റാന്‍ഡില്‍ സമാനമായൊരു സംഭവം ഉണ്ടായതായി കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. ഒരാള്‍ ഭാര്യയേയും കുട്ടിയേയും സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടു മരുന്ന് വാങ്ങിക്കാന്‍ പോയത്രേ. ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും, അവസാന ബസ്‌ പോയിട്ടും ആളേ കാണുന്നില്ല. അവിടെയുള്ളവര്‍ അവരെ വീട്ടിലെത്തിക്കുമ്പോള്‍ മൂപ്പിലാന്‍ കൊലായിലിരുന്നു ബീഡി വലിക്കുന്നുവത്രേ!!!

അവതരണ മികവ്കൊണ്ട് സങ്കടപ്പെടുത്തുന്നു ഈ കഥ.

വേദാത്മിക പ്രിയദര്‍ശിനി said...

ചേച്ചി അവസാനം വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി....!! ഒരുപാടിഷ്ടപ്പെട്ടു..... :)

വീ കെ said...

അൽഷിമേഴ്സ് രോഗത്തിന്റെ ഭവിഷ്യത്ത് ഒരു ഞെട്ടലോടെയാണ് നാമെല്ലാം അറിഞ്ഞത്. അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് ഇതിലെ നായികയും.

എന്നിട്ടും വെള്ളമെടുക്കാൻ പോയ ഭർത്താവിന്റെ പുറകിൽ ഒരു കണ്ണു കൊടുക്കാതിരുന്നത് മാത്രം ചെറിയൊരു അവിശ്വസിനീയതായി തോന്നി.
കാരണം ചേച്ചി വർണ്ണിച്ച ആ ഭാര്യ അങ്ങനെ ചെയ്യുന്നവളായിരുന്നു എന്നാണ് എന്റെ വിശ്വാസം.
തെറ്റു കണ്ടെത്താനുള്ള ഒരു ശ്രമമായി തെറ്റിദ്ധരിക്കരുതേ...
കഥ നന്നായിരിക്കുന്നു.
ആശംസകൾ...

Sandeep.A.K said...

ലീലചേച്ചി.. കഥയേറെ ഇഷ്ടമായി.. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു കഥാപാത്രത്തിന്റെ വിഭ്രമാത്മകവിവരണത്തിലൂടെ...

@ വീ കെ.. ഒരുപക്ഷെ രോഗക്ഷീണത്താല്‍ ഒരു പക്ഷെ അയാളുടെ ഭാര്യ അവശയായി ബെഞ്ചില്‍ തളര്‍ന്നുറങ്ങിയിരിക്കാം.. അങ്ങനെയുമായി കൂടെ.. കഥയ്ക്കപ്പുറത്തെ വിശകലങ്ങളും കൂട്ടി ചേര്‍ക്കലുകളും വേണമല്ലോ വായനക്കാരന്റെ ഭാവനയില്‍ .. എനിക്കിങ്ങനെ തോന്നുന്നു..

Lipi Ranju said...

കഥ ഇഷ്ടായി ചേച്ചി , ഇത് കുറച്ചു പഴയ കഥയാണോ ?ഇപ്പൊ എല്ലാവരുടെയും കൈയ്യില്‍ മൊബൈല്‍ കാണുമല്ലോ , എത്താന്‍ വൈകുമ്പോള്‍ മകള്‍ സ്വാഭാവികമായും വിളിച്ചു ചോദിക്കില്ലേ ! ആ ഒരു സംശയം തോന്നിട്ടോ, അതുകൊണ്ടാ ചോദിച്ചേ... :)

Bijith :|: ബിജിത്‌ said...

ലീലാമ്മേ, ജീവിക്കാന്‍ മറന്നു പോയവനോട്, ഭാര്യയെ മറന്നു വച്ച് എന്ന് പറഞ്ഞു കളിയാക്കുകയാണോ....

keraladasanunni said...

നന്നായി കഥ പറഞ്ഞിരിക്കുന്നു.

മുകിൽ said...

നന്നായിരിക്കുന്നു, ചേച്ചി. വായിച്ചു കഴിഞ്ഞു വളരെ സന്തോഷം തോന്നി അവതരണരീതി കണ്ട്. നല്ലൊരു കഥ.

kARNOr(കാര്‍ന്നോര്) said...

നന്നായി എഴുതി. വായനക്കാരനെ കഥാപാത്രത്തിന്റെ സ്ഥാനത്ത് നിര്‍ത്തിയപോലെ തോന്നി. നല്ലൊരു വായന സമ്മാനിച്ചതിന് നന്ദി.

Rayees Peringadi said...

Nice story... keep writing

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല കഥ ഭംഗിയായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ.

Ashraf Ambalathu said...

ആദ്യമായി ഹാഷിമിന് നന്ദി പറയുന്നു, ഇവിടെ എത്തിച്ചതിനു.
സത്യത്തില്‍ ഇതാണ് സൃഷ്ടി. ഓരോ വരികള്‍ വായിക്കുമ്പോഴും ആകാംക്ഷ വര്‍ദ്ദിപ്പിച്ചു കൊണ്ടിരുന്നു. എന്ത് പറയുന്നു എന്നതിനപ്പുറം എങ്ങിനെ പറയുന്നു എന്നതിലാണ് ടീച്ചറെ പോലോത്ത എഴുത്തുകാര്‍ എന്നെ പോലോത്തവര്‍ക്ക് മാതൃകയാകേണ്ടത്.
ആശംസകള്‍.

ചന്തു നായർ said...

ശ്രീമതി ലീലാ.എം.ചന്ദ്രൻ... ഒരു നല്ല കഥ വായിച്ചു. അഭിനന്ദനങ്ങൾ..ലിപിയുടെ ചോദ്യം പ്രസക്തമണ്.... അതിനു മറുപടിയും ഉണ്ട്..“അയ്യാൾ മോബൈൽ എടുക്കാനും മറന്നൂ“ അല്ലെങ്കിൽ അയ്യാൾ മൊബൈൽ ഉപയോഗിക്കാറില്ലാ...പിന്നെ ട്രെയിനിൽ വച്ച് അയ്യാളുടെ മറ്വിയെപ്പറ്റിയുള്ള ചിന്തകൾക്ക് നീളക്കൂടുതൽ അവിടെ ഒന്നുകൂടെ എഡിറ്റിംഗ് ആവശ്യമാണ് (എന്റെ തോന്നലാണ്) ഒരു രചന നല്ലതാണെങ്കിൽ മാത്രമേ വിമർശനങ്ങൾ കൂടൂ..അല്ലാത്തവയെ ,“കൊള്ളാം“ “നല്ലത്” എന്നീ വാക്കുകളിൽ ഒതുക്കും..ഇവിടെ ശ്രിമതി ലീല ചെയ്തിരിക്കുന്നത് നല്ലോരു കാര്യമാണ് ബ്ലോഗിലെഴുതുന്ന ചില സഹോദരിമാർ ഈ കഥ ശ്രദ്ധിക്കണം...”പ്രണയം’ ‘മഴ’ അല്ലാതെയും വിഷയങ്ങൾ ഉണ്ടെന്ന് അവർ മനസ്സിലാക്കണം...ഈ കഥയിലെ ‘മറവി’ എല്ലാവർക്കും സംഭവിക്കുന്ന ഒരവസ്ത്ഥ ആണ്..ഇവിടെ മറവിയുടെ ഭീകരമുഖം കണ്ടപ്പോൾ എനിക്കും പേടിതോന്നുന്നൂ.. അൽഷിമേഴ്സ് രോഗം ബാധിച്ച ഇന്നത്തെ സമൂഹത്തിൽ ഞാനും ഒരാളായിപ്പോകുമോ...എന്ന്.. ഈ കഥ വളരെയേറെ ചിന്തിപ്പിക്കുന്നൂ... അടുത്തകാലത്ത് വായിച്ച് കഥകളിൽ നല്ലൊരെണ്ണം... കഥാകാരിക്ക് എന്റെ നമസ്കാരം.....

ഷാജു അത്താണിക്കല്‍ said...

നല്ല വിവരണം
മറവി മനുഷ്യന്റെ അനുഗ്രഹമാണ്, പക്ഷെ കൂടിയാല്‍ അതി വിപത്തുമായ ഒരു മാനസിക പ്രവര്‍ത്തനം,
വളരെ രസകര്‍മായി വിവരിച്ചു
കഥ് ഇഷ്ടപെട്ടൂ
ആശംസകള്‍

നികു കേച്ചേരി said...

നന്നായി പറഞ്ഞു...

അനുരാഗ് said...

കഥ മനോഹരം അഭിനന്ദനങ്ങൾ.

the man to walk with said...

മനസ്സ് ആകുലമാവുകയും ഓര്‍മ്മകള്‍ ഇല്ലാതാവുകയും ചെയ്യുന്ന അവഷ്ട അനുഭവിച്ചു ..

ആശംസകള്‍

MyDreams said...

നന്നായി എഴുതി

V P Gangadharan, Sydney said...

അഭിനന്ദനം അര്‍ഹിക്കുന്ന ഒരു നല്ല കഥ. വശ്യതയാര്‍ന്ന ലാളിത്യത്തോടെ, ജീവിതത്തെ സമഗ്രമായി കുറിച്ചിടപ്പെട്ട ഒരു പുസ്തകത്തിന്റെ ജീവന്‍ തുടിക്കുന്ന ഒരേടു പറിച്ചെടുത്ത്‌ വായനക്കാരുടെ സമക്ഷം സൗമ്യതയോടെ കഥാകാരി സമര്‍പ്പിച്ചുകഴിഞ്ഞു. കഥാനായകന്റെ മനസ്സും ചലനവും ഒടുക്കം അയാള്‍ പരിഭ്രാന്തിയോടെ കിതച്ചോടുന്ന റയില്‍പ്പാളത്തിന്‌ സമാന്തരമായിത്തന്നെ നിഴല്‍പോലെ നീങ്ങുന്ന കാഴ്ച, രചനാപാടവത്താല്‍, നാടകീയതയ്ക്ക്‌ മറയിട്ടുകൊണ്ട്‌ അഭംഗുരമാക്കി. കഥാകാരിയുടെ ജയശംഖം മുഴങ്ങുന്നതോടൊപ്പം അനുവാചകരുടെ സന്ദേഹങ്ങള്‍ക്കുള്ള പ്രസക്തി ഇവിടെ മുരടറ്റുവീഴുന്നു.

ഹാഷിക്ക് said...

ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നപ്പോള്‍ കഥയുടെ അവസാനം ആയി എന്ന് തോന്നിയതാണ്. എന്നാല്‍ അതിനേക്കാള്‍ നല്ല ഒരു ക്ലൈമാക്സില്‍ കൊണ്ട് അവസാനിപ്പിച്ചു. വായന ഒട്ടും ബോറടിപ്പിച്ചില്ല. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.
(മറവിരോഗം ആളുകളില്‍ കൂടി വരുന്നുണ്ടോ? )

Muyyam Rajan said...

മറവി...അല്‍ഷിമിയേര്‍സ് -- എന്ന രോഗത്തിന്റെ ആകുലതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാതെ പേടിയാവുന്നു. ചില നേരങ്ങളീല്‍ പ്രിയപ്പെട്ടവരുടെ പേര്‌ തന്നെ മറന്നു പോവുക...! ഇതാണ്‌ ഇന്നത്തെ അവസ്ഥ. ഒരു പ്രായം കഴിയുമ്പോള്‍ ഇതൊക്കെ സ്വാഭാവികാമായിരിക്കാമെന്നു സമാധാനിക്കുകയേ ഇനി നിവൃത്തിയുള്ളൂ ... എന്നാലും ഭീതിയാണ്‌ എന്നും മനസ്സിനെ ഭരിക്കുന്നത്... സമ്മിശ്രമായ കുറെ വികാര വിചാരങ്ങളെ അനുഭവിപ്പിച്ച ഇക്കഥയും എനിക്ക് ഏറെ ഇഷ്ടമായി. എല്ലാ ഭാവുകങ്ങളും നേരുന്നു !

സിംഗറോളി, മദ്ധ്യപ്രദേശ്

ഒരില വെറുതെ said...

കഥ ഇഷ്ടായി

Mohamedkutty മുഹമ്മദുകുട്ടി said...

മറവിയുടെ കഥ അസ്സലായി. ആദ്യമാണിവിടെ.പിന്നെ ഫോണ്ടിന്റെ സ്പേസിങ്ങിലും ബാക്ക് ഗ്രൌണ്ടിലും ഒന്നു കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

വിനുവേട്ടന്‍ said...

സ്മൃതിനാശം ബാധിച്ചവരുടെ നിസ്സഹായതയും ആകുലതയും വളരെ നന്നായി അവതരിപ്പിച്ചു. അവസാനം വരെ ആകാംക്ഷ നില നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു... ആശംസകൾ...

മാനസ said...

'മനോഹരമായ കഥ' എന്ന് പറയാന്‍ തോന്നുന്നില്ല ചേച്ചീ...
കാരണം മനസ്സിന് വിങ്ങല്‍ ആണ് തോന്നുന്നത്.
അത്രയ്ക്ക് ഹൃദയസ്പര്‍ശിയായി...
really haunting..

കഥയുടെ വിവരണം ഇഷ്ടമായി..

Sabs said...
This comment has been removed by the author.
Sabu M H said...

എഴുത്തു കൊള്ളാം.

ഒത്തു പോകാത്ത പലതും വായിച്ചു.

തുടക്കത്തിൽ വാസുദേവൻ തുണ്ടു കടലാസ്സിൽ എഴുതിയതു വായിക്കുന്നതാണ്‌.
ഭാര്യയെ ആശുപത്രിയിൽ അത്യാവശ്യമായി കൊണ്ട്‌ പോകുമ്പോൾ തുണ്ടു കടലാസ്സിൽ,
ലൗ ബേഡ്‌ സിനുള്ള തീറ്റ ആരെങ്കിലും എഴുതുമോ?
അതും ഒരുപാട്‌ സഞ്ചികളുമായി?
ചുവന്ന ബ്ലൗസിനുള്ള തുണിയും മറ്റും?

ഹിന്ദി സംസാരം ഇടയ്ക്ക്‌ കണ്ടത്‌ കൊണ്ട്‌ കഥ ഉത്തരേന്ത്യയിൽ എവിടെയോ ആണെന്നു കരുതുന്നു.

വന്ന ശേഷം വാതിലിൽ മുട്ടുന്ന ആളു ഉണരുന്നത്‌ (?) മകളുടെ വിളി കേട്ടാണ്‌.

പനി കൂടിയിട്ട്‌ അഞ്ചു സ്റ്റേഷനപ്പുറത്താണോ പോയത്‌?. അതു കുറച്ച്‌ കടുപ്പമല്ലേ?. അമ്മയും മകളും മാത്രമാവും പോവുക.

ഇനി മറ്റൊന്ന്:
അൾഷമേഴ്സ്‌ രോഗികളെ ആരും ഒറ്റക്ക്‌ പുറത്തേക്ക്‌ വിടാറില്ല. അടുത്തുള്ള കടയിൽ പോലും. ഈ രോഗം ബാധിച്ച ചില നിർഭാഗ്യവാന്മാരുടെ അടുത്ത ബന്ധുക്കളെ അറിയാവുന്നത്‌ കൊണ്ട്‌ ഈ കാര്യം അറിയാം.

ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ..

ലീല എം ചന്ദ്രന്‍.. said...

(പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച്‌ വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട്‌ താന്‍ തികച്ചും സാധാരണപോലെയാണ്‌ എന്നയാള്‍ കരുതി)
പൂര്‍ണ്ണമായും മറവി രോഗത്തിന് അയാള്‍ വിധേയന്‍ അല്ലല്ലോ. ആയിരുന്നെങ്കില്‍ ഇത്ര അടുക്കും ചിട്ടയോടും കൂടി ചിന്തിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നോ ?
വസുമതി എഴുതി കൊടുത്തയക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അയാള്‍ മറക്കുന്നില്ല.പക്ഷെ ചിലപ്പോള്‍ ചിലകാര്യങ്ങളില്‍ വന്നുഭവിക്കുന്ന മറവി... അതിനുദാഹരണങ്ങള്‍ കമന്റുകളില്‍ തന്നെ കണ്ടുവല്ലോ.

("അച്ഛാ..."
മകളുടെ കരച്ചിലാണ്‌ അയാളെ പിന്തിരിപ്പിച്ചത്‌.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.)
അയാള്‍ ഉറക്കത്തില്‍ നിന്നാണ് ഞെട്ടിയുണര്‍ന്നത് എന്നാണോ മനസ്സിലാകുന്നത്?
("ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്‍....?)
സാബുവിന്റെ സംശയത്തിനു ഈവാക്കുകള്‍ മറുപടിയാകുന്നില്ലേ?

കഥ പൂര്‍ണ്ണ വിജയമെന്ന് ഞാന്‍ കരുതിയിട്ടില്ല.
കുറവുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദിയുണ്ട്.
ഇനിയുള്ള എന്റെ രചനകളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതെന്നെ സഹായിക്കും
കമന്റുകളിലൂടെ എനിക്ക് ഉര്‍ജ്ജം പകര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു.

Anilkumar said...
This comment has been removed by the author.
അനില്‍കുമാര്‍ . സി.പി said...

മറവിയും, മറവിയെ കുറിച്ചുള്ള ആകുലതകളും ഒക്കെ മനോഹരമായി എഴുതി.

ആളവന്‍താന്‍ said...

ടീച്ചറേ....ഒരു വരിപോലുമില്ല രസം കൊല്ലിയായിട്ട്. ഇവിടെ ആരെങ്കിലും പറയാന്‍ വിട്ടുപോയിട്ടുള്ള ഏതെങ്കിലും ആശംസാ വാക്കുകള്‍ ബാക്കിയുണ്ടെങ്കില്‍ അതെല്ലാം ടീച്ചറിന് തരുന്നു....

നാമൂസ് said...

ഈ 'മറവി' അത്ഭുതപ്പെടുത്തുന്നു.
നല്ല കഥ വായിച്ച തൃപ്തിയില്‍ കഥാകാരിക്ക് നല്ല നമസ്കാരം. ആശംസകള്‍.

ManzoorAluvila said...

അൾഷിമേസ് രോഗത്തിന്റെ ദുരവസ്ത ഈ കഥയിൽ നന്നായ് അവതരിപ്പിച്ചിരിക്കുന്നു ..നന്നായ് എഴുതി..എല്ല ആശംസകളും

ലീല എം ചന്ദ്രന്‍.. said...

അനില്‍കുമാര്‍ ,
വിമല്‍,
നാമൂസ്,
മന്‍സൂര്‍.....
നല്ലവാക്കുകള്‍ക്ക് നന്ദി.

അനശ്വര said...

ഹാഷിമിന്റെ മെയില്‍ വഴി വന്നു..
വന്നത് വെറുതെ ആയില്ല...ഒരു നല്ല കഥ വായിച്ചു..അവസാനം വരെ നിലനില്‍ക്കുന്നു ആകാംക്ഷ...
മറവിയെ മനോഹരമായി തന്നെ പറഞ്ഞു...ആശംസകള്‍..

പ്രയാണ്‍ said...

മനോഹരം......വളരെ നന്നായിരിക്കുന്നു.......അഭിനന്ദനങ്ങള്‍ .

ആസാദ്‌ said...

താനെന്തോ മറന്നു എന്നയാള്‍ ചിന്തിച്ചപ്പോള്‍ തന്നെ, കഥയില്‍ ഭാര്യക്ക് പ്രാധാന്യം കൊടുത്തിരുന്നത് കൊണ്ട് ക്ലൈമാക്സ് പിടി കിട്ടിയിരുന്നു. പക്ഷെ അത് മുന്നോട്ടുള്ള വായനയെ ഒട്ടും അലോസരപ്പെടുത്തിയില്ല എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. നന്നായിരിക്കുന്നു. ആശംസകള്‍

My......C..R..A..C..K........Words said...

kollaam.....

M.A.Latheef said...

കഥയില്‍ പുതുമയുണ്ട്.. ചുറ്റുപാടുകളെ കൂടി കഥാവഴിയില്‍ കൂടുതലായി കൊണ്ടുവരാം.. നന്നായി എഴുതി..

....Ormakal.... said...

കൊള്ളാം.......
വളരെ നന്നായിട്ടുണ്ട്........

mad|മാഡ്-അക്ഷരക്കോളനി.കോം said...

വളരെ ഹൃദയ സ്പര്‍ശിയായി എഴുതി..വായനയുടെ സുഖം കിട്ടി ചേച്ചി

INTIMATE STRANGER said...

കഥ ഇഷ്ടപ്പെട്ടു.. അയാളുടെ മനസിന്റെ ആകുലതകള്‍ നന്നായി തന്നെ പറഞ്ഞു.

Sulfi Manalvayal said...

മരവിയെക്കുരിച്ചുള്ള കഥ, മനസ്സില്‍ തട്ടി.

ഒടുവില്‍ എല്ലാം വലിച്ചെറിഞ്ഞു ഭ്രാന്തനെ പോലെയുള്ള ഓട്ടം. മനസ്സില്‍ നൊമ്പരമായി.

നന്നായി പറഞ്ഞു. ആശംസകള്‍.