Saturday, August 2, 2008

മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്‌

പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.
പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.

ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.

ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.

പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ്‌ വിധിയാളന്‍ ഇടയിലെത്തിയത്‌.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്‌,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.
ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത്‌ പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.
അതില്‍പ്പിന്നീടാണ്‌ പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്‌.
വിധിയാളന്‍ അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ്‌ തിരിച്ചെത്തി.
പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന്‍ പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.

എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.
പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്‍പു നല്‍കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത്‌ എല്ലാവരും കൂടിയാണ്‌.
പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്‌, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന്‍ മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.
സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്‍ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത്‌ സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്‍കി വിധിയാളന്‍ പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്‌നമ്മുടെ ആഗ്രഹം.
അതു സാധിപ്പിക്കാനുള്ള കഴിവ്‌ പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന്‍ തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.

പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന്‍ നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.
പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന്‍ പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.
വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.
എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.
പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക്‌ നിമിത്തകാരനെ വലിച്ചെറിഞ്ഞ്‌,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന്‍ അവനു നല്‍കി.
നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത്‌ ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....
ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട്‌ തൊഴിച്ചകറ്റി.

അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന്‍ കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.
വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.
അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.