Monday, November 7, 2011

പറയാന്‍ പാടില്ലാത്തത്‌.


പറയാന്‍ പാടില്ലാത്തത്‌.
************************



ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങള്‍ അമിതയുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട്‌ ഏറെ സന്തോഷിച്ചത്‌ ഞാനാണ്‌.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ്‌ ഏറെ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്‌.അതിനെന്നെ പ്രാപ്തയാക്കിയ ദൈവത്തിനോട്‌ ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌....
ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!
അങ്ങനൊരു ചിന്ത മനസ്സില്‍ ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലൊ ഇത്‌.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.
അടുത്തകാലത്തു തന്നെ അത്തരം ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത്‌ എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു കാര്യമാണ്‌.
ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി നടന്നിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.
കല്ല്യാണത്തിന്‌ ആദ്യാവസാനം ഞങ്ങളും പങ്കെടുത്തതാണ്‌.എല്ലാം അന്വേഷിച്ചറിഞ്ഞ്‌ ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു ബോദ്ധ്യപ്പെട്ട് നടത്തിയ ചടങ്ങുകള്‍.
വരന്‍ സുമുഖന്‍ ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....
ചെക്കനു ഗള്‍ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള ജോലി.
ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന്‍ ചെയ്തിരുന്ന വന്‍ ബിസിനസ്സ്‌ തുടര്‍ന്നാലും മതി.
കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്‌.ഒരു മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍ നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു രണ്ടും നടന്നില്ല.

എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍ ട്രാന്‍സ്‌ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും അന്വേഷിക്കാന്‍ തോന്നിയില്ല.
ആയിടക്കാണ്‌ അവള്‍ക്കൊരു ജോലി ശരിയായത്‌.
ഇന്നത്തെക്കാലത്ത്‌ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്‍ക്കും സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള്‍ സ്വന്തം വീട്ടില്‍ വന്നു പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.
പക്ഷെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്‌ സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍ അറിയുന്നത്‌.
ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ്‌ അവനില്ലത്രെ.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.
അവളെ അയാള്‍ക്ക്‌ ഇഷ്ടമാണ്‌.അവള്‍ക്കായി പ്രാണന്‍ കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും അവളോട്‌ വളരെ സ്നേഹമാണ്‌...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.
അവള്‍ സ്വന്തം ഭാര്യയാണെന്ന കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ കഴിഞ്ഞില്ല.
കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍ കന്യക....
ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ്‌ തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്‌?
യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ തീരുമാനം ഡൈവോഴ്‌സിന്‌ അനുകൂലമാണെന്നാണ്‌ അറിഞ്ഞത്‌.
അതെ...അതാണതിന്റെ ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക തന്നെ വേണം.
അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത്‌ ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന ഉപദേശം യഥാസമയം നല്‍കി എന്നതാണ്‌ അമിതയ്ക്കു ഞാന്‍ ചെയ്ത സഹായം.
അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു മാത്രമാണ്‌ എന്റെ ശ്രമം വിജയിച്ചത്‌ എന്നതും ഞാന്‍ മറക്കുന്നില്ല.
എങ്കിലും അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ എന്റെ ആഹ്ലാദം പൂര്‍ണ്ണമായത്‌.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച്‌ വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചുമില്ല.
എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു വിശ്വസിച്ചു.
പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ത്തു. അഭിഷേകിന്റെ അമ്മയായിരുന്നു വിളിച്ചത്‌.
ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ട്‌...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍ പറഞ്ഞത്‌.
കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം നേരില്‍ പറയാം പോലും.പക്ഷെ മാമന്‍ മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.
ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല എന്നേ അവളും പറഞ്ഞുള്ളു.
ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ വീട്ടിലെത്തി.
"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്‌...പിന്നെ നിങ്ങളുമാത്രം വന്നിട്ടെന്തിനാ..."
എന്ന ഒരു തരം മുരട്ടു ചോദ്യമാണ്‌ അവരില്‍ നിന്നും ഉണ്ടായത്‌.
"പ്രശ്നമെന്തെന്നറിഞ്ഞിട്ട്‌ എല്ലാരെയും കൂട്ടാം എന്നു കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.
"ഓ....പ്രശ്നം അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര വിഷമിച്ച്‌ അവളെന്തിനാ ഇവിടെക്കഴിയുന്നത്‌....?കാര്യങ്ങള്‍ സംസാരിച്ച്‌ അവളെ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്‌...."
അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക്‌ ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്‍പര്യം അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
പക്ഷെ ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ്‌ കാര്യങ്ങള്‍ എന്നു ക്രമേണ ബോധ്യമായി.
" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്‌..."എന്ന് ആ അമ്മയുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു നിന്നും വേണ്ട എന്നു അവര്‍.
കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി സംസാരിച്ചു.
ഭര്‍ത്തൃ മാതാവിന്റെ നൂറ് നൂറ് കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും ശ്രമിച്ചത്‌.
അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല.
ആശാരിയുടെ പണിയില്‍ മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....
"നീ അമ്മയോട്‌ അങ്ങനെ പറഞ്ഞോ..."
എനിക്കറിയേണ്ടത്‌ അതുമാത്രമായിരുന്നു.
"പിന്നെപ്പറയാതെ....എനിക്കു ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."
എനിക്ക്‌ അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട്‌ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്‌..ആ തെറ്റിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല.
അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത്‌ അമിതയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്‌.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍....
അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി നില്‍ക്കുന്ന അഭിഷേകിനോട്‌ എനിക്ക്‌ അനുകമ്പ തോന്നി.
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു പോയി.
അമിതയോട്‌ എനിക്കു വെറുപ്പുണ്ടായി.....അവള്‍ പഴയതെല്ലാം മറന്നല്ലൊ.
ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത സൗകര്യങ്ങള്‍.....
പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള്‍ അവഗണിക്കുന്നു.അത്‌ ഓര്‍മ്മിപ്പിച്ച എന്നെ, അവള്‍ നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു പോലെ.
അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.
അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ മോഹിക്കുകമാത്രം ചെയ്തു.
എങ്കിലും അവള്‍ക്കു വേണ്ടിയാണ്‌ ഞങ്ങള്‍ ആ വീട്ടുകാരോട്‌ സംസാരിച്ചത്‌.
അവള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും അവരോട്‌ താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.
കേട്ടു നിന്ന അവളുടെ മുഖത്ത്‌ അത്തരം ഉറപ്പൊന്നുമില്ലെന്നത്‌ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
അവര്‍ പക്ഷെ ഒരു ബന്ധം ഒഴിയലിന്റെ വഴിക്കാണ്‌ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തമായപ്പോള്‍ എന്തുകൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട്‌ പറയേണ്ടിവന്നു.
അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത്‌ അവരോട്‌ പറയാതെ അവളുടെ മാമിയായ എന്നോട്‌ പറഞ്ഞതായി പിന്നെ കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട്‌ പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
"എന്റെ മകന്‌ ഒരു രഹസ്യവും എന്നോടു മറയ്ക്കാനില്ല" എന്നായി അവര്‍.
ആ വാദഗതികളോട്‌ യോജിക്കാന്‍ എനിക്കു മുമ്പും സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം പറഞ്ഞിട്ടു തന്നെയാണ്‌ ഞങ്ങള്‍ അവിടെ നിന്നും പോന്നത്‌.
പോരും മുമ്പേ അമിതയോട്‌ സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന് കര്‍ശനമായി പറയുകയും ചെയ്തു.
മൗനമായി കേട്ടു നിന്നതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.
എന്റെ വാക്കുകള്‍ അവള്‍ അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു നഷ്ടപ്പെട്ടിരുന്നു.
സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.
എങ്കിലും മനസ്സറിയാത്ത കാര്യത്തിനു മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ ജാളൃത എന്നെ വിടാതെ പിന്തുടര്‍ന്നു.
ഞാന്‍ അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... അവളെ മകളായി കരുതിയവളാണ്‌ ഞാന്‍.
തിരിച്ചും അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത്‌ എന്റെ തെറ്റ്‌.
ആവശ്യമില്ലാത്തിടത്ത്‌ ചെന്നു കയറി ഇടപെട്ടതു പോലെ....
ഓര്‍ക്കുന്തോറും എനിക്കു കരച്ചില്‍ വന്നു.

അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ സമാധാനിപ്പിച്ചില്ല.

"നിങ്ങളെന്തിനാ അവരോട്‌ മാപ്പു പറയാന്‍ പോയത്‌....അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്‌?"

പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു മതിയായി...
ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.
എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
അമിത പറഞ്ഞിട്ടു തന്നെ.
അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....
ഇതുവരെ എത്തിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരി എന്നരീതിയില്‍ ഒരുപാട്‌ വിരലുകള്‍ എന്റെ നേരെ ചൂണ്ടപ്പെടുന്നതു കണ്ട്‌ ഒന്നിനും ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.


Thursday, October 13, 2011

അമിത പറഞ്ഞത്‌

അമിത പറഞ്ഞത്‌

വിവാഹം കഴിഞ്ഞ്‌ അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍ അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍ പ്രിയങ്കരിയാണ്‌.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്‌...സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു വേണ്ടത്‌.
പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്‌.
അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്‌.രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന്‌ ഒട്ടും കുറവു വന്നില്ല.
അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും അവള്‍ക്ക്‌ എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത്‌ അവളാണ്‌.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക്‌ എപ്പോഴുമുണ്ടായിരുന്നു.
ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി അവളുടെ അച്ഛന്‍ ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു.
പോകും മുന്‍പ്‌ ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ്‌ അവിടെയുണ്ടാകുക.
കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌.ഒരല്ലലും അലച്ചിലും അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി പറഞ്ഞു നടന്ന പെങ്ങളോട്‌ ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിരുന്നതാണ്‌.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട്‌ പൊരുത്തപ്പെടുന്നതായിരുന്നില്ല.
എന്തായാലും ചെല്ലുന്നിടത്ത്‌ ഒത്തു പോകാന്‍ അമിതയ്ക്ക്‌ നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്‌.സഹോദരിയും വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള്‍ അമ്മയോടും അച്ഛനോടും ചോദിച്ച്‌ മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം നേരിടേണം.
ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്‌.അതിന്റെ കാരണം അവള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌.ഒരു ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട്‌ നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്‌ കരിക്കാന്‍ ഈ ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്‌.
എന്തായാലും പുതു ജീവിതം അവള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പക്ഷെ സല്‍ക്കാരത്തിനു വന്ന അവളുടെ മുഖത്തു വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട്‌ എന്റെ മനസ്സ്‌ വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ്‌ അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍ നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള്‍ കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.
പക്ഷെ, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക്‌ വന്നിരുന്നതാണ്‌.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും നടന്നില്ല.
ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍ കൊള്ളില്ല എന്നു പറഞ്ഞ്‌ അവള്‍ തന്നെ അത്‌ വേണ്ടെന്നു വച്ചു.
അക്കാര്യത്തില്‍ എനിക്കു നല്ല വിഷമം തോന്നിയിരുന്നു.
കാരണം കാണാന്‍ കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്‌പം അങ്ങനെയെങ്കില്‍ പിന്നെ നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ലല്ലൊ.
എന്തായാലും സുമുഖനായ ഒരു ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും സന്തോഷമുണ്ടായിരുന്നു.
പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക്‌ ഉത്‌ ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും മുറപോലെ നടന്നു.
ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും അഭിഷേകും വന്നു പോയി.
എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും ഉണ്ടായിരുന്നു.
എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.
പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും സന്തോഷവും കണ്ട്‌ മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.
വിവാഹത്തിനു മുന്‍പ്‌ നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ്‌ അമിത.പക്ഷെ പലവട്ടം വന്നു പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍ സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും ചോദിച്ചു.
"വിശേഷം...?"
ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ എന്നെ നോക്കി.
"എന്തു വിശേഷം...?"
ഞാന്‍ ചിരിയോടെ തുടര്‍ന്നു.
"അല്ല...മാസം രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള സമയമായി....അതു കൊണ്ട്‌ ചോദിച്ചതാ..."
അവള്‍ ഒന്നും മിണ്ടിയില്ല.
"കുറച്ചു കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത്‌ ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.
"അതിന്‌..."
പറയാന്‍ വന്നത്‌ അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത്‌ പാരവശ്യം നിറയുന്നത്‌ ഞാന്‍ കണ്ടു.
"എന്താ...?"
മനസ്സില്‍ ഉത്‌ ക്കണ്ഠ പെരുകി.
"വല്ലതും നടന്നിട്ടു വേണ്ടേ..."
പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള്‍ പെട്ടെന്നു പറഞ്ഞു.
ഒരു നിമിഷം...!!
ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ നോക്കി.
"നീ....പറഞ്ഞു വരുന്നത്‌....ഇതുവരെ.....?"
പെട്ടെന്ന് എന്റെ മാറില്‍ വീണവള്‍ പൊട്ടിക്കരഞ്ഞു.
ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത്‌ എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.
തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത്‌ ഒരേയൊരു കാര്യമാണ്‌.
കല്ല്യാണം കഴിഞ്ഞ്‌ രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്‌.
അത്യാഹ്ലാദത്തോടെ കതിര്‍ മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്‌.അല്‍പം നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത്‌ ഏറെ പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.
അതെ....ഒക്കെ നന്നായി നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം വേണ്ടിവന്നു.

പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....പക്ഷേ....
"ആര്‍ക്കാണ്‌ കുഴപ്പം ...?നിനക്കോ ...അതോ...?"
"എനിക്കു കുഴപ്പമൊന്നുമില്ല."
അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞത്‌ മനസ്സിലായി.
നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍ പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.
ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
"ഞാനത്‌ പലവട്ടം പറഞ്ഞതാ..."
അവളുടെ സ്വരത്തില്‍ അസഹ്യമായ നിരാശയും ദേഷ്യവും പ്രകടമായിരുന്നു.
"എന്താ നിന്നോടവനു സ്നേഹമില്ലേ...?"
"സ്നേഹം കൂടുതലാ..പക്ഷെ..."
എല്ലാറ്റിനും ഒടുവില്‍ കേള്‍ക്കുന്നത്‌ 'പക്ഷെ'കളാണ്‌
"ആരും അറിയരുത്‌ പോലും..."
"അപ്പോള്‍ എന്നോടു പറഞ്ഞുവെന്നറിഞ്ഞാല്‍..."
"ഞാന്‍ പറഞ്ഞിട്ടാണ്‌...അല്ലെങ്കില്‍ എത്രനാള്‍ ഇതു സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."
മനസ്സിലാകുന്നുണ്ട്‌.ഈ സമ്മര്‍ദ്ദം താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്‌.
ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച്‌ പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോരും.അവളെ എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.
ഇവിടെസ്വീകരിക്കേണ്ടത്‌ മനശ്ശാസ്ത്രപരമായൊരു സമീപനമാണ്‌.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ്‌ അമിത എന്നോടുമാത്രം ഇതു പറഞ്ഞത്‌.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്‌.
ആ വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ചു.
എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ഒരു മനശ്ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ച്ചയാണ്‌.
കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്‌.വികാരത്തിന്റെ ഉത്തുംഗശൃംഗത്തിലേയ്ക്ക്‌ ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത്‌ പുരുഷന്‍ തന്നെയാണ്‌.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന്‍ തളര്‍ന്നു കുഴഞ്ഞു വീണുപോകുന്നു.
പിന്നെ അവളെ കെട്ടിപ്പിടിച്ച്‌ ക്ഷമചോദിച്ച്‌ അവന്‍ കരയുന്നു,'ആരോടും പറയരുത്‌...നീയെന്നെ ഉപേക്ഷിച്ചു പോകരുത്‌...'
പകയും സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.
"കാണുമ്പോള്‍ ചിരിയാണു വരിക."
കര്‍ശനമായ താക്കീത്‌ അപ്പോള്‍ത്തന്നെ നല്‍കി.
"അരുത്‌...ആ ചിരി അപകടമാണ്‌"
"പിന്നെ ഞാനെന്തു ചെയ്യണം..?"
പരിഹാസത്തോടെയുള്ള ചോദ്യം.
"ചെയ്യാനുണ്ട്‌...നീയത്‌ ചെയ്തേ തീരൂ..."
അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത്‌ ജിജ്ഞാസ ഇതള്‍ വിടര്‍ന്നു.
"അഭിഷേകിനോട്‌ നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"
"അതിന്‌ ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട്‌ പറയാനുണ്ടാകുക."
"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍ പറ്റില്ലല്ലൊ."
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്‌.വയസ്സ്‌ ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ തുറക്കുന്നവന്‍.അമ്മ അഭിമാനത്തോടെ പറഞ്ഞത്‌ ഞാനും കേട്ടതാണ്‌.
"എന്റെ അനൂപിനേയും ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.
എല്ലാറ്റിനും ഞാന്‍ തന്നെ വേണം."
ശരിയാണ്‌.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത്‌ അച്ഛന്‍ കനിഞ്ഞു നല്‍കിയ മാനേജര്‍ സ്ഥാനം മാത്രമാണെന്നു ഇടയ്ക്ക്‌ അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചതും അങ്ങനെ തന്നെ.
മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക്‌ കുറ്റം പറയാന്‍ വയ്യ.
പക്ഷെ,ഇരുത്തിയെട്ടു വയസ്സു കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോലും അമ്മയുടെ അനുമതി വേണമെന്നു വരുന്നത്‌ നല്ല കാര്യമൊന്നുമല്ല.
"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട്‌ ഒരു ദിവസം ഞാന്‍ ചോദിച്ചു."
കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.
"നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്‍..."
കൂടുതല്‍ അറിയുന്തോറും പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി പരിശ്രമം അഭിഷേക്‌ ചെയ്യുന്നുണ്ട്‌.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു കാരണമാണ്‌ പിടികിട്ടാത്തത്‌.
അപ്പോള്‍ സംസാരിച്ചത്‌ ഞാനായിരുന്നില്ല.
എന്റെ നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍ കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ്‌ പറഞ്ഞത്‌. പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.
"അഭിയേട്ടനോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള്‍ തന്നെയാണ്‌ പ്രോത്സാഹിപ്പിച്ചത്‌.
സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക്‌ വിളിച്ചു വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം സംശയിച്ചിരുന്നു.
വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.
എന്തായാലും അഭിഷേകിന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക്‌ ചോദിച്ചു.
"ഇവളെല്ലാം പറഞ്ഞുവല്ലേ..?"
ആ സ്വരത്തില്‍ അപകടമായൊന്നും തോന്നിയില്ല.
"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത്‌ അഭിഷേകാണ്‌."
എന്റെ വാക്കുകള്‍ കേട്ട്‌ ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക്‌ അല്‍പനേരം മുഖം താഴ്ത്തിയിരുന്നു.
പ്രോത്സാഹിപ്പിച്ചു.
"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി അറിയില്ല.വിശ്വസിക്കാം."
വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍ തെളിഞ്ഞു.സമാധാനമായി.
ചോദ്യങ്ങള്‍ക്ക്‌ മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും ആവില്ലെന്ന തോന്നല്‍...അതാണ്‌ കാരണം.
"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ കാരണമാണ്‌ എനിക്കറിയേണ്ടത്‌."
'അറിയില്ല."
നിരാശയോടെ അഭിഷേക്‌ മുഖം തിരിച്ചു.
"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ്‌ അഭിഷേക്‌....സഹകരിച്ചാല്‍ ഇത്‌ നമുക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."
വളരെ ലഘുവായ ഒരു കാര്യം എന്ന മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.
"പക്ഷേ..."
അഭിഷേകിന്റെ വാക്കുകളില്‍ പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...
"ഒരു പക്ഷേയും വേണ്ട....വേണമെന്നു വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്‌...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"
പെട്ടെന്ന് ഒരു തിളക്കം ആ കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച്‌ അവരുടെ അഭിപ്രായം കൂട്ടുകാര്‍ ചെവിയില്‍ പറഞ്ഞു.
"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."
എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ പറഞ്ഞത്‌....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍ ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം....
"രണ്ടുമാസത്തിലേറെയായില്ലേ ഇവള്‍ നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത്‌ ശരിയാണെന്നു തോന്നിയോ?"
"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ വരുമ്പോള്‍...അറിയാതെ....."
അഭിഷേകിന്റെ സ്വരം നന്നേ താഴ്‌ന്നു.തെറ്റു ചെയ്ത കുട്ടിയുടെ ഭാവം...സഹതാപം തോന്നി.
"അതൊക്കെ മറന്നേക്ക്‌...ഇത്‌ നിങ്ങളുടെമാത്രം ജീവിതമാണ്‌...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ്‌ ഇവിടുള്ളത്‌.നിനക്ക്‌ കഴിയുന്ന കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."
അസാധാരണമായ ഒരു തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം ഉണ്ടായി...
തിരിച്ചു പോകും മുന്‍പ്‌ അമിതയോട്‌ മാത്രമായി പറഞ്ഞു.
"എല്ലാം ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും കൊടുക്കണം.ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."
യുദ്ധത്തിനു മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത്‌ ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ മാമി മാത്രമാണ്‌...ഒക്കെ ശരിയായി എന്ന് അവള്‍ വിളിച്ചറിയിക്കുന്ന ദിവസം...അതിനായാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌ മകളാണ്‌.
എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവന്നില്ല.അമിതപറഞ്ഞത്‌ 'അഭിയേട്ടന്‍ പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ്‌ കുളിച്ച്‌ അടുത്തുള്ള മൂന്നമ്പലങ്ങളില്‍ പോയി തൊഴുത്‌ വഴിപാടുകള്‍ നടത്തി വന്നു' എന്നാണ്‌.
"തനിച്ചാണോ?"
ഞാന്‍ എടുത്തു ചോദിച്ചു.
"അതെ.തനിച്ച്‌..."
അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.

Friday, September 9, 2011

ഞങ്ങള്‍ സന്തുഷ്ടരാണ്


ആമുഖം.
അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.

മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പ
പ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍
'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന
,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ചനോട്‌ പറഞ്ഞിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരു
ന്നു സിനിമ.
എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.
ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.
പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത്‌ ആരാ
എന്താ എന്ന ചോദ്യവുമായ്‌ വന്നു.
സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...
സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.
എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന്‍ കൊടുത്തയച്ചത്‌ ."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...പിന്നെ പറയണു
അച്ചാച്ചന്‍ എന്ന്‍ ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ് വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
ഏതു വിധവും
എന്നെതാറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?
മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...
തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പോഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു
അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?
കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...
എന്റെ ..ഭര്‍ത്താവാണ്‌"
വല്ലപ്പോഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌.
പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
''സത്യമാണ്‌.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌.
വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ
അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.
കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!
എല്ലാവരും വിശ്വസിച്ചുവൊ?!
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ.
ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌
അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!

പിന്നാമ്പുറം
സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷെ
ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.
അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍
സുഹൃത്‌ ബന്ധത്തിനപ്പുറം
പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും
ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.

ഇന്ന്‍

അതെ .
ഞങ്ങളുടെ ദാമ്പത്യത്തിന്‌ 31 വയസ്സ്‌.

കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...
ആ ചിരി....!
അന്നത്തെ അസ്സംബ്ലി ഹാള്‍...!!
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!


*********************************

Monday, July 25, 2011

വാസുദേവന്‍ മറന്നു വച്ചത്‌

വാസുദേവന്‍ മറന്നു വച്ചത്‌
*********************

തിരക്കുള്ള ട്രെയിനിലേയ്ക്കു കയറും മുന്‍പ്‌ വാസുദേവന്‍ ഒന്നു കൂടി ഉറപ്പു വരുത്തി;ഒന്നും മറന്നിട്ടില്ല.
കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തു.
ഓഫീസുകളില്‍ കയറി ചെയ്യേണ്ടത്‌ ....
മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടത്‌....
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നുംഎടുക്കാനുള്ളത്‌....
വസുമതിക്കു ഒരു ചുവന്ന ബ്ലൗസ്സിനുള്ള തുണി....
ലൗ ബേഡ്‌ സിനുള്ള തീറ്റ...
മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്....

ഒരോന്നും കയ്യിലുണ്ടെന്നു തിട്ടപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ ആത്മ വിശ്വാസം വര്‍ദ്ധിച്ചു.
ഇന്നു വസുമതിയുടെ വഴക്കു കേള്‍ക്കേണ്ടി വരില്ല .അല്ലെങ്കില്‍ എന്നും എന്തെങ്കിലും കാരണം കണ്ടു പിടിച്ച്‌ വഴക്കുണ്ടാക്കുക എന്നത്‌ അവളുടെ സ്വഭാവമാണ്‌.

ചിലപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടാലും അയാള്‍ ഓഫീസ്സില്‍ കയറാന്‍ മറന്നതിനാകും....
കൊണ്ടു പോയ ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു വല്ലാതെ വിശക്കുന്നു വസുമതി എന്നു അയാള്‍
പലപ്പോഴും വൈകുന്നേരം ആവലാതി പറഞ്ഞിട്ടുണ്ട്‌.അപ്പോഴെല്ലാമാണ്‌ അവളുടെ തനി രൂപം കാണാറുള്ളത്‌. .

വസുമതിയെ പറഞ്ഞിട്ടു കാര്യമില്ല.
അയാളുടെ മറവിയാണ്‌ എല്ലാറ്റിനും കാരണം.
അതോര്‍ക്കുമ്പോള്‍ തന്റെ നശിച്ച മറവിയെ അയാള്‍ ശപിക്കുകയും ചെയ്യും.

പലവട്ടം കൌണ്സിലിങ്ങിനെന്നും പറഞ്ഞ്‌ വാസുദേവനെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയിട്ടുണ്ടവള്‍.

പക്ഷെ ഡോക്ടറുടെ ഉപദേശങ്ങള്‍ കേട്ട ശേഷം അവള്‍ക്ക്‌ ഒരുപാടു മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ വാസുദേവനു സന്തോഷം ഉളവാക്കിയ കാര്യമാണ്‌.
നിരന്തരമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോള്‍ കുറവാണ്‌.മാത്രമല്ല തന്റെ കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നയാള്‍ ആശ്വസിച്ചു.

വെറുതെ ഇരിക്കാന്‍ അവള്‍ സമ്മതിക്കുകയേ ഇല്ല. എന്തെങ്കിലും വായിക്കണം അതിനുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുന്നതും അവളാണ്‌. വായിച്ച കാര്യങ്ങള്‍ ക്രമത്തില്‍ അവളോട്‌ പറയണം .ചെറുപ്പത്തില്‍ മകള്‍ സുഡോക്കുവും പദപ്രശ്നവുമൊക്കെ പൂരിപ്പിക്കുമ്പോള്‍ വെറുതെ സമയം കളയാതെ പഠിക്കെടി എന്ന് വഴക്കു പറഞ്ഞിരുന്ന വസുമതി ഇപ്പോള്‍ അയാള്‍ക്ക്‌ നേരം പോക്കിന്‌ എന്തെല്ലാം കളികളാണു പറഞ്ഞുകൊടുക്കുന്നത്‌.

ഓഫീസ്സു ജോലികളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ലല്ലൊ എന്നു പറഞ്ഞാണ്‌ അവള്‍ അയാളെ വോളണ്ടറി റിട്ടയര്‍മെന്റിനു നിര്‍ബന്ധിച്ചത്‌.തനിക്കത്ര കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു വിചാരം എങ്കിലും വസുമതിയെ അനുസരിക്കുന്നതില്‍ അപാകതയൊന്നും വാസുദേവനു തോന്നിയില്ല.
എന്നിട്ടും പലപ്പോഴും ഓഫീസില്‍ പോകുകയുണ്ടായി....മറവികൊണ്ടു തന്നെ....

പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച്‌ വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട്‌ താന്‍ തികച്ചും സാധാരണപോലെയാണ്‌ എന്നയാള്‍ കരുതി
ഇത്രയും നല്ല ഒരു ഭാര്യയെ തനിക്കു ലഭിച്ചതില്‍ അയാള്‍ തികച്ചും സംതൃപ്തനായിരുന്നു.തന്റെ ഭാഗ്യമാണവള്‍ എന്നയാള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

ഇരു കൈയ്യിലും സഞ്ചികള്‍ തൂക്കി നിമിഷങ്ങള്‍ മാത്രം സ്റ്റോപ്പുള്ള ഇലക്ട്രിക്‌ ട്രെയിനിന്റെ വാതിലിലെ ദ്വന്ദയുദ്ധത്തിനൊടുവില്‍ അയാളും ഉള്ളിലെത്തി.കാലുറപ്പിക്കാനിടമില്ലാത്ത തിരക്കിന്റെ അലകളില്‍ ഒരു പൊങ്ങു തടി പോലെ വാസുദേവന്‍ ഒഴുകി നടന്നു.അവസാനത്തെ സ്റ്റേഷനിലാണ്‌ ഇറങ്ങേണ്ടതെന്നതിനാല്‍ വാസുദേവനു ഉത്‌കണ്ഠ ഒന്നും തോന്നിയില്ല. തിരക്കില്‍പ്പെട്ട്‌ ഇറങ്ങേണ്ടാത്ത സ്റ്റേഷനില്‍ ഇറക്കപ്പെടാതിരിക്കാന്‍ അയാള്‍ ഉള്ളിന്റെ ഉള്ളിലേയ്ക്കു നീന്തി നീന്തി പോയി.

കയ്യിലെ സഞ്ചികള്‍ മുറുക്കെപ്പിടിച്ച്‌ എപ്പോഴോ കിട്ടിയ സീറ്റില്‍ അമരുമ്പോള്‍ അതു വരെ ഇല്ലാത്ത ഒരു ശങ്ക അയാളില്‍ ഉണര്‍ന്നു.

'താനെന്തോ മറന്നിരിക്കുന്നു'

എന്താണത്‌ എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ വന്നില്ല.കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ പിന്നെയും അയാള്‍ കണ്ണോടിച്ചു.സഞ്ചികളില്‍ അവയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു.എന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നിട്ട സ്റ്റേഷനുകളില്‍ അയാളുടെ സ്മരണയില്‍ കത്തി നിന്നത്‌ അതു മാത്രമായിരുന്നു.

എന്തോ താന്‍ മറന്നിരിക്കുന്നു....

വാങ്ങാനുള്ളവയുടെ ലിസ്റ്റ്‌.....കാണാനുള്ളവരുടെ പേരുകള്‍....ചെയ്യാനുണ്ടായിരുന കാര്യങ്ങള്‍.....പിന്നെയും ഓരോന്നായി ഇഴപിരിച്ചെടുത്തു നോക്കി.എന്നിട്ടും ഇല്ല ഒന്നും.
എന്തോ മറന്നുവെന്നത്‌ വെറും തോന്നലാകും...അങ്ങനെ വിശ്വസിക്കാന്‍ ആവതു ശ്രമിച്ചിട്ടും വീണ്ടും സുനാമിത്തിരകള്‍ പോലെ ആ ചിന്ത പൊന്തി വന്നു കൊണ്ടിരുന്നു...

താനെന്തോ മറന്നിരിക്കുന്നു എന്താണ്‌...എന്താണത്‌...?

ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയും പരിഭ്രാന്തിയും വാസുദേവനില്‍ നുരകുത്തി.

ഏയ്‌...ഒന്നുമില്ല.താനിന്നു തികച്ചും സംതൃപ്തനാണ്‌...ഒരു കാര്യം പോലും മറക്കാതെ ചെയ്യാന്‍ കഴിഞ്ഞവന്‍...എന്തായാലും വസുമതിക്ക്‌ ഇന്ന് തന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തോന്നും.ഉറപ്പ്‌.

ശ്ശ്യേ....അല്ല ...എന്തോ ഒന്ന്....

പിന്നെയും അയാളുടെ ചിന്തയില്‍ ആ ദുരൂഹത അലറിക്കരഞ്ഞു.

മനസ്സിന്റെ സ്ലേറ്റില്‍ എഴുതിയും മായ്ച്ചും പലകാര്യങ്ങളും അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഒരിടത്തു പോലും ഒരു മങ്ങിയ ഓര്‍മ്മ കടന്നു വന്നില്ല.
എന്നിട്ടും അയാളുടെ ഉള്ളില്‍ ആരോ ചൊറിഞ്ഞു കൊണ്ടിരുന്നു
എന്താണ്‌...എന്താണു മറന്നത്‌...?

അരെ ഭായ്‌ ക്യാ...?ആപ്‌ ഗാഡീസെ നഹി ഉതര്‍ രഹെംഗെ...??
സഹോദര....താങ്കള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ലേ...?

ഓട്ടം നിലച്ച ട്രെയിനിന്റെ വാതിലുകള്‍ ലോക്കു ചെയ്യാനെത്തിയ ആള്‍ വിളിച്ചുണര്‍ത്തി ചോദിച്ചപ്പോള്‍ വാസുദേവനു സ്ഥലകാല ബോധം ഉണ്ടായി.
അതു വരെയുണ്ടായിരുന്ന തോന്നലിന്റെ അര്‍ഥം അയാള്‍ വെറുതെ ഊഹിച്ചു.
ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നതാണ്‌.

ഉള്ളിലുണര്‍ന്ന ചിരിയോടെ അയാള്‍ വേഗം പുറത്തിറങ്ങി.
പതിവിനു വിപരീതമായി സ്റ്റേഷന്റെ വിജനത കണ്ട്‌ അയാള്‍ക്ക്‌ തെല്ലു പരിഭ്രമമുണ്ടായി.
തനിക്കു വേണ്ടി മാത്രം ഓടിയ വണ്ടിയൊ?
ആയിരിക്കില്ല.വണ്ടിയില്‍ നിന്നിറങ്ങിയവരെല്ലാം തിരക്കിട്ടു പോയതാകും
താന്‍ എത്ര നേരം ഉറങ്ങിയെന്നറിയില്ലല്ലൊ.
എന്തായാലും പേടിക്കാനൊന്നുമില്ല.
ഇരുപതു മിനുട്ട്‌ നടന്നാല്‍ ഫ്ലാറ്റിലെത്താം.
പകല്‍ വെളിച്ചത്തില്‍ എന്നപോലെയാണ്‌ ഇടവഴികള്‍ എല്ലാം.

ആള്‍ത്തിരക്കിലും അനുഭവപ്പെട്ട അതേ ഏകാന്തതയോടെ വാസുദേവന്‍ നടന്നു.
അയാളുടെ മനസ്സപ്പോള്‍ എന്നത്തേക്കാള്‍ ശാന്തമായിരുന്നു;വീട്ടിലെത്തുമ്പോള്‍ ഉള്ള ആനന്ദം അനുഭവിച്ചു തുടങ്ങിയ പോലെ.
അതുകൊണ്ടു തന്നെ ലിഫ്റ്റിനു കാത്തു നില്‍ക്കാതെ ആറാം നിലയിലെ തന്റെ ഫ്ലാറ്റിലേയ്ക്ക്‌ അയാള്‍ നടന്നു കയറി. മുകളിലെത്തുമ്പോഴും അയാള്‍ക്കു തളര്‍ച്ച തോന്നിയില്ല.
വസുമതിയോടു തന്റെ വീരകഥകള്‍ പറയാനും അവളുടെ അഭിനന്ദനം ഏറ്റു വാങ്ങാനുമുള്ള ആവേശത്തിലായിരുന്നു അയാള്‍.

ചുമരിലെ സ്വിച്ചില്‍ വിരലമര്‍ത്തി
അയാള്‍ കാത്തു നിന്നു
പലവട്ടം അകത്തു മണിയടി ശബ്ദം മുഴങ്ങിയിട്ടും വസുമതി വാതില്‍ തുറക്കാതെ വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം അയാള്‍ക്ക്‌ നഷ്ടമായി.

"വസൂ..."

അല്‍പം ശബ്ദമുയര്‍ത്തിത്തന്നെ വാസുദേവന്‍ ഭാര്യയെ വിളിച്ചു.
വാതിലില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു....
എന്നിട്ടും മറുപടി കിട്ടാഞ്ഞ്‌ അയാളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.വാതിലിലെ ഇടിക്കു ശക്തി കൂടുകയും വായില്‍ തോന്നിയ ചീത്തവാക്കുകള്‍ ഭാര്യയെ വിളിക്കുകയും ചെയ്തു....

"അച്ഛാ..."

മകളുടെ കരച്ചിലാണ്‌ അയാളെ പിന്തിരിപ്പിച്ചത്‌.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.

"എന്താ ഇത്രേം വൈകിയത്‌....?
ഞാന്‍ പേടിച്ചു പോയി".

"വൈകിയോ..?ഇതെല്ലാം വാങ്ങിയപ്പോഴേയ്ക്കും സമയം ആയതാ...."

"ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്‍....? "

മകളുടെ കണ്ണുനീര്‍ കണ്ട്‌ അയാള്‍ക്കും സങ്കടം വന്നു....

"നീയെവിടെപ്പോയതാ....?"

" അപ്പുറത്തെ നിലീനാന്റിയുടെ അടുത്ത്‌.ഞാന്‍ തനിച്ചായതോണ്ട്‌ ആന്റി എന്നെ വിളിച്ചോണ്ടു പോയതാ."

"തനിച്ചൊ? അപ്പോള്‍ നിന്റെ അമ്മയെന്ത്യേടി?വല്ലോന്റേം കൂടെപ്പോയോ?"

മകളുടെ മുഖം അമ്പരപ്പില്‍ വിടരുന്നതു കണ്ട്‌ വാസുദേവനു ശങ്ക തോന്നി..

"എന്താടി...?"
അയാള്‍ തിമട്ടി.

"അമ്മയ്ക്കു പനികൂടുതലായിട്ട്‌ ഹോസ്പിറ്റ ലിലേയ്ക്ക് അച്ഛന്റെ കൂടെയല്ലേ വന്നേ.... അമ്മ എന്ത്യേ അച്ഛാ..."

അവളുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയാളെ പരിഭ്രാന്തനാക്കി.

വസുമതി....!ഒരു നിമിഷം അയാള്‍ ഓര്‍മ്മയില്‍ പരതി....
ഡോക്ടറെ കണ്ടു.മരുന്നിനു കുറിച്ചു തന്നു.ഒരു ഇഞ്ജെക്ഷന്‍ എടുക്കുകയും ചെയ്തു....
അഡ്മിറ്റാകണമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിച്ചു കൊണ്ടു പോന്നതാണ്‌.

പിന്നെ....പിന്നെ....
ക്ഷീണം തോന്നുന്നു എന്നു പറഞ്ഞ്‌ സ്റ്റേഷനിലെ ബെഞ്ചില്‍ ഇരുന്നവള്‍....അവള്‍ക്കു വെള്ളം വാങ്ങാന്‍ നീങ്ങിയതാണു താന്‍....ഇപ്പോള്‍ വരാം എന്നു പറഞ്ഞിരുന്നു. അവിടെത്തന്നെ ഇരിക്കണം എന്നും.

ഒന്നും രണ്ടുമല്ല അഞ്ചു സ്റ്റേഷനുകള്‍ക്കപ്പുറത്ത്‌....

അയ്യോ...എന്തോ മറന്നു എന്നു തോന്നിയത്‌ അപ്പോള്‍ അതായിരുന്നു....തന്റെ ഭാര്യ...!

മതിഭ്രമം ബാധിച്ചവനേപ്പോലെ കയ്യിലിരുന്ന സഞ്ചികള്‍ വലിച്ചെറിഞ്ഞ്‌ അയാള്‍ ഇറങ്ങിയോടി.ഇരുപതു മിനുട്ടുകൊണ്ട്‌ നടന്നെത്താവുന്ന ദൂരം അഞ്ചുമിനുട്ടില്‍ ഒതുക്കി താനിറങ്ങിയ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു യാഥാര്‍ഥ്യം അയാളെ തുറിച്ചു നോക്കി.
ഇനി പുലരും വരെ ട്രെയിനുകളില്ല....

വസുമതിയേക്കുറിച്ചുള്ള ഓര്‍മ്മ അയാളെ അടിമുടി പൊള്ളിച്ചു.

നില്‍ക്കപ്പൊറുതിയില്ലാതെ അയാള്‍ റെയില്‍പ്പാളത്തിലൂടെ ഓടിക്കൊണ്ടേയിരുന്നു......

Friday, April 22, 2011

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.
ഇന്റെര്‍വെല്ലിനു ബെല്ലടിക്കുന്നത് കേട്ട് ക്ലാസ്സില്‍ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് വരുമ്പോഴാണ് ഗേറ്റുകടന്നു വരുന്ന അച്ഛനെ കണ്ടത്. പതിവില്ലാത്ത വരവ്. എന്താണാവോ? ഉള്ളില്‍ മുളയിട്ട ആശങ്കയോടെ ഓടിച്ചെന്നു.
സാരഹീനമായ ഭാവമാണ് മുഖത്തുള്ളത് . അല്ലെങ്കിലും ഉള്ളിലുള്ള ക്ഷോഭങ്ങള്‍ ഒരിക്കലും പ്രകടമാക്കാത്ത ആളാണ്‌. താങ്ങാനാകാത്ത ഉത് കണ്ഠ
യോടെ ചോദിച്ചു.
"എന്തേ...?എന്തേ വന്നത്...?"
ഒന്നുമില്ലെന്ന മട്ടിലുള്ള സാധാരണ മറുപടി...
"അമ്മയ്ക്ക് തീരെ വയ്യാ...ആശുപത്രിയില്‍ വന്നതാ....അപ്പോള്‍ നിന്നെ ഒന്ന്...."
അമ്മ എന്നത് അച്ഛന്റെ അമ്മയാണ്. ഞങ്ങളുടെ മുത്തശ്ശി ...എങ്കിലും ഞങ്ങളും അമ്മ എന്ന് തന്നെയാണ് വിളിച്ചു ശീലിച്ചത് .
"എന്താ അമ്മയ്ക്ക്..?"നെഞ്ചില്‍ വെപ്രാളം തുടികൊട്ടുന്നു.
"അസുഖം എന്ന് പറയാന്‍ ഒന്നുമില്ല. രാവിലെ എഴുന്നേല് ക്കാന്‍ പറ്റാത്ത എന്തോ ക്ഷീണം...വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ല. കാപ്പി കൊടുത്തതും കഴിച്ചില്ല. അതുകൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്കൊണ്ടു വന്നു എന്നേ  ഉള്ളു..."
"ഡോക്ടറെ കണ്ടില്ലേ ...?എന്ത് പറഞ്ഞു...?"
"അഡ്മിറ്റ്‌ ആക്കി. ഗ്ലുക്കോസ് കൊടുത്തുകൊണ്ടിരിക്കുന്നു."
ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു.
"നീ വരുന്നുണ്ടോ? വണ്ടി കൊണ്ടുവന്നിട്ടുണ്ട്."
പിന്നെ ആലോചിച്ച് നിന്നില്ല. ഉടന്‍ ഓഫീസിലെത്തി ഹെഡ് മാഷിനോട് അനുവാദം ചോദിച്ചു.
സാധാരണ അതിനു മറുപടി കിട്ടാന്‍ കാത്തു നില്ക്കേണ്ടതുണ്ട്. പതിവില്ലാത്ത വിധം ഉടന്‍ സമ്മതം തന്നു.
ആസ്പത്രിയില്‍ ചെല്ലും വരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
വിവിധ ചിന്തകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു. അവിടെ ഞാന്‍ എന്റെ മുത്തശ്ശിയെ കണ്ടു...ഒടിഞ്ഞു വീണ ആലിന്‍ ചില്ലപോലെ നിശ്ചലയായി....കണ്ണുകള്‍ അടച്ച്...
ഞരമ്പിലൂടെ  ഗ്ലൂക്കോസ് തുള്ളിതുള്ളിയായി കയറുന്നുണ്ട്.
പെയ്യാന്‍ മുട്ടുന്ന ഭാവത്തില്‍ അരികില്‍ നിന്ന സഹോദരിയാണ് കാര്യങ്ങള്‍ വിശദമായി പറഞ്ഞത്...
"രോഗമൊന്നും ഇല്ല...എന്നാലും ഇവിടുള്ള എല്ലാ  മെഷ്യനുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍ നടത്തു ന്നുണ്ട്. കുത്തി വയ്പ്പിനും
മരുന്നിനും ഒരു കുറവും ഇല്ല. ഒരു നേരത്തെ മരുന്നിനുമാത്രം നാനൂറുരൂപയോളം ആകും . എന്തിന്‌  പഞ്ഞിപോലും നമ്മള്‍ വാങ്ങിക്കൊടുക്കണം .ഇങ്ങനെ ദിവസം നാലു നേരത്തെ മരുന്ന്.... അതും...എത്ര നാള്‍ എന്ന് നിശ്ചയമില്ലാതെ..."
ചേച്ചിയെ തടഞ്ഞു കൊണ്ടു തിരക്കി

"രൂപ എത്രയായാലും വേണ്ടില്ല. അത് നമുക്ക് പിന്നെയും ഉണ്ടാക്കാം. നമ്മുടെ മുത്തശ്ശിയുടെ രോഗം മാറുമെന്നു ഡോക്ടര്‍ പറഞ്ഞോ...?"
നിമിഷങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ചേച്ചി ഒരുപമ പറഞ്ഞു.
"പെട്രോള് തീര്‍ന്നാല്‍ പിന്നെ വണ്ടി മുന്നോട്ടു പോകുമോ? ഉന്തിയും തള്ളിയും ചിലപ്പോള്‍ അല്പദൂരം കൂടി പോയേക്കാം....അത് തന്നെ മുത്തശ്ശിയുടെ സ്ഥിതി."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.ഇന്ധനം നിറച്ചാല്‍ പിന്നെയും വണ്ടി ഓടും...പക്ഷേ  ജീവശ്വാസത്തിന്റെ ഊര്‍ജ്ജം അങ്ങനെ നിറയ്ക്കാന്‍ കഴിയില്ലല്ലോ.
മരണം മുത്തശ്ശിയുടെ അരികിലെത്തി എന്ന അറിവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി.

ആ കിടക്കയുടെ അരികിലിരുന്നു മുത്തശ്ശിയുടെ മാറില്‍ കൈ വച്ച് ഞാന്‍ മെല്ലെ വിളിച്ചു.
"അമ്മേ ...."
ആ കണ്ണുകള്‍ തുറന്നില്ല. അധരം വിടര്‍ന്നില്ല. പക്ഷേ  ആ ഹൃദയതാള ത്തിന്റെ വേഗത കൂടിയത് എനിക്കറിയാന്‍ കഴിഞ്ഞു. മുത്തശ്ശി എന്റെ സാന്നിദ്ധ്യം അറിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എനിക്കറിയാം, ഇന്നോളം വിശ്രമം എന്തെന്നറിയാത്ത ആ പാദങ്ങള്‍ അല്പമെങ്കിലും ആയം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചലിക്കാതെ ഇരിക്കില്ലായിരുന്നു...
സെഞ്ചുറി തികയാന്‍ ഇത്തിരി ഓട്ടം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ...പക്ഷേ .....
പ്രാരാബ്ധങ്ങളുടെ നാളുകള്‍ അത്യുത്സാഹം പൊരുതിക്കടന്നു പോന്ന ആ ധന്യമായ ജീവിതത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തുപോയി. സംഭവ ബഹുലമായിരുന്നു ആ ജീവിതം.
സുഖസുന്ദരമായ ബാല്യകാലം....അത്
പക്ഷേ എത്രയോ ഹൃസ്വമായി രുന്നു.
പന്ത്രണ്ടാമത്തെ വയസ്സില്‍ ഒത്തൊരു ആണിന്റെ ഭാര്യയായി....
കളിചിരികള്‍ നിന്നു. കഷ്ടകാലത്തിന്റെ തുടക്കം.
ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങള്‍ക്കും മുന്പ്....
കുടുംബത്തിന്റെ അധികാരം കൈയാളുന്നത് ഭര്‍ത്താവിന്റെ അമ്മയായിരുന്നു.
മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും ഉള്ള ഒരു വലിയ തറവാട് ....അതില്‍ മൂത്തയാളുടെ ഭാര്യ....
അതിനു താഴെയുള്ള നാല് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. അവരാരും ഏറെ ദൂരെ ആയിരുന്നില്ല. ഏതു നേരത്തും അവര്‍ കയറിവരും. അടുപ്പത്ത് തിളയ്ക്കുന്ന ചോറ് കോരി തണുപ്പിച്ചു തിന്നു തിരിച്ച് പോകും. അതിനാല്‍ എന്നും അവര്‍ക്ക് ഭക്ഷണം കരുതണം.
പക്ഷേ  ഭര്‍തൃ മാതാവ് അളന്നു കൊടുക്കുന്നതില്‍ ഒരു മണി അരി പോലും കൂടുതല്‍ ഉണ്ടാകില്ല. അത് കൊണ്ടു വേണം സദ്യ ഒരുക്കാന് .
എല്ലാരും വയറു നിറച്ചു കഴിയുമ്പോള്‍  ഒരു വയര്‍ മാത്രം എന്നും പട്ടിണിയില്‍ എരിഞ്ഞു.
രാവിലെ ഭക്ഷണം ഒരുക്കിവച്ചാല്‍ പിന്നെ പണിക്കരോടൊപ്പം പാടത്തും പറമ്പിലും പണി എടുക്കണം
രാത്രിയിലാണ് നെല്ല് കുത്തലും പുഴുങ്ങലും.
വിശ്രമമില്ല ...വയര്‍ നിറയ്ക്കാന്‍ ആഹാരമില്ല.
ആരും തുണയില്ലാതെ കുത്തുവാക്കുകള്‍ മാത്രം കേട്ട് കഴുതയെപ്പോലൊരു ജന്മം....
ഭര്‍ത്താവിന്റെ സാമീപ്യം പോലും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ഭര്‍തൃ മാതാവ് മകന്റെ കിടപ്പുമുറിക്ക് മുമ്പില്‍  എപ്പോഴും കാവല്‍ കിടക്കും... പിന്നെങ്ങനെ ഒരു സമാഗമം ...?
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഭര്‍തൃ സുഖം എന്തെന്നറിഞ്ഞത് ....അതിന്റെ പേരില്‍ കേട്ട പഴികള്‍ക്ക് കൈയും കണക്കുമുണ്ടായില്ല.
ഒളിച്ചും പതുങ്ങിയും വല്ലപ്പോഴും മാത്രം ആ സംഗമം.
ഒരിക്കല്‍ പോലും മനസ്സ് തുറക്കാന്‍ സൗകര്യം കിട്ടിയില്ല.
എങ്കിലും അധികം വൈകാതെ ഒരു പൊന്നുമോന്‍ അവര്‍ക്കുണ്ടായി.
ദൈവം തന്ന ഭാഗ്യമെന്ന സമാധാനിച്ച് ആ കൊഞ്ചലും ചിരിയും കണ്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയി. അപ്പോഴേയ്ക്കും വിധി ഒരു ദുരന്തം അവര്‍ക്കായി കരുതി വച്ചിരുന്നു.
അവര്‍ വിധവയായി. ദൈവം എന്തിന്‌ ഇത്ര ക്രൂരത കാണിച്ചു?
ജീവിതം തുടങ്ങിയതേ  ഉണ്ടായിരുന്നുള്ളൂ. ഇനിയും ദുരന്തത്തിന്റെ വഴികള്‍ എത്ര താണ്ടണം...!!
എങ്കിലും അവര്‍ തരിച്ചു നിന്നില്ല. തളര്‍ന്നു വീണില്ല. അമ്മായിപ്പോരും നാത്തൂന്‍ പോരും അവര്‍ നിറകണ്ണുകളോടെ സഹിച്ചു, മകനെ പുലര്‍ത്താ നായി.
എത്ര രാവുകള്‍...പകലുകള്‍...എണ്ണം നോക്കിയതേയില്ല.
മകന്റെ വളര്‍ച്ചക്കായി നിത്യവും അവര്‍ നോയമ്പ് നോറ്റു.
ഇളയച്ഛൻ  ധാർഷ്ട്യനായിരുന്നെങ്കിലും ഈ മകനെയും കുറവൊന്നും വരുത്താതെ സ്വന്തം മക്കളോടൊപ്പം പരിപാലിച്ചു. ഇത്രയും പഠിച്ചാല്‍ മതി ഇത്രയും കളിച്ചാല്‍ മതി എന്ന രീതിയായിരുന്നു അദ്ദേഹത്തിന്. എങ്കിലും അദ്ദേഹം ജ്യേഷ്ഠപുത്രന്റെ വിവാഹവും സമയത്ത് തന്നെ നടത്തിക്കൊടുത്ത് കടമ തീര്‍ത്തു .
എന്നാല്‍ കൊച്ചു മക്കളുടെ ദാമ്പത്യത്തിനും വിലങ്ങായി അവര്‍ക്കിട യിലും ആ അമ്മായിയമ്മ കാവല്‍ കിടന്നു. മൂന്നരക്കൊല്ലത്തിനു ശേഷ മാണ് ഒരു ദാമ്പത്യജീവിതം ആരംഭിക്കാന്‍ അവര്‍ക്കായത്. അതും അല്പം വിപ്ലവത്തിലൂടെ തന്നെ.
അമ്മായിപ്പോരില്‍ നിന്നും തന്റെ പുത്രവധുവിനെ സംരക്ഷിക്കാനും ക്ലേശ ങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നു എന്റെ പാവം മുത്തശ്ശിക്ക്.
വീണ്ടും കാലം ഏറെ കഴിഞ്ഞാണ് ഭര്‍തൃ മാതാവ് അരങ്ങൊഴിഞ്ഞത്.
അപ്പോഴേയ്ക്കും പൂര്‍ണ്ണമായും ഗൃഹഭരണം ഇളയച്ഛന്റെ കൈയിലായി.
ജ്യേഷ്ഠ പുത്രനായി കുറച്ച് സ്ഥലവും ഒരു കൊച്ചു വീടും കൊടുത്ത് ഇളയച്ചന്‍ തടിയൂരി.
ആ കൈയൊഴിയല്‍ തീരാത്ത വേദനയായി മുത്തശ്ശിക്ക് തോന്നി.
അതിനൊക്കെ പരിഹാരമായി ഉള്ളതെല്ലാം വിറ്റു പെറുക്കി മകനോടും ഭാര്യയോടുമൊപ്പം മുത്തശ്ശി മലബാറില്‍ എത്തി.
കാടുകള്‍ വെട്ടിത്തെളിച്ച് രാപകല്‍ മണ്ണില്‍ പണിയെടുത്തു. കാട്ടാനയോടും കാട്ടു പന്നിയോടും കരടിയോടും കടുവയോടുമൊക്കെ പടവെട്ടി മുന്നേറിയ കുടിയേറ്റ ജീവിതം.
കിളച്ചു, കൃഷി ചെയ്തു, കള പറിച്ചു. സന്തോഷത്തോടെ....

ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ.
വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി...
ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞു. ജീവിതം ഉത്സവമായി....
മുത്തശ്ശിക്ക് ഞങ്ങള്‍ അഞ്ചു പൊന്‍ മണികള്‍ ആയിരുന്നു.
ഞങ്ങളും വളര്‍ന്നു. ഓരോവഴിയിലൂടെ യാത്രയായി. ജ്യേ
ഷ്ന്മാര്‍ രണ്ടുപേരും വിവാഹംചെയ്തു പുതിയ വീടുകള്‍ തീര്‍ത്ത് താമസമായി.
സഹോദരിയും ഭര്‍ത്താവും അയല്‍പക്കത്ത്‌ തന്നെ ആയിരുന്നു.
ഞങ്ങള്‍ പട്ടണത്തിലും അനിയത്തിയും ഭര്‍ത്താവും മുംബൈയിലും.
വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ എല്ലാവരും തറവാട്ടില്‍ ഒത്തു ചേര്‍ന്ന് ആഹ്ലാദം പങ്കുവച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു
ജ്യേഷ്ഠന്റെ  മരണം.
കോളേജ് വിദ്യാര്‍ഥികള്‍ ആയ മക്കള്‍ .....അവരുടെ അമ്മ വീട്ടില്‍ ഒറ്റയ്ക്ക്.
മുത്തശ്ശിയുടെ കൈപിടിച്ച് ഏട്ടന്‍ അവസാനമായി ആവശ്യപ്പെട്ടത് തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കരുതെ എന്നായിരുന്നു.
മെയിന്‍ റോഡിനു ഇരുവശത്തുമാണ്‌ തറവാടും ഏട്ടന്റെ വീടും.
മുത്തശ്ശിയെ സമ്പന്ധിച്ചിടത്തോളം ഒരിടത്ത് മകനും കുടുംബവും മറ്റേതില്‍ കൊച്ചുമോന്റെ കുടുംബവും. ആരെയും ഒറ്റയ്ക്കാ
ക്കാന്‍ മുത്തശ്ശിക്കായില്ല. അവിടെയും ഇവിടെയും അവര്‍ വിശ്രമമില്ലാതെ സഞ്ചരിച്ചു.
അഞ്ചല്‍ ഓട്ടം എന്ന് പറഞ്ഞു പലരും പരിഹസിച്ചിട്ടും മുത്തശ്ശി തന്റെ വാക്ക് നിറവേറ്റി.
പക്ഷേ ഇന്ന് കണ്ണു തുറക്കാന്‍ പോലും കഴിയാതെ ജരാനരകള്‍ കട ന്നേറി ആ ശരീരം തളർത്തിയിരിക്കുന്നു.
"കരഞ്ഞിട്ടെന്ത കാര്യം? " സഹോദരി തോളില്‍ തട്ടി.
"അനിവാര്യമായത് സ്വീകരിക്കാതെ പറ്റില്ലല്ലോ."
ഗ്ലൂക്കോസ് കുപ്പികള്‍ ഒഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് മുത്തശ്ശി കണ്ണു തുറന്നു.
ആ കൈവിരലുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു. നാവ് കുഴഞ്ഞ്‌ എന്തോ പറയുന്നു.
"വെള്ളം വേണോ?" ഞാന്‍ ചോദിച്ചു.
ആ തല മെല്ലെ ചലിച്ചു. വേഗം ഒരു സ്പൂണില്‍ വെള്ളം കോരി കൊടുത്തു. അത് മുത്തശ്ശി ഇറക്കി. എനിക്ക് ആശ്വാസം തോന്നി.
"എന്താ വേണ്ടത്? ഒന്നിരിക്കണോ?"
സമ്മതം. മെല്ലെ ആ ദേഹം ഉയര്‍ത്തി ചാരിയിരുത്തി.
അധിക നേരം വേണ്ടി വന്നില്ല, ആ വിരലനക്കത്തിന്റെ സൂചനപോലും എനിക്ക് മനസ്സിലായി തുടങ്ങി.
അച്ഛനെ വിളിക്കണം....അമ്മയെ കാണണം...ആരാ വന്നത് ?

എന്താ അവര് പറഞ്ഞത്...?
ആവശ്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യന് വാക്കുകള്‍ വേണമെന്നില്ലല്ലോ.
ബന്ധുക്കള്‍ എല്ലാവരും വന്നു കണ്ടു പോയി...അസ്വസ്തത കൂടിയും കുറഞ്ഞും ദിവസങ്ങള്‍ പലതു കഴിഞ്ഞു.
ഡോക്ടര്‍ പറഞ്ഞു.
"വേണമെങ്കില്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകാം. കൂടുതലൊന്നും..."
പോകാന്‍ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു.
മുംബൈലുള്ള അനിയത്തി മാത്രമേ എത്താതുള്ളു .
ഉടന്‍ പുറപ്പെടാന്‍ അവര്‍ക്കും സന്ദേശം അയച്ചു.
ഏഴുമാസം ഗര്‍ഭവതിയായിരുന്നു അവള്‍. കിട്ടിയ ഫ്ലൈറ്റില്‍ അവരും എത്തി.
അവര്‍ വന്നതും വിളിച്ചതും മുത്തശ്ശി അറിഞ്ഞു.
കൈയുയര്‍ത്തി ആ വീര്‍ത്ത വയറില്‍ മുത്തശ്ശി മെല്ലെ തട്ടി.
കുഞ്ഞിനു ആശിസ്സ് നല്കുകയായിരുന്നിരിക്കണം. അതിനായി കാത്തിരുന്നതുപോലെ ......
അന്ന്,
മാര്‍ച്ചുമാസം മുപ്പത്തി ഒന്നാം തിയതി.  ഓശാന ഞായര്‍ ....വൈകു ന്നേരം  അഞ്ചു മണിയായി. അച്ഛനും ഞാനും മാത്രമേ അപ്പോള്‍ മുത്തശ്ശിയുടെ അരികില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ പതിവുപോലെ മുത്തശ്ശിയുടെ ശരീരം തുടച്ച്....പൌഡര്‍ ഇട്ടു...
വിരിപ്പുമാറ്റി. നല്ല വസ്ത്രവും ഉടുപ്പിച്ചു.
ഇടയ്ക്കിടെ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ഞാന്‍ മുത്തശ്ശിയുടെ മുഖത്ത് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു.
അപ്പോഴാണ്‌ പതിവ് കുത്തി വയ്പ്പിനു വേണ്ടി ഡോക്ടര്‍ വന്നത്.
ഒരു നിമിഷം !
മരുന്ന് സിറിഞ്ചിലേയ്ക്ക് എടുക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചു.
മുത്തശ്ശിയുടെ വായിലേക്കിറ്റിച്ച് കൊടുത്ത വെള്ളം കടവായിലൂടെ ഒഴുകുകയാണ്.
തളര്‍ന്ന ശ്വാസം....മന്ദം....മന്ദം....നിലയ്ക്കുന്നു.
അച്ഛന്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു.
ഞാന്‍...ഞാന്‍...കരഞ്ഞില്ല.
പക്ഷേ  കരള്‍ പറിഞ്ഞു പോരുന്ന ഒരു നോവുമാത്രം എന്നില്‍ നിറഞ്ഞു.
ആരെയും ദ്രോഹിക്കാതെ ...ഒന്നുമേ മോഹിക്കാതെ....ഒരു ജന്മസാഗരം നിശ്ശബ്ദമായി തുഴഞ്ഞു തുഴഞ്ഞ്...എന്റെ മുത്തശ്ശി.....!
ഇന്ന്  സംവത്സരങ്ങൾ ഒരുപാടു കഴിഞ്ഞു പോയി....
എങ്കിലും ഒരു നിറദീപമായി തെളിഞ്ഞു നില്ക്കുന്ന മുത്തശ്ശിയുടെ പാവനസ്മരണയ്ക്ക് മുന്‍പില്‍ ഈ അക്ഷര പുഷ്പങ്ങള്‍ അല്ലാതെ മറ്റെന്താണ് എനിക്ക് നല്കാനാകുക...!!


re post