Monday, November 7, 2011

പറയാന്‍ പാടില്ലാത്തത്‌.


പറയാന്‍ പാടില്ലാത്തത്‌.
************************ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങള്‍ അമിതയുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട്‌ ഏറെ സന്തോഷിച്ചത്‌ ഞാനാണ്‌.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ്‌ ഏറെ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്‌.അതിനെന്നെ പ്രാപ്തയാക്കിയ ദൈവത്തിനോട്‌ ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌....
ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!
അങ്ങനൊരു ചിന്ത മനസ്സില്‍ ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലൊ ഇത്‌.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.
അടുത്തകാലത്തു തന്നെ അത്തരം ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത്‌ എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു കാര്യമാണ്‌.
ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി നടന്നിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.
കല്ല്യാണത്തിന്‌ ആദ്യാവസാനം ഞങ്ങളും പങ്കെടുത്തതാണ്‌.എല്ലാം അന്വേഷിച്ചറിഞ്ഞ്‌ ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു ബോദ്ധ്യപ്പെട്ട് നടത്തിയ ചടങ്ങുകള്‍.
വരന്‍ സുമുഖന്‍ ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....
ചെക്കനു ഗള്‍ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള ജോലി.
ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന്‍ ചെയ്തിരുന്ന വന്‍ ബിസിനസ്സ്‌ തുടര്‍ന്നാലും മതി.
കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്‌.ഒരു മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍ നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു രണ്ടും നടന്നില്ല.

എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍ ട്രാന്‍സ്‌ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും അന്വേഷിക്കാന്‍ തോന്നിയില്ല.
ആയിടക്കാണ്‌ അവള്‍ക്കൊരു ജോലി ശരിയായത്‌.
ഇന്നത്തെക്കാലത്ത്‌ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്‍ക്കും സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള്‍ സ്വന്തം വീട്ടില്‍ വന്നു പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.
പക്ഷെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്‌ സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍ അറിയുന്നത്‌.
ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ്‌ അവനില്ലത്രെ.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.
അവളെ അയാള്‍ക്ക്‌ ഇഷ്ടമാണ്‌.അവള്‍ക്കായി പ്രാണന്‍ കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും അവളോട്‌ വളരെ സ്നേഹമാണ്‌...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.
അവള്‍ സ്വന്തം ഭാര്യയാണെന്ന കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ കഴിഞ്ഞില്ല.
കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍ കന്യക....
ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ്‌ തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്‌?
യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ തീരുമാനം ഡൈവോഴ്‌സിന്‌ അനുകൂലമാണെന്നാണ്‌ അറിഞ്ഞത്‌.
അതെ...അതാണതിന്റെ ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക തന്നെ വേണം.
അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത്‌ ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന ഉപദേശം യഥാസമയം നല്‍കി എന്നതാണ്‌ അമിതയ്ക്കു ഞാന്‍ ചെയ്ത സഹായം.
അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു മാത്രമാണ്‌ എന്റെ ശ്രമം വിജയിച്ചത്‌ എന്നതും ഞാന്‍ മറക്കുന്നില്ല.
എങ്കിലും അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ എന്റെ ആഹ്ലാദം പൂര്‍ണ്ണമായത്‌.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച്‌ വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചുമില്ല.
എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു വിശ്വസിച്ചു.
പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ത്തു. അഭിഷേകിന്റെ അമ്മയായിരുന്നു വിളിച്ചത്‌.
ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ട്‌...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍ പറഞ്ഞത്‌.
കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം നേരില്‍ പറയാം പോലും.പക്ഷെ മാമന്‍ മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.
ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല എന്നേ അവളും പറഞ്ഞുള്ളു.
ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ വീട്ടിലെത്തി.
"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്‌...പിന്നെ നിങ്ങളുമാത്രം വന്നിട്ടെന്തിനാ..."
എന്ന ഒരു തരം മുരട്ടു ചോദ്യമാണ്‌ അവരില്‍ നിന്നും ഉണ്ടായത്‌.
"പ്രശ്നമെന്തെന്നറിഞ്ഞിട്ട്‌ എല്ലാരെയും കൂട്ടാം എന്നു കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.
"ഓ....പ്രശ്നം അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര വിഷമിച്ച്‌ അവളെന്തിനാ ഇവിടെക്കഴിയുന്നത്‌....?കാര്യങ്ങള്‍ സംസാരിച്ച്‌ അവളെ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്‌...."
അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക്‌ ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്‍പര്യം അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
പക്ഷെ ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ്‌ കാര്യങ്ങള്‍ എന്നു ക്രമേണ ബോധ്യമായി.
" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്‌..."എന്ന് ആ അമ്മയുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു നിന്നും വേണ്ട എന്നു അവര്‍.
കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി സംസാരിച്ചു.
ഭര്‍ത്തൃ മാതാവിന്റെ നൂറ് നൂറ് കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും ശ്രമിച്ചത്‌.
അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല.
ആശാരിയുടെ പണിയില്‍ മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....
"നീ അമ്മയോട്‌ അങ്ങനെ പറഞ്ഞോ..."
എനിക്കറിയേണ്ടത്‌ അതുമാത്രമായിരുന്നു.
"പിന്നെപ്പറയാതെ....എനിക്കു ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."
എനിക്ക്‌ അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട്‌ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്‌..ആ തെറ്റിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല.
അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത്‌ അമിതയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്‌.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍....
അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി നില്‍ക്കുന്ന അഭിഷേകിനോട്‌ എനിക്ക്‌ അനുകമ്പ തോന്നി.
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു പോയി.
അമിതയോട്‌ എനിക്കു വെറുപ്പുണ്ടായി.....അവള്‍ പഴയതെല്ലാം മറന്നല്ലൊ.
ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത സൗകര്യങ്ങള്‍.....
പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള്‍ അവഗണിക്കുന്നു.അത്‌ ഓര്‍മ്മിപ്പിച്ച എന്നെ, അവള്‍ നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു പോലെ.
അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.
അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ മോഹിക്കുകമാത്രം ചെയ്തു.
എങ്കിലും അവള്‍ക്കു വേണ്ടിയാണ്‌ ഞങ്ങള്‍ ആ വീട്ടുകാരോട്‌ സംസാരിച്ചത്‌.
അവള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും അവരോട്‌ താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.
കേട്ടു നിന്ന അവളുടെ മുഖത്ത്‌ അത്തരം ഉറപ്പൊന്നുമില്ലെന്നത്‌ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
അവര്‍ പക്ഷെ ഒരു ബന്ധം ഒഴിയലിന്റെ വഴിക്കാണ്‌ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തമായപ്പോള്‍ എന്തുകൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട്‌ പറയേണ്ടിവന്നു.
അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത്‌ അവരോട്‌ പറയാതെ അവളുടെ മാമിയായ എന്നോട്‌ പറഞ്ഞതായി പിന്നെ കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട്‌ പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
"എന്റെ മകന്‌ ഒരു രഹസ്യവും എന്നോടു മറയ്ക്കാനില്ല" എന്നായി അവര്‍.
ആ വാദഗതികളോട്‌ യോജിക്കാന്‍ എനിക്കു മുമ്പും സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം പറഞ്ഞിട്ടു തന്നെയാണ്‌ ഞങ്ങള്‍ അവിടെ നിന്നും പോന്നത്‌.
പോരും മുമ്പേ അമിതയോട്‌ സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന് കര്‍ശനമായി പറയുകയും ചെയ്തു.
മൗനമായി കേട്ടു നിന്നതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.
എന്റെ വാക്കുകള്‍ അവള്‍ അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു നഷ്ടപ്പെട്ടിരുന്നു.
സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.
എങ്കിലും മനസ്സറിയാത്ത കാര്യത്തിനു മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ ജാളൃത എന്നെ വിടാതെ പിന്തുടര്‍ന്നു.
ഞാന്‍ അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... അവളെ മകളായി കരുതിയവളാണ്‌ ഞാന്‍.
തിരിച്ചും അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത്‌ എന്റെ തെറ്റ്‌.
ആവശ്യമില്ലാത്തിടത്ത്‌ ചെന്നു കയറി ഇടപെട്ടതു പോലെ....
ഓര്‍ക്കുന്തോറും എനിക്കു കരച്ചില്‍ വന്നു.

അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ സമാധാനിപ്പിച്ചില്ല.

"നിങ്ങളെന്തിനാ അവരോട്‌ മാപ്പു പറയാന്‍ പോയത്‌....അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്‌?"

പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു മതിയായി...
ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.
എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
അമിത പറഞ്ഞിട്ടു തന്നെ.
അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....
ഇതുവരെ എത്തിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരി എന്നരീതിയില്‍ ഒരുപാട്‌ വിരലുകള്‍ എന്റെ നേരെ ചൂണ്ടപ്പെടുന്നതു കണ്ട്‌ ഒന്നിനും ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.