Thursday, June 8, 2017

തലവിധി
       ഫ്രഡിക്ക് ബാങ്കിലായിരുന്നു ജോലി. സുമുഖനും സുന്ദരനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. ചീത്ത കൂട്ടുകെട്ടില്ല. മദ്യപാനമില്ല... മോശമെന്നു പറയാൻ ഒരു സ്വഭാവവും അയാൾക്കില്ലായിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിയുമൊപ്പം അയാൾ ജീവിച്ചു. വീടുവിട്ടാൽ ബാങ്ക് , ബാങ്ക് വിട്ടാൽ വീട്', അതിനപ്പുറമൊരു ലോകം അയാൾക്കുണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും അപ്സ്റ്റെ യറിലെ അയാളുടെ മുറിയിൽ വായനയും കമ്പ്യൂട്ടറും ഫോണുമായി സമയം ചെലവഴിക്കും. സമയാ സമയങ്ങളിൽ ഭക്ഷണത്തിനായി മാത്രം താഴെ വരും. 
        പെങ്ങളുടെ കല്യാണം ആഘോഷമായി നടത്തിയത് അയാൾ തനിച്ചാണ്. ചെറുപ്പം മുതൽ എല്ലാ ക്ലാസിലും ഒന്നാമനായാണ് അയാൾ കടന്നു കയറിയത്. കോളേജിലും മികച്ച വിജയം കരസ്ഥ മാക്കി. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ ഉദ്യോഗസ്ഥനുമായി.  അയാളുടെ ഭാഗ്യത്തിൽ വീട്ടുകാർ സന്തോഷിക്കുകയും നാട്ടുകാർ അസൂയപ്പെടുകയും ചെയ്തു. ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടാൻ പല പെൺകുട്ടികളും തപസ്സിരുന്നു. അവരുടെ അച്ഛനമ്മമാരും അതിനാഗ്രഹിച്ചു.. പക്ഷേ, വിവാഹത്തോട് വേണ്ടത്ര താല്പര്യം അയാൾ കാണിച്ചില്ല.
     എന്നാൽ വീട്ടുകാർ അതു സമ്മതിക്കാൻ തയ്യാറായില്ല. ഒടുവിൽ അടുത്ത ഇടവകയിലെ സത്സ്വഭാവിയായ ഒരു പെൺകുട്ടിയെ അവർ കണ്ടെത്തി . അയാളെ കല്യാണത്തിന് നിർബന്ധിച്ചു. അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

       ശലോമി ഇടവകയുടെ സ്വത്തായിരുന്നു. ഭക്തയും സേവനതത്പരയുമായ പെൺകുട്ടി. ഇടവകയിലെ എല്ലാ സേവന സംഘടനകളിലും നേതൃനിരയിൽ നിന്നു പ്രവർത്തിക്കുന്നവൾ.
 അവൾക്ക് ഐടി ഫീൽഡിൽ ജോലിയുണ്ടായിരുന്നു. അവിടെ അവളുടെ കൂടെ ജോലി ചെയ്തി രുന്ന ജോയിസ് അവളെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചതാണ് . പക്ഷേ അവൾ സമ്മതിച്ചില്ല. കാരണം അവൾക്ക് നിറം കുറവാണ്. ഒറ്റ നോട്ടത്തിൽ കണ്ട് ഇതുമതി എന്നു പറയുന്ന ഒരു പ്രകൃതവുമായിരുന്നില്ല .

" വേണ്ടമ്മേ: എളേമ്മയും എളേപ്പനും നിറത്തിന്റെ  പേരിൽ കലഹിക്കുന്നത് നാം കാണുന്നതല്ലേ? എനിക്ക് നിറം കുറഞ്ഞ ഒരാൾ മതി." 

പക്ഷേ നിറത്തേക്കാൾ സ്വർണത്തിളക്കമുള്ള അവളുടെ സ്വഭാവം ഇഷ്ടപ്പെട്ടു വന്ന ജോയിസിന് അവളുടെ മറുപടി താങ്ങാവുന്നതിനപ്പുറമായിരുന്നു. നിരാശയോടെ ജോലി രാജി വെച്ച് അയാൾ എങ്ങോട്ടോ പോയി., ഫ്രെഡിയുടെ ആലോചന വന്നപ്പോഴും അവൾ എതിർത്തു. അവളുടെ നിർബ്ബന്ധ ബുദ്ധിക്കു വഴങ്ങി ജോയ് സിനെ ഒഴിവാക്കിയതിന്റെ കുറ്റബോധം ഉള്ളിലുണ്ടായിരുന്നതിനാൽ വീട്ടുകാർ അവളെ ഈ വിവാഹത്തിനു സമ്മതം മൂളാൻ കർശനമായി താക്കീതു ചെയ്തു.  ചെറുക്കൻ കാണാൻ മിടുക്കനാണെന്ന കാരണം പറഞ്ഞ് ഒരു കല്യാണാലോ ചന വേണ്ടെന്നു വെയ്ക്കില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും നിർബന്ധവും വിവാഹ ത്തിനു മുമ്പുള്ള കൗൺസിലിങ്ങുമൊക്കെയായപ്പോൾ അവൾ സമ്മതം മൂളി. വളരെ ആഘോഷമാ യിത്തന്നെ ആ കല്യാണം നടന്നു. അമ്മാവന്മാരും ബന്ധുക്കളും വീട്ടുകാരും അവരുടെ കഴിവിൽ കൂടുതൽ സ്വർണവും പണവും സമ്മാനങ്ങളും കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. 
വിവാഹം ആശിർവദിച്ച വികാരിയച്ഛൻ  ഫ്രഡിയെ പ്രത്യേകം ഓർമ്മിപ്പിച്ചു.
 '' ഫ്രഡി യു ടെ ഭാഗ്യമാണ് ശലോമി. അവളോടൊത്ത് സന്തോഷമായി ജീവിക്കണം, സന്താനഭാഗ്യം നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കും- മക്കളെ ദൈവഹിതത്തിനനുസരിച്ച് നന്മയുള്ളവരായി വളർത്തണം. നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം. നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം. ഒരി ക്കലും ഇവളുടെ കണ്ണു നനയാൻ ഇടവരുത്തരുത് - മകളേ ശലോമി, ഭർത്താവിന്റെ ഇഷ്ടങ്ങള റിഞ്ഞ് നീ ജീവിക്കുക. ഇനി നിങ്ങൾ രണ്ടല്ല. ഒന്നാണ്. ഒരാത്മാവും ഒരു ശരീരവും " 
ആദിയിലഖിലേശൻ 
നരനെ സൃഷ്ടിച്ചു.
അവനൊരു സഖിയുണ്ടായ് 
അവനൊരു തുണയുണ്ടായ് .......
 ഇരുമെയ് അല്ലവരീ-
 ധരമേലൊരു നാളും
 ഏക ശരീരം പോൽ 
വാഴണമെന്നെന്നും..... 
ഗായക സംഘത്തോടൊപ്പം ഇടവകാംഗങ്ങളും ആശംസാ ഗാനം പാടി അവരെ അനുഗ്രഹിച്ചു.
അവന്റെ കൈ പിടിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഏതൊരു മണവാട്ടിയേയും പോലെ വലതുകാൽ വെച്ച് അവളും നടന്നു കയറി .
സ്വന്തം വീട്ടിൽ നിന്നും അപ്പനോടും അമ്മയോടും യാത്ര പറയുമ്പോൾ അവർ കരഞ്ഞു. സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ? പതിവുകാര്യമായതിനാൽ എല്ലാവരും അതുകണ്ട് ചിരിച്ചതേയുള്ളു. 
 ഫ്രഡിയുടെ വീട്ടുകാർ അവരെ ആഘോഷത്തോടെ സ്വീകരിച്ചു. അവൾ ആ വീട്ടിലെ മരുമകളായി. 
പകൽ വെളിച്ചത്തിൽ ഫ്രഡി പന്തലഴിക്കുന്നവരുടേയും മുറ്റം വൃത്തിയാക്കുന്നവരുടേയും ഇടയിൽ പണിയൊന്നും ചെയ്യാതെ ഒരു ഫോണുമായി ചുറ്റിത്തിരിയുന്നത് അവൾ കണ്ടു. 
അമ്മയോടും പെങ്ങളോടും ചുരുക്കം ചില ബന്ധു ക്കളോടുമൊപ്പം അടുക്കളയിൽ അവളും സഹായിച്ചു. അമ്മ ഒടുവിൽ സ്നേഹപൂർവം അവളോടു പറഞ്ഞു.
 "മോളുപോയി കുളിച്ചു വരൂ. നമുക്ക് അത്താഴം കഴിക്കാം." 
മുകളിൽ ഒരുക്കിയ മണിയറയിൽ പെങ്ങൾ അവളെ കൊണ്ടുചെന്നാക്കി. അലമാരയിൽ നിന്നും മാറ്റാനുള്ള ഡ്രസ് എടുത്ത് കട്ടിലിൽ വെച്ച് അവളെ അറിയിച്ചു. 
" തോർത്തും സോപ്പുമൊക്കെ കുളിമുറിയിലുണ്ട്. കുളി കഴിഞ്ഞ് വന്നിട്ട് ഡ്രസ് മാറ്റിയാൽ മതി. അവിടുന്ന് മാറ്റി  നനയേണ്ട "

 പെങ്ങൾ പോയപ്പോൾ അവൾ വാതിലടച്ച് ബോൾട്ടിട്ടു. രാവിലെ മുതലുള്ള തിരക്കാണ്, വല്ലാത്ത ക്ഷീണം തോന്നുന്നു. എങ്കിലും വേഗംകളി കഴിഞ്ഞ് വന്ന് ഡ്രസ് മാറ്റി. വാതിൽ തുറന്നു.

"കുളി കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ വന്നോളൂ മോളെ. ഭക്ഷണം വിളമ്പി. "

അവൾ  താഴെയെത്തുമ്പോൾ ഭക്ഷണമേശയ്ക്കൽ എല്ലാവരും  ഇരിപ്പുറപ്പിച്ചിട്ടുണ്ട് ; ഒരാളൊഴികെ.

" ഈ ഏട്ടന്റെ  ഒരു കാര്യം . ഇന്നും അവൻ ഒറ്റയ്ക്കിരുന്ന് കഴിച്ചിട്ട് പോയല്ലേ ?" 
വാക്കുകളിൽ ഒരു ശകാരം....ഒരു കുറ്റപ്പെടുത്തൽ...പതിവുകാര്യം എന്ന സൂചന  അടങ്ങിയിട്ടുണ്ടെന്ന് ശാലോമിക്കു തോന്നി.
അവളുടെ നെഞ്ച് അകാരണമായി ഒന്ന് പിടഞ്ഞു. അവൾക്കു ഭക്ഷണം ഇറക്കാൻ  ബുദ്ധിമുട്ടനുഭവപ്പെട്ടു.
"കഴിക്കു മോളെ എന്ന നിർബന്ധത്തിനു മുന്നിൽ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു.  പെങ്ങൾ ഒരു ഗ്ലാസ് പാലും  തന്ന് മുറിയിലെത്തിക്കുമ്പോൾ ഫ്രെഡി മൊബൈലിൽ എന്തോ തോണ്ടിയിരിക്കുന്നു ണ്ടായിരുന്നു . അവളെക്കണ്ട്‌ എഴുന്നേറ്റു പോയ അയാൾ തിരികെവന്ന് പാൽ  മുഴുവൻ കുടിച്ചിട്ട് അടുത്ത മുറിയിൽ കയറി കതകടച്ചു.

"മോൾ   ഇരുന്നോ . ഏട്ടൻ ഇപ്പോൾ വരും"
അവൾ കാത്തിരുന്നു.
കാത്തിരുന്ന് തളർന്ന്  വീണ് മയങ്ങിയിട്ടും ഫ്രഡി വന്നില്ല . 
ഉറക്കമുണർന്നു താഴേയ്‌ക്ക്‌ ചെല്ലുമ്പോൾ അമ്മയുടെ ഉച്ചത്തിലുള്ള  ശകാരമാണ് കേട്ടത്
."നീയിതെന്തുഭവിച്ചാ ഫ്രഡി ...നിന്റെ  ഭാര്യയല്ലേ ഇന്നലെ രാത്രി ഒറ്റയ്ക്ക് ആ മുറിയിൽ കഴിഞ്ഞത് ...കഷ്ടമുണ്ട് കേട്ടോ. ഒരു പെണ്ണിന്റെ ശാപം നീ വാങ്ങിക്കൂട്ടേണ്ട." 

അവളുടെ നിഴൽ കണ്ട അമ്മ നിശ്ശബ്ദയായി. ഫ്രഡി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി.
അന്ന് പകലന്തിയോളം ഫ്രഡി വീട്ടിൽ  വന്നില്ല.  ആരും അതത്ര കാര്യമായി
എടുത്തതായി തോന്നിയുമില്ല .
രാത്രി  എപ്പോഴോ തിരിച്ചു വന്ന അയാൾ അടുത്തമുറിയിലേക്കാണ് പോയത് .
ആ പതിവ് ഒരാഴ്ച ...രണ്ടാഴ്ച....ഒരു  മാസം ...അങ്ങനെ തുടർന്നു.  ഒടുവിൽ അവൾ  അമ്മയോട് ചോദിച്ചു.

"ചേട്ടന്  എന്നെ ഇഷ്മാകാഞ്ഞിട്ടാണോ?"

"അല്ല. അവൻ സമ്മതിച്ചിട്ടുതന്നെയാ ... അഥവാ അവനു ഇഷ്ടമായിരുന്നില്ലെങ്കിൽ അന്നേ പറയാമായിരുന്നില്ലേ? എന്താണവന്റെ മനസ്സിൽ  എന്ന് ആർക്കറിയാം ."

പിന്നെ ഒരു പിറു പിറു പ്പാണ് അവൾ കേട്ടത്.

"കല്യാണം കഴിഞ്ഞാലെങ്കിലും മാറ്റം  വരുമെന്ന് കരുതി. . തലവിധി...."

'ഈശ്വരാ ...ഈ വിധി തന്റെ തലയിൽ തന്നെ വേണമായിരുന്നോ ..!'

അവൾ ഒന്നും പറഞ്ഞില്ല. ഒരു ഭാവമാറ്റവും കാണിച്ചില്ല. കൗൺസിലിംഗിന് കിട്ടിയ ഉപദേശം അവൾ ഓർത്തു .
      "ഭർത്താവിനെ ദൈവത്തിന്റെ സ്ഥാനത്തു കാണണം . ദൈവത്തിന്റെ മുന്നിൽ നമുക്കൊന്നും മറയ്ക്കാനില്ല തുറന്ന  മനസ്സോടെ ആ സ്നേഹം  പിടിച്ചു പറ്റാൻ എന്തും ചെയ്യാം. കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ ഉറക്കറയിൽ എന്തും പറയാനും പ്രവർത്തിക്കാനും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഏദൻ തോട്ടത്തിലെ ആദവും ഹവ്വയുമായി മാറാൻ നിങ്ങൾ ഇരുവരും ഒട്ടും നാണിക്കേണ്ടതില്ല."

അവളതിനു ശ്രമിച്ചെങ്കിലും അതിനുള്ള അവസരം ഫ്രഡി അവൾക്കു കൊടുത്തില്ല . അവൾ പുറത്തി റങ്ങുമ്പോൾ വാതിൽ ബോൾട്ടിട്ടിട്ടേ  അയാൾ ഡ്രസ്സുമാറൂ . അയാളുടെ മുന്നിൽനിന്ന്  അവൾ അതിനു ശ്രമിച്ചാലും  അവളെ നോക്കുകയോ അവളുടെ മുന്നിൽനില് ക്കുകയോ ചെയ്യില്ല. 

അയാളുടെ മുന്നി ലൊരു മൊബൈലും  അതിലുള്ള ചാറ്റിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

        അവളെയും കൂട്ടി ഒരു സിനിമയ്ക്കോ ഔട്ടിങ്ങിനോ ഒരിക്കലും അയാൾ പോയില്ല.
ഒന്ന് രണ്ടു പ്രാവശ്യം അവളുടെ വീട്ടിൽ ,  വീട്ടുകാരുടെ നിർബന്ധത്തിനു പോയെങ്കിലും അന്ന് തന്നെ തിരിച്ചു പോരുകയാണുണ്ടായത്. അവളെയും അവിടെ നില്ക്കാൻ അനുവദിച്ചില്ല.

      "എന്താണ്ശാലോമി, ഫ്രഡി  ഇങ്ങനെ...? നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ"
എന്ന, വീട്ടുകാരുടെ  ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചതേ  ഉള്ളു.

      ട്രെയിനിൽ കുറെയാത്ര ചെയ്ത് പിന്നീട് ബസ്സിലും പോകേണ്ട ദൂരത്തായതിനാൽ അവളോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞത് സ്നേഹം  കൊണ്ടാണെന്ന് വീട്ടുകാർ  കരുതി . അതല്ലെന്നു തുറന്നു പറയാനുള്ള തെളിവോ സൗകര്യമോ ശാലോമിക്കുണ്ടായതുമില്ല.

ഏകദേശം ഒരുവർഷത്തിലേറെ ഈ നിസ്സഹായതയിൽ അവൾ നീറി.
പക്ഷേ ,
       "ഉദ്യോഗസ്ഥനായ ഭർത്താവിനെ  കിട്ടിയപ്പോൾ അവൾ നമ്മളെയെല്ലാം മറന്നല്ലോ. ഒന്ന് വരാനോ ഒന്ന് ഫോൺ വിളിക്കാൻ പോലുമോ അവൾക്കു നേരമില്ല." 
എന്ന് അവളുടെ വീട്ടുകാർ പരിഭവം പറഞ്ഞു.

       ഇതിനൊരവസാനമുണ്ടാക്കണമെന്നും വ്യക്തമായ തെളിവോടെ അയാളെ സമൂഹത്തിനു മുന്നിൽ നിർത്തണമെന്നും അവൾ തീരുമാനിച്ചു.

        ഒരിക്കൽ അനുജൻ വീട്ടിലെ ലാൻഡ് ഫോണിൽ അവളെ വിളിച്ചു.

        "എന്താടി...അളിയനു വിലകൂടിയ മൊബൈൽ ഫോണും മറ്റു സെറ്റപ്പുമൊക്കെയുണ്ടല്ലോ. എന്നിട്ടും ഇങ്ങോട്ടൊന്നു വിളിക്കാനോ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനോ, പോട്ടെ,  ഒരു മെസ്സേജ് അയച്ചാൽ മറുപടി തരാനോ അളിയന് നേരമില്ലെന്നാണോ? ഇവിടെ എല്ലാവരെയും എത്ര തവണയാ നാട്ടിൽ നിന്ന് വിളിക്കുന്നതും ഇവർ നാട്ടിലേക്കു വിളിക്കുന്നതും. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇവരങ്ങനെ പറയുന്നു "

"ഇല്ല" എന്നവൾ പറഞ്ഞില്ല ആ നിശ്ശബ്ദതയുടെ തേങ്ങൽ ചെറുപ്പം മുതൽ തമ്മിൽതല്ലി   കളിച്ചു വളർന്ന ആ കൂടപ്പിറപ്പിനു മനസ്സിലായി. 

നാട്ടിലേക്കു വന്ന ഒരു സുഹൃത്തിന്റെ കൈവശം അവൻ ചേച്ചിക്കൊരു മൊബൈൽ ഫോൺ കൊടുത്തയച്ചു. ആരും അറിയാതെ അതീവ രഹസ്യമായി അവളതു സൂക്ഷിച്ചു.

അയാളുടെ മൊബൈൽ പരിശോധിക്കാൻ അവൾ  അവസരത്തിനായി കാത്തു. ഒരു ദിവസം അവൾക്കതിനു സൗകര്യം കിട്ടി .  അയാൾ കുളിക്കാൻ പോയ തക്കം നോക്കി അവൾ മൊബൈൽ എടുത്തു നോക്കി.  ഒരു ഐ ടി  വിദഗ്ദ്ധയായിരുന്നതിനാൽ അയാൾ കെട്ടിപ്പൂട്ടിവെച്ച പാസ് വേഡ്‌ കണ്ടെത്താനും  അതു തുറന്നു നോക്കാനും അവൾക്കു കഴിഞ്ഞു.

വിദേശീയരായ വനിതകളുമായുള്ള അയാളുടെ ചാറ്റിംഗ് കൂമ്പാരവും നഗ്ന ചിത്രങ്ങളും കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അയാൾ അവർക്കയച്ച പൂർണ്ണ നഗ്ന ചിത്രങ്ങൾ അയാളുടേതെന്നു അവൾ തിരിച്ചറിഞ്ഞത് മുഖം കണ്ടപ്പോൾ മാത്രമാണ്. 
സ്വന്തം ഫോണിലേക്കു അത് ഫോർവേഡ് ചെയ്യാനുള്ള സാവകാശം അവൾക്കു കിട്ടിയില്ല. അയാൾ കുളികഴിഞ്ഞു പുറത്തു വരാനുള്ള സമയം ആയപ്പോൾ അവൾ ആ ഫോൺ ലോക്ക് ചെയ്ത യഥാസ്ഥാനത്ത് വെച്ച് മുറിയിൽ നിന്നും പുറത്തിറങ്ങിപ്പോയി. ആരും കാണാത്തിട ത്തിരുന്നു അവൾ മതിവരുവോളം കരഞ്ഞു.

           പിന്നെ സ്വന്തം ഫോണിൽ ഒരു ഫേക്ക് ഐ ഡി ഉണ്ടാക്കി ഒരു വിദേശ സുന്ദരിയുടെ പ്രൊഫൈൽ ചിത്രവും വെച്ചു . ഡീറ്റെയിൽസ് ഹൈഡ് ചെയ്തു. എന്നിട്ട് അയാൾക്കൊരു ഫ്രണ്ട് റിക്വസ്റ് അയച്ചു. അത് അവിടെ എത്താനുള്ള നേരമേ വേണ്ടി വന്നുള്ളൂ അക്സെപ്റ് ചെയ്യാനും ചാറ്റിങ് തുടങ്ങാനും..
         അയാളുടെ സ്പീഡിന് മുൻപിൽ മറുപടി കൊടുക്കാനാകാതെ അവൾ പലപ്പോഴും അന്തം വിട്ടു നിന്നു.  ഒരു മനുഷ്യന് എത്രത്തോളം മോശമായി അശ്ലീല ഭാഷ ഉപയോഗിക്കാനാകുമെന്നും വാക്കു കൾ കൊണ്ട് എങ്ങനെ രതീമൂർച്ഛയിലെത്താൻ കഴിയുമെന്നും അവൾ അമ്പരപ്പോടെ അറിയുകയാ യിരുന്നു.
        "ഈ മനുഷ്യന്റെ വൊക്കാബുലറിയിൽ ഇത്രയേറെ വാക്കുകൾ ഉണ്ടായിരുന്നോ?! "

പലതിന്റെയും അർത്ഥമറിയാൻ അവൾക്ക് ഡിക് ഷണറിയുടെ സഹായം വേണ്ടി വന്നു.

  അയാൾ പലപ്പോഴും അവളോട് ഫോട്ടോ ആവശ്യപ്പെട്ടു. വിത്ത് ഔട്ട് ഡ്രസ്സ് ....ആ രൂപത്തിൽ ഒന്ന് സ്കൈപ്പിൽ വരാൻ അയാൾ നിർബന്ധിച്ചു. ആവശ്യങ്ങളുടെ പ്രളയമായിരുന്നു. 

അവൾ നയത്തിൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി.

എന്നാൽ  ദിവസവും അയാളുടെ അതീവ മ്ലേച്ചമായ നഗ്നചിത്രങ്ങൾ അവൾക്കു അയച്ചു കൊടുത്തു. ഒരു ദിവസം അയാൾ പറഞ്ഞു.

       "മോളെ..ഇന്നലെ എന്റെ രതി മൂർച്ഛ നിന്നോടൊപ്പമായിരുന്നു.  നീ എത്രയോ ദൂരെയാണെങ്കിലും എന്റെ അടുത്ത് ദേ ...എന്റെ അരികുചേർന്ന് ....എന്നെ ആലിംഗനം ചെയ്ത് ...ഉമ്മകൾ കൊണ്ട് മൂടി ...ഹോ...അതൊക്കെ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്കു വയ്യ...."

         അവൾക്ക് അറപ്പും വെറുപ്പും തോന്നി. ഇടയ്ക്കിടെ ശർദ്ദിക്കണമെന്ന തോന്നൽ അവൾ പണിപ്പെട്ടടക്കി...നനച്ചാലും കുളിച്ചാലും പോകാത്ത ഒരു വഴുവഴുപ്പ് തന്റെ ശരീരത്തെ മാലിന്യ ക്കൂമ്പാരമാക്കിയോ എന്നവൾ സംശയിച്ചു.

"എന്റെ പെണ്ണെ  നാളെ നിന്നോട് ഒരു സുപ്രധാനകാര്യം പറയാനുണ്ട്.  പറയാനല്ല.. കാണിച്ചു താരാൻ . വേറിട്ട ഒരൈറ്റം "

അവൾ മറുപടി കൊടുത്തില്ല.
അടുത്തമുറിയിൽ അയാൾ  ചെയ്യുന്നതെന്നറിയാനുള്ള ജിജ്ഞാസ അവൾക്കുണ്ടായി...
പിറ്റേന്ന് അയാൾ ബാങ്കിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവൾ അടച്ചിട്ട ആ മുറിയുടെ ചുമരുകളിൽ ഒരു പഴുതു തേടി നടന്നു. അയാളുടെ ഓഫിസ് ജോലികളാണ് അവിടെ നടക്കുന്നതെന്ന് അവൾക്കു തോന്നിയില്ല. സ്വന്തം അമ്മയെപ്പോലും അയാൾ ആ മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല....അടിച്ചു വരാതെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഒരു മുറി അവൾ മനസ്സിൽ കണ്ടു.
ചുറ്റി നടന്നു നോക്കുന്നതിനിടയിൽ പിന്നിലെ ഒരു ജനാലയുടെ വിടവ് കടലാസ്സു തിരുകി അടച്ചിരിക്കുന്നത് അവൾ കണ്ടു.  മെല്ലെ ആ കടലാസുകൾ അടർത്തിമാറ്റി അവൾ അകം കാഴ്ചയിലേക്ക് കണ്ണയച്ചു.
വൃത്തിയും ചിട്ടയുമുള്ള ഒരു മുറി. മുറിയുടെ നടുക്കുള്ള മേശയിൽ ഒരു കംപ്യുട്ടർ സ്ഥാനം പിടിച്ചിരിക്കുന്നു അതിനു മുന്നിൽ കുറച്ചകലെയായി വിരിച്ചൊരുക്കിയ ഒരു കട്ടിൽ. കംപ്യുട്ടർ മേശക്കടിയിലെത്തട്ടിൽ സീഡികളുടെ ശേഖരം. മറ്റൊന്നും അവളുടെ കാഴ്ച പരിധിയിൽ തെളിഞ്ഞില്ല.  രാത്രി പന്ത്രണ്ടു മണിക്ക് ശേഷം അവളുറങ്ങി എന്ന ഉറപ്പിലാണ് അയാളുടെ പ്രകടനം എന്ന് ചാറ്റിങ്ങിലൂടെ അവൾ മനസ്സിലാക്കിയതാണല്ലോ.
അതെന്താണെന്ന് ഇന്ന് സ്പെഷ്യൽ ഐറ്റം കാണിച്ചു തരുമ്പോൾ അവളറിയും.
ജനൽ വിടവിലെ കടലാസ്സുമറയിൽ ഒരു കണ്ണിനുള്ള കാഴ്ചയ്ക്കായി മാത്രം പഴുതിട്ട് അവൾ അതടച്ചുവെച്ചു.
പതിവില്ലാത്ത ഒരുത്കണ്ഠ അവളെ ആവേശിച്ചു. രാത്രിയിൽ ചാറ്റിങ്ങിന്റെ പരിധി വിട്ടു തുടങ്ങിയപ്പോഴാണ് അവൾ ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരികിലെത്തിയത്. ഒറ്റക്കണ്ണിലൂടെ അവൾ അകത്തെ വിസ്മയം കണ്ടു.
 കംപ്യുട്ടർ ഓണിലാണ്. ഡസ്ക് ടോപ്പിൽ അതിവികൃതമായ ലൈംഗിക ചേഷ്ഠകളുമായി രണ്ടു നഗ്ന രൂപങ്ങൾ പുളച്ചു മറിയുന്നു. ചാറ്റിങ്ങിനൊടുവിൽ അയാൾ ഫോൺ വീഡിയോ  റെക്കോർഡിങ് മൂഡിൽ വെച്ച് പറയുന്നു.
 ''ചക്കരെ.. നീ സ്കൈപ്പിൽ വരില്ലെന്ന വാശികൊണ്ടല്ലേ...എന്നാലും ഞാനിത് റെക്കോർഡ് ചെയ്ത് നിനക്കയച്ചു തരാം....മോളെ... സുന്ദരി....നീയെന്റെ അരികിലാണിപ്പോൾ ..എനിക്ക് നിന്നെ തൊടാം. നിന്നെ ആലിംഗനം ചെയ്ത് ..നിന്റെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ്  നിന്റെ തുടുത്ത ഉടൽ എന്റെ നഗ്ന ശരീരത്തോട് അമർത്തിപ്പിടിച്ച് ..... നിന്റെ ചുവന്ന ചുണ്ടുകൾ കടിച്ചു പറിച്ച് ...നിന്റെ മുലകൾ ഞെരിച്ചുടച്ച്...നിന്റെ...."

 പറയുന്നതിനനുസരിച്ചു സ്വന്തംവസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്വയം കെട്ടിപ്പിടിച്ച് ചുണ്ടുകൾ അമർത്തിക്കടിച്ച് സിക്സ് പാക്കിന്റെ മുലകൾ ഞെരിച്ച് അയാൾ മുഷ്ടി മൈഥുനം നടത്തുന്നതും  സുഖത്തിന്റെ പരമോച്ചയിൽ കണ്ണുകൾ  അടച്ച് നിർവൃതിയോടെ ശക്തിയായി നിശ്വസിക്കുമ്പോൾ എന്തോ മുന്നിലുള്ള  കംപ്യുട്ടറിലേക്കു തെറിച്ചു വീഴുന്നതും  തുറിച്ച  കണ്ണുകളോടെ അവൾ കണ്ടു.

        കൊട്ടിയടച്ച ചെവികളും ഇരുള് നിറഞ്ഞ കണ്ണുകളുമായി ...അവൾ തിരികെ നടന്നു.
കരഞ്ഞില്ലവൾ. അതിനുമപ്പുറമായിരുന്നു അവളുടെ മാനസികാവസ്ഥ. മുറിയിലെത്തി ആദ്യമായ വൾ ചെയ്തത് ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും  അടുക്കുക യായിരുന്നു.
രാവുറക്കം മറന്ന് അവൾ ഇരുന്ന് നേരം വെളുപ്പിച്ചു.
      ആരോടും അനുവാദം ചോദിക്കാതെ
പുറത്തേക്കു നടക്കുമ്പോൾ അപ്പനും അമ്മയും   അവളെ തടഞ്ഞു.

"എവിടെയാ മോളെ നീ പോകുന്നത് ..?എന്താ കാര്യം..? ഇന്നലെ നിങ്ങൾ വഴക്കിട്ടോ ?"
        അവരുടെ ഉത്കണ്ഠയുടെ നേരെ മുഖമുയർത്തി അവൾ പറഞ്ഞു.
"  മകന് ഒരു ഭാര്യയുടെ ആവശ്യമില്ല . മുകളിലെ പൂട്ടിക്കിടക്കുന്ന മകന്റെ മുറി അല്പ്പം ബലം പ്രയോഗിച്ചെങ്കിലും ഒന്ന് തുറന്നു  നോക്കുക. അപ്പനും അമ്മയ്ക്കും അറിയേണ്ട   ഉത്തരം അവിടെ നിന്നും കിട്ടും." 
     അന്തം വിട്ടു നില് ക്കുന്ന ആ മാതാപിതാക്കളോട് അവൾ ഇത്രയും കൂടി പറഞ്ഞു.
" മകനോട് പറയണം 'സെറാ' എന്ന വിദേശ സുന്ദരി സ്പെഷ്യൽ ഐറ്റം അടക്കം എല്ലാ തെളിവുകളോടും കൂടിയാണ് രക്ഷപ്പെട്ടതെന്ന്  ''

തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ഇറങ്ങി നടന്നു.
                      ***  ***   ***
നാലു ദിവസങ്ങൾക്ക്  ശേഷം ശാലോമിയുടെ പേരിൽ ഒരുരജിസ്റ്റേർഡ് കത്ത് വന്നു. ഫേക്ക് ഐ ഡി യുണ്ടാക്കി ഭർത്താവിനെ വഞ്ചിച്ച ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഫ്രഡി അയച്ച  വക്കീൽ നോട്ടീസ്.