Saturday, July 19, 2008

ജൂലായ്‌ 19

ജൂലായ്‌ 19.

മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .
എന്റെ ചരമവാര്‍ഷിക ദിനം.
മരണം സംഭവിച്ചത്‌ കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ്‌ 19 .സമയം പകല്‍ 11മണിക്ക്‌.
വെറും മരണമല്ല. കൊലപാതകം.
പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക്‌ എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ്‌ മരണത്തിന്റെ പടുകുഴിയിലേയ്ക്ക്‌ എന്നെ ചതിച്ചു വീഴ്ത്തിയതും
എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത്‌ തികച്ചും സാധാരണ മട്ടിലാണ്‌.
എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്‍മുമ്പിലുണ്ട്‌.
ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ, പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.
വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.
സ്വര്‍ണക്കൂട്ടിലിട്ട്‌ പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.
പക്ഷേ , മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു. ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ്‌ അയാള്‍ എത്തിയത്‌.
അയാള്‍ക്ക്‌ അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ വിശ്വസിപ്പിച്ചു.
പക്ഷേ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്‌.
എത്ര വിദഗ്ദ്ധമായ കളി...!
എത്ര മനോഹരമായ ചതി.....!
രക്ഷകവേഷം കെട്ടി തന്മയത്തത്തോടെ അയാളെന്നെ ഇല്ലാതാക്കി.
മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.
ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!
വിധി...!
ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.
മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്‌...
ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്‌...
നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്‌...
ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്‌...
അതെ, എല്ലാം അക്ഷന്തവ്യങ്ങള്‍...
എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.
എന്റെ ജന്മം...ആത്മാവ്‌...ആത്മാവിന്‌ ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്‌...
ഞാന്‍ വെറും ഊഷരഭൂമി...
എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത്‌ ഓശാന പാടി തിമര്‍ക്കുന്നത്‌ ഞാന്‍ കണ്ടു.
എന്നിട്ടും എല്ലാം സഹിച്ച്‌ ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.
പക്ഷേ, അവരെന്നെ കണ്ടില്ല. കണ്ടതായി നടിച്ചില്ല.
എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.
ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.
കഷ്ടം...! മറന്നു. ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.
ആര്‍ക്കും വേണ്ടാത്ത,
ആരും കാണാത്ത,
വെറും ഒരാത്മാവ്‌.
എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!
അതെ...ജുലായ്‌ 19
വാര്‍ഷിക ദിനമാണ്‌...
എന്റെ ചരമവാര്‍ഷിക ദിനം.
***********************************