Saturday, November 13, 2010

രോഗി.

രോഗി.


ഓഫീസില്‍ നിന്നും വൈകുന്നേരം പതിവിലും നേരത്തെ വീട്ടിലെത്തുമ്പോള്‍ ശശാങ്കന്‍ ക്ഷീണിതനായിരുന്നു.പകലത്തെ ജോലിത്തിരക്കിന്റെ സമ്മര്‍ദ്ദം.ഒന്നുറങ്ങിയാല്‍ക്കൊള്ളാമെന്ന തോന്നലില്‍ ഡ്രസ്സ്‌ മാറ്റുക പോലും ചെയ്യാതെ അയാള്‍ സോഫയിലേയ്ക്കു ചാഞ്ഞു.വലതു കൈത്തണ്ടകൊണ്ട്‌ കണ്ണുകള്‍ക്കു മുകളിലെ പകല്‍ വെളിച്ചം മറച്ച്‌ സുഖമായ ആ കിടപ്പില്‍ ഉറക്കം കടന്നു വരാന്‍ ഒട്ടും അമാന്തം കാണിച്ചില്ല.

"അയ്യോ..ശശാങ്കേട്ടാ...എന്താ പറ്റീത്‌....?"
സുജാതയുടെ പരിഭ്രാന്തമായ ശബ്ദം അയാളുടെ ഉറക്കം മുറിച്ചു.കണ്ണിനു മുകളിലെ ഭാരം മാറ്റി അവളെ നോക്കി പുഞ്ചിരിച്ച്‌ അയാള്‍ മൊഴിഞ്ഞു.

"ഒന്നുമില്ലെടൊ...വെറുതെ കിടന്നതാ."

അവളുടെ മുഖം തെളിഞ്ഞില്ല.സാധാരണ ഇങ്ങനെ ക്ഷീണം കാണാറുള്ളതല്ല.ഓഫീസില്‍ എത്ര ജോലിത്തിരക്കുണ്ടായാലും വീട്ടിലെത്തിയാല്‍പ്പിന്നെ ഉല്ലാസവാനാണയാള്‍.പിന്നെന്തെ ഇന്നിങ്ങനെ..?
ചൂടു ചായ പകര്‍ന്നു കൊടുക്കുമ്പോള്‍ സുജാത തിരക്കി.
"വല്ലാതെ ക്ഷീണം തോന്നുന്നുണ്ടോ? ഡോക്ടറെ കണ്ടാലോ...?
ശശാങ്കന്‍ ചിരിച്ചു.പക്ഷെ ഇടയ്ക്കിടെ അവള്‍ ചോദിച്ചു കൊണ്ടിരുന്നു.
"ഓഫീസില്‍ വച്ച്‌ വിഷമം തോന്നിയോ....?തലവേദനയുണ്ടോ...?ദാഹം തോന്നുന്നുണ്ടോ..?"

സഹികെട്ടപ്പോള്‍ അവളുടെ കവിളത്തൊന്നു നുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട്‌ അയാള്‍ പറഞ്ഞു.
"നീയെന്നെ വെറുതെ ഒരു രോഗിയാക്കല്ലെ പെണ്ണേ....."

പക്ഷെ ,സുജാതയുടെ മനസ്സില്‍ അസ്വസ്ഥത പടര്‍ന്നു.പെട്ടെന്നിങ്ങനെ ക്ഷീണം തോന്നാന്‍ കാരണമില്ലാതിരിക്കുമോ? ഈയിടെയായി ശശാങ്കന്റെ ശരീരം അല്‍പം മെലിഞ്ഞിട്ടുണ്ട്‌.രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോയാണു തൂക്കം കുറഞ്ഞത്‌.

അതേപ്പറ്റി പറഞ്ഞപ്പോഴും നിസാരമായ മറുപടി.പത്തു കിലോയെങ്കിലും കുറയ്ക്കാനാ കഷ്ടപ്പെട്ട്‌ വ്യായാമം ചെയ്യുന്നത്‌ എന്ന്.വ്യായാമം ചെയ്യുമ്പോഴുള്ള കഷ്ടപ്പാട്‌ അവളും കാണുന്നുണ്ട്‌.
വിയര്‍ത്തൊഴുകി അവശനേപ്പോലെ...

അത്‌ അവളുടെ തോന്നലാണെന്നാണ്‌ ശശാങ്കന്‍ പറയുക.
ശരീരത്തിലെ മസ്സിലുകള്‍ പെരുപ്പിച്ചു കാട്ടി അയാള്‍ ചോദിക്കും.
" എന്താ... അരക്കൈ നോക്കുന്നോ..?"

എന്നാലും സുജാതയുടെ ശങ്ക തീരില്ല.ശശാങ്കന്റെ മുഖം ഒന്നു വാടുന്നതു പോലുമവള്‍ക്ക്‌ സഹിക്കില്ല.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ തീരുമാനം അറിയിച്ചു.

"നാളെ രാവിലെ പോയി രക്തമൊന്നു പരിശോധിപ്പിക്കണം നാല്‍പ്പത്തിയഞ്ചു കഴിഞ്ഞാല്‍ പിന്നെ ഷുഗറും പ്രഷറുമൊക്കെ വാരാനുള്ള സാദ്ധ്യതയുണ്ടെന്നെ.."

ശശാങ്കന്‍ ഉറപ്പിച്ചു പറഞ്ഞു.
"ഇപ്പോള്‍ അതിന്റെ ആവശ്യമില്ല.എന്റെ ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ല.നീ കിടന്നുറങ്ങ്‌"

അയാളുടെ അലസഭാവം അവളെ നിരാശപ്പെടുത്തി.
അപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കിലും രാവിലെ അവള്‍ പതിവു ചായ ശശാങ്കനു നല്‍കിയില്ല.
അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അറിയിച്ചു.

"ഫാസ്റ്റിങ്ങില്‍ വേണം രക്തം പരിശോധിപ്പിക്കാന്‍.ശശാങ്കേട്ടന്‍ കുറച്ചു നേരത്തെ പോ.ലാബില്‍ കയറി രക്തം കൊടുത്തിട്ട്‌ ഓഫീസില്‍ പോയാല്‍ മതി.ലാബിനു താഴെയുള്ള റസ്റ്റോറന്റില്‍ നിന്നും ഇന്നത്തെ ബ്രേക്‌ഫാസ്റ്റ്‌ ആകാം."

അവളുടെ വാക്കുകള്‍ നിരസിക്കാന്‍ അയാള്‍ക്കു തോന്നിയില്ല.സ്നേഹപൂര്‍വമുള്ള അപേക്ഷയാണ്‌.
ഒന്നു ടെസ്റ്റ്‌ ചെയ്യുന്നതു കൊണ്ട്‌ കുഴപ്പമൊന്നും ഇല്ലല്ലൊ.

ലാബില്‍ എല്ലാ ടെസ്റ്റിനുമുള്ള രക്തം നല്‍കി റിസള്‍ട്ട്‌ വാങ്ങാന്‍ പിന്നെ വരാം എന്നു പറഞ്ഞാണയാള്‍ ഓഫീസിലേയ്ക്കു പോയത്‌.പക്ഷേ വൈകുന്നേരം മടങ്ങി വരുമ്പോള്‍ അയാള്‍ അക്കാര്യം മറന്നു.

കാത്തു നിന്ന സുജാത ശശാങ്കനെ കുറ്റപ്പെടുത്തി.എന്തായാലും നാളെ റിസള്‍ട്ട്‌ വാങ്ങി ഡോക്ടറേയും കണ്ടിട്ടുവന്നാല്‍ മതി എന്ന് അവള്‍ നിര്‍ബന്ധിച്ചു പറഞ്ഞു.കുറേനാളായി സൂചിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം കൂടി ഡോക്ടറെ കാണുന്നതിന്റെ ആവശ്യപ്പട്ടികയില്‍ അവള്‍ എഴുതിച്ചേര്‍ത്തു.ഈ മറവി..!
'തന്മാത്ര' സിനിമ കണ്ടതിനു ശേഷമാണ്‌ അക്കാര്യത്തില്‍ അവളുടെ ശങ്ക വര്‍ദ്ധിച്ചത്‌.
അവള്‍ പറഞ്ഞ സാധനം വാങ്ങാന്‍ മറന്നു എന്നു പറഞ്ഞാല്‍,,,,ഏതെങ്കിലും വസ്തുക്കള്‍ എവിടെയാണു വച്ചിരിക്കുന്നതെന്നന്വേഷിച്ചാല്‍...അപ്പോള്‍ തുടങ്ങും ഈശ്വരനോടുള്ള അവളുടെ ആവലാതി.

"ഈശ്വരാ...എന്തേ ശശാങ്കേട്ടനു പറ്റീത്‌...?എങ്ങനെ മറവിയായാല്‍ പിന്നെ എന്താ..ചെയ്യുക..?"

ഡോക്ടറെ കാണാന്‍ പലപ്രാവശ്യം അവള്‍ സൂചിപ്പിച്ചതും നിര്‍ബ്ബന്ധിച്ചതുമാണ്‌.
പക്ഷെ ഇത്തരത്തിലുള്ള അവളുടെ ശങ്കയും വെപ്രാളവും അയാള്‍ ചിരിച്ചു കൊണ്ട്‌ തള്ളുകയേയുള്ളു.

ഇന്നും ഇന്നലെയുമല്ല അവളെ അയാള്‍ അറിയാന്‍ തുടങ്ങിയിട്ട്‌.രണ്ടു വ്യാഴവട്ടം കഴിഞ്ഞു.
ഒരു നിസാര പ്രശ്നം കിട്ടിയാല്‍ മതി അതു പെരുപ്പിച്ചു പര്‍വതമാക്കാന്‍ മിടുമിടുക്കിയാണവള്‍.
മക്കളുടെ കാര്യം ആയാലും ഭര്‍ത്താവിന്റെ കാര്യമായാലും എന്തിന്‌ സ്വന്തം കാര്യം ആയാലും അതിനു മാറ്റമില്ല. കറിക്കരിയുമ്പോള്‍ അവളുടെ കൈവിരലൊന്നു പോറിയാല്‍ മതി ,
"ടി ടി ഇഞ്ചക്‌ഷന്‍ എടുക്കേണ്ടേ ശശാങ്കേട്ടാ...ഇല്ലേല്‍ സെപ്റ്റിക്‌ ആകും"
എന്നാകും പറച്ചില്‍.

മക്കള്‍ പതിവിനു വിപരീതമായി ഒന്നു തുമ്മിയാല്‍...ഉണരാന്‍ അല്‍പം വൈകിയാല്‍...
ഉറങ്ങാന്‍ കൂട്ടാക്കാതെ കളിച്ചു നടന്നാല്‍പ്പോലും സുജാതയുടെ നെഞ്ചിടിപ്പു കൂടും.
എന്തോ കാര്യമായ അസുഖം ഉണ്ടെന്നാണവള്‍ പറയുക.

കല്ല്യാണം കഴിഞ്ഞു മൂന്നു നാലു മാസത്തിനകം തലചുറ്റലും ശര്‍ദ്ദിലും വന്ന് സുജാത കരഞ്ഞു വിളിച്ചത്‌ ഇന്നും ശശാങ്കന്റെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ഓര്‍മ്മയാണ്‌.

"എന്നെ ആസ്പത്രിയില്‍ കൊണ്ടുപോ ശശാങ്കേട്ടാ...ഞാന്‍ മരിച്ചു പോകും"
എന്നു പറഞ്ഞായിരുന്നു അവളുടെ നിലവിളി...

ആസ്പത്രിയില്‍ വച്ച്‌ ഡോക്ടര്‍ കളിയാക്കിയപ്പോഴാണ്‌ അവള്‍ക്ക്‌ അബദ്ധം മനസ്സിലായത്‌.
ലജ്ജയില്‍ മൂടിയ ആ മുഖം ഇപ്പോഴും ശശാങ്കന്റെ മനസ്സിലുണ്ട്‌.

ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടിയാണ്‌ അവളുടെ ജീവിതം...അവര്‍ക്ക്‌ നല്ല ഭക്ഷണം ഉണ്ടാക്കി ക്കൊടുക്കാനും.. വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടു കൊടുക്കാനും.. ..കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധിക്കാനുമെല്ലാം സമര്‍ഥയായ ഒരു നല്ല കുടുംബിനി.സുജാത എന്ന പേര്‌ അവള്‍ക്ക്‌ ജനിക്കും മുന്‍പേ ഈശ്വരന്‍ കണ്ടു വച്ചിരുന്നതാണെന്നു ശശാങ്കനു തോന്നാറുണ്ട്‌.

എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന ഭാര്യയെ അയാള്‍ ജീവനേക്കാള്‍ സ്നേഹിച്ചു.
അതുകൊണ്ടു തന്നെ കര്‍ശനമായ ഒരു തീരുമാനവും അവള്‍ക്കെതിരെ അയാള്‍ ഇന്നോളം കൈക്കൊണ്ടിട്ടില്ല.
അവളുടെ ആഗ്രഹങ്ങളും ശാഠ്യങ്ങളും പലതും കണ്ടെന്നും കണ്ടില്ലെന്നും നടിച്ച്‌ കേട്ടെന്നും കേട്ടില്ലെന്നും നടിച്ച്‌ സൗഹാര്‍ദ്ദപൂര്‍വം ജീവിച്ചു.തിരിച്ചറിവായപ്പോള്‍ മക്കളും അയാളുടെ വഴി സ്വീകരിച്ചു.തികച്ചും സ്വസ്ഥവും സമാധാനവുമുള്ള ജീവിതം.സുജാതയെ ഭാര്യയായി കിട്ടിയതാണ്‌തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നു ശശാങ്കന്‌ ഉറപ്പുണ്ടായിരുന്നു.

"ശശാങ്കേട്ടാ...ഇന്നു മറക്കാതെ ടെസ്റ്റ്‌ റിസള്‍ട്ട്‌ വാങ്ങണേ..."

ഓഫീസിലേയ്ക്ക്‌ ഇറങ്ങുമ്പോള്‍ മാത്രമല്ല ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ഫോണ്‍ ചെയ്തും അവള്‍ ഓര്‍മ്മിപ്പിച്ചു.

ലാബില്‍ നിന്നും റിസള്‍ട്ടു വാങ്ങിയപ്പോള്‍ പരിചയക്കാരനായ ടെക്‌നീഷന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഒരു പ്രശ്നവും ഇല്ല സാര്‍,എല്ലാം നോര്‍മ്മല്‍ .ഒരല്‍പം ഷുഗര്‍ കാണുന്നുണ്ട്‌.അതിമധുരം ഒഴിവാക്കിയാല്‍ മാത്രം മതി".

ശശാങ്കന്റെ മനസ്സില്‍ തണുപ്പു വീണു. സുജാതയുടെ ശങ്ക അല്‍പം തന്നിലേയ്ക്കു പകര്‍ന്നുവോ എന്ന്
അയാള്‍ക്കു തോന്നിയിരുന്നു. അതു മറ്റാനായി കൂടിയാണ്‌ സുജാതയുടെ നിര്‍ബ്ബന്ധം എന്ന നിലയില്‍ അയാള്‍ രക്തം പരിശോധിപ്പിച്ചത്‌.
തന്റെ ആരോഗ്യത്തിനു യാതൊരു തകരാറും ഇല്ലെന്ന് ശശാങ്കന്‌ അറിയാം .കുന്നുകള്‍ ഓടിക്കയറിയാല്‍ കിതയ്ക്കുന്നത്‌ ഒരു രോഗമാണോ? ജോലി ചെയ്തു തളരുമ്പോള്‍ ശരീരം അല്‍പം വിശ്രമം ആവശ്യപ്പെടുന്നത്‌ രോഗമാണോ?
ഇടയ്ക്കൊരു ജലദോഷം...ചെറിയ ഒരു പനി...കൊച്ചു തലവേദന...ഒരു പുളിച്ചു തികട്ടല്‍...
ഇതൊക്കെ സാധാരണം...മരുന്നു പോലും വേണ്ടാത്ത രോഗങ്ങള്‍...
ഇതെങ്കിലും ഇല്ലെങ്കില്‍ ആരോഗ്യത്തിന്റെ സംതൃപ്തി കിട്ടില്ലല്ലൊ.
പക്ഷെ സുജാതയുടെ മുന്നില്‍ ഈ ന്യായവാദങ്ങള്‍ വെറുതെയായി.
കേട്ടതേ ടെക്‌നീഷനെ ചീത്തപറയുകയാണവള്‍ ചെയ്തത്‌.

"ഓനെപ്പഴാ...ഡോക്ടറായത്‌...?!ഓന്റെ വാക്കു കേട്ടിട്ട്‌ ശശാങ്കേട്ടന്‍ ഡോക്ടറെ കാണാതിരിക്കരുത്‌.നാളെത്തന്നെ ഡോക്ടറെ കാണണം".

അവളുടെ സ്വരത്തിലെ ഉത്‌കണ്ഠ അയാളെ രസിപ്പിച്ചു.
"എന്താവശ്യത്തിനാടോ...?ടെക്‌നീഷനെ വിട്‌.നമുക്കു നോക്കിയാലും മനസ്സിലാക്കാവുന്ന റിസള്‍ട്ട്‌ അല്ലേ ഇത്‌...?"
അവള്‍ സമ്മതിച്ചില്ല.
"ഇത്‌ ഒന്നോ രണ്ടോ കാര്യങ്ങള്‍ അല്ലല്ലൊ.ചിലത്‌ നില്‍(nil) ആണ്‌.ചിലത്‌ 20000 എന്നൊക്കെ എഴുതിയിരിക്കുന്നതു കണ്ടോ...അതൊക്കെ വേണ്ടതാണോ അത്രയും എണ്ണം മതിയോ എന്നൊക്കെ ഡോക്ടര്‍ക്കല്ലേ അറിയു...പിന്നെ ഷുഗര്‍...60-110 എന്നതില്‍ ശശാങ്കേട്ടന്‌ 114 ആണ് . അത് കൂടുതല്‍ തന്നല്ലേ...അതുകൊണ്ട്‌ ഒഴികഴിവൊന്നും വേണ്ട...നാളെ ഡോക്ടറെ കാണണം...ഞാനും വരാം "

ശശാങ്കന്‍ മറുപടി പറഞ്ഞില്ല.ഇനി ഡോക്ടര്‍ക്കു ഒരു തുക നേര്‍ച്ചയിട്ടാലേ സുജാതയ്ക്കു തൃപ്തിയാകു...
പോട്ടെ...അവളുടെ താല്‍പ്പര്യമല്ലേ... ഡോക്ടറുടെ വാക്കു കേട്ടാലേ വിശ്വാസമാകുകയുള്ളു എങ്കില്‍ അങ്ങനെ തന്നെ ആകാം...

പിറ്റേന്ന് ഓഫീസു വിട്ടു വരുമ്പോള്‍ ടൗണിലെ ബേയ്ക്കറിക്കു മുന്നില്‍ സുജാത കാത്തു നിന്നിരുന്നു.
പ്രശസ്തനായ ഡോക്ടറുടെ ക്യാബിനു വെളിയില്‍ ഊഴവും കാത്തിരിക്കുമ്പോള്‍ ശശാങ്കന്‍ പറഞ്ഞു...

"വെറുതെ സമയം കളയുകയാ സുജു...നമുക്കു വീട്ടിലേയ്ക്കു പോകാം."
സുജാത സമ്മതിച്ചില്ല.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവരുടെ ഊഴമായി. ഡോക്ടറുടെ മുന്നിലിരിക്കുമ്പോള്‍ ശശാങ്കന്‌ ജാളൃത തോന്നി. എന്ത്‌ ആരോഗ്യപ്രശ്നങ്ങളാണ്‌ ഡോക്ടറോടു പറയാനുള്ളത്‌..?
അവള്‍ അതിനു പരിഹാരം കണ്ടു. ഡോക്ടര്‍ ചോദിക്കും മുന്‍പ്‌ അവള്‍ വാചാലയായി.

"ശശാങ്കേട്ടനു കുറച്ചു ദിവസമായി ഭയങ്കര ക്ഷീണമാണ്‌ ഡോക്ടര്‍..എപ്പോഴും ഉറക്കം തൂങ്ങുന്നു...
രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോ തൂക്കമാണ്‌ കുറഞ്ഞത്‌...ഭക്ഷണവും വേണ്ടത്ര കഴിക്കുന്നില്ല...."

ഡോക്ടര്‍ സൗമ്യമായി സുജാതയെ തടഞ്ഞു.
"ഇദ്ദേഹം പറയട്ടെ."
ശശാങ്കനെ നോക്കി ഡോക്ടര്‍ ചോദിച്ചു.
"ഇപ്പറഞ്ഞതാണോ പ്രശ്നം..?"
ശശാങ്കന്‍ ചിരിച്ചു.
"എനിക്കൊരു പ്രശ്നവും ഇല്ല ഡോക്ടര്‍..പക്ഷേ.."
സുജാത ഇടയില്‍ കടന്നു.
"ഇതാ ഡോക്ടര്‍ ഞാന്‍ തന്നെ പറഞ്ഞത്‌..ഈ ശശാങ്കേട്ടന്‍ ഒന്നുമില്ലെന്നേ എപ്പഴും പറയൂ..."

ഡോക്ടറുടെ ചുണ്ടില്‍ ചിരിയൂറി.
"ശരി. ഞാനൊന്നു നോക്കട്ടെ.."

ഡോക്ടര്‍ ശശാങ്കന്റെ നെഞ്ചിലും പുറത്തും സ്റ്റെതസ്കോപ്‌ വച്ച്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ചു.ശ്വാസം വലിച്ചു വിടാന്‍ ഇടയ്ക്കു നിര്‍ദ്ദേശിച്ചു. പള്‍സ്‌ റേറ്റ്‌ കണക്കാക്കി.കണ്‍പോളകള്‍ വിടര്‍ത്തി നോക്കി. ചെറിയ ടോര്‍ച്ച്‌ തെളിച്ച്‌ മൂക്കിനുള്ളില്‍ നോക്കി.പ്രഷര്‍ അളന്നു.പരിശോധനാമുറിയുടെ അരികില്‍ കര്‍ട്ടനപ്പുറമുള്ള കട്ടിലില്‍ കിടത്തി പൊക്കിളിനിരുവശത്തും ഞെക്കി നോക്കി.ചെറിയ ചുറ്റിക കൊണ്ട്‌ മെല്ലെ തട്ടി,കാല്‍ മുട്ടുകള്‍ മടക്കി നിവര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.

പരിശോധന കഴിഞ്ഞ്‌ തിരിച്ചു വന്ന് ഡോക്ടര്‍ അവളോടു ചോദിച്ചു...
"കിടക്കറയില്‍ ആളെങ്ങനെ..?"

ഉത്‌കണ്ഠയോടെയിരുന്ന അവളുടെ കവിളിണയില്‍ പെട്ടെന്നു ചുവപ്പു രാശി പടര്‍ന്നു.
ഭാവം വീണ്ടെടുത്ത്‌ അവള്‍ ശശാങ്കനെ തോണ്ടി.അയാള്‍ തിരിഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്നും അവള്‍ തന്നെ ടെസ്റ്റ്‌ റിസല്‍ട്ട്‌ എടുത്ത്‌ ഡോക്ടര്‍ക്കു നീട്ടി.

"എന്താണിത്‌?"
ഡോക്ടര്‍ ആകാംക്ഷയോടെ നോക്കി
"ആരാണ്‌ ടെസ്റ്റിനു റഫര്‍ ചെയ്തത്‌...?"
അയാള്‍ ശശാങ്കനോടു തിരക്കി.

'ഡോക്ടര്‍ സുജാത 'എന്നൊരു തമാശ പറയാന്‍ ശശാങ്കനു തോന്നി.
റിസള്‍ട്ടിലൂടെ കണ്ണോടിച്ച്‌ ഡോക്ടര്‍ സുജാതയെ നോക്കി ചിരിച്ചു.

"നോ പ്രോബ്ലം...ഹി ഈസ്‌ ഓള്‍ റൈറ്റ്‌.പിന്നെ...ആവശ്യമില്ലാത്ത ടെസ്റ്റുകളും സ്വയംചികിത്സയും...!വിദ്യാഭ്യാസമുള്ളവരും ഇതു തുടരുന്നതു കാണുമ്പോഴാ...
ഇതൊക്കെ ഒഴിവാക്കാവുന്നതല്ലേ ശശാങ്കന്‍...!?"

വീട്ടിലെത്തിയതേ സുജാത ഇടഞ്ഞു.
"അയാള്‌ തീരെ ശരിയല്ല ശശാങ്കേട്ട...വഷളന്‍..!നമുക്കു മറ്റൊരു ഡോക്ടറെ കാണാം ."

ശശാങ്കനത്‌ കേട്ടതായി ഭാവിച്ചില്ല.ഒന്നു രണ്ടു ദിവസം അവളുടെ ചിന്തയില്‍ അതു പുകഞ്ഞു കിടന്നു.
മറവിയുടെകാര്യം പറഞ്ഞില്ലെന്ന ഓര്‍മ്മ വന്നപ്പോഴാണ്‌ അവളുടെ ചിന്ത മാറിയത്‌.

"ശശാങ്കേട്ട ...ഡോക്ടറോട്‌ ഒരു കാര്യം പറയാന്‍ മറന്നു..."
ശശാങ്കന്‍ ചിരിച്ചതേ ഉള്ളു. പിന്നെ പറഞ്ഞു.

"ആ രോഗം ശരിക്കും നിനക്കു തന്നെയാ.അതുകൊണ്ട്‌ സുജു നീ തന്നെ മരുന്നു വാങ്ങ്‌..."

അയാളത്‌ തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവളതു കാര്യമായെടുത്തു.പിറ്റേന്നു തന്നെ അവള്‍ തനിയെ പോയി മറ്റൊരു ഡോക്ടറെ കണ്ടു.അവള്‍ക്ക്‌ അയാളെ നന്നായി ഇഷ്ടപ്പെട്ടു. മറവി രോഗത്തിന്‌ അയാള്‍ നിര്‍ദ്ദേശിച്ച ചികിത്സ ബ്രഹ്മി അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ കഴിക്കു ക എന്നതായിരുന്നു. പിറ്റേന്നു മുതല്‍ രാവിലത്തെ ചായക്കു പകരം അയാള്‍ക്കും കിട്ടി ബ്രഹ്മിപ്പാല്‍.

അവളുടെ പുതിയ ഭക്ഷണ ക്രമങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നു എങ്കിലും അയാള്‍ വെറുപ്പൊന്നും കാണിച്ചില്ല. എന്നാല്‍ പതിവില്ലാതെ വായനയിലും പഠിപ്പിലും സുജാത കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അയാള്‍ ശ്രദ്ധിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍...രോഗവും ചികിത്സയും...പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...പ്രമേഹ രോഗികളുടേ ഭക്ഷണക്രമം..തുടങ്ങിയ പുസ്തകങ്ങളും ബുക്‌ലെറ്റുകളും.

"ഇതെന്തിനാ നീ വായിച്ചു പഠിക്കുന്നത്‌..?"
അയാള്‍ക്ക്‌ ആകാംക്ഷ അടക്കാനായില്ല.

"ഇതില്‍ ഒരുപാട്‌ കാര്യങ്ങള്‍ നമുക്ക്‌ ആവശ്യമുള്ളതുണ്ട്‌ ശശാങ്കേട്ടാ...നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങള്‍ വരാതെ പ്രതിരോധിക്കാനും നമ്മള്‍ പഠിച്ചിരിക്കണം."

"നീയെന്താ ഗവേഷണം നടത്താന്‍ പോകുവാണോ...?"
അയാള്‍ അവളെ കളിയാക്കി. അവള്‍ക്കത്‌ ഇഷ്ടപ്പെട്ടില്ല.

"കളിയാക്കേണ്ട...ശശാങ്കേട്ടന്റേയും മക്കളുടെയും കാര്യത്തില്‍ ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും,"

പറയുക മാത്രമല്ല അടുത്ത ദിവസം മുതല്‍ അവളത്‌ നടപ്പില്‍ വരുത്തുകയും ചെയ്തു.
പക്ഷെ,കുട്ടികളുടെ അടുത്ത്‌ അവളുടെ ശാഠ്യം ഒട്ടും വിജയിച്ചില്ല.അതിനും കൂടി ശശാങ്കന്റെ ഡയറ്റില്‍
അവള്‍ കൃത്യത പാലിച്ചു.തൃപ്തിയോടെയല്ലെങ്കിലും അയാള്‍ കുറച്ചൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു.

'ഈ സ്വയം ചികിത്സ ശരിയല്ല സുജു...'എന്ന് അയാള്‍ വിലക്കിയതാണ്‌.
'അതില്‍ കുഴപ്പമില്ല. ആര്‍ക്കും സ്വീകരിക്കാവുന്ന ഭക്ഷണക്രമമാണിത്‌'
എന്നായിരുന്നു അവളുടെ പ്രതികരണം
ഇടയ്ക്കിടെ ചൂടു ചായ കുടിക്കുക അയാളുടെ ശീലം ആയിരുന്നു.അതിന്റെ എണ്ണം കുറച്ചു രണ്ടു നേരം ആക്കി.ഓഫീസില്‍ നിന്നും കുടിക്കരുതെന്നവള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.

പഞ്ചസാര ഇല്ലാത്ത ചായ...നിഷേധിക്കപ്പെട്ട മധുര പലഹാരങ്ങള്‍...അളവു കുറച്ച്‌ അരിഭക്ഷണം ..സ്ഥാനത്തും അസ്ഥാനത്തുമുള്ള നിയന്ത്രണങ്ങള്‍...

"നീ എന്തിനുള്ള പുറപ്പാടാ ഇത്‌.. ?പച്ചപ്പുല്ലും കൊത്തിമുറിച്ച്‌ പുഴുങ്ങിയ കുമ്പളങ്ങയുമൊക്കെത്തിന്നാന്‍ ഞാനെന്താ മൃഗമാണോ?"

അയാള്‍ക്കു ദേഷ്യം തോന്നിത്തുടങ്ങി.
"നമ്മള്‍ ശ്രദ്ധിക്കേണ്ടതു ശ്രദ്ധിച്ചാല്‍ കുഴപ്പമൊന്നും ഇല്ലല്ലോ.."
അവള്‍ക്ക്‌ ന്യായീകരണം ഉണ്ടായിരുന്നു.

കഷ്ടകാലത്തിനു ഓഫീസില്‍ ഒരു നല്ല പാര്‍ട്ടി നടന്നതിനു തൊട്ടു പിന്നാലെ രക്തം പരിശോധിച്ചപ്പോള്‍ 114 എന്നത്‌ 124 എന്ന് കാണുകയും ചെയ്തു.
അതോടെ അവളുടെ കരച്ചിലും പിഴിച്ചിലും കൂടുതലായി. വീട്ടില്‍ മര്യാദക്കാരനാണെങ്കിലും പുറത്തിറങ്ങിയാല്‍ വാരി വലിച്ചു തിന്നുന്നു എന്നു പറഞ്ഞവള്‍ ശകാരിച്ചു.

വേണമെങ്കില്‍ അയാള്‍ക്കത്‌ ആകാമായിരുന്നു..പലപ്പോഴും വിശന്നു തളര്‍ന്നിട്ടും അയാള്‍
പുറം ഭക്ഷണത്തില്‍ തല്‍പ്പരനായില്ല.സുജാതയുടെ സ്നേഹ പരിചരണങ്ങള്‍ അവളുടെ അസാന്നിദ്ധ്യത്തിലും ഒരു രക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞിട്ടുണ്ട്‌ എന്നയാള്‍ വിശ്വസിച്ചു.അതുകൊണ്ട്‌ തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലൊഴികെ അയാള്‍ അവളോട്‌ നീതി പുലര്‍ത്തിയിരുന്നു.

പക്ഷേ,ചിലപ്പോഴെല്ലാം അവളുടെ നിയന്ത്രണത്തിന്റെ ആഴം അസഹ്യമായിത്തീര്‍ന്നപ്പോള്‍
താനൊരു രോഗിയാണെന്ന തോന്നല്‍ അയാളില്‍ വേരൂന്നിത്തുടങ്ങി.
മരുമകന്റെ വിവാഹ സല്‍ക്കാരത്തിന്റെ ദിവസമാണ്‌ അത്‌ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്‌.
വധൂഗൃഹത്തില്‍ നിന്നും എത്തിയ വിരുന്നുകാരോടൊപ്പം ഭക്ഷണം കഴിഞ്ഞ്‌ ഐസ്ക്രീം കഴിക്കാന്‍ എടുത്തതാണയാള്‍..
"വേണ്ട ശശാങ്കേട്ടാ...അതു കഴിച്ചു കൂടല്ലോ."
അവള്‍ സ്നേഹപൂര്‍വം ഐസ്ക്രീം അയാളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.
"ഓ...പ്രമേഹമുണ്ടല്ലേ...എങ്കില്‍ ശ്രദ്ധിക്കണം..."

വധുവിന്റെ കാരണവര്‍ അതുകൊണ്ടും നിര്‍ത്തിയില്ല.രോഗം വര്‍ദ്ധിച്ച്‌ ഇരു കാലുകളും മുറിച്ചു മാറ്റിയ
വലിയച്ഛന്റെ ദുരന്ത കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച്‌ വിശദീകരിച്ചു.

കേട്ടു നിന്ന സുജാതയുടെ മുഖം കാര്‍മേഘംകൊണ്ടു മൂടി.മിഴികള്‍ പെയ്തു തുടങ്ങുകയും ചെയ്തു.
ശശാങ്കന്‍ ഒന്നും മിണ്ടിയില്ല.വെള്ളക്കടലാസ്സില്‍ കരിമഷി തട്ടി മറിഞ്ഞതു പോലെ ഒരു പാട ഹൃദയത്തില്‍ പടര്‍ന്നത്‌ അയാള്‍ അറിഞ്ഞു.തുടച്ചു നീക്കാനുള്ള ഓരോ ശ്രമവും മനസ്സില്‍ വികൃത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു.അതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാന്‍ അയാള്‍ക്ക്‌ ആയതുമില്ല.

"സുജാതേ,ശശാങ്കനു രോഗമുണ്ടെന്നത്‌ നിന്റെ വെറും തോന്നലാണ്‌.എല്ലാ മനുഷ്യരിലും ഇങ്ങനെ ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകും.പിന്നെ, ഇത്ര കടുത്ത നിയന്ത്രണവും ആള്‍ക്കാരുടെ മുന്നില്‍ വച്ചുള്ള അവഹേളനവും വിപരീത ഫലങ്ങളേ ഉണ്ടാക്കൂ.."
അവളുടെ മൂത്ത സഹോദരി അവളെ കണക്കറ്റു ശകാരിച്ചു. ചെയ്തതു തെറ്റായിപ്പോയി എന്ന തോന്നല്‍ അവളില്‍ ഉണ്ടായി.എങ്കിലും ന്യായീകരണത്തിനാണവള്‍ ശ്രമിച്ചത്‌.

"ശശാങ്കേട്ടന്റെ ആരോഗ്യം നോക്കേണ്ടത്‌ എന്റെ കടമയല്ലേ നന്ദിനിയേച്ചി...?"

"ശരിതന്നെ സുജു...പക്ഷേ നിന്റെ സമീപനം തികച്ചും തെറ്റായിപ്പോയി.ഇനി എങ്കിലും നിന്റെ അബദ്ധ ധാരണകള്‍ തിരുത്ത്‌. അഥവ രോഗമുണ്ടെങ്കില്‍ തന്നെ അത്‌ സ്വയം നിയന്ത്രിക്കാനുള്ള ആത്മധൈര്യമാണ്‌നീ അയാള്‍ക്കു കൊടുക്കേണ്ടത്‌."

സുജാത തെറ്റു തിരുത്താന്‍ തന്നെ തീരുമാനിച്ചു.ശശാങ്കന്റെ ദിനചര്യകളില്‍ അവള്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കി.അയാള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങള്‍ വച്ചു വിളമ്പാന്‍ അവള്‍ തിടുക്കം കൂട്ടി.

പക്ഷേ, സ്നേഹപൂര്‍വം അതെല്ലാം നിഷേധിച്ചു കൊണ്ട്‌ അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു.

"ഞാനൊരു പ്രമേഹ രോഗിയല്ലേ,എനിക്കിതൊന്നും കഴിക്കാന്‍ പാടില്ല സുജു.."
അവള്‍ വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകത്തിലെ കാര്യങ്ങള്‍ അയാള്‍ അവള്‍ക്ക്‌ വീണ്ടും ബോധ്യപ്പെടുത്തി.

'മണ്ണിനടിയില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സ്റ്റാര്‍ച്ച്‌ കൂടുതല്‍ ഉണ്ടാകും .അരിയാഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.വറുത്തതും പൊരിച്ചതുമൊക്കെ ഉപേക്ഷിച്ചേ മതിയാകൂ.
മധുര പലഹാരങ്ങളേപ്പറ്റി ചിന്തിക്കുകയേ വേണ്ട...'

"ഇതൊക്കെ ശ്രദ്ധിച്ചാലല്ലേ സുജൂ നമുക്ക്‌ വളരെക്കാലം ജീവിച്ചിരിക്കാന്‍ കഴിയൂ."

അയാളുടെ ഒരോ വാക്കും അവളുടെ മനസ്സില്‍ തറച്ച മുള്ളുകളായിരുന്നു.
ഒരിക്കല്‍ പുഡ്ഡിംഗ്‌ കഴിക്കുന്നതില്‍ നിന്നും അവള്‍ അയാളെ വിലക്കിയപ്പോള്‍
'ഒന്നും തിന്നാതെ നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത്‌ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്‌
രണ്ടു ദിവസം കഴിയുന്നതാ"എന്നായിരുന്നു അയാള്‍ പറഞ്ഞത്‌.

എന്നിട്ടും അവള്‍ക്കു വേണ്ടി അയാള്‍ എല്ലാ നിയന്ത്രണങ്ങളും പാലിച്ചിരുന്നു.
ഇല്ലാത്ത രോഗ കാരണം പറഞ്ഞ്‌ ഓഫീസിലെ പാര്‍ട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറിയപ്പോള്‍
സഹപ്രവര്‍ത്തകരുടെ നിശിതമായ കമന്റ്‌ അയാള്‍ കേട്ടിട്ടുള്ളതാണ്‌

"അയാള്‍ക്ക്‌ ഷുഗറല്ല രോഗം.ബി.പി.യാ"
ബി.പി. എന്നതിന്‌ അവരുടെ വ്യാഖ്യാനം ഭാര്യയെ പേടി എന്നായിരുന്നു.
പക്ഷേ,ഇപ്പോള്‍ അയാള്‍ക്ക്‌ ആ രോഗമില്ല. ഭാര്യയുടെ സാമീപ്യവും സാന്ത്വനവും സൗമ്യമായി നിഷേധിച്ചു കൊണ്ട്‌ ശശാങ്കന്‍ കാരണം പറഞ്ഞത്‌'ഈ മധുര വാക്കുകള്‍ എന്റെ രോഗം വര്‍ദ്ധിപ്പിക്കും' എന്നാണ്‌.
അവളുടെ കണ്ണീരും യാചനയും ഒന്നും ശശാങ്കന്റെ മനസ്സില്‍ പടര്‍ന്ന കരിമഷി തുടച്ചു മാറ്റാന്‍ പര്യാപ്തമായില്ല. കൂടെക്കൂടെ രക്തം പരിശോധിപ്പിക്കുകയും സ്വയം ചികില്‍സ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ വഴി.

രോഗം കൂടി എന്നു തോന്നിയാല്‍ അയാള്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കും.
നോര്‍മ്മലായി എന്നു കണ്ടാല്‍ ഇഷ്ടം പോലെ കഴിക്കും.

ഈ താളം തെറ്റാന്‍ ഏറെ നാളു വേണ്ടി വന്നില്ല.
കാണക്കാണെ അയാളുടെ ആരോഗ്യം ക്ഷയിച്ചു.
ശരീരം ശോഷിച്ചു.
സൗന്ദര്യം മങ്ങി.

ഒരു ദിവസം ഓഫീസില്‍ കുഴഞ്ഞു വീണ ശശാങ്കനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ഡോക്ടറുടെ അരികില്‍ എത്തിച്ചു.ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ പൂര്‍ണ്ണ ആരോഗ്യവാനായി തന്റെ അരികിലെത്തിയ ആളാണിതെന്നു വിശ്വസിക്കാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞില്ല.

പ്രമേഹം മൂര്‍ച്ഛിച്ചതാണെന്ന് സഹപ്രവര്‍ത്തകര്‍ കരുതി.
പക്ഷേ സ്ഥിരീകരിച്ച മരണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ എഴുതിയ മരണ കാരണം
ഹൃദയാഘാതം എന്നായിരുന്നു.
******************

Monday, October 18, 2010

ശിക്ഷാ വിധി

ശിക്ഷാ വിധി


സെന്‍ട്രല്‍ ജയിലിന്റെ കവാടം കടന്നു മെയിന്‍ റോഡിലെത്തിയപ്പോള്‍ ഗൌതമന്റെ മനസ്സ് ആഹ്ലാദാതിരേകത്താല്‍ തുടിച്ചു തുള്ളി.
സ്വതന്ത്രന്‍ ...!താനിന്നു സ്വതന്ത്രനാണ് ..
നീണ്ട പതിനാലു വര്ഷം ...ഒരു കൊലപാതകത്തിനുള്ള ശിക്ഷ.
അത് വളരെ നിസ്സാരമായേ തോന്നിയുള്ളൂ. ചെയ്തു കൂട്ടിയ പാപകര്‍മ്മങ്ങള്‍ എണ്ണം അറ്റതാണ് .
അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം തികച്ചും അപര്യാപ്തം.
ഈ ശിക്ഷയും ഒഴിവാക്കാവുന്നതായിരുന്നു .കരാര്‍ പ്രകാരമുള്ള തുക കൈപ്പറ്റി സുരക്ഷിതനായി രക്ഷപ്പെടാന്‍ റയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതാണ്.
നേരെ മഹാനഗരത്തിലേയ്ക്ക് ...തല്ലിനും കൊല്ലിനും സര്‍വ്വ സ്വാതന്ത്ര്യമുള്ള തന്റെ തട്ടകത്തിലേയ്ക്ക് .
പക്ഷെ...,
മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഊറിക്കൂടിയ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ആയിരുന്നുവോ..?
ചോരക്കറ പുരണ്ട മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിയാന്‍ നിരന്തരം ഉള്ളിലിരുന്നു മന്ത്രിച്ച ഏതോ അദൃശ്യ ശക്തിയുടെ പിന്‍ വിളി ആയിരുന്നുവോ..?
നിശ്ചയമില്ല
വെട്ടേറ്റു മുറിഞ്ഞ കഴുത്തില്‍ നിന്നും രക്തം ചീറ്റിത്തെറിക്കുന്നത് ക്രൂരമായ ആത്മ സംതൃപ്തിയോടെ നോക്കിനിന്നിട്ടുണ്ട്.
അതിനികൃഷ്ടമായ എത്രയെത്ര കൊലപാതകങ്ങള്‍...കൊള്ളകള്‍...
കേവലം ഒരു ഉറുമ്പിന്റെ വിലപോലും മനുഷ്യജീവന് കല്‍പ്പിച്ചില്ല.
ഓരോ കുറ്റകൃത്യങ്ങളും സ്വയം സൃഷ്ടിക്കുന്ന വലക്കണ്ണികളായി .
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന വെറും ഒരു യന്ത്രം.
ആളെ നിശ്ചയിക്കുന്നതും സമയം കുറിക്കുന്നതുമെല്ലാം മറ്റാരോ....
കൊല്ലണം എങ്കില്‍ അങ്ങനെ...ജീവന്‍ ബാക്കി വയ്ക്കണമെങ്കില്‍ അങ്ങനെ..എന്തിനെന്ന്‍ അറിയേണ്ട . ആരാണെന്ന് ശ്രദ്ധിക്കേണ്ട.
ചോരയുടെ മണം ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു.
ശങ്കിച്ചു നിന്നിട്ടില്ല .കൈ വിറച്ചിട്ടില്ല .ഒരറവുകാരന്റെ മനസ്സിലെ നിസ്സംഗതയും നിര്‍വികാരതയും.
ആ ലാഘവത്വത്തോടെ തന്നെയാണ് അന്ന് ജീപ്പില്‍ കയറിയത്.
ബോംബും സൈക്കിള്‍ ചെയിനും തോക്കും വടിവാളും ഒക്കെ മുന്നില്‍ .
സഹായികള്‍ എടുത്തു നീട്ടിയത്‌ വാളാണ് .ചെയ്യേണ്ട ജോലി വ്യക്തം ....
എല്ലാ അര്‍ത്ഥത്തിലും പരമാവധി .
ഈ ഒരു ജോലിക്കായി മാത്രം അമീര്‍ദാദയുടെ അരികില്‍ നിന്നും എത്തിപ്പെട്ടവനാണ്.
ജോലി തീര്‍ക്കുക. കനത്ത പ്രതിഫലം കൈപ്പറ്റുക. സ്ഥലം വിടുക.
പക്ഷെ,
അമീര്‍ ദാദയുടെ അനുചരനില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അസ്വാസ്ഥ്യം .ചാഞ്ചല്ല്യം ....!
ബലിമൃഗം മുന്നില്‍ എത്തിയപ്പോഴോ ,സഹായികളുടെ മര്‍ദ്ദനമേറ്റ്‌ കണ്‍മുന്നില്‍ക്കിടന്നു പിടഞ്ഞപ്പോഴോ ,'അരുതേ' എന്ന നിലവിളി കേട്ടപ്പോഴോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ദയയുടെ ഒരു കണികപോലും മനസ്സില്‍ ഉണ്ടായില്ല.
അവസാന ശ്രമം പോലെ പിടഞ്ഞെഴുന്നേറ്റ്‌ ഓടാന്‍ തുടങ്ങിയ അയാളുടെ നേരെ
വടിവാള്‍ ആഞ്ഞു വീശി .നിലവിളി നിന്നു ...
ഒരു നിമിഷത്തെ നിശ്ശബ്ദത ..
പിന്നെ കുഴഞ്ഞു നിലത്തേയ്ക്ക് വീഴുംനേരം അഭയത്തിനായി നീട്ടിയ കൈകളോടെ .
ഇടറിത്തുളുമ്പിയ ഒരു വിളിയൊച്ച...
"മോനെ...''
പൊടുന്നനെ ഹൃദയത്തിലേയ്ക്ക് ആരോ ചുട്ടു പഴുത്ത ഒരു ഇരുമ്പാണി
തുളച്ചു കയറ്റിയത് പോലെ തോന്നി...
സ്ഥലകാല ബോധം ഇല്ലാതായി .
ഓര്‍മ്മയിലെന്നും അവ്യക്തമായ ഒരു ഉത്സവമേളം ഉച്ചസ്ഥായിയില്‍ കേട്ടു.
ചെവിടടപ്പിക്കുന്ന കതിനാ വെടികളും ...നക്ഷത്രപ്പൂക്കള്‍ വിരിയിക്കുന്ന വെടിക്കെട്ടുകളും കണ്‍മുന്‍പില്‍ തെളിഞ്ഞു.
പിന്നെ...ആളിക്കത്തുന്ന തീയില്‍ നിന്നും ദൂരേയ്ക്ക് പറന്നു പറന്നു പോകും പോലെ...
കൂട്ടുകാര്‍ പിടിച്ചു വലിച്ച് ജീപ്പില്‍ കയറ്റിയപ്പോഴും പണപ്പെട്ടിയും ടിക്കറ്റും തന്നു റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും മിണ്ടാനായില്ല.
കൂടെയുള്ളവര്‍ ഓരോ മാര്‍ഗത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു.
പക്ഷെ, എന്തിനെന്നറിയാതെ കാലുകള്‍ ചലിച്ചത് പോലിസ് സ്റ്റേഷനിലേയ്ക്കാണ് .
" അതെ. ഞാനാണ് അയാളെ കൊന്നത്."
''എന്തിന്‌?' '
''നിര്‍ദ്ദേശം കിട്ടി. ചെയ്തു. ''
ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണ് എന്നും അറിയാത്ത കാര്യം .
അറിയണം എന്ന് ആഗ്രഹിക്കാത്ത കാര്യം.
അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മുറപോലെ നടന്നു.
കേസ് ...കോടതി...റിമാണ്ട് ....
പാര്‍ട്ടി നേതാക്കള്‍ കൈ മലര്‍ത്തി.
''ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ല.''
ഏതു ദുര്‍ഘട സന്ധികളെയും തരണം ചെയ്യാറുള്ള ഗൌതമന്റെ കീഴടങ്ങല്‍
അമീര്‍ദാദയേയും അത്ഭുതപ്പെടുത്തി.
ഇത്തരക്കാരെ എത്രയും വേഗം ഇല്ലാതാക്കുക എന്നതായിരുന്നു അധോലോക നിയമം .
എന്നിട്ടും തയ്യാറാണെങ്കില്‍ രായ്ക്കുരാമാനം രക്ഷപ്പെടുത്താം എന്ന സന്ദേശമാണ്
അമീര്‍ ദാദ യില്‍ നിന്നും കിട്ടിയത്.ഗൌതമനോട് മാത്രം ഉണ്ടായിരുന്ന പ്രത്യേക പരിഗണന.
പക്ഷെ തയ്യാറായില്ല.ഈ ചോരക്കളി മതിയെന്ന് മനസ്സ് ശഠിച്ചു.
ഏതു ശിക്ഷയും ഏറ്റു വാങ്ങാനാണ് തീരുമാനിച്ചത്.
സത്യം മാത്രമേ പറഞ്ഞുള്ളൂ.
''അയാള്‍ ആരെന്നു എനിക്കറിയില്ല.എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ഭംഗിയായി ചെയ്തു.അത്രമാത്രം''
ഒറ്റുകാരന്‍ എന്ന കുറ്റബോധം ഉണ്ടായിട്ടും വരുന്നത് വരട്ടെ എന്ന് കരുതി.
അമീര്‍ ദാദയ്ക്കും സംഘത്തിനും കുഴപ്പം ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു.
അന്വേഷണങ്ങള്‍ അവിടേയ്ക്കും നീണ്ടു.
രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെ വിലയ്ക്കെടുത്തവര്‍ സുഖമായി രക്ഷപ്പെട്ടു.
മാത്രമല്ല അവസരം മുതലെടുത്ത് എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാനും അവര്‍ക്കായി .
തന്നെപ്പോലുള്ളവര്‍ ആണ് രാഷ്ട്രീയക്കാരുടെ കൊടുംകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗൌതമന് ബോധ്യമായി.
തന്റെ ഈ കീഴടങ്ങല്‍ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ.
തന്നെപ്പോലെ ഇനിയും എത്ര എത്രപേര്‍ ..
പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ എവിടെ നിന്നോ വീണു കിട്ടിയ സംശയത്തിന്റെ ആനുകൂല്യം...
ജീവപര്യന്തം കഠിന തടവ്.
അത് എത്ര നിസ്സാരമായ ശിക്ഷ ..പതിനാലു സംവത്സരങ്ങള്‍ ഇരുണ്ടു വെളുത്ത് കഴിഞ്ഞു പോയി.
ജയിലഴികളുടെ വിഘ്നങ്ങളില്ലാത്ത വിശാലമായ ഒരു ലോകമാണ് തനിക്കു മുന്നില്‍ എന്നോര്‍ത്തപ്പോള്‍ ഗൌതമന് അഭിമാനം തോന്നി.
ഇത്തരം ഒരനുഭൂതി ആദ്യമായാണ്‌ .കാറ്റില്‍ പെട്ട് പറന്നു പോകുന്ന ഒരു അപ്പൂപ്പന്‍ താടി പോലെ ..
അനുകൂലമായ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട് ഒരു പുതു ജീവിതം തുടങ്ങാനാണ് അതിന്റെ യാത്ര....
പക്ഷെ ...തനിക്കോ...?!!
ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു ഇത്രനാള്‍ ...
ജീവഭയം കൂടാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന രാവുകള്‍...ബന്ധുക്കള്‍... സ്വന്തക്കാര്‍...
എല്ലാവരോടുമൊപ്പം ഒരു ജീവിതം...!
പക്ഷെ തനിക്ക് ആരാണുള്ളത്?
ഒരു അനാഥന്റെ ഒടുങ്ങാത്ത നിരാശ ഗൌതമനെ വീര്‍പ്പുമുട്ടിച്ചു.
വിശാലമായ മൈതാനത്തിലെ നിരത്തിക്കെട്ടിയ തമ്പുകളില്‍
കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി.
വിരല്‍ അറ്റ് പോയ വികൃതരൂപിയായ ഒരു മനുഷ്യക്കോലം അവനെ ആശ്വസിപ്പിച്ചു.
വിശന്നപ്പോള്‍ കിട്ടിയ ആഹാരത്തിന്റെ പേരില്‍,
കുഷ്ഠരോഗം വികൃതമാക്കാത്ത ആ മനസ്സിലെ ദയാവായ്പ്പിന്റെ പേരില്‍,
അയാളെ അച്ഛന്‍ എന്ന് വിളിച്ചു.
പട്ടിണിയും പരിവട്ടവുമായി ആ നാട് തെണ്ടികളോടൊപ്പം നടന്നു.
വളര്‍ന്നു.അനുഭവങ്ങള്‍ നല്‍കിയ അറിവുകള്‍ മാത്രം സ്വായത്തമായി.
യാത്രയ്ക്കിടയില്‍ വഴിവക്കില്‍ എവിടെയോ വീണു മരിച്ച ആ കുഷ്ഠരോഗിയുടെ സ്നേഹം ഒരു നഷ്ടമായി തോന്നാത്ത വിധം കഠിനമായ മനസ്സോടെയാണ് നാട് വിട്ടതും അമീര്‍ ദാദയോടൊപ്പം ചേര്‍ന്നതും.
കൈക്കരുത്തും എന്തിനും പോന്ന ചക്കൂറ്റവും അമീര്‍ ദാദയുടെ പ്രിയപ്പെട്ടവനാക്കി.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തു.
കിട്ടിയ പണം ധൂര്‍ത്തടിച്ച് ജീവിച്ചു.
ആരോടും ബാധ്യതയില്ലാതെ .
ആര്‍ക്കുവേണ്ടിയും നീക്കി വയ്ക്കാതെ..
സ്വന്തം നിലനില്‍പ്പിനപ്പുറം ഒരു ബന്ധവും വിലപ്പെട്ടതായില്ല.
പക്ഷെ,
ശ്വാസം നിലയ്ക്കുന്നതിനു മുന്‍പേ കേട്ട ഹൃദയം തകര്‍ന്ന ഒരു നിലവിളി....
ചാരം മൂടിക്കിടന്ന മൃദുല വികാരങ്ങളെ അത് തൊട്ടുണര്‍ത്തി .
ഒരു വഴിത്തിരിവിന് അത് പ്രേരകമായി.കിട്ടിയ ശിക്ഷ ആശ്വാസത്തോടെ അനുഭവിക്കുമ്പോഴും സ്വസ്ഥത നശിപ്പിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞിരുന്നു.
വെറും ഒരസ്വാസ്ഥ്യം അല്ല .ആര്‍ദ്ര മായ സാന്ത്വനം പോലെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരികാനുഭവം ...!
അതിനൊരു വ്യാഖ്യാനം കണ്ടെത്താന്‍ ഇത് വരെ ആയില്ല.
ശിക്ഷകഴിഞ്ഞു പുറത്തു വന്ന ഈ നിമിഷത്തിലും ആ വിളി തന്റെ ചുറ്റും പ്രകമ്പനം കൊള്ളുന്നുണ്ടെന്ന് ഗൌതമന് തോന്നി.
ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡില്‍ നിരാശയോടെ അയാള്‍ ഇരുന്നു.
എവിടെയ്ക്കാണ് പോകേണ്ടത്..? തന്റെ കീഴടങ്ങലും കുറ്റസമ്മതവും അമീര്‍ ദാദയുടെ മരണത്തിനും സംഘത്തിന്റെ നാശത്തിനും ഇടയാക്കിയെന്നു പിന്നീട് അറിഞ്ഞിരുന്നു.
തിരിച്ചു ചെന്നാല്‍ അവരില്‍ ഒരാളെങ്കിലും പ്രതികാരത്തിന് ഒരുങ്ങി എങ്കിലോ...?
അല്ലെങ്കില്‍ തന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണല്ലോ.
''ഗൌതം..''
തന്നെ പേര് ചൊല്ലി വിളിക്കുന്നതാരാണ്? ജയിലില്‍ വെറും നമ്പര്‍ ആയിരുന്നു.
ഇടയ്ക്കൊക്കെ അമീര്‍ ദാദ പേര് വിളിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍...?
കാറില്‍ നിന്നിറങ്ങി തനിക്ക് നേരെ നടന്നു വരുന്ന അപരിചിതനെ സംശയത്തോടെ നോക്കി.
''ഓര്‍മ്മയുണ്ടോ എന്നെ...?ഞാന്‍ സിദ്ധാര്‍ഥന്‍ ...നിന്റെ ചിത്തുവേട്ടന്‍ ...''
ഗൌതമിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. .
''ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ ജയിലില്‍ വന്നിരുന്നു....''
പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു.
സിദ്ധാര്‍ത്ഥന്റെ കൈകള്‍ കൂട്ടി പിടിച്ച് ആവേശത്തോടെ ചോദിച്ചു.
''എവിടെ ....?ആ അമ്മ എവിടെ..?എനിക്ക് ഒരിക്കല്‍ക്കൂടി അവരെ ഒന്ന് കാണാന്‍ പറ്റ്വോ ?
പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ ഗൌതമന്റെ തോളില്‍ തട്ടി .
''തീര്‍ച്ചയായും. അമ്മ നിന്നെ കാത്തിരിക്കുകയാണ് ...വരൂ...''
അന്തര്പ്രേരണ കൊണ്ടെന്നപോലെ ഗൌതം സിദ്ധാര്‍ഥനെ അനുഗമിച്ചു.
കാര്‍ നഗരത്തിന്റെ തിരക്കിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗൌതമന്റെ മനസ്സ് നിറയെ ആ അമ്മയുടെ രൂപമായിരുന്നു.
അന്ന്,
തനിക്കു സന്ദര്‍ശകരുണ്ടെന്നു കേട്ടപ്പോള്‍ അമീര്‍ ദാദയുടെ ആള്‍ക്കാര്‍ ആരെങ്കിലും
ആയിരിക്കുമെന്നെ കരുതിയുള്ളു.
മറ്റാരും വരാനില്ലല്ലോ.
പക്ഷെ കണ്ടത് തന്നെപ്പോലൊരു ചെറുപ്പക്കാരനെയും ദു:ഖ ത്തിന്റെ മൂര്‍ത്തി മദ്ഭാവമായ ആ അമ്മയെയും ആണ്.
അമ്പരപ്പിനറുതി വരുത്തി ചെറുപ്പക്കാരന്‍ പറഞ്ഞു.
''വെറുതെ ....ഒന്ന് കാണാന്‍ വന്നതാണ്.''
തന്നെ നിര്‍ന്നിമേഷം നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു .
ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു
പ്രതീക്ഷിക്കാത്ത ഒരു നിമിഷം അവര്‍ അരികിലെത്തി വിറയ്ക്കുന്ന കൈകള്‍ക്കുള്ളില്‍ മുഖമൊതുക്കി തന്റെ നെറ്റിയില്‍ ചുംബിച്ചു .
ആ കണ്ണുനീര്‍ തന്റെ മുഖത്തും നെഞ്ചിലും പടര്‍ന്നു.
പെട്ടെന്ന് അവരെ പിടിച്ച് മാറ്റി പുറത്തേയ്ക്ക് നയിക്കുന്നതിനിടയില്‍ ആ മകന്‍ ശാസിക്കുന്നത് വ്യക്തമായി കേട്ടു.
''ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്..എന്നിട്ടിപ്പോ....''
വെള്ള സാരിത്തുമ്പ് കടിച്ചു പിടിച്ച് കരച്ചിലമര്‍ത്തി തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു നീങ്ങിയ ആ രൂപം മനസ്സില്‍ നിന്നും മാഞ്ഞതേയില്ല.
ഒന്നും പറഞ്ഞില്ലെങ്കിലും ആ മൌനം എത്ര വാചാലമായിരുന്നു.
അന്നത്തെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെട്ടതുപോലെ ഗൌതമന്‍ നെറ്റി തടവി.
അയാളുടെ നോട്ടം സിദ്ധാര്‍ത്ഥനില്‍ ആയി .
നോക്കും തോറും അപരിചിതത്വത്തിന്റെ മറ നീങ്ങുകയാണെന്നും
സ്വന്തം രൂപം മുന്നില്‍ കാണുകയാണെന്നും ഗൌതമിന് തോന്നി.
പേരറിയാത്ത ഒരു വികാരം ഉള്ളില്‍ ഉണര്‍ന്നു.
അയാള്‍ മന്ത്രിച്ചു. ''ചിത്തുവേട്ടന്‍ ...!'
വിളികേട്ടത്‌ പോലെ സിദ്ധാര്‍ഥന്‍ മുഖം തിരിച്ചു.ആ കണ്ണുകളില്‍ കനിവും വാത്സല്യവും തുളുമ്പി.
''എന്താണ് ആലോചിക്കുന്നത് ? ''
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഗൌതമന്‍ തുറന്നു പറഞ്ഞു.
''എനിക്ക് ..... എനിക്കൊന്നും ...മനസ്സിലാകുന്നില്ല.''
ആര്‍ദ്ര സ്വരത്തില്‍ സിദ്ധാര്‍ഥന്‍ ആശ്വസിപ്പിച്ചു..
''ഒക്കെ പറയാം.''
മുത്തശ്ശിക്കഥ കേള്‍ക്കാന്‍ വെമ്പുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ഗൌതമനില്‍.
സിദ്ധാര്‍ഥന്റെ വാക്കുകള്‍ കേള്‍ക്കുന്തോറും അത്ഭുതവും സന്തോഷവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി....
ഓര്‍മ്മകളില്‍ അവ്യക്തമായിരുന്ന കാഴ്ചകള്‍ തെളിഞ്ഞു വന്നു.
ചെവിക്കുള്ളില്‍ മുഴങ്ങുന്ന ഉത്സവമേളം...കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്രപ്പൂക്കള്‍...അച്ഛന്റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി...
കാതടപ്പിക്കുന്ന പൊട്ടിത്തെറി...അഗ്നിപ്രളയം ..

''എല്ലാം തീര്‍ന്നു എന്നാണ് കരുതിയത്..കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഇടയില്‍ നിന്നും കിട്ടിയ ഒരു കൊച്ചു ശരീരം...അത് നിന്റെതെന്നു വിശ്വസിച്ചു.പക്ഷെ...''
കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ തുടര്‍ന്നു.

''കേസിന്റെ അന്വേഷണത്തിനിടയില്‍ നിന്റെ വേര് തേടി എത്തിപ്പെട്ടത് ഒരു നാടോടിക്കൂട്ടത്തില്‍
ആയിരുന്നു.നീ ഒരു കുഷ്ഠരോഗിയുടെ വളര്‍ത്തു പുത്രന്‍..അല്ലേ..?ശരിയല്ലേ?''
ഗൌതമന്‍ മറുപടി പറഞ്ഞില്ല.
ചിത്തു വേ ട്ടന്‍ ..!...അമ്മ....!.അച്ഛന്‍...!
ഗൌതമന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആശ്വസിപ്പിക്കും പോലെ സിദ്ധാര്‍ഥന്‍ മൊഴിഞ്ഞു.

''ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മനസ്സായത് കൊണ്ടാകാം വ്യക്തമായ തെളിവ് കിട്ടും വരെ ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ അമ്മ നിന്നെ തിരിച്ചറിഞ്ഞു.''
എന്നോ നഷ്ടപ്പെട്ട മകനെ ഒരു കൊലപാതകിയുടെ വേഷത്തില്‍ കാണേണ്ടി വന്ന അമ്മയുടെ തളര്‍ന്ന മുഖം ആയിരുന്നു ഗൌതമന്റെ മനസ്സില്‍.
കരയണോ ചിരിക്കണോ എന്നയാള്‍ സംശയിച്ചു.
ഇതൊന്നും സ്വപ്നമല്ല. താന്‍ അനാഥനല്ല .
ഈ തിരിച്ചു പോക്ക് അച്ഛനമ്മമാരുടെ സന്നിധിയിലേയ്ക്കാണ്
അരികിലിരിക്കുന്നത് സഹോദരന്‍.....
പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ വിശ്വാസം തോന്നി.
പക്ഷെ,
ആ സ്നേഹതീരത്ത് അണയാന്‍ തനിക്കെന്തു യോഗ്യതയാണ് ഉള്ളത്?
പാപി....മഹാപാപി...!!
മനസ്സ് വായിച്ചതുപോലെ സിദ്ധാര്‍ഥന്‍ പറഞ്ഞു.

''കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കേണ്ട .കുറ്റബോധം മനസ്സിനെ പരുവപ്പെടുത്താന്‍ ശിക്ഷയുടെ കാലാവധി വേണ്ടുവോളം ഉപകരിച്ചില്ലേ?അതിനു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി ഓരോ ദിവസവും എണ്ണിത്തീര്‍ത്ത് അമ്മ നിന്നെ കാത്തിരിക്കുകയാണ്.''

ഗൌതമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
ഒക്കെ മറക്കാന്‍ ശ്രമിച്ചു കൊണ്ട് വരും നിമിഷങ്ങളിലെ ആനന്ദം അയാള്‍ അനുഭവിച്ചു.
അച്ഛനമ്മമാരുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി.
സ്നേഹ ചുംബനങ്ങള്‍ ഏറ്റ് കോരിത്തരിച്ചു.
അമ്മയുടെ കൈപിടിച്ച് മുറ്റത്ത്‌ പിച്ചവച്ചു.
അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു.

സിദ്ധാര്‍ഥന്‍ ചിന്തകളില്‍ നിന്നും ഗൌതമനെ തൊട്ടുണര്‍ത്തി .
''വരൂ...ഇതാണ് നമ്മുടെ വീട്....''

കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗൌതമന്റെ പാദങ്ങള്‍ വിറച്ചു.
മണല്‍ത്തരികളുടെ സ്പര്‍ശം അയാളെ ഇക്കിളിപ്പെടുത്തി.
ശരീരത്തിനുള്ളില്‍ ഉഷ്ണജല പ്രവാഹം ഉറവെടുത്തു.
സിദ്ധാര്‍ഥന്റെ തോളോട് ചേര്‍ന്ന് മുറ്റത്തെത്തുമ്പോള്‍ ,
'മോനെ...'എന്ന വിളിയോടെ വാതില്‍ക്കല്‍ അമ്മ.

അടക്കാനാവാത്ത ആനന്ദത്തിരത്തള്ളലോടെ
ആ കൈകളിലേയ്ക്ക് ഗൌതമന്‍ ഓടി അണഞ്ഞു.
പെട്ടെന്ന് തീപ്പൊള്ളല്‍ ഏറ്റപോലെ അയാള്‍ പിന്നോട്ട് മാറി.
അമ്മയുടെ ദീപ്ത രൂപത്തിനും അപ്പുറം ചുവരില്‍ പൂമാല ഇട്ട് അലങ്കരിച്ച ഒരു മുഖം...

ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്ന ശബ്ദ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു.
പ്രതിക്കൂട്ടില്‍ വിധിവാചകത്തിനു കാതോര്‍ത്തു നില്‍ക്കുന്ന കുറ്റവാളി ..
ന്യായാധിപന് അമ്മയുടെ മുഖം.
ദൈവം പോലും മാപ്പ് തരാത്ത കുറ്റത്തിന് മരണശിക്ഷ അല്ല
മരണം വരെ ശിക്ഷ....
സ്വീകരിക്കാതെ വയ്യാ. ...അനുഭവിക്കാതെ വയ്യാ...
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്ന ഗൌതമനെ
സ്നേഹത്തിന്റെ കൈവിലങ്ങിനുള്ളില്‍
ആ അമ്മ പൊതിഞ്ഞു പിടിച്ചു.
***********************

Thursday, September 9, 2010

ഞങ്ങള്‍ സന്തുഷ്ടരാണ്


ഞങ്ങളുടെ ദാമ്പത്യത്തിന്‌ 30 വയസ്സ്‌.

ആമുഖം.

അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.
മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍
'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന ,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ചനോട്‌ പറഞ്ഞിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.
എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.
ഞങ്ങളുടെ കുടുംബ സുഹൃത്തും , കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.
പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.
സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
'അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...
സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.
എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന്‍ കൊടുത്തയച്ചത്‌ ."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...പിന്നെ പറയണു
അച്ചാച്ചന്‍ എന്ന്‍ ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ് വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
ഏതു വിധവും
എന്നെതാറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?
മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...
തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു
അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?
കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...
എന്റെ ..ഭര്‍ത്താവാണ്‌"
വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌.
പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
'സത്യമാണ്‌.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌.
വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ
അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.
കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!
എല്ലാവരും വിശ്വസിച്ചുവൊ?!
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ.
ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌
അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!

പിന്നാമ്പുറം
സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷെ
ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.
അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍
സുഹൃത്‌ ബന്ധത്തിനപ്പുറം
പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും
ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.

ഇന്ന്‍

അതെ .
ഞങ്ങളുടെ ദാമ്പത്യത്തിന്‌ 30 വയസ്സ്‌.

കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി ഈ നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...
ആ ചിരി....!
അന്നത്തെ അസ്സംബ്ലി ഹാള്‍...!!
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!
*********************************

Tuesday, February 2, 2010

ഊര്‍മ്മിള.

എന്റെ ലക്ഷ്മണനെ വിഴുങ്ങിയസരയു നദിയിലെ അലകളുടെ അലര്‍ച്ച ....
രാമാ,നീ അതു കേള്‍ക്കുന്നുണ്ടോ?
ആ സ്വരത്തിലെ ദീനത നിന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതേയില്ലേ?
ഉണ്ടാവില്ല.നീ വലിയവനാണല്ലൊ.
മറ്റു നൂറു നൂറു കാര്യങ്ങള്‍ക്കിടയില്‍ ഈ വിലാപങ്ങള്‍ക്ക്‌എന്തു പ്രസക്തി.?
എങ്കിലും രാമാ,
ഇത്രയും ക്രൂരനാകാന്‍ നിനക്കെങ്ങനെ കഴിഞ്ഞു.?
നിനക്കറിയാമായിരുന്നില്ലെ ഞങ്ങളുടെ ദാമ്പത്യം എത്ര സന്തോഷകരമായിരുന്നു എന്ന്‌.
അതില്‍ വിഷം കലര്‍ത്തി രസിച്ചത്‌ ആരായിരുന്നു?
ഒഴിഞ്ഞു മാറാന്‍ നോക്കേണ്ട...എനിക്കറിയാം
നീ...നീ...നീയാണതു ചെയ്തത്‌.
എന്തിന്‌?
സദാ രാമ രാമ എന്നു ജപിച്ചു നടന്ന നിന്റെ അനുജനോട്‌ നീ എന്തിനതു ചെയ്തു.?
അല്‍പം കരുണ കാണിക്കാമായിരുന്നില്ലെ?
ഒന്നോര്‍ത്താല്‍,
നിന്നേക്കാളും എത്ര വലിയവനാണു നിന്റെ അനുജന്‍....
പാവം ലക്ഷമണന്‍ .....
സ്വന്തം മഹത്വം അദ്ദേഹം അറിഞ്ഞില്ല.
വിഡ്ഡി...പമ്പര വിഡ്‌ഡി!!!
അതു മുതലെടുക്കാന്‍ നീ സാമര്‍ഥ്യം കാണിച്ചു.
ഇതൊന്നും മനസ്സിലാകാതെ എന്റെ ലക്ഷ്മണന്‍ നിനക്കു പാദസേവ ചെയ്തു.
രാമ....പതിനാലു വര്‍ഷം സീതയോടൊപ്പം നീ ആരണ്യകത്തില്‍ മധുവിധുവിനു പോയപ്പോഴും
എന്റെ പതിയെ നിങ്ങളുടെ വിടുപണിക്കായി കൂടെ കൊണ്ടു പോയില്ലേ?
എന്റെ ദു:ഖം....,
ലക്ഷ്മണന്റെ ദു:ഖം...
ഒന്നും നിനക്കു പ്രശ്നമായില്ല...
അസൂയ നിറഞ്ഞ നിന്റെ മനസ്സ്‌ ..
അഹങ്കാരം നിറഞ്ഞ നിന്റെ മനോഭാവം....
രാമാ...
ഇനിയെങ്കിലും സത്യം പറയൂ...
മധുവിധുവിന്റെ മാദക ലഹരി അടങ്ങിയപ്പോള്‍എന്തിനാണു നീ സീതയെ പരിത്യജിച്ചത്‌?
എന്തിനാണ്‌ അവളെ അഗ്നിയിലെരിച്ചത്‌.?
പ്രജാഹിതം നിറവേറ്റാനാണു പോലും....!!
കഷ്ടം...നീതിമാനായ രാജാവ്‌...
നിന്റെ നീതിയും സത്യവും എങ്ങനെയുള്ളതായിരുന്നു എന്ന്‌
ആരും മനസ്സിലാക്കിയില്ല എന്നു നീ വ്യാമോഹിച്ചു..
ഒരു സാധാരണ മനുഷ്യന്‍ പോലും നിന്നേക്കാള്‍ വിവേകം കാണിക്കുമായിരുന്നു.
ദൈവം എന്നഹങ്കരിച്ച നിന്റെ പ്രവര്‍ത്തികള്‍ എത്ര മ്ലേച്ഛമായിരുന്നു
രാമാ,
എനിക്കറിയാം എല്ലാം അറിയാം.
എന്റെ ലക്ഷ്മണനെ എന്നില്‍ നിന്നകറ്റി
എന്റെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെടുത്തി,
എന്നെ നിത്യ ദു:ഖത്തിലേയ്ക്കുതള്ളിയിട്ട നിന്നോട്‌
ഞാനെന്തിനു കരുണ കാണിക്കണം...??
നിന്റെ മുഖം മൂടി ഞാന്‍ ഈ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കും
എന്തായാലും സീത ബുദ്ധിമതി ആയിരുന്നു.
അല്ലെങ്കില്‍ നിന്നില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ വെമ്പുമായിരുന്നില്ല.
എന്നിട്ട്‌ ,
അവളുടെ ജീവ ത്യാഗം പോലും നിന്റെ ദൈവീകത്വത്തിന്റെ പൊന്‍ തൂവലാക്കി മാറ്റാന്‍നീ ശ്രമിച്ചു.
പക്ഷെ രാമാ,
ഉപയോഗിച്ചു പഴകിയ സീതയുടെ ശരീരത്തേക്കാള്‍ ഭംഗിയും തുടിപ്പുംഈ ഊര്‍മ്മിളയുടെമേനിക്കുണ്ടായിരുന്നു.അല്ലെ?
സീതയുടെ ഇല്ലായ്മ നിന്റെ വികാരങ്ങള്‍ക്കു തീപിടിപ്പിച്ചത്‌ ഞാനറിഞ്ഞിരുന്നു...
തണുത്ത നിശീഥിനികളില്‍,നിന്റെ കിടക്കറയില്‍ നിന്നും ഉയരാറുള്ള നെടു വീര്‍പ്പുകള്‍ കേട്ട്‌
സീതയോടുള്ള നിന്റെ സ്നേഹത്തിന്റെ ആഴത്തേപ്പറ്റി
പാവം ലക്ഷ്മണന്‍ അടക്കം പറഞ്ഞപ്പോള്‍എന്റെ ഉള്ളില്‍ ചിരി പൊടിഞ്ഞത്‌
ആരും കണ്ടില്ല
'ജ്യേഷ്ഠന്‍ ഇങ്ങനെ ദു:ഖിക്കുമ്പോള്‍നമ്മളെങ്ങനെ സന്തോഷമായി കഴിയും ഊര്‍മ്മിളേ 'എന്നു പറഞ്ഞ്‌ ലക്ഷ്മണന്‍ഓരോ നിമിഷവും
എന്നില്‍ നിന്നും അകന്നു മാറിയപ്പോള്‍ഞാനനുഭവിച്ച വീര്‍പ്പു മുട്ടലും ആരും അറിഞ്ഞില്ല.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകും എന്നു കാത്തിരുന്ന
എന്റെ എല്ലാ സ്വപ്നങ്ങളും നീ തകര്‍ത്തില്ലെ?
നിന്റെ സാര്‍ത്ഥത...
നിന്റെ അസൂയ...
ആരുടെ കൂട്ടു പിടിച്ചായാലും നീയതു സാധിച്ചെടുത്തു....
എന്റെ ലക്ഷ്മണനെ നീ ഇല്ലാതാക്കി.
രാമാ...,
ഇനിയും സഹിക്കാന്‍ എനിക്കു മനസ്സില്ല.
എന്റെ ദു:ഖം ഹിമാലയത്തേക്കാള്‍ വളര്‍ന്നിരിക്കുന്നു.
ഇതിനൊരു അവസാനം കണ്ടേമതിയാകു...
ഈ ഏകാന്തത എനിക്ക്‌ അസഹ്യം..
കണ്ണീനീര്‍ ഒന്നിനും പരിഹാരം ആകില്ലെന്നു എനിക്കു മനസ്സിലായി....
എല്ലാറ്റിനും കാരണം നീയാണ്‌.നീ മാത്രം....
ഇതിനൊരു പോംവഴി കാണാനും നിനക്കേ കഴിയു...
ഇനിയെങ്കിലും സമ്മതിക്കു രാമാ...
എന്റെ സൗന്ദര്യം നിന്നെ ലഹരി പിടിപ്പിച്ചിരുന്നു എന്ന സത്യം..
അതിന്റെ സാക്ഷാത്‌കാരത്തിനായിട്ടായിരുന്നു ഇത്രനാള്‍ കാത്തിരുന്നത്‌ എന്ന യാഥാര്‍ത്ഥ്യം....
ഈ അയോദ്ധ്യ...,
അതിന്റെ സൗഭാഗ്യം വീണ്ടെടുക്കുവാന്‍..
ഈ രാജധാനിയുടെ മുറ്റത്ത്‌ നമ്മുടെ ഓമനക്കുഞ്ഞുങ്ങള്‍ഓടിക്കളിക്കുവാന്‍...,
നീ ഇതു വരെ ചെയ്ത ദുഷ്ക്കര്‍മ്മത്തിനു
ഇങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തമാകട്ടെ...
ഈ ഊര്‍മ്മിളയുടെ വികാരം അഗ്നിയായി ജ്വലിക്കും മുന്‍പ്‌,
ഇവളുടെ ശാപമേറ്റ്‌ അയോദ്ധ്യയും രഘുവംശം ആകെയും
നാമാവശേഷം ആകാതിരിക്കാന്‍...
അയോദ്ധ്യാധിപതി ഒരു നല്ല കാര്യം എങ്കിലും ചെയ്തു എന്ന് ലോകം പ്രകീര്‍ത്തിക്കാന്‍....
നിന്നിലെ അഹന്ത വെടിയൂ...
നിന്റെ മാനുഷിക ദൗര്‍ബല്യങ്ങള്‍അംഗീകരിച്ചുകൊണ്ടു തന്നെ
ദയവായി ഈ ഊര്‍മ്മിളയെ സ്വീകരിക്കൂ...
ഇവളുടെ മനസ്സിലെ അഗ്നി അണയ്ക്കൂ.
**************************************