Saturday, April 29, 2017

ക്ഷമയുടെ നെല്ലിപ്പലകകൾ

ക്ഷമയുടെ നെല്ലിപ്പലകകൾ  


ഞങ്ങളുടെ നാട്ടിൽ ആജാനുബാഹുവായ ഒരു ചേട്ടനുണ്ടായിരുന്നു.
ഏതു ജോലിയും ചെയ്യാൻ കരുത്തുള്ള ഒരാൾ. വിധി വൈപരീത്യമെന്നു പറയട്ടെ മെലിഞ്ഞുണങ്ങിയ ഒരു ചെറിയ പെണ്ണായിരുന്നു അയാളുടെ ഭാര്യ.
എങ്കിലും അയാളുടെ മൂന്നു മക്കളെ അവർ പ്രസവിച്ചു. അതോടെ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി.
ആദ്യമൊക്കെ അയാളുടെ സ്വഭാവത്തിൽ അല്പമൊക്കെ കരുണയും സ്നേഹവുമുണ്ടായിരുന്നു.
പക്ഷേ  ക്രമേണ ഭാര്യയെക്കാൾ , മക്കളെക്കാൾ അയാൾ വാറ്റു ചാരായത്തെ സ്നേഹിച്ചു തുടങ്ങി.
വല്ലപ്പോഴും എന്ന അവസ്ഥയിൽ നിന്നും നിത്യം എന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.
പണിയെടുത്തുണ്ടാക്കുന്ന കാശ് ചാരായം വാങ്ങാൻ തികയാതെയായി.
വീട്ടിലേക്കു അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതുപോലും അപൂർവമായി.
                    അമ്മയേക്കാൾ ശോഷിച്ച മക്കൾക്ക് ജീവൻ നിലനിർത്താൻ ഒരു നേരത്തെ കഞ്ഞി വെള്ളമെങ്കിലും കൊടുക്കാനാണ്  പണിയെടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിലും ആ സ്ത്രീ അയൽ വീടുകളിൽ പാത്രം കഴുകാനും തുണിയലക്കാനുമൊക്കെ പോയത്. അവിടുന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് അരിവാങ്ങി കഞ്ഞിയും കാന്താരിമുളക് പൊട്ടിച്ചതും കൊടുത്ത് ആ പാവം കുട്ടികളുടെ വിശപ്പടക്കാൻ ശ്രമിച്ചു. 
       പക്ഷേ അവിടെയും അയാൾ ക്രൂരതയുടെ പര്യായമാകുകയായിരുന്നു .
"കഞ്ഞി വിളമ്പടി "എന്ന കല്പനയോടെയാണ് അയാൾ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്കു കയറി വരിക.
അന്ന് ഇരന്നു വാങ്ങി വെച്ച കഞ്ഞി അയാൾക്ക്‌ വിളമ്പാതിരിക്കാൻ അവർക്കു ആകില്ല. കലത്തിൽ ഉള്ള കഞ്ഞി മുഴുവൻ അയാൾ പാത്രത്തിൽ വിളമ്പിക്കും. എന്നിട്ടു ഒന്നോരണ്ടോ വായ് കഴിച്ചശേഷം അവിടെ ചുറ്റിപ്പറ്റി കഴിയുന്ന ചാവാലിപ്പട്ടിയുടെ മുന്നിൽ പത്രത്തിലെ കഞ്ഞി മുഴുവൻ ചൊരിഞ്ഞു കൊടുക്കും. മക്കൾക്കുവേണ്ടി എന്തെങ്കിലും മിണ്ടിയാൽ അവരെ കുനിച്ചു നിർത്തി മുതുകത്തു കൈമടക്കി കുത്തും. അതും പോരാഞ്ഞ് മുറ്റത്തിന് താഴെ നില്ക്കുന്ന തെങ്ങിന്റെ ചോട്ടിലേയ്ക്ക് വലിച്ചൊരേറാണ്.
 ഈ കാഴ്ച ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. മക്കളുടെ അലറിക്കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടുമ്പോൾ അയാൾ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകും.
       അയാളെ ഉപദേശിക്കാനും മദ്യപാനത്തിൽ നിന്നും മോചിതനാക്കാനും പള്ളിയിലച്ഛനും നാട്ടു പ്രമാണിമാരും ഒരുപാട് ശ്രമിച്ചതാണ്.
പക്ഷേ ഒന്നും ഫലം കണ്ടില്ല. 
എല്ലാം സഹിച്ച് ഇങ്ങനെ ജീവിക്കാതെ ആ അമ്മയെയും മക്കളെയും അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും ശ്രമം നടന്നു. 
അയാൾ സമ്മതിച്ചിട്ടുവേണ്ടേ....രക്ഷിക്കാൻ പോകുന്നവരുടെ ജീവന് ഭീഷണിയായപ്പോൾ എല്ലാവരും പിന്തി രിഞ്ഞു.
അധിക നാളെത്തും മുമ്പ് ആ സ്ത്രീ മരിച്ചു. അയാളുടെ കണ്ണിൽ പെടാത്ത ദൂരത്തുള്ള അനാഥാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലുമായി മൂന്നു കുട്ടികളെയും നാട്ടുകാർ കൊണ്ട് ചെ ന്നാക്കി.
മദ്യം ആ മനുഷ്യനെ കൊന്നു തള്ളുവാൻ ഏറെ കാലം ബാക്കിവെച്ചില്ല.

ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.

 ഇന്നും ഏറിയും കുറഞ്ഞും ഇതേ ക്രൂരതകൾ പല വീടുകളിലും അരങ്ങേറുന്നുണ്ട്. മറ്റുള്ളവർ അറിയാതിരിക്കാൻ പലരും അതൊക്കെ സഹിക്കുന്നു. കുടിക്കാതിരുന്നാൽ ദൈവതുല്യനായ ഭർത്താവ് കുടിച്ചു കഴിഞ്ഞാൽ അപകടകാരിയാകുന്നത് എത്രയോ വീട്ടമ്മമാർക്ക് അനുഭവമുണ്ട്. നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ കണ്ണീർ വിഴുങ്ങി അവർ നിശ്ശബ്ദരാകുന്നു. മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു കഴിയുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.
        ഒരു പക്ഷേ ഇന്നത്തെ ന്യൂ ജെനറേഷൻ പ്രതികരിക്കുന്നുണ്ട് എന്നതിന് തെളിവാണ്  കുടുംബക്കോടതികളിൽ പീഡനക്കേസുകൾ  കൊടുക്കാൻ  ധൈര്യം കാണിക്കുന്നത് . കേരളത്തിൽ ഡൈവോഴ്സി കളുടെ എണ്ണം കൂടുന്നതിനു കാരണവും അത് തന്നെ.
ക്ഷമയ്ക്കും ഇല്ലേ ഒരു നെല്ലിപ്പലക.

വൈകി വരുന്ന വിവേകം.

വൈകി വരുന്ന വിവേകം.

തലയ്ക്കുള്ളിൽ സുനാമിയും ഭൂകമ്പവും തീർത്ത വേവലാതിക്കൊടുവിലാണ് ബദ്ധപ്പെട്ടു കണ്ണുതുറന്നത്. സ്ഥലകാലബോധം വരാൻ കുറച്ചധിക സമയം എടുത്തു. തലപൊട്ടിപ്പിളരുന്ന വേദന . എല്ലാം ഓർമ്മയിൽ നിന്നും മറഞ്ഞു പോയത് പോലെ...സൈഡ് ടീപ്പോയിലിരുന്ന ഫോൺ തപ്പിയെടുത്ത് സമയം നോക്കി. 12 മണി. രാത്രിയോ പകലോ...?
ജനൽകർട്ടൻ നീക്കി പുറത്തേയ്ക്കു നോട്ടമയച്ചു.
പുളിച്ച കണ്ണിൽ വെയിൽ കത്തി.
മെല്ലെ എഴുന്നേറ്റിരുന്നു. മുറിയിൽ പരിചിതമായ ഗന്ധം. എങ്കിലും എന്തോ അരുതായ്ക.  ഇന്ന് ബെഡ് കോഫി കുടിച്ചില്ല. അതാകും തലവേദന. ഒരു ഗ്ലാസ് ചൂട് കോഫി  കുടിക്കണം എന്ന മോഹം കലശലായപ്പോൾ നീട്ടി വിളിച്ചു.
"സുഷമേ.."
വിളിയുടെ അർത്ഥം അറിയുന്നവളാണവൾ. വിളിക്കും മുമ്പ് തന്നെ കോഫിയുമായി മുന്നിലെത്തേണ്ടതാണ്. ഒന്നുരണ്ടുവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഉള്ളിൽ കലി ഇളകി.
"എവിടെപോയിക്കിടക്കയാടീ ഒരുമ്പെട്ടോളെ...."
വായിൽ തോന്നിയതെല്ലാം വിളിച്ചിട്ടും പറഞ്ഞിട്ടും ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ സംശയത്തോടെ മെല്ലെ എഴുന്നേറ്റു. ബാലൻസ് കിട്ടാൻ കഷ്ടപ്പെട്ട് വാതിൽപ്പാളിയിൽ പിടിച്ച് കുറച്ചു നേരം നിന്നു. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല .  ഓ..സ്‌കൂളിൽ പോയിരിക്കും. എന്നാലും അവളെന്താ വിളിച്ചുണർത്താതെ പോയത്?
ഇന്ന് ഓഫീസിൽ അത്യാവശ്യം ജോലികളുണ്ടായിരുന്നതാണ്.  ഒന്നു രണ്ടു ബിസിനസ് മീറ്റിങ്ങുകൾ ഏർപ്പാടാക്കിയിരുന്നു. ഒന്നും നടന്നില്ല
കഴുത....! ഇങ്ങു വരട്ടെ. അവൾക്ക് അവളുടെ കാര്യം  മാത്രം.
രോഷം ഇരച്ചു  പൊന്തിയപ്പോൾ ഫോണെടുത്തു അവളെ വിളിച്ചു. സ്വിച്ച് ഓഫിലാണെന്ന കിളിമൊഴി.
 പിന്നെയും  ദേഷ്യത്തോടെ സ്കൂൾ ഓഫിസിലേയ്ക്കു വിളിച്ചു. രണ്ടു ചീത്ത പറയാതെ മനസ്സിന് ഒരു സുഖമുണ്ടാകില്ല.
പക്ഷേ  അവൾ സ്കൂളിലെത്തിയിട്ടില്ല പോലും.
പിന്നെ ഇവൾ ആരുടെ കൂടെ പോയി?
അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഒരു കാര്യം ബോധ്യമായി.  ഒന്നും ഉണ്ടാക്കിയിട്ടില്ല.
അടുക്കളയിലെ പാത്രങ്ങൾ  ചുവരിലിടിച്ച് തെറിച്ചുവീണു.  കൈയ്യിൽക്കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. അവളുടെ മേശയിലിരുന്ന പുസ്തകങ്ങളും കെട്ടുകൾ പൊട്ടി പറന്നു കളിച്ചു. അതുകൊണ്ടും അരിശം തീരാതെ അവളുടെ അലമാര വലിച്ചു തുറന്നു . പതിവുപോലെ ഡ്രസ്സുകൾ വാരിക്കൂട്ടി കത്തിക്കുകയാ യിരുന്നു ലക്ഷ്യം .
പക്ഷേ,
ശൂന്യമായ അലമാരയിലേയ്ക്ക് അയാൾ തുറിച്ചു നോക്കി.
 വസ്ത്രങ്ങൾ മാത്രമല്ല അവളുടെ പെട്ടി, ബാഗുകൾ, ചെരിപ്പ് ഒന്നും ഒന്നും അവിടെവിടെ യുമില്ല.
അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ  പുളഞ്ഞു കേറി.
തളർച്ചയോടെ അയാൾ അടുത്തുകണ്ട കസേരയിൽ ഇരുന്നു. മേശപ്പുറത്ത് പേപ്പർ വെയ്റ്റി നടിയിലിരുന്ന് ഒരു കടലാസ്സ് അയാളെ നോക്കി കൊഞ്ഞനം കുത്തി.
 വിറയ്ക്കുന്ന കരങ്ങളോടെ അയാൾ ആ കടലാസെടുത്തു.
"പ്രിയപ്പെട്ട സഹദേവേട്ടന് ,
ഇന്നലെ രാത്രികൊണ്ട് എനിക്ക് ഉറപ്പായി  ഇനി ഒരിക്കലും നിങ്ങൾ നന്നാകില്ല എന്ന്. മദ്യം നിങ്ങളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു. ഇനിയും  പീഡനങ്ങൾ സഹിക്കാൻ  എനിക്ക് വയ്യ. പന്ത്രണ്ട് വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും ഒരു നൂറുവട്ടമെങ്കിലും ഞാൻ ശപഥം കേട്ടതാണ്. ഇനി തിരിച്ചില്ലെന്നു  തീരുമാനിച്ചു പോയപ്പോഴെല്ലാം,
 " മോളേ  നീയില്ലാതെ എനിക്ക് വയ്യ....വാ...നീ തിരിച്ചു വാ ...ഞാൻ നിന്റെ കാലു പിടിക്കാം. ഒരിക്കലും ഞാൻ ഇനി മദ്യപിക്കില്ല. സത്യം സത്യം ..."
എന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെ കർശനമായ വിലക്കുകൾ   വകവെയ്ക്കാതെ അപ്പോഴെല്ലാം  ഞാൻ തിരിച്ചു വന്നു. ആ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയമായിരുന്നു. എവിടെപ്പോയാലും തിരിച്ചെത്താതിരിക്കാൻ എനിക്കാവില്ലെന്നും. അതായിരുന്നു നിങ്ങളുടെ വിശ്വാസം . അതുകൊണ്ട് എന്ത് ക്രൂരതകൾ ചെയ്യാനും ഒരു മടിയുമില്ലെന്നായി.
  മദ്യം അകത്തു ചെല്ലുമ്പോൾ എവിടുന്നാണ് നിങ്ങളിൽ ചെകുത്താൻ ആവേശിക്കുന്നത് ??!!. മദ്യപിച്ചില്ലെങ്കിൽ നിങ്ങളുടെ  നന്മ എന്നോളം  മനസ്സിലാ ക്കിയവർ മറ്റാരുമില്ലല്ലോ.   പക്ഷേ അതൊക്കെ നീർക്കുമിളകൾ പോലെ തകർന്നടിയുന്നത് ഒരുപാടു സഹിച്ചു. കാരണമില്ലാതെ അടിയേല്ക്കുമ്പോൾ, തലമുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുമ്പോൾ , അതി നീചനായ ഒരു വിടനെപ്പോലെ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, ക്രൂരമായി ഭോഗിക്കുമ്പോൾ കണ്ണീർ വിഴുങ്ങി എല്ലാം സഹിച്ചത്, ആരോടും ഒന്നും പറയാതെ എല്ലാം തന്നിൽ ത്തന്നെ അമർത്തിവെച്ചത് സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും നഷ്ടമാകാതിരിക്കാനായി രുന്നു എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പോലും നിങ്ങൾക്കുണ്ടായില്ലല്ലോ.
   ഇനിയും വരില്ലെന്ന് പറഞ്ഞ് പോയപ്പോഴെല്ലാം നിങ്ങളുടെ ഒരു വിളി കേട്ട് ഓടിവന്നത്  തെറ്റായിപ്പോയി എന്ന് എനിക്ക് വ്യക്തമായും മനസ്സിലാകുന്നു. ഇനി അതുണ്ടാകില്ല. നിങ്ങൾക്ക് മതിവരുവോളം മദ്യപിക്കാം. തെരുവിൽ ഉടുതുണിയില്ലാതെ കിടന്നുറങ്ങാം. ആരോടും മെക്കിട്ടു കേറാം. അടികൊള്ളുകയോ ശിക്ഷ അനുഭവിക്കുകയോ എന്തുമാകാം. ഞാൻ ഒരു തടസ്സമാകില്ല. പക്ഷേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ ഇനി എനിക്ക് വയ്യ. ദൈവം എനിക്കൊരു കുഞ്ഞിനെ തന്നിരുന്നു.  കാലമെത്താതെ അതിനെ തിരിച്ചെടു ത്തത് എന്റെ ഭാഗ്യദോഷം. അല്ലാതെ മച്ചി എന്ന വിളികേട്ട് ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടതില്ല. എനിക്കൊരു ജോലിയുണ്ട്. അതിന്റെകൂടി  പങ്കുപറ്റിത്തന്നെയാണ് ഇത്രകാലം നമ്മൾ ഒന്നിച്ചു കഴിഞ്ഞത്. അല്ലാതെ എന്നെ തീറ്റിപ്പോറ്റിയാണ് നിങ്ങൾ കടക്കാരനായതെന്ന പരിഹാസം  കേൾക്കാനും ഞാൻ ബാദ്ധ്യസ്ഥയല്ല. മേലിൽ എന്നെ വിളിക്കരുത്. എന്റെ കാലുപിടിക്കാൻ വരരുത്.
        പക്ഷേ ഒന്ന് ഉറപ്പിച്ചോളു. നിങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയാണ്. നിങ്ങളെ തേടി എന്റെ ഡൈവേഴ്‌സ് നോട്ടീസ് എത്തും . എന്റെ ദേഹത്ത് വീണ ഓരോ മർദ്ദനത്തിനും നിങ്ങൾ മറുപടി പറയേണ്ടി വരും. എന്റെ ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ നിങ്ങളുടെ അന്തസ്സ് തകരും ...നിങ്ങളെ ഞാൻ ജയിൽ ശിക്ഷ അനുഭവിപ്പിക്കും. മദ്യത്തെ  ആദ്യഭാര്യയായിക്കരുതുന്ന നിങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പാഠമാകണം.  ഇത് എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർ അറിയാതിരിക്കാൻ എല്ലാം സഹിക്കുന്ന സഹോദരിമാർക്ക്, ഭാര്യമാർക്ക് ,അമ്മമാർക്കുള്ള എന്റെ സമർപ്പണമാണ്.
                                     -സുഷമ
തലേ രാത്രിയിലെ സംഭവങ്ങൾ, കിരാതമായ ചെയ്തികൾ, ക്രൂരമായ വാക്കുകൾ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ  മുന്നിൽ തെളിഞ്ഞൊഴുകുന്നത് കണ്ട് അയാൾ തരിച്ചിരുന്നു.