Monday, July 25, 2011

വാസുദേവന്‍ മറന്നു വച്ചത്‌

വാസുദേവന്‍ മറന്നു വച്ചത്‌
*********************

തിരക്കുള്ള ട്രെയിനിലേയ്ക്കു കയറും മുന്‍പ്‌ വാസുദേവന്‍ ഒന്നു കൂടി ഉറപ്പു വരുത്തി;ഒന്നും മറന്നിട്ടില്ല.
കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തു.
ഓഫീസുകളില്‍ കയറി ചെയ്യേണ്ടത്‌ ....
മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടത്‌....
സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നുംഎടുക്കാനുള്ളത്‌....
വസുമതിക്കു ഒരു ചുവന്ന ബ്ലൗസ്സിനുള്ള തുണി....
ലൗ ബേഡ്‌ സിനുള്ള തീറ്റ...
മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന്....

ഒരോന്നും കയ്യിലുണ്ടെന്നു തിട്ടപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ ആത്മ വിശ്വാസം വര്‍ദ്ധിച്ചു.
ഇന്നു വസുമതിയുടെ വഴക്കു കേള്‍ക്കേണ്ടി വരില്ല .അല്ലെങ്കില്‍ എന്നും എന്തെങ്കിലും കാരണം കണ്ടു പിടിച്ച്‌ വഴക്കുണ്ടാക്കുക എന്നത്‌ അവളുടെ സ്വഭാവമാണ്‌.

ചിലപ്പോള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടാലും അയാള്‍ ഓഫീസ്സില്‍ കയറാന്‍ മറന്നതിനാകും....
കൊണ്ടു പോയ ഉച്ചഭക്ഷണം കഴിക്കാന്‍ മറന്നു വല്ലാതെ വിശക്കുന്നു വസുമതി എന്നു അയാള്‍
പലപ്പോഴും വൈകുന്നേരം ആവലാതി പറഞ്ഞിട്ടുണ്ട്‌.അപ്പോഴെല്ലാമാണ്‌ അവളുടെ തനി രൂപം കാണാറുള്ളത്‌. .

വസുമതിയെ പറഞ്ഞിട്ടു കാര്യമില്ല.
അയാളുടെ മറവിയാണ്‌ എല്ലാറ്റിനും കാരണം.
അതോര്‍ക്കുമ്പോള്‍ തന്റെ നശിച്ച മറവിയെ അയാള്‍ ശപിക്കുകയും ചെയ്യും.

പലവട്ടം കൌണ്സിലിങ്ങിനെന്നും പറഞ്ഞ്‌ വാസുദേവനെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയിട്ടുണ്ടവള്‍.

പക്ഷെ ഡോക്ടറുടെ ഉപദേശങ്ങള്‍ കേട്ട ശേഷം അവള്‍ക്ക്‌ ഒരുപാടു മാറ്റം വന്നിട്ടുണ്ട്‌ എന്നത്‌ വാസുദേവനു സന്തോഷം ഉളവാക്കിയ കാര്യമാണ്‌.
നിരന്തരമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോള്‍ കുറവാണ്‌.മാത്രമല്ല തന്റെ കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നയാള്‍ ആശ്വസിച്ചു.

വെറുതെ ഇരിക്കാന്‍ അവള്‍ സമ്മതിക്കുകയേ ഇല്ല. എന്തെങ്കിലും വായിക്കണം അതിനുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുന്നതും അവളാണ്‌. വായിച്ച കാര്യങ്ങള്‍ ക്രമത്തില്‍ അവളോട്‌ പറയണം .ചെറുപ്പത്തില്‍ മകള്‍ സുഡോക്കുവും പദപ്രശ്നവുമൊക്കെ പൂരിപ്പിക്കുമ്പോള്‍ വെറുതെ സമയം കളയാതെ പഠിക്കെടി എന്ന് വഴക്കു പറഞ്ഞിരുന്ന വസുമതി ഇപ്പോള്‍ അയാള്‍ക്ക്‌ നേരം പോക്കിന്‌ എന്തെല്ലാം കളികളാണു പറഞ്ഞുകൊടുക്കുന്നത്‌.

ഓഫീസ്സു ജോലികളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ലല്ലൊ എന്നു പറഞ്ഞാണ്‌ അവള്‍ അയാളെ വോളണ്ടറി റിട്ടയര്‍മെന്റിനു നിര്‍ബന്ധിച്ചത്‌.തനിക്കത്ര കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു വിചാരം എങ്കിലും വസുമതിയെ അനുസരിക്കുന്നതില്‍ അപാകതയൊന്നും വാസുദേവനു തോന്നിയില്ല.
എന്നിട്ടും പലപ്പോഴും ഓഫീസില്‍ പോകുകയുണ്ടായി....മറവികൊണ്ടു തന്നെ....

പക്ഷെ ഇപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാനും മറക്കാതെ ഓരോന്നു ചെയ്യാനും നിരന്തരം പ്രോല്‍സാഹിപ്പിച്ച്‌ വസുമതി ഒരു വീട്ടമ്മയും കൂട്ടുകാരിയും ഡോക്ടറുമൊക്കെയായി തന്നോടൊപ്പമുള്ളതു കൊണ്ട്‌ താന്‍ തികച്ചും സാധാരണപോലെയാണ്‌ എന്നയാള്‍ കരുതി
ഇത്രയും നല്ല ഒരു ഭാര്യയെ തനിക്കു ലഭിച്ചതില്‍ അയാള്‍ തികച്ചും സംതൃപ്തനായിരുന്നു.തന്റെ ഭാഗ്യമാണവള്‍ എന്നയാള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

ഇരു കൈയ്യിലും സഞ്ചികള്‍ തൂക്കി നിമിഷങ്ങള്‍ മാത്രം സ്റ്റോപ്പുള്ള ഇലക്ട്രിക്‌ ട്രെയിനിന്റെ വാതിലിലെ ദ്വന്ദയുദ്ധത്തിനൊടുവില്‍ അയാളും ഉള്ളിലെത്തി.കാലുറപ്പിക്കാനിടമില്ലാത്ത തിരക്കിന്റെ അലകളില്‍ ഒരു പൊങ്ങു തടി പോലെ വാസുദേവന്‍ ഒഴുകി നടന്നു.അവസാനത്തെ സ്റ്റേഷനിലാണ്‌ ഇറങ്ങേണ്ടതെന്നതിനാല്‍ വാസുദേവനു ഉത്‌കണ്ഠ ഒന്നും തോന്നിയില്ല. തിരക്കില്‍പ്പെട്ട്‌ ഇറങ്ങേണ്ടാത്ത സ്റ്റേഷനില്‍ ഇറക്കപ്പെടാതിരിക്കാന്‍ അയാള്‍ ഉള്ളിന്റെ ഉള്ളിലേയ്ക്കു നീന്തി നീന്തി പോയി.

കയ്യിലെ സഞ്ചികള്‍ മുറുക്കെപ്പിടിച്ച്‌ എപ്പോഴോ കിട്ടിയ സീറ്റില്‍ അമരുമ്പോള്‍ അതു വരെ ഇല്ലാത്ത ഒരു ശങ്ക അയാളില്‍ ഉണര്‍ന്നു.

'താനെന്തോ മറന്നിരിക്കുന്നു'

എന്താണത്‌ എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ ഓര്‍മ്മ വന്നില്ല.കയ്യിലിരുന്ന തുണ്ടു കടലാസ്സില്‍ പിന്നെയും അയാള്‍ കണ്ണോടിച്ചു.സഞ്ചികളില്‍ അവയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു.എന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല .പിന്നിട്ട സ്റ്റേഷനുകളില്‍ അയാളുടെ സ്മരണയില്‍ കത്തി നിന്നത്‌ അതു മാത്രമായിരുന്നു.

എന്തോ താന്‍ മറന്നിരിക്കുന്നു....

വാങ്ങാനുള്ളവയുടെ ലിസ്റ്റ്‌.....കാണാനുള്ളവരുടെ പേരുകള്‍....ചെയ്യാനുണ്ടായിരുന കാര്യങ്ങള്‍.....പിന്നെയും ഓരോന്നായി ഇഴപിരിച്ചെടുത്തു നോക്കി.എന്നിട്ടും ഇല്ല ഒന്നും.
എന്തോ മറന്നുവെന്നത്‌ വെറും തോന്നലാകും...അങ്ങനെ വിശ്വസിക്കാന്‍ ആവതു ശ്രമിച്ചിട്ടും വീണ്ടും സുനാമിത്തിരകള്‍ പോലെ ആ ചിന്ത പൊന്തി വന്നു കൊണ്ടിരുന്നു...

താനെന്തോ മറന്നിരിക്കുന്നു എന്താണ്‌...എന്താണത്‌...?

ഒരു കൊച്ചു കുഞ്ഞിന്റെ ജിജ്ഞാസയും പരിഭ്രാന്തിയും വാസുദേവനില്‍ നുരകുത്തി.

ഏയ്‌...ഒന്നുമില്ല.താനിന്നു തികച്ചും സംതൃപ്തനാണ്‌...ഒരു കാര്യം പോലും മറക്കാതെ ചെയ്യാന്‍ കഴിഞ്ഞവന്‍...എന്തായാലും വസുമതിക്ക്‌ ഇന്ന് തന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തോന്നും.ഉറപ്പ്‌.

ശ്ശ്യേ....അല്ല ...എന്തോ ഒന്ന്....

പിന്നെയും അയാളുടെ ചിന്തയില്‍ ആ ദുരൂഹത അലറിക്കരഞ്ഞു.

മനസ്സിന്റെ സ്ലേറ്റില്‍ എഴുതിയും മായ്ച്ചും പലകാര്യങ്ങളും അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഒരിടത്തു പോലും ഒരു മങ്ങിയ ഓര്‍മ്മ കടന്നു വന്നില്ല.
എന്നിട്ടും അയാളുടെ ഉള്ളില്‍ ആരോ ചൊറിഞ്ഞു കൊണ്ടിരുന്നു
എന്താണ്‌...എന്താണു മറന്നത്‌...?

അരെ ഭായ്‌ ക്യാ...?ആപ്‌ ഗാഡീസെ നഹി ഉതര്‍ രഹെംഗെ...??
സഹോദര....താങ്കള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ലേ...?

ഓട്ടം നിലച്ച ട്രെയിനിന്റെ വാതിലുകള്‍ ലോക്കു ചെയ്യാനെത്തിയ ആള്‍ വിളിച്ചുണര്‍ത്തി ചോദിച്ചപ്പോള്‍ വാസുദേവനു സ്ഥലകാല ബോധം ഉണ്ടായി.
അതു വരെയുണ്ടായിരുന്ന തോന്നലിന്റെ അര്‍ഥം അയാള്‍ വെറുതെ ഊഹിച്ചു.
ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ മറന്നതാണ്‌.

ഉള്ളിലുണര്‍ന്ന ചിരിയോടെ അയാള്‍ വേഗം പുറത്തിറങ്ങി.
പതിവിനു വിപരീതമായി സ്റ്റേഷന്റെ വിജനത കണ്ട്‌ അയാള്‍ക്ക്‌ തെല്ലു പരിഭ്രമമുണ്ടായി.
തനിക്കു വേണ്ടി മാത്രം ഓടിയ വണ്ടിയൊ?
ആയിരിക്കില്ല.വണ്ടിയില്‍ നിന്നിറങ്ങിയവരെല്ലാം തിരക്കിട്ടു പോയതാകും
താന്‍ എത്ര നേരം ഉറങ്ങിയെന്നറിയില്ലല്ലൊ.
എന്തായാലും പേടിക്കാനൊന്നുമില്ല.
ഇരുപതു മിനുട്ട്‌ നടന്നാല്‍ ഫ്ലാറ്റിലെത്താം.
പകല്‍ വെളിച്ചത്തില്‍ എന്നപോലെയാണ്‌ ഇടവഴികള്‍ എല്ലാം.

ആള്‍ത്തിരക്കിലും അനുഭവപ്പെട്ട അതേ ഏകാന്തതയോടെ വാസുദേവന്‍ നടന്നു.
അയാളുടെ മനസ്സപ്പോള്‍ എന്നത്തേക്കാള്‍ ശാന്തമായിരുന്നു;വീട്ടിലെത്തുമ്പോള്‍ ഉള്ള ആനന്ദം അനുഭവിച്ചു തുടങ്ങിയ പോലെ.
അതുകൊണ്ടു തന്നെ ലിഫ്റ്റിനു കാത്തു നില്‍ക്കാതെ ആറാം നിലയിലെ തന്റെ ഫ്ലാറ്റിലേയ്ക്ക്‌ അയാള്‍ നടന്നു കയറി. മുകളിലെത്തുമ്പോഴും അയാള്‍ക്കു തളര്‍ച്ച തോന്നിയില്ല.
വസുമതിയോടു തന്റെ വീരകഥകള്‍ പറയാനും അവളുടെ അഭിനന്ദനം ഏറ്റു വാങ്ങാനുമുള്ള ആവേശത്തിലായിരുന്നു അയാള്‍.

ചുമരിലെ സ്വിച്ചില്‍ വിരലമര്‍ത്തി
അയാള്‍ കാത്തു നിന്നു
പലവട്ടം അകത്തു മണിയടി ശബ്ദം മുഴങ്ങിയിട്ടും വസുമതി വാതില്‍ തുറക്കാതെ വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം അയാള്‍ക്ക്‌ നഷ്ടമായി.

"വസൂ..."

അല്‍പം ശബ്ദമുയര്‍ത്തിത്തന്നെ വാസുദേവന്‍ ഭാര്യയെ വിളിച്ചു.
വാതിലില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു....
എന്നിട്ടും മറുപടി കിട്ടാഞ്ഞ്‌ അയാളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.വാതിലിലെ ഇടിക്കു ശക്തി കൂടുകയും വായില്‍ തോന്നിയ ചീത്തവാക്കുകള്‍ ഭാര്യയെ വിളിക്കുകയും ചെയ്തു....

"അച്ഛാ..."

മകളുടെ കരച്ചിലാണ്‌ അയാളെ പിന്തിരിപ്പിച്ചത്‌.ഞെട്ടിയുണര്‍ന്നു അയാള്‍ മകളെ നോക്കി.

"എന്താ ഇത്രേം വൈകിയത്‌....?
ഞാന്‍ പേടിച്ചു പോയി".

"വൈകിയോ..?ഇതെല്ലാം വാങ്ങിയപ്പോഴേയ്ക്കും സമയം ആയതാ...."

"ഇന്നലെ എല്ലാം വാങ്ങിയതല്ലെ...പിന്നെന്തിനാ ഇന്നും അച്ഛന്‍....? "

മകളുടെ കണ്ണുനീര്‍ കണ്ട്‌ അയാള്‍ക്കും സങ്കടം വന്നു....

"നീയെവിടെപ്പോയതാ....?"

" അപ്പുറത്തെ നിലീനാന്റിയുടെ അടുത്ത്‌.ഞാന്‍ തനിച്ചായതോണ്ട്‌ ആന്റി എന്നെ വിളിച്ചോണ്ടു പോയതാ."

"തനിച്ചൊ? അപ്പോള്‍ നിന്റെ അമ്മയെന്ത്യേടി?വല്ലോന്റേം കൂടെപ്പോയോ?"

മകളുടെ മുഖം അമ്പരപ്പില്‍ വിടരുന്നതു കണ്ട്‌ വാസുദേവനു ശങ്ക തോന്നി..

"എന്താടി...?"
അയാള്‍ തിമട്ടി.

"അമ്മയ്ക്കു പനികൂടുതലായിട്ട്‌ ഹോസ്പിറ്റ ലിലേയ്ക്ക് അച്ഛന്റെ കൂടെയല്ലേ വന്നേ.... അമ്മ എന്ത്യേ അച്ഛാ..."

അവളുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയാളെ പരിഭ്രാന്തനാക്കി.

വസുമതി....!ഒരു നിമിഷം അയാള്‍ ഓര്‍മ്മയില്‍ പരതി....
ഡോക്ടറെ കണ്ടു.മരുന്നിനു കുറിച്ചു തന്നു.ഒരു ഇഞ്ജെക്ഷന്‍ എടുക്കുകയും ചെയ്തു....
അഡ്മിറ്റാകണമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിച്ചു കൊണ്ടു പോന്നതാണ്‌.

പിന്നെ....പിന്നെ....
ക്ഷീണം തോന്നുന്നു എന്നു പറഞ്ഞ്‌ സ്റ്റേഷനിലെ ബെഞ്ചില്‍ ഇരുന്നവള്‍....അവള്‍ക്കു വെള്ളം വാങ്ങാന്‍ നീങ്ങിയതാണു താന്‍....ഇപ്പോള്‍ വരാം എന്നു പറഞ്ഞിരുന്നു. അവിടെത്തന്നെ ഇരിക്കണം എന്നും.

ഒന്നും രണ്ടുമല്ല അഞ്ചു സ്റ്റേഷനുകള്‍ക്കപ്പുറത്ത്‌....

അയ്യോ...എന്തോ മറന്നു എന്നു തോന്നിയത്‌ അപ്പോള്‍ അതായിരുന്നു....തന്റെ ഭാര്യ...!

മതിഭ്രമം ബാധിച്ചവനേപ്പോലെ കയ്യിലിരുന്ന സഞ്ചികള്‍ വലിച്ചെറിഞ്ഞ്‌ അയാള്‍ ഇറങ്ങിയോടി.ഇരുപതു മിനുട്ടുകൊണ്ട്‌ നടന്നെത്താവുന്ന ദൂരം അഞ്ചുമിനുട്ടില്‍ ഒതുക്കി താനിറങ്ങിയ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു യാഥാര്‍ഥ്യം അയാളെ തുറിച്ചു നോക്കി.
ഇനി പുലരും വരെ ട്രെയിനുകളില്ല....

വസുമതിയേക്കുറിച്ചുള്ള ഓര്‍മ്മ അയാളെ അടിമുടി പൊള്ളിച്ചു.

നില്‍ക്കപ്പൊറുതിയില്ലാതെ അയാള്‍ റെയില്‍പ്പാളത്തിലൂടെ ഓടിക്കൊണ്ടേയിരുന്നു......