Saturday, November 13, 2010

രോഗി.

രോഗി.


ഓഫീസില്‍ നിന്നും വൈകുന്നേരം പതിവിലും നേരത്തെ വീട്ടിലെത്തുമ്പോള്‍ ശശാങ്കന്‍ ക്ഷീണിതനായിരുന്നു.പകലത്തെ ജോലിത്തിരക്കിന്റെ സമ്മര്‍ദ്ദം.ഒന്നുറങ്ങിയാല്‍ക്കൊള്ളാമെന്ന തോന്നലില്‍ ഡ്രസ്സ്‌ മാറ്റുക പോലും ചെയ്യാതെ അയാള്‍ സോഫയിലേയ്ക്കു ചാഞ്ഞു.വലതു കൈത്തണ്ടകൊണ്ട്‌ കണ്ണുകള്‍ക്കു മുകളിലെ പകല്‍ വെളിച്ചം മറച്ച്‌ സുഖമായ ആ കിടപ്പില്‍ ഉറക്കം കടന്നു വരാന്‍ ഒട്ടും അമാന്തം കാണിച്ചില്ല.

"അയ്യോ..ശശാങ്കേട്ടാ...എന്താ പറ്റീത്‌....?"
സുജാതയുടെ പരിഭ്രാന്തമായ ശബ്ദം അയാളുടെ ഉറക്കം മുറിച്ചു.കണ്ണിനു മുകളിലെ ഭാരം മാറ്റി അവളെ നോക്കി പുഞ്ചിരിച്ച്‌ അയാള്‍ മൊഴിഞ്ഞു.

"ഒന്നുമില്ലെടൊ...വെറുതെ കിടന്നതാ."

അവളുടെ മുഖം തെളിഞ്ഞില്ല.സാധാരണ ഇങ്ങനെ ക്ഷീണം കാണാറുള്ളതല്ല.ഓഫീസില്‍ എത്ര ജോലിത്തിരക്കുണ്ടായാലും വീട്ടിലെത്തിയാല്‍പ്പിന്നെ ഉല്ലാസവാനാണയാള്‍.പിന്നെന്തെ ഇന്നിങ്ങനെ..?
ചൂടു ചായ പകര്‍ന്നു കൊടുക്കുമ്പോള്‍ സുജാത തിരക്കി.
"വല്ലാതെ ക്ഷീണം തോന്നുന്നുണ്ടോ? ഡോക്ടറെ കണ്ടാലോ...?
ശശാങ്കന്‍ ചിരിച്ചു.പക്ഷെ ഇടയ്ക്കിടെ അവള്‍ ചോദിച്ചു കൊണ്ടിരുന്നു.
"ഓഫീസില്‍ വച്ച്‌ വിഷമം തോന്നിയോ....?തലവേദനയുണ്ടോ...?ദാഹം തോന്നുന്നുണ്ടോ..?"

സഹികെട്ടപ്പോള്‍ അവളുടെ കവിളത്തൊന്നു നുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട്‌ അയാള്‍ പറഞ്ഞു.
"നീയെന്നെ വെറുതെ ഒരു രോഗിയാക്കല്ലെ പെണ്ണേ....."

പക്ഷെ ,സുജാതയുടെ മനസ്സില്‍ അസ്വസ്ഥത പടര്‍ന്നു.പെട്ടെന്നിങ്ങനെ ക്ഷീണം തോന്നാന്‍ കാരണമില്ലാതിരിക്കുമോ? ഈയിടെയായി ശശാങ്കന്റെ ശരീരം അല്‍പം മെലിഞ്ഞിട്ടുണ്ട്‌.രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോയാണു തൂക്കം കുറഞ്ഞത്‌.

അതേപ്പറ്റി പറഞ്ഞപ്പോഴും നിസാരമായ മറുപടി.പത്തു കിലോയെങ്കിലും കുറയ്ക്കാനാ കഷ്ടപ്പെട്ട്‌ വ്യായാമം ചെയ്യുന്നത്‌ എന്ന്.വ്യായാമം ചെയ്യുമ്പോഴുള്ള കഷ്ടപ്പാട്‌ അവളും കാണുന്നുണ്ട്‌.
വിയര്‍ത്തൊഴുകി അവശനേപ്പോലെ...

അത്‌ അവളുടെ തോന്നലാണെന്നാണ്‌ ശശാങ്കന്‍ പറയുക.
ശരീരത്തിലെ മസ്സിലുകള്‍ പെരുപ്പിച്ചു കാട്ടി അയാള്‍ ചോദിക്കും.
" എന്താ... അരക്കൈ നോക്കുന്നോ..?"

എന്നാലും സുജാതയുടെ ശങ്ക തീരില്ല.ശശാങ്കന്റെ മുഖം ഒന്നു വാടുന്നതു പോലുമവള്‍ക്ക്‌ സഹിക്കില്ല.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ തീരുമാനം അറിയിച്ചു.

"നാളെ രാവിലെ പോയി രക്തമൊന്നു പരിശോധിപ്പിക്കണം നാല്‍പ്പത്തിയഞ്ചു കഴിഞ്ഞാല്‍ പിന്നെ ഷുഗറും പ്രഷറുമൊക്കെ വാരാനുള്ള സാദ്ധ്യതയുണ്ടെന്നെ.."

ശശാങ്കന്‍ ഉറപ്പിച്ചു പറഞ്ഞു.
"ഇപ്പോള്‍ അതിന്റെ ആവശ്യമില്ല.എന്റെ ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ല.നീ കിടന്നുറങ്ങ്‌"

അയാളുടെ അലസഭാവം അവളെ നിരാശപ്പെടുത്തി.
അപ്പോള്‍ മറുപടി പറഞ്ഞില്ലെങ്കിലും രാവിലെ അവള്‍ പതിവു ചായ ശശാങ്കനു നല്‍കിയില്ല.
അയാള്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അറിയിച്ചു.

"ഫാസ്റ്റിങ്ങില്‍ വേണം രക്തം പരിശോധിപ്പിക്കാന്‍.ശശാങ്കേട്ടന്‍ കുറച്ചു നേരത്തെ പോ.ലാബില്‍ കയറി രക്തം കൊടുത്തിട്ട്‌ ഓഫീസില്‍ പോയാല്‍ മതി.ലാബിനു താഴെയുള്ള റസ്റ്റോറന്റില്‍ നിന്നും ഇന്നത്തെ ബ്രേക്‌ഫാസ്റ്റ്‌ ആകാം."

അവളുടെ വാക്കുകള്‍ നിരസിക്കാന്‍ അയാള്‍ക്കു തോന്നിയില്ല.സ്നേഹപൂര്‍വമുള്ള അപേക്ഷയാണ്‌.
ഒന്നു ടെസ്റ്റ്‌ ചെയ്യുന്നതു കൊണ്ട്‌ കുഴപ്പമൊന്നും ഇല്ലല്ലൊ.

ലാബില്‍ എല്ലാ ടെസ്റ്റിനുമുള്ള രക്തം നല്‍കി റിസള്‍ട്ട്‌ വാങ്ങാന്‍ പിന്നെ വരാം എന്നു പറഞ്ഞാണയാള്‍ ഓഫീസിലേയ്ക്കു പോയത്‌.പക്ഷേ വൈകുന്നേരം മടങ്ങി വരുമ്പോള്‍ അയാള്‍ അക്കാര്യം മറന്നു.

കാത്തു നിന്ന സുജാത ശശാങ്കനെ കുറ്റപ്പെടുത്തി.എന്തായാലും നാളെ റിസള്‍ട്ട്‌ വാങ്ങി ഡോക്ടറേയും കണ്ടിട്ടുവന്നാല്‍ മതി എന്ന് അവള്‍ നിര്‍ബന്ധിച്ചു പറഞ്ഞു.കുറേനാളായി സൂചിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം കൂടി ഡോക്ടറെ കാണുന്നതിന്റെ ആവശ്യപ്പട്ടികയില്‍ അവള്‍ എഴുതിച്ചേര്‍ത്തു.ഈ മറവി..!
'തന്മാത്ര' സിനിമ കണ്ടതിനു ശേഷമാണ്‌ അക്കാര്യത്തില്‍ അവളുടെ ശങ്ക വര്‍ദ്ധിച്ചത്‌.
അവള്‍ പറഞ്ഞ സാധനം വാങ്ങാന്‍ മറന്നു എന്നു പറഞ്ഞാല്‍,,,,ഏതെങ്കിലും വസ്തുക്കള്‍ എവിടെയാണു വച്ചിരിക്കുന്നതെന്നന്വേഷിച്ചാല്‍...അപ്പോള്‍ തുടങ്ങും ഈശ്വരനോടുള്ള അവളുടെ ആവലാതി.

"ഈശ്വരാ...എന്തേ ശശാങ്കേട്ടനു പറ്റീത്‌...?എങ്ങനെ മറവിയായാല്‍ പിന്നെ എന്താ..ചെയ്യുക..?"

ഡോക്ടറെ കാണാന്‍ പലപ്രാവശ്യം അവള്‍ സൂചിപ്പിച്ചതും നിര്‍ബ്ബന്ധിച്ചതുമാണ്‌.
പക്ഷെ ഇത്തരത്തിലുള്ള അവളുടെ ശങ്കയും വെപ്രാളവും അയാള്‍ ചിരിച്ചു കൊണ്ട്‌ തള്ളുകയേയുള്ളു.

ഇന്നും ഇന്നലെയുമല്ല അവളെ അയാള്‍ അറിയാന്‍ തുടങ്ങിയിട്ട്‌.രണ്ടു വ്യാഴവട്ടം കഴിഞ്ഞു.
ഒരു നിസാര പ്രശ്നം കിട്ടിയാല്‍ മതി അതു പെരുപ്പിച്ചു പര്‍വതമാക്കാന്‍ മിടുമിടുക്കിയാണവള്‍.
മക്കളുടെ കാര്യം ആയാലും ഭര്‍ത്താവിന്റെ കാര്യമായാലും എന്തിന്‌ സ്വന്തം കാര്യം ആയാലും അതിനു മാറ്റമില്ല. കറിക്കരിയുമ്പോള്‍ അവളുടെ കൈവിരലൊന്നു പോറിയാല്‍ മതി ,
"ടി ടി ഇഞ്ചക്‌ഷന്‍ എടുക്കേണ്ടേ ശശാങ്കേട്ടാ...ഇല്ലേല്‍ സെപ്റ്റിക്‌ ആകും"
എന്നാകും പറച്ചില്‍.

മക്കള്‍ പതിവിനു വിപരീതമായി ഒന്നു തുമ്മിയാല്‍...ഉണരാന്‍ അല്‍പം വൈകിയാല്‍...
ഉറങ്ങാന്‍ കൂട്ടാക്കാതെ കളിച്ചു നടന്നാല്‍പ്പോലും സുജാതയുടെ നെഞ്ചിടിപ്പു കൂടും.
എന്തോ കാര്യമായ അസുഖം ഉണ്ടെന്നാണവള്‍ പറയുക.

കല്ല്യാണം കഴിഞ്ഞു മൂന്നു നാലു മാസത്തിനകം തലചുറ്റലും ശര്‍ദ്ദിലും വന്ന് സുജാത കരഞ്ഞു വിളിച്ചത്‌ ഇന്നും ശശാങ്കന്റെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ഓര്‍മ്മയാണ്‌.

"എന്നെ ആസ്പത്രിയില്‍ കൊണ്ടുപോ ശശാങ്കേട്ടാ...ഞാന്‍ മരിച്ചു പോകും"
എന്നു പറഞ്ഞായിരുന്നു അവളുടെ നിലവിളി...

ആസ്പത്രിയില്‍ വച്ച്‌ ഡോക്ടര്‍ കളിയാക്കിയപ്പോഴാണ്‌ അവള്‍ക്ക്‌ അബദ്ധം മനസ്സിലായത്‌.
ലജ്ജയില്‍ മൂടിയ ആ മുഖം ഇപ്പോഴും ശശാങ്കന്റെ മനസ്സിലുണ്ട്‌.

ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടിയാണ്‌ അവളുടെ ജീവിതം...അവര്‍ക്ക്‌ നല്ല ഭക്ഷണം ഉണ്ടാക്കി ക്കൊടുക്കാനും.. വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടു കൊടുക്കാനും.. ..കുട്ടികളുടെ പഠിപ്പില്‍ ശ്രദ്ധിക്കാനുമെല്ലാം സമര്‍ഥയായ ഒരു നല്ല കുടുംബിനി.സുജാത എന്ന പേര്‌ അവള്‍ക്ക്‌ ജനിക്കും മുന്‍പേ ഈശ്വരന്‍ കണ്ടു വച്ചിരുന്നതാണെന്നു ശശാങ്കനു തോന്നാറുണ്ട്‌.

എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന ഭാര്യയെ അയാള്‍ ജീവനേക്കാള്‍ സ്നേഹിച്ചു.
അതുകൊണ്ടു തന്നെ കര്‍ശനമായ ഒരു തീരുമാനവും അവള്‍ക്കെതിരെ അയാള്‍ ഇന്നോളം കൈക്കൊണ്ടിട്ടില്ല.
അവളുടെ ആഗ്രഹങ്ങളും ശാഠ്യങ്ങളും പലതും കണ്ടെന്നും കണ്ടില്ലെന്നും നടിച്ച്‌ കേട്ടെന്നും കേട്ടില്ലെന്നും നടിച്ച്‌ സൗഹാര്‍ദ്ദപൂര്‍വം ജീവിച്ചു.തിരിച്ചറിവായപ്പോള്‍ മക്കളും അയാളുടെ വഴി സ്വീകരിച്ചു.തികച്ചും സ്വസ്ഥവും സമാധാനവുമുള്ള ജീവിതം.സുജാതയെ ഭാര്യയായി കിട്ടിയതാണ്‌തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നു ശശാങ്കന്‌ ഉറപ്പുണ്ടായിരുന്നു.

"ശശാങ്കേട്ടാ...ഇന്നു മറക്കാതെ ടെസ്റ്റ്‌ റിസള്‍ട്ട്‌ വാങ്ങണേ..."

ഓഫീസിലേയ്ക്ക്‌ ഇറങ്ങുമ്പോള്‍ മാത്രമല്ല ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ഫോണ്‍ ചെയ്തും അവള്‍ ഓര്‍മ്മിപ്പിച്ചു.

ലാബില്‍ നിന്നും റിസള്‍ട്ടു വാങ്ങിയപ്പോള്‍ പരിചയക്കാരനായ ടെക്‌നീഷന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഒരു പ്രശ്നവും ഇല്ല സാര്‍,എല്ലാം നോര്‍മ്മല്‍ .ഒരല്‍പം ഷുഗര്‍ കാണുന്നുണ്ട്‌.അതിമധുരം ഒഴിവാക്കിയാല്‍ മാത്രം മതി".

ശശാങ്കന്റെ മനസ്സില്‍ തണുപ്പു വീണു. സുജാതയുടെ ശങ്ക അല്‍പം തന്നിലേയ്ക്കു പകര്‍ന്നുവോ എന്ന്
അയാള്‍ക്കു തോന്നിയിരുന്നു. അതു മറ്റാനായി കൂടിയാണ്‌ സുജാതയുടെ നിര്‍ബ്ബന്ധം എന്ന നിലയില്‍ അയാള്‍ രക്തം പരിശോധിപ്പിച്ചത്‌.
തന്റെ ആരോഗ്യത്തിനു യാതൊരു തകരാറും ഇല്ലെന്ന് ശശാങ്കന്‌ അറിയാം .കുന്നുകള്‍ ഓടിക്കയറിയാല്‍ കിതയ്ക്കുന്നത്‌ ഒരു രോഗമാണോ? ജോലി ചെയ്തു തളരുമ്പോള്‍ ശരീരം അല്‍പം വിശ്രമം ആവശ്യപ്പെടുന്നത്‌ രോഗമാണോ?
ഇടയ്ക്കൊരു ജലദോഷം...ചെറിയ ഒരു പനി...കൊച്ചു തലവേദന...ഒരു പുളിച്ചു തികട്ടല്‍...
ഇതൊക്കെ സാധാരണം...മരുന്നു പോലും വേണ്ടാത്ത രോഗങ്ങള്‍...
ഇതെങ്കിലും ഇല്ലെങ്കില്‍ ആരോഗ്യത്തിന്റെ സംതൃപ്തി കിട്ടില്ലല്ലൊ.
പക്ഷെ സുജാതയുടെ മുന്നില്‍ ഈ ന്യായവാദങ്ങള്‍ വെറുതെയായി.
കേട്ടതേ ടെക്‌നീഷനെ ചീത്തപറയുകയാണവള്‍ ചെയ്തത്‌.

"ഓനെപ്പഴാ...ഡോക്ടറായത്‌...?!ഓന്റെ വാക്കു കേട്ടിട്ട്‌ ശശാങ്കേട്ടന്‍ ഡോക്ടറെ കാണാതിരിക്കരുത്‌.നാളെത്തന്നെ ഡോക്ടറെ കാണണം".

അവളുടെ സ്വരത്തിലെ ഉത്‌കണ്ഠ അയാളെ രസിപ്പിച്ചു.
"എന്താവശ്യത്തിനാടോ...?ടെക്‌നീഷനെ വിട്‌.നമുക്കു നോക്കിയാലും മനസ്സിലാക്കാവുന്ന റിസള്‍ട്ട്‌ അല്ലേ ഇത്‌...?"
അവള്‍ സമ്മതിച്ചില്ല.
"ഇത്‌ ഒന്നോ രണ്ടോ കാര്യങ്ങള്‍ അല്ലല്ലൊ.ചിലത്‌ നില്‍(nil) ആണ്‌.ചിലത്‌ 20000 എന്നൊക്കെ എഴുതിയിരിക്കുന്നതു കണ്ടോ...അതൊക്കെ വേണ്ടതാണോ അത്രയും എണ്ണം മതിയോ എന്നൊക്കെ ഡോക്ടര്‍ക്കല്ലേ അറിയു...പിന്നെ ഷുഗര്‍...60-110 എന്നതില്‍ ശശാങ്കേട്ടന്‌ 114 ആണ് . അത് കൂടുതല്‍ തന്നല്ലേ...അതുകൊണ്ട്‌ ഒഴികഴിവൊന്നും വേണ്ട...നാളെ ഡോക്ടറെ കാണണം...ഞാനും വരാം "

ശശാങ്കന്‍ മറുപടി പറഞ്ഞില്ല.ഇനി ഡോക്ടര്‍ക്കു ഒരു തുക നേര്‍ച്ചയിട്ടാലേ സുജാതയ്ക്കു തൃപ്തിയാകു...
പോട്ടെ...അവളുടെ താല്‍പ്പര്യമല്ലേ... ഡോക്ടറുടെ വാക്കു കേട്ടാലേ വിശ്വാസമാകുകയുള്ളു എങ്കില്‍ അങ്ങനെ തന്നെ ആകാം...

പിറ്റേന്ന് ഓഫീസു വിട്ടു വരുമ്പോള്‍ ടൗണിലെ ബേയ്ക്കറിക്കു മുന്നില്‍ സുജാത കാത്തു നിന്നിരുന്നു.
പ്രശസ്തനായ ഡോക്ടറുടെ ക്യാബിനു വെളിയില്‍ ഊഴവും കാത്തിരിക്കുമ്പോള്‍ ശശാങ്കന്‍ പറഞ്ഞു...

"വെറുതെ സമയം കളയുകയാ സുജു...നമുക്കു വീട്ടിലേയ്ക്കു പോകാം."
സുജാത സമ്മതിച്ചില്ല.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവരുടെ ഊഴമായി. ഡോക്ടറുടെ മുന്നിലിരിക്കുമ്പോള്‍ ശശാങ്കന്‌ ജാളൃത തോന്നി. എന്ത്‌ ആരോഗ്യപ്രശ്നങ്ങളാണ്‌ ഡോക്ടറോടു പറയാനുള്ളത്‌..?
അവള്‍ അതിനു പരിഹാരം കണ്ടു. ഡോക്ടര്‍ ചോദിക്കും മുന്‍പ്‌ അവള്‍ വാചാലയായി.

"ശശാങ്കേട്ടനു കുറച്ചു ദിവസമായി ഭയങ്കര ക്ഷീണമാണ്‌ ഡോക്ടര്‍..എപ്പോഴും ഉറക്കം തൂങ്ങുന്നു...
രണ്ടു മാസത്തിനിടയില്‍ മൂന്നു കിലോ തൂക്കമാണ്‌ കുറഞ്ഞത്‌...ഭക്ഷണവും വേണ്ടത്ര കഴിക്കുന്നില്ല...."

ഡോക്ടര്‍ സൗമ്യമായി സുജാതയെ തടഞ്ഞു.
"ഇദ്ദേഹം പറയട്ടെ."
ശശാങ്കനെ നോക്കി ഡോക്ടര്‍ ചോദിച്ചു.
"ഇപ്പറഞ്ഞതാണോ പ്രശ്നം..?"
ശശാങ്കന്‍ ചിരിച്ചു.
"എനിക്കൊരു പ്രശ്നവും ഇല്ല ഡോക്ടര്‍..പക്ഷേ.."
സുജാത ഇടയില്‍ കടന്നു.
"ഇതാ ഡോക്ടര്‍ ഞാന്‍ തന്നെ പറഞ്ഞത്‌..ഈ ശശാങ്കേട്ടന്‍ ഒന്നുമില്ലെന്നേ എപ്പഴും പറയൂ..."

ഡോക്ടറുടെ ചുണ്ടില്‍ ചിരിയൂറി.
"ശരി. ഞാനൊന്നു നോക്കട്ടെ.."

ഡോക്ടര്‍ ശശാങ്കന്റെ നെഞ്ചിലും പുറത്തും സ്റ്റെതസ്കോപ്‌ വച്ച്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ചു.ശ്വാസം വലിച്ചു വിടാന്‍ ഇടയ്ക്കു നിര്‍ദ്ദേശിച്ചു. പള്‍സ്‌ റേറ്റ്‌ കണക്കാക്കി.കണ്‍പോളകള്‍ വിടര്‍ത്തി നോക്കി. ചെറിയ ടോര്‍ച്ച്‌ തെളിച്ച്‌ മൂക്കിനുള്ളില്‍ നോക്കി.പ്രഷര്‍ അളന്നു.പരിശോധനാമുറിയുടെ അരികില്‍ കര്‍ട്ടനപ്പുറമുള്ള കട്ടിലില്‍ കിടത്തി പൊക്കിളിനിരുവശത്തും ഞെക്കി നോക്കി.ചെറിയ ചുറ്റിക കൊണ്ട്‌ മെല്ലെ തട്ടി,കാല്‍ മുട്ടുകള്‍ മടക്കി നിവര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.

പരിശോധന കഴിഞ്ഞ്‌ തിരിച്ചു വന്ന് ഡോക്ടര്‍ അവളോടു ചോദിച്ചു...
"കിടക്കറയില്‍ ആളെങ്ങനെ..?"

ഉത്‌കണ്ഠയോടെയിരുന്ന അവളുടെ കവിളിണയില്‍ പെട്ടെന്നു ചുവപ്പു രാശി പടര്‍ന്നു.
ഭാവം വീണ്ടെടുത്ത്‌ അവള്‍ ശശാങ്കനെ തോണ്ടി.അയാള്‍ തിരിഞ്ഞപ്പോള്‍ പോക്കറ്റില്‍ നിന്നും അവള്‍ തന്നെ ടെസ്റ്റ്‌ റിസല്‍ട്ട്‌ എടുത്ത്‌ ഡോക്ടര്‍ക്കു നീട്ടി.

"എന്താണിത്‌?"
ഡോക്ടര്‍ ആകാംക്ഷയോടെ നോക്കി
"ആരാണ്‌ ടെസ്റ്റിനു റഫര്‍ ചെയ്തത്‌...?"
അയാള്‍ ശശാങ്കനോടു തിരക്കി.

'ഡോക്ടര്‍ സുജാത 'എന്നൊരു തമാശ പറയാന്‍ ശശാങ്കനു തോന്നി.
റിസള്‍ട്ടിലൂടെ കണ്ണോടിച്ച്‌ ഡോക്ടര്‍ സുജാതയെ നോക്കി ചിരിച്ചു.

"നോ പ്രോബ്ലം...ഹി ഈസ്‌ ഓള്‍ റൈറ്റ്‌.പിന്നെ...ആവശ്യമില്ലാത്ത ടെസ്റ്റുകളും സ്വയംചികിത്സയും...!വിദ്യാഭ്യാസമുള്ളവരും ഇതു തുടരുന്നതു കാണുമ്പോഴാ...
ഇതൊക്കെ ഒഴിവാക്കാവുന്നതല്ലേ ശശാങ്കന്‍...!?"

വീട്ടിലെത്തിയതേ സുജാത ഇടഞ്ഞു.
"അയാള്‌ തീരെ ശരിയല്ല ശശാങ്കേട്ട...വഷളന്‍..!നമുക്കു മറ്റൊരു ഡോക്ടറെ കാണാം ."

ശശാങ്കനത്‌ കേട്ടതായി ഭാവിച്ചില്ല.ഒന്നു രണ്ടു ദിവസം അവളുടെ ചിന്തയില്‍ അതു പുകഞ്ഞു കിടന്നു.
മറവിയുടെകാര്യം പറഞ്ഞില്ലെന്ന ഓര്‍മ്മ വന്നപ്പോഴാണ്‌ അവളുടെ ചിന്ത മാറിയത്‌.

"ശശാങ്കേട്ട ...ഡോക്ടറോട്‌ ഒരു കാര്യം പറയാന്‍ മറന്നു..."
ശശാങ്കന്‍ ചിരിച്ചതേ ഉള്ളു. പിന്നെ പറഞ്ഞു.

"ആ രോഗം ശരിക്കും നിനക്കു തന്നെയാ.അതുകൊണ്ട്‌ സുജു നീ തന്നെ മരുന്നു വാങ്ങ്‌..."

അയാളത്‌ തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവളതു കാര്യമായെടുത്തു.പിറ്റേന്നു തന്നെ അവള്‍ തനിയെ പോയി മറ്റൊരു ഡോക്ടറെ കണ്ടു.അവള്‍ക്ക്‌ അയാളെ നന്നായി ഇഷ്ടപ്പെട്ടു. മറവി രോഗത്തിന്‌ അയാള്‍ നിര്‍ദ്ദേശിച്ച ചികിത്സ ബ്രഹ്മി അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ കഴിക്കു ക എന്നതായിരുന്നു. പിറ്റേന്നു മുതല്‍ രാവിലത്തെ ചായക്കു പകരം അയാള്‍ക്കും കിട്ടി ബ്രഹ്മിപ്പാല്‍.

അവളുടെ പുതിയ ഭക്ഷണ ക്രമങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നു എങ്കിലും അയാള്‍ വെറുപ്പൊന്നും കാണിച്ചില്ല. എന്നാല്‍ പതിവില്ലാതെ വായനയിലും പഠിപ്പിലും സുജാത കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അയാള്‍ ശ്രദ്ധിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍...രോഗവും ചികിത്സയും...പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...പ്രമേഹ രോഗികളുടേ ഭക്ഷണക്രമം..തുടങ്ങിയ പുസ്തകങ്ങളും ബുക്‌ലെറ്റുകളും.

"ഇതെന്തിനാ നീ വായിച്ചു പഠിക്കുന്നത്‌..?"
അയാള്‍ക്ക്‌ ആകാംക്ഷ അടക്കാനായില്ല.

"ഇതില്‍ ഒരുപാട്‌ കാര്യങ്ങള്‍ നമുക്ക്‌ ആവശ്യമുള്ളതുണ്ട്‌ ശശാങ്കേട്ടാ...നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങള്‍ വരാതെ പ്രതിരോധിക്കാനും നമ്മള്‍ പഠിച്ചിരിക്കണം."

"നീയെന്താ ഗവേഷണം നടത്താന്‍ പോകുവാണോ...?"
അയാള്‍ അവളെ കളിയാക്കി. അവള്‍ക്കത്‌ ഇഷ്ടപ്പെട്ടില്ല.

"കളിയാക്കേണ്ട...ശശാങ്കേട്ടന്റേയും മക്കളുടെയും കാര്യത്തില്‍ ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും,"

പറയുക മാത്രമല്ല അടുത്ത ദിവസം മുതല്‍ അവളത്‌ നടപ്പില്‍ വരുത്തുകയും ചെയ്തു.
പക്ഷെ,കുട്ടികളുടെ അടുത്ത്‌ അവളുടെ ശാഠ്യം ഒട്ടും വിജയിച്ചില്ല.അതിനും കൂടി ശശാങ്കന്റെ ഡയറ്റില്‍
അവള്‍ കൃത്യത പാലിച്ചു.തൃപ്തിയോടെയല്ലെങ്കിലും അയാള്‍ കുറച്ചൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു.

'ഈ സ്വയം ചികിത്സ ശരിയല്ല സുജു...'എന്ന് അയാള്‍ വിലക്കിയതാണ്‌.
'അതില്‍ കുഴപ്പമില്ല. ആര്‍ക്കും സ്വീകരിക്കാവുന്ന ഭക്ഷണക്രമമാണിത്‌'
എന്നായിരുന്നു അവളുടെ പ്രതികരണം
ഇടയ്ക്കിടെ ചൂടു ചായ കുടിക്കുക അയാളുടെ ശീലം ആയിരുന്നു.അതിന്റെ എണ്ണം കുറച്ചു രണ്ടു നേരം ആക്കി.ഓഫീസില്‍ നിന്നും കുടിക്കരുതെന്നവള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.

പഞ്ചസാര ഇല്ലാത്ത ചായ...നിഷേധിക്കപ്പെട്ട മധുര പലഹാരങ്ങള്‍...അളവു കുറച്ച്‌ അരിഭക്ഷണം ..സ്ഥാനത്തും അസ്ഥാനത്തുമുള്ള നിയന്ത്രണങ്ങള്‍...

"നീ എന്തിനുള്ള പുറപ്പാടാ ഇത്‌.. ?പച്ചപ്പുല്ലും കൊത്തിമുറിച്ച്‌ പുഴുങ്ങിയ കുമ്പളങ്ങയുമൊക്കെത്തിന്നാന്‍ ഞാനെന്താ മൃഗമാണോ?"

അയാള്‍ക്കു ദേഷ്യം തോന്നിത്തുടങ്ങി.
"നമ്മള്‍ ശ്രദ്ധിക്കേണ്ടതു ശ്രദ്ധിച്ചാല്‍ കുഴപ്പമൊന്നും ഇല്ലല്ലോ.."
അവള്‍ക്ക്‌ ന്യായീകരണം ഉണ്ടായിരുന്നു.

കഷ്ടകാലത്തിനു ഓഫീസില്‍ ഒരു നല്ല പാര്‍ട്ടി നടന്നതിനു തൊട്ടു പിന്നാലെ രക്തം പരിശോധിച്ചപ്പോള്‍ 114 എന്നത്‌ 124 എന്ന് കാണുകയും ചെയ്തു.
അതോടെ അവളുടെ കരച്ചിലും പിഴിച്ചിലും കൂടുതലായി. വീട്ടില്‍ മര്യാദക്കാരനാണെങ്കിലും പുറത്തിറങ്ങിയാല്‍ വാരി വലിച്ചു തിന്നുന്നു എന്നു പറഞ്ഞവള്‍ ശകാരിച്ചു.

വേണമെങ്കില്‍ അയാള്‍ക്കത്‌ ആകാമായിരുന്നു..പലപ്പോഴും വിശന്നു തളര്‍ന്നിട്ടും അയാള്‍
പുറം ഭക്ഷണത്തില്‍ തല്‍പ്പരനായില്ല.സുജാതയുടെ സ്നേഹ പരിചരണങ്ങള്‍ അവളുടെ അസാന്നിദ്ധ്യത്തിലും ഒരു രക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞിട്ടുണ്ട്‌ എന്നയാള്‍ വിശ്വസിച്ചു.അതുകൊണ്ട്‌ തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലൊഴികെ അയാള്‍ അവളോട്‌ നീതി പുലര്‍ത്തിയിരുന്നു.

പക്ഷേ,ചിലപ്പോഴെല്ലാം അവളുടെ നിയന്ത്രണത്തിന്റെ ആഴം അസഹ്യമായിത്തീര്‍ന്നപ്പോള്‍
താനൊരു രോഗിയാണെന്ന തോന്നല്‍ അയാളില്‍ വേരൂന്നിത്തുടങ്ങി.
മരുമകന്റെ വിവാഹ സല്‍ക്കാരത്തിന്റെ ദിവസമാണ്‌ അത്‌ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയത്‌.
വധൂഗൃഹത്തില്‍ നിന്നും എത്തിയ വിരുന്നുകാരോടൊപ്പം ഭക്ഷണം കഴിഞ്ഞ്‌ ഐസ്ക്രീം കഴിക്കാന്‍ എടുത്തതാണയാള്‍..
"വേണ്ട ശശാങ്കേട്ടാ...അതു കഴിച്ചു കൂടല്ലോ."
അവള്‍ സ്നേഹപൂര്‍വം ഐസ്ക്രീം അയാളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.
"ഓ...പ്രമേഹമുണ്ടല്ലേ...എങ്കില്‍ ശ്രദ്ധിക്കണം..."

വധുവിന്റെ കാരണവര്‍ അതുകൊണ്ടും നിര്‍ത്തിയില്ല.രോഗം വര്‍ദ്ധിച്ച്‌ ഇരു കാലുകളും മുറിച്ചു മാറ്റിയ
വലിയച്ഛന്റെ ദുരന്ത കഥ അയാള്‍ പൊടിപ്പും തൊങ്ങലും വച്ച്‌ വിശദീകരിച്ചു.

കേട്ടു നിന്ന സുജാതയുടെ മുഖം കാര്‍മേഘംകൊണ്ടു മൂടി.മിഴികള്‍ പെയ്തു തുടങ്ങുകയും ചെയ്തു.
ശശാങ്കന്‍ ഒന്നും മിണ്ടിയില്ല.വെള്ളക്കടലാസ്സില്‍ കരിമഷി തട്ടി മറിഞ്ഞതു പോലെ ഒരു പാട ഹൃദയത്തില്‍ പടര്‍ന്നത്‌ അയാള്‍ അറിഞ്ഞു.തുടച്ചു നീക്കാനുള്ള ഓരോ ശ്രമവും മനസ്സില്‍ വികൃത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു.അതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാന്‍ അയാള്‍ക്ക്‌ ആയതുമില്ല.

"സുജാതേ,ശശാങ്കനു രോഗമുണ്ടെന്നത്‌ നിന്റെ വെറും തോന്നലാണ്‌.എല്ലാ മനുഷ്യരിലും ഇങ്ങനെ ഏറ്റക്കുറച്ചിലുകള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകും.പിന്നെ, ഇത്ര കടുത്ത നിയന്ത്രണവും ആള്‍ക്കാരുടെ മുന്നില്‍ വച്ചുള്ള അവഹേളനവും വിപരീത ഫലങ്ങളേ ഉണ്ടാക്കൂ.."
അവളുടെ മൂത്ത സഹോദരി അവളെ കണക്കറ്റു ശകാരിച്ചു. ചെയ്തതു തെറ്റായിപ്പോയി എന്ന തോന്നല്‍ അവളില്‍ ഉണ്ടായി.എങ്കിലും ന്യായീകരണത്തിനാണവള്‍ ശ്രമിച്ചത്‌.

"ശശാങ്കേട്ടന്റെ ആരോഗ്യം നോക്കേണ്ടത്‌ എന്റെ കടമയല്ലേ നന്ദിനിയേച്ചി...?"

"ശരിതന്നെ സുജു...പക്ഷേ നിന്റെ സമീപനം തികച്ചും തെറ്റായിപ്പോയി.ഇനി എങ്കിലും നിന്റെ അബദ്ധ ധാരണകള്‍ തിരുത്ത്‌. അഥവ രോഗമുണ്ടെങ്കില്‍ തന്നെ അത്‌ സ്വയം നിയന്ത്രിക്കാനുള്ള ആത്മധൈര്യമാണ്‌നീ അയാള്‍ക്കു കൊടുക്കേണ്ടത്‌."

സുജാത തെറ്റു തിരുത്താന്‍ തന്നെ തീരുമാനിച്ചു.ശശാങ്കന്റെ ദിനചര്യകളില്‍ അവള്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കി.അയാള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങള്‍ വച്ചു വിളമ്പാന്‍ അവള്‍ തിടുക്കം കൂട്ടി.

പക്ഷേ, സ്നേഹപൂര്‍വം അതെല്ലാം നിഷേധിച്ചു കൊണ്ട്‌ അയാള്‍ അവളെ ഓര്‍മ്മിപ്പിച്ചു.

"ഞാനൊരു പ്രമേഹ രോഗിയല്ലേ,എനിക്കിതൊന്നും കഴിക്കാന്‍ പാടില്ല സുജു.."
അവള്‍ വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകത്തിലെ കാര്യങ്ങള്‍ അയാള്‍ അവള്‍ക്ക്‌ വീണ്ടും ബോധ്യപ്പെടുത്തി.

'മണ്ണിനടിയില്‍ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ സ്റ്റാര്‍ച്ച്‌ കൂടുതല്‍ ഉണ്ടാകും .അരിയാഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.വറുത്തതും പൊരിച്ചതുമൊക്കെ ഉപേക്ഷിച്ചേ മതിയാകൂ.
മധുര പലഹാരങ്ങളേപ്പറ്റി ചിന്തിക്കുകയേ വേണ്ട...'

"ഇതൊക്കെ ശ്രദ്ധിച്ചാലല്ലേ സുജൂ നമുക്ക്‌ വളരെക്കാലം ജീവിച്ചിരിക്കാന്‍ കഴിയൂ."

അയാളുടെ ഒരോ വാക്കും അവളുടെ മനസ്സില്‍ തറച്ച മുള്ളുകളായിരുന്നു.
ഒരിക്കല്‍ പുഡ്ഡിംഗ്‌ കഴിക്കുന്നതില്‍ നിന്നും അവള്‍ അയാളെ വിലക്കിയപ്പോള്‍
'ഒന്നും തിന്നാതെ നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത്‌ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്‌
രണ്ടു ദിവസം കഴിയുന്നതാ"എന്നായിരുന്നു അയാള്‍ പറഞ്ഞത്‌.

എന്നിട്ടും അവള്‍ക്കു വേണ്ടി അയാള്‍ എല്ലാ നിയന്ത്രണങ്ങളും പാലിച്ചിരുന്നു.
ഇല്ലാത്ത രോഗ കാരണം പറഞ്ഞ്‌ ഓഫീസിലെ പാര്‍ട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറിയപ്പോള്‍
സഹപ്രവര്‍ത്തകരുടെ നിശിതമായ കമന്റ്‌ അയാള്‍ കേട്ടിട്ടുള്ളതാണ്‌

"അയാള്‍ക്ക്‌ ഷുഗറല്ല രോഗം.ബി.പി.യാ"
ബി.പി. എന്നതിന്‌ അവരുടെ വ്യാഖ്യാനം ഭാര്യയെ പേടി എന്നായിരുന്നു.
പക്ഷേ,ഇപ്പോള്‍ അയാള്‍ക്ക്‌ ആ രോഗമില്ല. ഭാര്യയുടെ സാമീപ്യവും സാന്ത്വനവും സൗമ്യമായി നിഷേധിച്ചു കൊണ്ട്‌ ശശാങ്കന്‍ കാരണം പറഞ്ഞത്‌'ഈ മധുര വാക്കുകള്‍ എന്റെ രോഗം വര്‍ദ്ധിപ്പിക്കും' എന്നാണ്‌.
അവളുടെ കണ്ണീരും യാചനയും ഒന്നും ശശാങ്കന്റെ മനസ്സില്‍ പടര്‍ന്ന കരിമഷി തുടച്ചു മാറ്റാന്‍ പര്യാപ്തമായില്ല. കൂടെക്കൂടെ രക്തം പരിശോധിപ്പിക്കുകയും സ്വയം ചികില്‍സ സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ വഴി.

രോഗം കൂടി എന്നു തോന്നിയാല്‍ അയാള്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കും.
നോര്‍മ്മലായി എന്നു കണ്ടാല്‍ ഇഷ്ടം പോലെ കഴിക്കും.

ഈ താളം തെറ്റാന്‍ ഏറെ നാളു വേണ്ടി വന്നില്ല.
കാണക്കാണെ അയാളുടെ ആരോഗ്യം ക്ഷയിച്ചു.
ശരീരം ശോഷിച്ചു.
സൗന്ദര്യം മങ്ങി.

ഒരു ദിവസം ഓഫീസില്‍ കുഴഞ്ഞു വീണ ശശാങ്കനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ഡോക്ടറുടെ അരികില്‍ എത്തിച്ചു.ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ പൂര്‍ണ്ണ ആരോഗ്യവാനായി തന്റെ അരികിലെത്തിയ ആളാണിതെന്നു വിശ്വസിക്കാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞില്ല.

പ്രമേഹം മൂര്‍ച്ഛിച്ചതാണെന്ന് സഹപ്രവര്‍ത്തകര്‍ കരുതി.
പക്ഷേ സ്ഥിരീകരിച്ച മരണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ എഴുതിയ മരണ കാരണം
ഹൃദയാഘാതം എന്നായിരുന്നു.
******************