Sunday, November 16, 2008

തിരിച്ചു വരവ്‌

ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ സംഗിയുടെയുള്ളില്‍ ദേഷ്യം ജ്വലിക്കുന്നുണ്ടായിരുന്നു.ഇത്രയും നാണക്കേട്‌ ഇന്നു വരെ അനുഭവിച്ചിട്ടില്ല
കേട്ടപ്പോള്‍ തൊലിയുരിയുന്നതു പോലെയാണു തോന്നിയത്‌.കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ പരിഹസിക്കാനേ അവര്‍ ഉപയോഗിച്ചിട്ടുള്ളു ലയണസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ സ്ഥാനം കിട്ടാത്തതിന്റെ പകയാണ്‌ ശോഭാമേനോന്‌.ഡോക്ടര്‍ വിശ്വത്തെ കമ്പനികൂടാന്‍ കിട്ടാത്ത ദേഷ്യം രുഗ്മിണി നമ്പ്യാര്‍ക്കുമുണ്ട്‌. താനാരോടും ഒന്നും പിടിച്ചു പറിച്ചതല്ല. സ്വന്തം കഴിവുകൊണ്ടു നേടിയതാണ്‌. അതില്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം...?ചിരിച്ചു കാണിച്ചും സോപ്പിട്ടും എല്ലാം നേടാനാകുമെന്നാണെങ്കില്‍ അവര്‍ക്കും ശ്രമിക്കാവുന്നതല്ലെയുള്ളു.
അല്ലാതെ,തന്റെ നേരെമാത്രം ഈ പരിഹാസം...?


ഓര്‍ക്കുന്തോറും നെഞ്ചില്‍ സങ്കടവും ദേഷ്യവും നിറയുന്നത്‌ സംഗി അറിഞ്ഞു.
"അത്ര പാവമൊന്നും അല്ല കേട്ടൊ....ഒരു കൊച്ചു പെണ്ണാ...അല്ലേലും മധ്യവയസ്കര്‍ക്കിഷ്ടം അതാണല്ലൊ...."

സ്വകാര്യം പോലെ ,ആനന്ദവല്ലിയോട്‌ ശോഭാ മേനോന്‍ ഉറക്കെ പറഞ്ഞത്‌ തന്നെ കേള്‍പ്പിക്കാനാണെന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതാണ്‌. രാഗിണി നമ്പ്യാരാണ്‌ ഏറ്റു പിടിച്ചത്‌.
"ഒന്നും ചോദിക്കാനും പറ്റില്ലല്ലോ.അങ്ങേര്‌ തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ മിണ്ടാനൊക്കുമോ?" സഹിച്ചില്ല. മുഖത്തടിച്ചപോലെ മറുപടി നല്‍കി.

ആരും അത്ര നല്ലപിള്ള ചമയേണ്ട...എല്ലാ അവളുമാരുടേം കാര്യം എനിക്കുമറിയാം"
പെട്ടെന്ന് ശോഭാമേനോന്‍ ചൂടായി.
"എന്തറിയാമെന്നാ...? നിന്നേപ്പോലെ കണ്ട അവന്മാരുടേ പുറകെ പോകുന്നെന്നോ?
...ദേ... എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ...കണ്ണടച്ചു പാലു കുടിക്കുന്നത്‌ ആരും കാണുന്നില്ലെന്നാ വിചാരം..."
വാക്കുകളുടെ നിയന്ത്രണം അറ്റു. തെമ്മാടിത്തം പറയുന്നതിനു ഒരതിരില്ലെ..?
കൈ തരിച്ചതാണ്‌. അഷിത തടഞ്ഞിരുന്നില്ലെങ്കില്‍ അടി ഉറപ്പായിരുന്നു. താനെന്തു തെറ്റു ചെയ്തെന്നാ....?

വിശ്വത്തിന്റെ കൂടെ രണ്ടു മൂന്നു തവണ പാര്‍ട്ടിക്കു പോയിട്ടുണ്ടെന്നതു സത്യം തന്നെ. അവര്‍ക്കതിനു കഴിയാത്തതിന്‌ അസൂയ തീര്‍ക്കുന്നത്‌ അപവാദം പറഞ്ഞിട്ടാണോ?
എല്ലാം കേട്ടു ചിരിക്കാന്‍ കുറേ അവളുമാരും...കെട്ടിയൊരുങ്ങി വന്നിരിക്കുന്നത്‌ അതിനു മാത്രമാണല്ലോ. തന്റെ കാര്യം പോട്ടെ... അത്‌ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.
പക്ഷെ ...വിനയന്‍...!!?

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പോലും ഒരു കാമുകന്റെ വികാര പ്രകടനങ്ങള്‍ കാണിച്ചിട്ടില്ലാത്ത മനുഷ്യന്‍...,ഈ പ്രായത്തില്‍ ഒരു പെണ്ണിനേയും കൊണ്ടു ചുറ്റിയടിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും..?!!
"വേണ്ട...ഞങ്ങള്‍ പറഞ്ഞതു കാര്യമാക്കേണ്ട...കണ്ടു വിശ്വസിച്ചാല്‍ മതി. ദാ...ഇപ്പോള്‍ പോയാല്‍ നേരില്‍ കാണാം.ബീച്ചിലേയ്ക്കു പോയിട്ടുണ്ട്‌. ആരതി പ്രഭാകരനും ലേഖയും ദൃക്‌ സാക്ഷികളാ.."
വെല്ലു വിളിയായിരുന്നു...
അതെ, കണ്ടിട്ടേ വിശ്വസിക്കുന്നുള്ളു. അതിനു വേണ്ടിത്തന്നെയാണു പോകുന്നതും സത്യമല്ലെങ്കില്‍ സംഗി ആരെന്ന് അവളുമാരറിയും.
സത്യമാണെങ്കിലോ...?
ഒരു നിമിഷം മനസ്സു ചാഞ്ചല്യപ്പെട്ടു.
പിന്നെ തീരുമാനം ഉറച്ചതായി.
ഇനി ഒരു വിട്ടു വീഴ്ചയില്ല.
ഇങ്ങനെ തണുത്തുറഞ്ഞൊരു ജീവിതം തനിക്കെന്തിന്‌...?
ഒഴിവാക്കണം
വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു തുടങ്ങിയ നാണക്കേടില്‍ നിന്നും മോചനം വേണം ..
മകള്‍ ആഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ കഴിവുണ്ടായിരുന്ന ഡാഡിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു വിനയന്‍.
സുന്ദരനും സുശീലനുമായ ഒരു കോളേജു പ്രൊഫസര്‍...!പക്ഷെ....?!
ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്നു മനസ്സിലായപ്പോള്‍ഒഴിവാക്കാന്‍ ഡാഡിയും നിര്‍ബ്ബന്ധിച്ചു..
അപ്പോഴേയ്ക്കും അപശകുനം പോലെ ഇടയിലെത്തിയ മകള്‍..!!!
വേണമെന്നു കരുതിയതല്ല നശിപ്പിക്കാന്‍ ഒരുങ്ങിയതുമാണ്‌ വിനയന്‍ യാചിക്കുകയായിരുന്നു.
"എല്ലാം എനിക്കു വിട്ടേയ്ക്കു.ഒന്നിനും ബുദ്ധിമുട്ടിക്കില്ല....നിന്റെ സ്വാതന്ത്ര്യത്തിനു ഒരിക്കലും തടസ്സമാവില്ല.." ശരിയായിരുന്നു. പെറ്റിട്ട ബന്ധമേയുള്ളു.വളര്‍ത്തിയത്‌, പഠിപ്പിച്ചത്‌...എല്ലാം വിനയന്‍ ആയിരുന്നു. പറഞ്ഞപോലെ തന്നെ തന്റെ സ്വതന്ത്രജീവിതത്തിന്‌ മകളൊരു തടസ്സമേയായില്ല, വിനയനും.
ഒരിക്കല്‍ പറഞ്ഞു."സംഗീ...മകള്‍ വളരുകയാണ്‌"
"അതിനെന്താ...?"ധിക്കരിക്കാനുള്ള ആവേശം മറു ചോദ്യത്തില്‍ നിറച്ചു.
"പൊള്ളയായ സ്റ്റാറ്റസിന്റെ പേരില്‍ നീ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങള്‍..."
പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല.
ബന്ധങ്ങളുടെ പേരു പറഞ്ഞ്‌ തന്നെ അടിമയാക്കാനാണു ഭാവമെങ്കില്‍ അതു നടപ്പില്ലെന്ന് അറുത്തു മുറിച്ചു പറഞ്ഞു.പിന്നീട്‌ സംവാദങ്ങള്‍ ഉണ്ടായില്ല.
പക്ഷെ...,ഒരിക്കല്‍ മകളെ പാര്‍ട്ടിക്കു കൊണ്ടു പോയതിന്റെ പേരില്‍ ശരിക്കും വഴക്കുണ്ടായി.
സുന്ദരിയാണ്‌ മകള്‍...അണിഞ്ഞൊരുങ്ങിയാല്‍ അവളെ വെല്ലാന്‍ ആരു മുണ്ടാകില്ല.
നിര്‍ബന്ധിച്ചാണു കൊണ്ടുപോയത്‌.
പാര്‍ട്ടിക്കിടയില്‍ കലക്ടര്‍ വിനായക്‌ അവളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.അദ്ദേഹവുമായി അവളെ അടുപ്പിക്കണമെന്നായിരുന്നു ആഗ്രഹം.ഒരുപാടു പേര്‍ക്ക്‌ അയാളില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ്‌മകളെ അതിനു പ്രേരിപ്പിച്ചത്‌.
പക്ഷെ ,അച്ഛനേക്കാള്‍ പിന്തിരിപ്പാന്‍ സ്വഭാവമുള്ള മകള്‍....!
എങ്ങനെ ഉണ്ടാകാതിരിക്കും.? വളര്‍ത്തിയത്‌ അങ്ങനെയല്ലെ?!
"എങ്കില്‍ നിനക്കാകാമായിരുന്നല്ലൊ...."
കുറ്റങ്ങളൊന്നും ഏറ്റെടുക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.
പറഞ്ഞു പറഞ്ഞ്‌ എവിടെയോ എത്തി.
അതിന്റെ വാശിക്കാണ്‌ വിനയന്‍ മകളെ ഹോസ്റ്റലില്‍ ആക്കിയത്‌.
തന്നേപ്പോലെ ആകരുതു പോലും.
തന്റെ അച്ഛനേപ്പോലെ അല്ല വിനയന്‍ എന്ന്‌...
തന്റെ അച്ഛനെന്താണൊരു കുറവ്‌..?
തനിക്കു വേണ്ടതെല്ലാം ഒരു മടിയും കൂടാതെ സാധിച്ചു തന്നു.
എന്തിനും സ്വാതന്ത്ര്യമുണ്ടായിരുന്നു
ആരുടെ ചങ്ങാത്തവും കൂടാം...എവിടേയും പോകാം എപ്പോള്‍ വേണമെങ്കിലും വരാംചോദ്യമില്ല. ശകാരമില്ല.
അച്ഛന്റെ ബിസ്സിനസ്സ്‌ ടൂറുകള്‍ പോലും തനിക്ക്‌ ആഘോഷമായിരുന്നു.
ഒക്കെ തകര്‍ന്നത്‌ വിവാഹത്തോടെയാണ്‌
സമൂഹത്തില്‍ ജീവിക്കാനറിയാത്ത ഒരു മൊശടന്‍ ഭര്‍ത്താവ്‌....
ഒരു പാര്‍ട്ടിക്കു വരില്ല ഒരുമിച്ചൊരു യാത്രയില്ല...എന്തിന്‌...ഒരു സിനിമയ്ക്കു പോലും ഒന്നിച്ചു പോയിട്ടില്ല എന്നിട്ടും എല്ലാം സഹിച്ചു..ക്ഷമിച്ചു.
ഡോക്ടര്‍ വിശ്വം പലപ്പോഴും പറഞ്ഞു, 'നിന്റെ ഈ സ്മാര്‍ട്ട്‌നെസ്സ്‌ കാണാന്‍ അയാള്‍ക്കാവുന്നില്ലല്ലോ' എന്ന്സമ്മതം എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, തന്റെ ജീവിതം തികച്ചും വ്യത്യസ്തമാക്കാന്‍ വിശ്വത്തിനാകും. ഉറപ്പുണ്ട്‌.
ശോഭാ മേനോനോടും മറ്റും നേര്‍ക്കു നിന്നു പൊരുതാനുള്ള ധൈര്യം വിശ്വം തരും.
എന്നിട്ടും...,അവഗണിക്കാനാവാത്ത ഏതോ കെട്ടു പാടിന്റെ പേരില്‍ മുറിച്ചു മാറ്റാതിരുന്ന വിവാഹ ബന്ധം....ഒരേ വീട്ടില്‍...തികച്ചും അന്യരേപ്പോലെ....
എന്തിന്‌വെറുതെ ഈ പ്രഹസനം..?!!
അതുകൊണ്ട്‌, ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടായേതീരൂഉള്ളിലെ ചൂടുകൊണ്ടാകാം കാറിന്റെ വേഗത കൂടുന്നുണ്ടെന്ന്
സംഗി ഓര്‍ത്തു.
തിരക്കുപിടിച്ച നഗരമാണ്‌. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാന്‍...അതീവ ശ്രദ്ധയോടെ നഗരത്തിന്റെ തിരക്കു പിന്നിട്ട്‌ ബീച്ച്‌ റോഡിലേയ്ക്കു തിരിയുമ്പോള്‍ എതിരെ കടന്നു പോയ ടാക്സിക്കാറില്‍ വിനയന്റെ മുഖം സംഗി കണ്ടു.
ഇന്നത്തെ സല്ലാപം കഴിഞ്ഞുള്ള തിരിച്ചു പോക്ക്‌...
അവളും കൂടെയുണ്ടാകും... കൈയോടെ പിടിക്കണം.
പെട്ടെന്ന് അല്‍പം കടന്ന സാഹസികതയോടെ കാര്‍ തിരിച്ച്‌ സംഗി അവരെ പിന്തുടര്‍ന്നു
തിരക്കുള്ള റോഡില്‍ നിന്നും തിരിഞ്ഞ്‌ ഇടവഴിയിലൂടെ മുന്നോട്ടു പോയ കാര്‍ വളവിനപ്പുറം ഒരു വലിയ ഗേറ്റിനു മുമ്പില്‍ നിന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം സൈഡു ചേര്‍ത്ത്‌ സംഗിയും കാര്‍ നിര്‍ത്തി.
കാറില്‍ നിന്നും ആദ്യം വിനയന്‍ ഇറങ്ങുന്നത്‌ അവള്‍ കണ്ടു,
ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍, മറുവശത്തെ ഡോര്‍ തുറന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ട്‌ സംഗി ഞെട്ടി. .....മകള്‍.....!
അസഹ്യമായ ഒരു ശൂന്യത മനസ്സില്‍ നിറയുന്നത്‌ അവള്‍ അറിഞ്ഞു.
അച്ഛന്റെ നേരെ കൈവീശി ചിരിച്ചു കൊണ്ട്‌ ഗേറ്റുകടന്ന് അകത്തേയ്ക്കു പോകുന്ന മകള്‍...! മകളെ നിര്‍ന്നിമേഷം നോക്കി നില്‍ക്കുന്ന അച്ഛന്‍...!
ഇന്നോളം തനിക്കപരിചിതമായ ഒരു അസ്വാസ്ഥ്യം തന്നെ കെട്ടി വരിയുന്നു.ഹൃദയത്തില്‍ വിങ്ങി നിറഞ്ഞ്‌ എന്തോ പൊട്ടിത്തകരുന്നതു പോലെ ...
"ഒക്കെ നിനക്കറിയാത്ത വികാരങ്ങളാണെന്ന് എനിക്കറിയാം സംഗീ.
നിനക്കു കിട്ടാത്തതൊന്നും നീ മകള്‍ക്കു നല്‍കുമെന്നും ഞാന്‍ കരുതുന്നില്ല..പക്ഷെ... എന്നെങ്കിലും ഈ ബന്ധങ്ങളുടെ പവിത്രത നീ തിരിച്ചറിയും..."
ശാപമായിരുന്നുവോ?
പണത്തിനു വേണ്ടിയല്ലാതെ,അച്ഛന്‍ തനിക്ക്‌ ഒരാവശ്യമായി തോന്നിയിട്ടില്ല.
അച്ഛനെ സ്നേഹിക്കുന്ന മകള്‍...!
മകളെ സ്നേഹിക്കുന്ന അച്ഛന്‍...!
അതെ. തനിക്ക്‌ അന്യമായ വികാരം.വിവാഹം പോലും എല്ലാ തോന്ന്യാസങ്ങള്‍ക്കുമുള്ള ഒരു മറയായി മാത്രമേ കണ്ടുള്ളു.
കുതിക്കുകയായിരുന്നു...കടിഞ്ഞാണറ്റ അശ്വത്തേപ്പോലെ....
എന്നിട്ടോ...?എന്നിട്ടോ...?
പരാജിതയേപ്പോലെ സംഗി കിതച്ചു.
ക്ലബ്ബിലേയ്ക്ക്‌ തിരിച്ചു പോകാന്‍ വയ്യ.
ഇനി ഒരു വാക്‌ സമരത്തിനു ത്രാണിയില്ല.
തിരക്കിനിടയിലൂടെ അതിധൃതം കാറോടിക്കുമ്പോള്‍ സംഗിക്കു ലക്ഷ്യമേ ഉണ്ടായിരുന്നില്ല.
മരണമാണ്‌ മധുരം എന്നു തോന്നിപ്പിച്ച വിഭ്രാന്ത നിമിഷങ്ങള്‍...!
പക്ഷേ..,
ഒടുവില്‍ മനസ്സറിയാതെ കാര്‍ വന്നു നിന്നത്‌ സ്വന്തം വീട്ടുമുറ്റത്തു തന്നെ ആയിരുന്നു..............

14 comments:

സ്നേഹതീരം said...

ആഡംബരജീവിതത്തിന്റെ മായാവലയത്തിൽ‌പ്പെട്ടുപോകുന്ന മനുഷ്യർ. അവർക്ക് അന്യമായിപ്പോകുന്ന അമൂല്യങ്ങളായ വ്യക്തിബന്ധങ്ങൾ. അവയിലേക്ക് വിരൽ ചൂണ്ടുന്ന കഥ. നന്നായിരിക്കുന്നു.

വരവൂരാൻ said...

നല്ല ഒരു കഥ വായിച്ചു
മനോഹരമായിരിക്കുന്നു

mayilppeeli said...

പൊള്ളയായ ആഡംബരങ്ങള്‍ക്കുവേണ്ടി കുടുംബബന്ധങ്ങളെ ബലിയാടാക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ്‌...നന്നായിട്ടുണ്ട്‌...

സുല്‍ |Sul said...

മനസ്സില്‍ കൊണ്ടു ഈ കഥ.

-സുല്‍

ചന്ദ്രകാന്തം said...

ഹൃദ്യം..!!!

നരിക്കുന്നൻ said...

സുല്ലിന്റെ തിരിച്ച് വരവെന്ന കവിത കണ്ട് വന്നതാ. അവിടെ സംഗിക്ക് നൽകിയ സമർപ്പണം തികച്ചും അനിവാര്യമായിരുന്നെന്ന് ഇവിടെ വന്ന് വായിച്ചപ്പോൾ മനസ്സിലായി. അതീവ ഹൃദ്യമായിരിക്കുന്നു.

ഗീത said...

സംഗിക്ക് അവസാനമെങ്കിലും ബന്ധങ്ങളുടെ പവിത്രത മനസ്സിലായല്ലോ. നല്ല കഥ ലീല ടീച്ചര്‍.

ഉപാസന || Upasana said...

ബന്ധങ്ങള്‍ ഇങ്ങിനെയും.

ഉപാസന

ജന്മസുകൃതം said...

സ്നേഹതീരം
,താങ്ക്‌സ്‌.


വരവൂരാന്‍,
ആദ്യമാണല്ലെ?
നന്ദിയൊടൊപ്പം ഇനിയും വരിക എന്നൊരഭ്യര്‍ഥനയും

മയില്‍പ്പിലി,
താങ്ക്‌സ്‌

സുല്‍...
എന്താ ഇത്‌?
കഥ മനസ്സില്‍ കൊണ്ടാല്‍ അതു പുതു കവിത ആയി പരിണമിക്കും, അല്ലെ?
കൊള്ളാട്ടൊ, നന്നായിട്ടുണ്ട്‌.


ചന്ദ്രകാന്തം,
നന്ദിയുണ്ട്‌.

നരിക്കുന്നന്‍,
സുല്ലിന്റെ പ്രേരണ കൊണ്ടായാലും വന്നല്ലൊ.താങ്ക്‌സ്‌.
ഇനിയും വരില്ലെ?

ഗീതാജി...
പല ബന്ധങ്ങളുടേയും കാര്യം ഇങ്ങനെയാണ്‌.തിരിച്ചറിയാന്‍ ഒരുപാടു വൈകും.

ഉപാസന ,
ഉവ്വ്‌,ഇങ്ങനെയും ഉണ്ട്‌ ബന്ധങ്ങള്‍...


ഇതിലെ പോയവര്‍ക്കെല്ലാം നന്ദി. ഇനിയും വരുമെന്ന പ്രതീക്ഷയും വരണമെന്ന അഭ്യര്‍ഥനയും
സ്നേഹത്തൊടെ,
ലീല എം ചന്ദ്രന്‍

കാപ്പിലാന്‍ said...

കഥ നന്നായി ചേച്ചി.നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ വില .

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

വിജയലക്ഷ്മി said...

katha valare nannaayirikkunnu..aashmsakal!

Unknown said...

സ്നേഹത്തിനു എത്ര മുഖങ്ങള്‍! അസൂയയും പകയും എല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങള്‍‍ ആ‍യിരിക്കുന്നു.തെറ്റിദ്ധാരണയുടെ പേരില്‍ ശിഥിലമാകുന്ന ബന്ധങ്ങള്‍ എത്രയാണു?
ഇതാണു ഇപ്പൊഴത്തേ ഫാഷന്‍! നന്നായിരിക്കുന്നു. കുഞ്ഞുബി

Bijith :|: ബിജിത്‌ said...

എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നിച്ചു... എവിടെ എന്ത് എന്ന് പക്ഷെ പറയാനാകുന്നില്ല