Saturday, August 2, 2008

മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്‌

പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.
പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.

ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.

ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.

പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ്‌ വിധിയാളന്‍ ഇടയിലെത്തിയത്‌.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്‌,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.
ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത്‌ പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.
അതില്‍പ്പിന്നീടാണ്‌ പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്‌.
വിധിയാളന്‍ അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ്‌ തിരിച്ചെത്തി.
പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന്‍ പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.

എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.
പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്‍പു നല്‍കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത്‌ എല്ലാവരും കൂടിയാണ്‌.
പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്‌, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന്‍ മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.
സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്‍ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത്‌ സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്‍കി വിധിയാളന്‍ പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്‌നമ്മുടെ ആഗ്രഹം.
അതു സാധിപ്പിക്കാനുള്ള കഴിവ്‌ പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന്‍ തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.

പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന്‍ നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.
പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന്‍ പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.
വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.
എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.
പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക്‌ നിമിത്തകാരനെ വലിച്ചെറിഞ്ഞ്‌,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന്‍ അവനു നല്‍കി.
നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത്‌ ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....
ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട്‌ തൊഴിച്ചകറ്റി.

അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന്‍ കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.
വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.
അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.

16 comments:

vazhayil said...

fr.vazhayil said:maranam 7 manikkoorinumappurathanu is a good
poem which shows the tragic end of
nimithakkaaran.but the final victory will be with him.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പരമാധികാരിയുടേയും വിധിയാളുടേയും ഇടയില്‍ നിമിത്തം കുരുങ്ങിക്കിടക്കുമ്പോള്‍ മരണം 7 മണിക്കൂര്രിനപ്പുറത്താവുന്നത് നിയോഗം മാത്രമാവില്ല

KUTTAN GOPURATHINKAL said...

ഇല്ല, റ്റീച്ചര്‍. എനിക്കറിയില്ല. ഒന്നുമറിയില്ല. മരണത്തെ എനിയ്ക്കു ഭയമാണ്. ഭീരുത്വം കൊണ്ടാവാം. റ്റീച്ചര്‍ കവിതയെഴുതിയാല്‍ മതി.വിഹ്വലതകളില്ലാതെ വായിക്കാമല്ലോ. ഇതെന്നെ പേടിപ്പിയ്ക്കുന്നു.എന്താണെന്നറിയില്ല. (ഇനി അഥവാ ‘അതിന്’ വരണമെന്ന് നിര്‍ബന്ധമാണെങ്കില്‍, ഒരു സെകന്‍ഡിനകം വരണം.)

ഗീതാഗീതികള്‍ said...

മനുഷ്യന്‍ എന്നു മുതല്‍ അധികാരവും പദവിയും കൈയ്യാളാന്‍ തുടങ്ങിയോ അന്നുമുതല്‍ നിമിത്തകാരന്മാരും പകരക്കാരന്മാരും ഉണ്ടായിട്ടുണ്ട്.

എക്കാലത്തേയ്ക്കും പ്രസക്തമായ പോസ്റ്റ്.
ലീല ടീച്ചര്‍ ഈ എഴുത്ത് നന്നേഇഷ്ടപ്പെട്ടു.

ലീല എം ചന്ദ്രന്‍.. said...

വാഴയിലച്ചാ,
നന്മയ്ക്കാകട്ടെ അന്തിമ വിജയം എന്നു ഞാനും കൊതിക്കുന്നു.

പ്രിയ,
മരണം ഒരു മോചനമാണ്‌
കല്‍ക്കുരിശ്ശില്‍ പിടയുന്ന മണിക്കൂറുകളില്‍ യേശുക്രിസ്തുവിനേപ്പോലെ ഇവരോടു ക്ഷമിക്കണേ എന്നു പറയാനാകുന്നില്ലെന്നതാണു സങ്കടം

കുട്ടന്‍ ജി,
ഇല്ല. ഞാന്‍ പേടിപ്പിക്കുന്നില്ല.ഇതൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്‌.ആ 'സ്മൃതികളില്‍' നിന്നും ഞാന്‍ എന്റെ 'ജന്മസുകൃത'ത്തിലേയ്ക്കു തന്നെ മടങ്ങിവരും.കേട്ടോ.

ഗീതാഗീതികള്‍...,
എല്ലാം മനസ്സിലാകുന്നുണ്ടെങ്കിലും തളര്‍ന്നു പോകുന്ന ചില നിമിഷങ്ങള്‍ മനുഷ്യനു നേരിടേണ്ടി വരുമല്ലൊ.അതിനെ തരണം ചെയ്യുന്ന രീതികളിലെ മാറ്റമുണ്ടാകൂ.എന്തായാലും അല്‍പം താമസിച്ചാണെങ്കിലും അത്തരം ദുരനുഭവത്തിന്റെ തടസ്സങ്ങള്‍ മറികടക്കാന്‍ എനിക്ക്‌ കഴിഞ്ഞു എന്നത്‌ എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്‌

എന്റെ സ്മുതികളില്‍ എത്തി നോക്കുക മാത്രമല്ല സ്വാന്തന വാക്കുകള്‍ രേഖപ്പെടുത്തുവാന്‍ സന്മനസ്സുകാണിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി...
ഇനിയും വരണേ.

ശ്രീ said...

എഴുത്തു നന്നായി, ടീച്ചറേ...

ദ്രൗപദി |Draupadi said...

ഒരു മരീചിക പോലെ
മുന്നില്‍ വന്ന്‌ ചിരിച്ചിട്ടുണ്ട്‌ പലപ്പോഴും മരണം..
അറിയാതെ പറന്നെത്തിയ ശബ്ദത്തിന്റെയോ
സാമീപ്യത്തിന്റെയോ നേര്‍ത്ത പതര്‍ച്ചയില്‍
എന്നെ വിട്ടുപിരിയേണ്ടി വന്ന ദുഖം അതിനുമുണ്ടായിട്ടുണ്ടാവാം...

ഇന്നും കാത്തിരിക്കുകയാണ്‌
അപ്രതീക്ഷിതമായി അത്‌ അരികിലെത്തുവാന്‍...


തീവ്രമായ എഴുത്ത്‌
ഓര്‍മ്മയുടെ വഴികളില്‍ നൊമ്പരം ചാലിട്ടൊഴുകുന്നു...


ആശംസകള്‍..

'മുല്ലപ്പൂവ് said...
This comment has been removed by the author.
'മുല്ലപ്പൂവ് said...

ലീലേച്ചി നന്നായി ട്ടോ..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്||മുല്ലപ്പുവ്..!!

Gireesh A S said...

നിയോഗത്തിന്റെ തടവറ ഭേദിക്കാന്‍
ആര്‍ക്കാവും...
തേടിയെത്തുമ്പോള്‍
സ്വീകരിക്കുകയല്ലാതെ...


ആശംസകള്‍...

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ചെറിയനാടൻ said...

നന്നായിരിക്കുന്നു ടീച്ചറേ എഴുത്ത്,
മരണത്തേക്കുറിച്ചങ്ങനെ എന്തെല്ലാം

ആശംസകൾ

Sapna Anu B.George said...

മറ്റൂള്ളവരുടെ മരണം ഭീകരവും, പേടീപ്പെടുത്തുന്നതുമാണ്......എന്റെ മരണം കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും ഉണ്ടാകില്ല എന്നു തൊന്നുന്നു....

AkhilT said...

anti,,
snalla supr lines ...ethokke evidunne kittunnu...bhavane thanne...nannayittunde...
by,akhi...

rafeeQ നടുവട്ടം said...

രോഗത്തേക്കാള്‍ വലുതാണ്‌ രോഗഭീതി.
പ്രാണപുരുഷന്‍റെ ജീവിത പ്രപഞ്ചത്തെ കെട്ടിപ്പിടിച്ച സഹധര്‍മിണിയായിട്ടും അവളുടെ ആധികള്‍ ഒടുവിലെത്തിച്ചത് കണ്ണീരില്‍..

സരളമായ ആഖ്യാനം; ഏറെ ഇഷ്ടപ്പെട്ടു.

Bijith :|: ബിജിത്‌ said...

രണ്ടു വട്ടം വായിച്ചിട്ടും ഒന്നും മനസ്സിലായില്ല. ഭാരത കഥയാണോ എന്ന് ആദ്യം തോന്നി, പക്ഷെ അതെല്ല എന്ന് മനസ്സിലായി. സത്യത്തില്‍ മാഷ്‌ എന്താ ഉദേശിച്ചേ....