Saturday, July 19, 2008

ജൂലായ്‌ 19

ജൂലായ്‌ 19.

മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .
എന്റെ ചരമവാര്‍ഷിക ദിനം.
മരണം സംഭവിച്ചത്‌ കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ്‌ 19 .സമയം പകല്‍ 11മണിക്ക്‌.
വെറും മരണമല്ല. കൊലപാതകം.
പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക്‌ എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ്‌ മരണത്തിന്റെ പടുകുഴിയിലേയ്ക്ക്‌ എന്നെ ചതിച്ചു വീഴ്ത്തിയതും
എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത്‌ തികച്ചും സാധാരണ മട്ടിലാണ്‌.
എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്‍മുമ്പിലുണ്ട്‌.
ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ, പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.
വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.
സ്വര്‍ണക്കൂട്ടിലിട്ട്‌ പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.
പക്ഷേ , മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു. ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ്‌ അയാള്‍ എത്തിയത്‌.
അയാള്‍ക്ക്‌ അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ വിശ്വസിപ്പിച്ചു.
പക്ഷേ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്‌.
എത്ര വിദഗ്ദ്ധമായ കളി...!
എത്ര മനോഹരമായ ചതി.....!
രക്ഷകവേഷം കെട്ടി തന്മയത്തത്തോടെ അയാളെന്നെ ഇല്ലാതാക്കി.
മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.
ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!
വിധി...!
ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.
മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്‌...
ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്‌...
നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്‌...
ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്‌...
അതെ, എല്ലാം അക്ഷന്തവ്യങ്ങള്‍...
എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.
എന്റെ ജന്മം...ആത്മാവ്‌...ആത്മാവിന്‌ ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്‌...
ഞാന്‍ വെറും ഊഷരഭൂമി...
എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത്‌ ഓശാന പാടി തിമര്‍ക്കുന്നത്‌ ഞാന്‍ കണ്ടു.
എന്നിട്ടും എല്ലാം സഹിച്ച്‌ ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.
പക്ഷേ, അവരെന്നെ കണ്ടില്ല. കണ്ടതായി നടിച്ചില്ല.
എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.
ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.
കഷ്ടം...! മറന്നു. ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.
ആര്‍ക്കും വേണ്ടാത്ത,
ആരും കാണാത്ത,
വെറും ഒരാത്മാവ്‌.
എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!
അതെ...ജുലായ്‌ 19
വാര്‍ഷിക ദിനമാണ്‌...
എന്റെ ചരമവാര്‍ഷിക ദിനം.
***********************************

16 comments:

ജന്മസുകൃതം said...

ഇത്‌ വെറുമൊരു കഥയോ കവിതയോ അല്ല.എന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു ദുരന്തമാണ്‌.ഇപ്പോഴുള്ളത്‌ പുനര്‍ ജന്മമെന്നു കരുതുവാന്‍ മാത്രം എനിക്കു വിധി നല്‍കിയ ഒരു ആഘാതം.ഇന്നു ഞാന്‍ സന്തോഷവതിയാണ്‌.ഒരു ഫീനിക്സ്‌ പക്ഷിയുടെ അഭിമാനം കാത്തു സൂക്ഷിക്കുന്നവള്‍.
എങ്കിലുംജുലായ്‌ 19എന്നുകേള്‍ക്കുമ്പോള്‍ ഞാന്‍ എല്ലാം വീണ്ടും ഓര്‍മ്മിച്ചു പോകുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുനര്‍ജനിയുടെ വാതായനങ്ങള്‍ക്കപ്പുറം ആ മായികലോകത്തില്‍ അലിഞ്ഞുചേര്‍ന്നത് പോലുണ്ട് ..
അത്മാവിന്റെ തേങ്ങലുകള്‍ അടക്കി ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവള്‍..
ഇപ്പോള്‍ ജനിക്കും മ്യതിക്കും ഇടയിലെ ഒരു ഫീനിക്സ് പക്ഷിയായ് കാലം കഴിക്കുകയാണൊ..?

ഗീത said...

ടീച്ചര്‍ക്ക് ഇത്ര ആഘാതം ഉണ്ടാക്കിയത് എന്തു കാര്യമായിരുന്നു എന്നൂഹിക്കാന്‍ കഴിഞ്ഞില്ല.

ആ പറഞ്ഞതൊക്കെ തന്നെയാണ് അക്ഷന്തവ്യങ്ങള്‍. ആ അക്ഷന്തവ്യങ്ങള്‍ ചെയ്യാതിരിക്കുന്നവര്‍ക്കേ ഇന്നി നാട്ടില്‍ ജീവിക്കാന്‍ പറ്റൂ

ജന്മസുകൃതം said...

അടുത്ത പോസ്റ്റിലൂടെ കുറച്ചുകൂടി വ്യക്തമാക്കാം.ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ലത്‌.എന്റെ കര്‍മ്മരംഗത്ത്‌ എനിക്കു നേരിടേണ്ടിവന്ന ഒരനുഭവമാണ്‌.
തീര്‍ച്ചയായും ഞാനത്‌ വ്യക്തമായിത്തന്നെ പറയും .കാരണം പങ്കുവയ്ക്കലിന്റെ സന്തോഷം നഷ്ടപ്പെടരുതല്ലോ.
സജി...ഗീതടീച്ചര്‍....നന്ദി.വീണ്ടും വരണേ.

നിരക്ഷരൻ said...

ഒരു ദുരന്തമാണിതിന് പിന്നിലെന്ന് മനസ്സിലായി. വളരെ നന്നായി ടീച്ചര്‍ അത് പകര്‍ത്തിവെച്ചിരിക്കുന്നുണ്ട്. അതിന്റെ നാടകീയത നഷ്ടപ്പെടാത്ത വിധത്തില്‍ പറയാന്‍ പറ്റുമെങ്കില്‍ മാത്രം തുറന്നെഴുതിയാം മത് ടീച്ചറേ. ഈ പോസ്റ്റ് വായിക്കുന്നതിന്റെ ഒരു സുഖം അതിനും ഉണ്ടാകണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ആശംസകള്‍

ഗൗരിനാഥന്‍ said...

എന്താനെന്നു മനസ്സിലായില്ല...പക്ഷെ ആ വെദന ഒരോ വാക്കിലും ഉണ്ടു .. അതില്‍ നിന്നും പുറത്ത് കടന്നു എന്നു വിസ്വസിക്കട്ടെ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരണം സംഭവിയ്ക്കുന്ന നിമിഷങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ മറക്കാറുണ്ട് പലപ്പോഴും. ഇവിടെ, ചരമവാര്‍ഷികദിനം ആഘോഷിയ്ക്കപ്പെടുന്നു അനിവാര്യമായൊരു ദുരന്തത്തെ വീണ്ടുമോര്‍മ്മിയ്ക്കാന്‍.

ആ ദുഖം പങ്കു വെയ്ക്കാം...

vazhayil syriac said...

fr.cyriac said:i am hapy to learn that leela m chandran will explain the contents of july 19.wish you all the best

joice samuel said...

നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

നരിക്കുന്നൻ said...

വേദനകളിൽ നിന്നും മോചനമുണ്ടാകട്ടേ...

ആശംസകൾ

ബഷീർ said...

വിശ്വസിച്ചവരെ വഞ്ചിക്കുന്ന ചരിത്രമാണല്ലോ ലോകത്തിനുള്ളത്‌..

ഇവിടെ ഒരു ജീവിത ദുരന്തമാണോ അതോ ആശയത്തിന്റെ മരണമാണോ സംഭവിച്ചതെന്നുള്ള ആശയക്കുഴപ്പങ്ങള്‍ .. എന്തായാലും കരകയറാന്‍ കഴിയട്ടെ.. ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ലീല ചേച്ചീ
സ്മൃതി എന്ന വാക്ക് എങ്ങിനെയാ എഴുതേണ്ടതെന്ന് അറിയാതെ ഇരിക്കുംപോഴാണു ചേച്ചിയുടെ ബ്ലോഗ് കണ്ടത്.
നാളെ ത്തന്നെ ഇത് കോപ്പിയടിക്കണം.
ചേച്ചിയുടെ വരികള്‍ വായിക്കാന്‍ സുഖം ഉണ്ട്.

RichOnline7 said...

Kannurkkaari aanallee.... njan-um athee...

parichayappettathil santhoosham... oru saahithya priya koodi aanenaathil valaree santhoosham !!

safvan...m a said...

"ഇത്‌ വെറുമൊരു കഥയോ കവിതയോ അല്ല.എന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു ദുരന്തമാണ്‌"

ഓരോ വരികളിലും തുടിക്കുന്നത്
ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ്
ടിച്ചര്‍..ഒരു കഥയോ,കവിതയോ വായിച്ചു തീരുബ്ബോഴുണ്ടാവുന്ന പിരിമുരുക്കമോ,അത്മസംഘര്‍ഷങ്ങളോ അനുഭവപ്പെടുന്നില്ല..
ഒരു പരിചയക്കാരനുമായി
ഏറെ നേരം സംസാരിച്ച പോലൊരു ലാഘവത്വം....

ടീച്ചര്‍ക്ക് ആശംസകള്‍

Bijith :|: ബിജിത്‌ said...

ഓഹോ ഇതിലെ കഥയാണോ മുന്നേ ഞാന്‍ വായിച്ചത്...
ഇനി അത് ഒന്നും കൂടെ വായിച്ചു നോക്കട്ടെ...

Bijith :|: ബിജിത്‌ said...

ഇപ്പൊ എന്തൊക്കെയോ കത്തി... ( ഇതിനു മുന്‍പ് എഴുതിയ പോസ്റ്റ്‌ വായിച്ചപ്പോള്‍ ) ഇതിന്റെ ശരിക്കും, ആക്ച്വല്‍ ആയിട്ടുള്ള കഥ എന്നെങ്കിലും നേരില്‍ കാണുമ്പോള്‍ പറയണം കേട്ടോ... നമുക്ക് ഇത്തിരി കട്ടന്‍ കാപ്പിയും ചക്ക വറുത്തതും ഒക്കെ ആയി ജോളി ആയി ആഘോഷിക്കാം ഈ മരണം ;)