Thursday, October 13, 2011

അമിത പറഞ്ഞത്‌

അമിത പറഞ്ഞത്‌

വിവാഹം കഴിഞ്ഞ്‌ അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍ അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍ പ്രിയങ്കരിയാണ്‌.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്‌...സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു വേണ്ടത്‌.
പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്‌.
അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്‌.രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന്‌ ഒട്ടും കുറവു വന്നില്ല.
അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും അവള്‍ക്ക്‌ എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത്‌ അവളാണ്‌.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക്‌ എപ്പോഴുമുണ്ടായിരുന്നു.
ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി അവളുടെ അച്ഛന്‍ ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു.
പോകും മുന്‍പ്‌ ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ്‌ അവിടെയുണ്ടാകുക.
കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌.ഒരല്ലലും അലച്ചിലും അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി പറഞ്ഞു നടന്ന പെങ്ങളോട്‌ ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിരുന്നതാണ്‌.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട്‌ പൊരുത്തപ്പെടുന്നതായിരുന്നില്ല.
എന്തായാലും ചെല്ലുന്നിടത്ത്‌ ഒത്തു പോകാന്‍ അമിതയ്ക്ക്‌ നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്‌.സഹോദരിയും വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള്‍ അമ്മയോടും അച്ഛനോടും ചോദിച്ച്‌ മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം നേരിടേണം.
ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്‌.അതിന്റെ കാരണം അവള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌.ഒരു ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട്‌ നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്‌ കരിക്കാന്‍ ഈ ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്‌.
എന്തായാലും പുതു ജീവിതം അവള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പക്ഷെ സല്‍ക്കാരത്തിനു വന്ന അവളുടെ മുഖത്തു വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട്‌ എന്റെ മനസ്സ്‌ വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ്‌ അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍ നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള്‍ കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.
പക്ഷെ, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക്‌ വന്നിരുന്നതാണ്‌.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും നടന്നില്ല.
ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍ കൊള്ളില്ല എന്നു പറഞ്ഞ്‌ അവള്‍ തന്നെ അത്‌ വേണ്ടെന്നു വച്ചു.
അക്കാര്യത്തില്‍ എനിക്കു നല്ല വിഷമം തോന്നിയിരുന്നു.
കാരണം കാണാന്‍ കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്‌പം അങ്ങനെയെങ്കില്‍ പിന്നെ നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ലല്ലൊ.
എന്തായാലും സുമുഖനായ ഒരു ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും സന്തോഷമുണ്ടായിരുന്നു.
പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക്‌ ഉത്‌ ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും മുറപോലെ നടന്നു.
ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും അഭിഷേകും വന്നു പോയി.
എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും ഉണ്ടായിരുന്നു.
എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.
പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും സന്തോഷവും കണ്ട്‌ മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.
വിവാഹത്തിനു മുന്‍പ്‌ നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ്‌ അമിത.പക്ഷെ പലവട്ടം വന്നു പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍ സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും ചോദിച്ചു.
"വിശേഷം...?"
ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ എന്നെ നോക്കി.
"എന്തു വിശേഷം...?"
ഞാന്‍ ചിരിയോടെ തുടര്‍ന്നു.
"അല്ല...മാസം രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള സമയമായി....അതു കൊണ്ട്‌ ചോദിച്ചതാ..."
അവള്‍ ഒന്നും മിണ്ടിയില്ല.
"കുറച്ചു കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത്‌ ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.
"അതിന്‌..."
പറയാന്‍ വന്നത്‌ അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത്‌ പാരവശ്യം നിറയുന്നത്‌ ഞാന്‍ കണ്ടു.
"എന്താ...?"
മനസ്സില്‍ ഉത്‌ ക്കണ്ഠ പെരുകി.
"വല്ലതും നടന്നിട്ടു വേണ്ടേ..."
പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള്‍ പെട്ടെന്നു പറഞ്ഞു.
ഒരു നിമിഷം...!!
ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ നോക്കി.
"നീ....പറഞ്ഞു വരുന്നത്‌....ഇതുവരെ.....?"
പെട്ടെന്ന് എന്റെ മാറില്‍ വീണവള്‍ പൊട്ടിക്കരഞ്ഞു.
ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത്‌ എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.
തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത്‌ ഒരേയൊരു കാര്യമാണ്‌.
കല്ല്യാണം കഴിഞ്ഞ്‌ രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്‌.
അത്യാഹ്ലാദത്തോടെ കതിര്‍ മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്‌.അല്‍പം നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത്‌ ഏറെ പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.
അതെ....ഒക്കെ നന്നായി നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം വേണ്ടിവന്നു.

പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....പക്ഷേ....
"ആര്‍ക്കാണ്‌ കുഴപ്പം ...?നിനക്കോ ...അതോ...?"
"എനിക്കു കുഴപ്പമൊന്നുമില്ല."
അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞത്‌ മനസ്സിലായി.
നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍ പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.
ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
"ഞാനത്‌ പലവട്ടം പറഞ്ഞതാ..."
അവളുടെ സ്വരത്തില്‍ അസഹ്യമായ നിരാശയും ദേഷ്യവും പ്രകടമായിരുന്നു.
"എന്താ നിന്നോടവനു സ്നേഹമില്ലേ...?"
"സ്നേഹം കൂടുതലാ..പക്ഷെ..."
എല്ലാറ്റിനും ഒടുവില്‍ കേള്‍ക്കുന്നത്‌ 'പക്ഷെ'കളാണ്‌
"ആരും അറിയരുത്‌ പോലും..."
"അപ്പോള്‍ എന്നോടു പറഞ്ഞുവെന്നറിഞ്ഞാല്‍..."
"ഞാന്‍ പറഞ്ഞിട്ടാണ്‌...അല്ലെങ്കില്‍ എത്രനാള്‍ ഇതു സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."
മനസ്സിലാകുന്നുണ്ട്‌.ഈ സമ്മര്‍ദ്ദം താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്‌.
ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച്‌ പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോരും.അവളെ എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.
ഇവിടെസ്വീകരിക്കേണ്ടത്‌ മനശ്ശാസ്ത്രപരമായൊരു സമീപനമാണ്‌.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ്‌ അമിത എന്നോടുമാത്രം ഇതു പറഞ്ഞത്‌.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്‌.
ആ വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ചു.
എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ഒരു മനശ്ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ച്ചയാണ്‌.
കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്‌.വികാരത്തിന്റെ ഉത്തുംഗശൃംഗത്തിലേയ്ക്ക്‌ ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത്‌ പുരുഷന്‍ തന്നെയാണ്‌.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന്‍ തളര്‍ന്നു കുഴഞ്ഞു വീണുപോകുന്നു.
പിന്നെ അവളെ കെട്ടിപ്പിടിച്ച്‌ ക്ഷമചോദിച്ച്‌ അവന്‍ കരയുന്നു,'ആരോടും പറയരുത്‌...നീയെന്നെ ഉപേക്ഷിച്ചു പോകരുത്‌...'
പകയും സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.
"കാണുമ്പോള്‍ ചിരിയാണു വരിക."
കര്‍ശനമായ താക്കീത്‌ അപ്പോള്‍ത്തന്നെ നല്‍കി.
"അരുത്‌...ആ ചിരി അപകടമാണ്‌"
"പിന്നെ ഞാനെന്തു ചെയ്യണം..?"
പരിഹാസത്തോടെയുള്ള ചോദ്യം.
"ചെയ്യാനുണ്ട്‌...നീയത്‌ ചെയ്തേ തീരൂ..."
അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത്‌ ജിജ്ഞാസ ഇതള്‍ വിടര്‍ന്നു.
"അഭിഷേകിനോട്‌ നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"
"അതിന്‌ ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട്‌ പറയാനുണ്ടാകുക."
"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍ പറ്റില്ലല്ലൊ."
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്‌.വയസ്സ്‌ ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ തുറക്കുന്നവന്‍.അമ്മ അഭിമാനത്തോടെ പറഞ്ഞത്‌ ഞാനും കേട്ടതാണ്‌.
"എന്റെ അനൂപിനേയും ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.
എല്ലാറ്റിനും ഞാന്‍ തന്നെ വേണം."
ശരിയാണ്‌.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത്‌ അച്ഛന്‍ കനിഞ്ഞു നല്‍കിയ മാനേജര്‍ സ്ഥാനം മാത്രമാണെന്നു ഇടയ്ക്ക്‌ അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചതും അങ്ങനെ തന്നെ.
മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക്‌ കുറ്റം പറയാന്‍ വയ്യ.
പക്ഷെ,ഇരുത്തിയെട്ടു വയസ്സു കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോലും അമ്മയുടെ അനുമതി വേണമെന്നു വരുന്നത്‌ നല്ല കാര്യമൊന്നുമല്ല.
"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട്‌ ഒരു ദിവസം ഞാന്‍ ചോദിച്ചു."
കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.
"നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്‍..."
കൂടുതല്‍ അറിയുന്തോറും പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി പരിശ്രമം അഭിഷേക്‌ ചെയ്യുന്നുണ്ട്‌.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു കാരണമാണ്‌ പിടികിട്ടാത്തത്‌.
അപ്പോള്‍ സംസാരിച്ചത്‌ ഞാനായിരുന്നില്ല.
എന്റെ നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍ കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ്‌ പറഞ്ഞത്‌. പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.
"അഭിയേട്ടനോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള്‍ തന്നെയാണ്‌ പ്രോത്സാഹിപ്പിച്ചത്‌.
സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക്‌ വിളിച്ചു വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം സംശയിച്ചിരുന്നു.
വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.
എന്തായാലും അഭിഷേകിന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക്‌ ചോദിച്ചു.
"ഇവളെല്ലാം പറഞ്ഞുവല്ലേ..?"
ആ സ്വരത്തില്‍ അപകടമായൊന്നും തോന്നിയില്ല.
"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത്‌ അഭിഷേകാണ്‌."
എന്റെ വാക്കുകള്‍ കേട്ട്‌ ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക്‌ അല്‍പനേരം മുഖം താഴ്ത്തിയിരുന്നു.
പ്രോത്സാഹിപ്പിച്ചു.
"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി അറിയില്ല.വിശ്വസിക്കാം."
വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍ തെളിഞ്ഞു.സമാധാനമായി.
ചോദ്യങ്ങള്‍ക്ക്‌ മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും ആവില്ലെന്ന തോന്നല്‍...അതാണ്‌ കാരണം.
"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ കാരണമാണ്‌ എനിക്കറിയേണ്ടത്‌."
'അറിയില്ല."
നിരാശയോടെ അഭിഷേക്‌ മുഖം തിരിച്ചു.
"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ്‌ അഭിഷേക്‌....സഹകരിച്ചാല്‍ ഇത്‌ നമുക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."
വളരെ ലഘുവായ ഒരു കാര്യം എന്ന മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.
"പക്ഷേ..."
അഭിഷേകിന്റെ വാക്കുകളില്‍ പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...
"ഒരു പക്ഷേയും വേണ്ട....വേണമെന്നു വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്‌...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"
പെട്ടെന്ന് ഒരു തിളക്കം ആ കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച്‌ അവരുടെ അഭിപ്രായം കൂട്ടുകാര്‍ ചെവിയില്‍ പറഞ്ഞു.
"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."
എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ പറഞ്ഞത്‌....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍ ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം....
"രണ്ടുമാസത്തിലേറെയായില്ലേ ഇവള്‍ നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത്‌ ശരിയാണെന്നു തോന്നിയോ?"
"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ വരുമ്പോള്‍...അറിയാതെ....."
അഭിഷേകിന്റെ സ്വരം നന്നേ താഴ്‌ന്നു.തെറ്റു ചെയ്ത കുട്ടിയുടെ ഭാവം...സഹതാപം തോന്നി.
"അതൊക്കെ മറന്നേക്ക്‌...ഇത്‌ നിങ്ങളുടെമാത്രം ജീവിതമാണ്‌...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ്‌ ഇവിടുള്ളത്‌.നിനക്ക്‌ കഴിയുന്ന കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."
അസാധാരണമായ ഒരു തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം ഉണ്ടായി...
തിരിച്ചു പോകും മുന്‍പ്‌ അമിതയോട്‌ മാത്രമായി പറഞ്ഞു.
"എല്ലാം ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും കൊടുക്കണം.ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."
യുദ്ധത്തിനു മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത്‌ ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ മാമി മാത്രമാണ്‌...ഒക്കെ ശരിയായി എന്ന് അവള്‍ വിളിച്ചറിയിക്കുന്ന ദിവസം...അതിനായാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌ മകളാണ്‌.
എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവന്നില്ല.അമിതപറഞ്ഞത്‌ 'അഭിയേട്ടന്‍ പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ്‌ കുളിച്ച്‌ അടുത്തുള്ള മൂന്നമ്പലങ്ങളില്‍ പോയി തൊഴുത്‌ വഴിപാടുകള്‍ നടത്തി വന്നു' എന്നാണ്‌.
"തനിച്ചാണോ?"
ഞാന്‍ എടുത്തു ചോദിച്ചു.
"അതെ.തനിച്ച്‌..."
അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.

27 comments:

prakashettante lokam said...

ഇത് തുടര്‍ക്കഥയാണോ ടീച്ചറേ?
വീണ്ടും വായിച്ചിട്ട് കമന്റാം. ഓടിച്ചിട്ട് വായിച്ചേ ഉള്ളൂ..........

എന്റെ നോവല്‍ പ്രസിദ്ധീകരണം എവിടേയും ആയില്ല. അധികം പണച്ചിലവില്ലാതെ അത് അച്ചടിച്ച് കാണാന്‍ ആഗ്രഹം ഉണ്ട്.

സ്നേഹത്തോടെ
ജെ പി

sm sadique said...

അമിതയുടെ ആഹ്ലാദം പൂവണിയട്ടെ. അവർ ഒന്നാകട്ടെ. പ്രപഞ്ചം വാ പിളർക്കട്ടെ... അതിലൂടെ പാലരുവി ഒഴുകട്ടെ... അവരുടെ പാരമ്പര്യം വിത്തായി കിളിർക്കട്ടെ...വളരട്ടെ... വിജയിക്കട്ടെ.... വിജയാശംസകൾ..........

Sarath Menon said...

വളരെ നന്നായിട്ടുണ്ട്

ലീല എം ചന്ദ്രന്‍.. said...

ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌ മകളാണ്‌.

SUBINN said...

nannayittund teacher.......

വീ കെ said...

ഇതൊന്നും ആരോടും പറയാ‍ൻ പോലും കഴിയാതെ തകർന്നടിയുകയോ, ബന്ധം വേർപെടുത്തുകയോ ചെയ്യ്യുന്നവർ ധാരാളമുണ്ടാകും. വളരെ ചെറിയ കൌൺസിലിം‌ഗ് കൊണ്ടു പോലും നേരെയാക്കാൻ കഴിയുന്നത്ര പ്രശ്നമേ കാണുകയുള്ളു.

നന്നായിരിക്കുന്നു കഥ.
ആശംസകൾ...
(കഥ പറയുന്നത് മാമിയാണല്ലൊ. അപ്പോൾ പിന്നെ തുടക്കത്തിൽ ഇങ്ങനെ
‘പെങ്ങളുടെ മകളാണെങ്കിലും......’ എന്ന് പറഞ്ഞതെന്താണ്. ആങ്ങളയുടെ മകളെന്നല്ലെ പറയ്യേണ്ടത്..? അതോ എന്റെ വായനപ്പിശകോ...?)

Bijith :|: ബിജിത്‌ said...

കല്യാണം കഴിഞ്ഞു ഒരു വര്ഷം ആയിട്ടും കന്യകയായി ഇരിക്കേണ്ടി വന്ന ഒരാളുടെ അനുഭവം ഈയടുത് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നി. ലൈഗിക അരാജകത്വം എന്ന് പറയുമ്പോള്‍ തന്നെ, അതിനെ കുറിച്ച് ശരിയായ ബോധ്യവും മലയാളികള്‍ക്ക് നഷ്ടപ്പെടുകയാണോ..

മുരളി മേനോന്‍ (Murali K Menon) said...

"കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌." - കഥയില്‍ വെറുതെ ഒന്ന് പരാ‍മര്‍ശിച്ചു പോയേ ഉള്ളുവെങ്കിലും ഇതും മലയാളിയുടെ പ്രശ്നങ്ങളില്‍ വളരെ വലുതാണ്. പിന്നെ ദാമ്പത്യത്തിലെ സെക്സിന്റെ പ്രാധാന്യം, അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു ആഗോള പ്രതിഭാസമായ് നിലകൊള്ളുന്നു. എന്റെ ഒപ്പം ബാങ്കില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍‌കുട്ടി ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയും ഒടുവില്‍ ഡൈവോഴ്സ് ചെയ്യുകയുമുണ്ടായി. ചെറുക്കന്‍ ആറടി ഉയരവും, അതിനനുസരിച്ച തടിയും ഉള്ള പയ്യനായിരുന്നു. പക്ഷെ കിടക്കയില്‍ അതല്ലല്ലോ കാര്യം!

Echmukutty said...

കഥയായി വായിച്ചു. കഥയല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ.......

ലീല എം ചന്ദ്രന്‍.. said...

തുടര്‍ക്കഥ അല്ല പ്രകാശേട്ട ...അല്പം നീളം കൂടുതലായി എന്നെ ഉള്ളു.
വായിച്ചു മനസ്സില്‍ തോന്നുന്ന അഭിപ്രായം തുറന്നു പറയു.

അതെ സാദിക്ക്‌...ആ ആഹ്ലാദം പൂവനിയുന്നതിനാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന.

നന്ദി ശരത്
നന്ദി സുബിന്‍..
പ്രിയ വീ കെ ,മാമി എന്നത്കൊണ്ട് ഉദ്ദേശിച്ചത് മാമന്റെ ഭാര്യഎന്നാണ്.(അമിതയുടെ അമ്മാവന്റെ ഭാര്യ )
അപ്പോള്‍ മാമിയ്ക്ക് അമിത (ഭര്‍ത്താവിന്റെ )പെങ്ങളുടെ മകള്‍ ആണല്ലോ.
പ്രാദേശിക ഭേദമാകാം സംശയത്തിനിട നല്‍കിയത്.
അഭിപ്രായം അറിയിച്ചതിനു നന്ദി.
ബിജിത്ത്,ഇത് ഒറ്റപ്പെട്ട കാര്യമല്ല.ഇതുപോലെയുള്ള അനുഭവം ഒരുപാട് പേര്‍ക്കുണ്ടാകും...ഒന്നും പുറത്ത് അറിയിക്കാതിരിക്കാനുള്ള
പ്രവണത എത്ര കുടുംബങ്ങളെ കണ്ണീരില്‍ ആഴ്തുന്നുണ്ട് .വന്നതില്‍ നന്ദി ഉണ്ടേ...
മുരളിമേനോന്‍....അല്പം തന്റെടമുള്ളവര്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള പോംവഴി കണ്ടെത്തും അല്ലാത്തവരോ...
ഇനി അങ്ങനെ രക്ഷപ്പെടുന്നവരെയും സമൂഹം വെറുതെ വിടുമോ?
അവള്‍ക്കു അതില്ലാത്തതിന്റെ കേടാ...എന്ന് പറയുന്നവരും ഉണ്ടാകുമല്ലോ.
അഭിപ്രായത്തിനു നന്ദി.

ലീല എം ചന്ദ്രന്‍.. said...

എച്മു....കഥയല്ലെന്നു പറഞ്ഞേക്കല്ലേ എന്നെ ഇവിടുന്നു കെട്ട് കെട്ടിക്കും

Typist | എഴുത്തുകാരി said...

എത്രയോ പാവം പെൺകുട്ടികൾക്കു് ഉണ്ടാവും ഇത്തരം അനുഭവങ്ങൾ, പുറത്ത് പറയാത്തതു്,അറിയാത്തതു്.

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഇങ്ങനെ തുറന്നു പറയാന്‍ ആരുമില്ലാത്ത എത്ര ഭാഗ്യഹീനകള്‍ ? പുതിയ തലമുറയിലെന്കിലും അതുണ്ടാവും എന്ന് നമുക്കാശിക്കാം... അമ്മയും മകളും തമ്മില്‍ എല്ലാം തുറന്നു പറയുന്ന ഒരു സമീപനം എങ്കിലും സൃഷ്ടിക്കപ്പെടെണ്ടി യിരിക്കുന്നു... ഇങ്ങനെ ഒരു മാമി ഇല്ലായിരുന്നെങ്കില്‍.... നല്ല അവതരണം .. ഇഷ്ടമായി

Vp Ahmed said...

ഈ ഹൃദയം തുറന്ന സംസാരം (കഥ) വളരെ നന്നായി. അഭിനന്ദനങ്ങള്‍

മാണിക്യം said...

നന്നായി മനസ്സില്‍ തട്ടും വിധം പറഞ്ഞ കഥ.
ആശംസകള്‍....

കുമാരന്‍ | kumaran said...

കഥ ഇഷ്ടപ്പെട്ടു.

ente lokam said...

കഥയെക്കാള്‍ ഉപരി ആ പെണ്‍കുട്ടിയുടെ വേദന

ഹൃദയ സ്പര്‍ശി ആയി അവതരിപ്പിച്ചു...വായനയില്‍

വേദന ആയി തീരാതെ അങ്ങനെ നില്‍ക്കുന്നു...നല്ലത്

വരും എന്ന് പ്രതീക്ഷിക്കാം അല്ലെ....

ഒരു പാവം പൂവ് said...

ഇവിടെ അമിത ധൈര്യമായി പറഞ്ഞതു കൊണ്ടാണ് ഇങ്ങിനെയൊരു പരിഹാരം ഉണ്ടായത്. ഭയന്നും ജീവിത സാഹചര്യങ്ങള്‍ കൊണ്ടും മിണ്ടാതെ സഹിക്കുന്ന എത്രയോ കുട്ടികള്‍ ഉണ്ട്‌. എച്ച്മുവിന്റെ പുതിയ പോസ്റ്റിലെ പോലെ മറ്റു തരത്തിലുള്ള പീഡനങ്ങളും,അമ്മയാവാന്‍ പറ്റാതെ വരുമ്പോഴുള്ള ഏക പക്ഷീയമായ കുറ്റപ്പെടുത്തലുകളും...

നന്നായി എഴുതി. പുതിയ പോസ്റ്റിനു ലിങ്ക് തരുമല്ലോ.

വിനുവേട്ടന്‍ said...

മക്കൾ വലുതായി എന്ന് സമ്മതിച്ച് കൊടുക്കാത്ത മാതാപിതാക്കൾ ഒരളവ് വരെ കാരണക്കാരാകുന്നുണ്ട് ഈ അവസ്ഥയ്ക്ക്.

വിവാഹത്തിന് ശേഷം വധൂവരന്മാരെ അവരുടെ വഴിക്ക് വിടുക. കഴിയുമെങ്കിൽ വേറൊരു വീട്ടിൽ താമസിക്കാൻ അനുവദിക്കുക... നല്ലൊരു ദാമ്പത്യ ജീവിതവും അവർക്ക് തങ്ങളുടെ മാതാപിതാക്കളോട് എന്നെന്നും സ്നേഹവുമുണ്ടാകും.

മക്കളെ അടക്കി ഭരിക്കുന്ന മാതാപിതാക്കൾ ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ...

ദേവന്‍ said...

ഒരു സീരിയല്‍ കഥപോലെ തോന്നാമെങ്കിലും ഇത്തരത്തിലുണ്ടായ ചില സംഭവങ്ങള്‍ നേരിട്ടറിയാം എനിക്ക് അതില്‍ ഒരു കുടുംബം വേര്‍തിരിഞ്ഞു കഴിഞ്ഞു അവിടെ ഭര്‍ത്താവിന്റെ അമ്മതനെയാണ് പ്രശ്നം!!

ദേവന്‍ said...

നന്നായി എഴുതിയിരിക്കുന്നു കഥയിലെ ജീവിതം തൊട്ടറിയാം ആശംസകള്‍

MyDreams said...

ഇത് പോലെ ഒരു കഥയാണ് നെടുമുടി വേണു കേള്ല്കാത്ത ശബ്ദത്തില്‍ പറഞ്ഞതും ...

ഇത് പോലെ എനിക്ക് അറിയാവുന്ന ഒരാള്‍ക്കും ഉണ്ടായിരുന്നു ......സ്വന്തം വീട്ടില്‍ അമ്മയുടെ സാന്നിധ്യം അയാളെ തളര്‍ത്തി കളയുന്നു ...

ചന്തു നായർ said...

നന്നായി...മനോഹരം എന്ന് പറയുന്നില്ലാ...കാരണം...ഇതിലുള്ള പ്രധാന കാരണം തന്നെ....."ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."....ഈ ഒരു സംഭാഷണം കൊണ്ട്.. ആ വ്യക്തിയിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമോ? പിന്നെ‘അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.‘ ഈ ഒരു ‘കാരണം’ മനശാസ്ത്ര പരമാക്കി എടുക്കാവുന്നതാണു...അങ്ങനെയുള്ള ‘ട്രോമാ’ രോഗികളെ എനിക്കറിയാം.... എതായാലും മാമിയെന്ന കഥാപാത്രത്തിന്റെ സമീപനം കൊണ്ട് അവസാനം കാര്യങ്ങൾ മംഗളമായി എന്ന് “അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.” ഈ വാചകങ്ങളിൽ നിന്നും മനസ്സിലാകുന്നൂ...കഥ കുറേയേറെ നീണ്ട് പോയില്ലേ എന്നൊരു സംശയവും ഉണ്ട് ചില സ്ഥലങ്ങളിൽ വളരെ പരത്തി പറയുന്നതായി തോന്നി...എന്റെ വായനയിൽ തോന്നിയ കാര്യങ്ങളാണ് ലീലടീച്ചറേ ഞാൻ പറഞ്ഞത്...ഇങ്ങനെ എഴുതുന്നതിൽ വിഷമം ഉണ്ടാകില്ലാ എന്ന് എനിക്ക് തോന്നുന്നു....എല്ലാ ആശംസകളും...

ലീല എം ചന്ദ്രന്‍.. said...

എഴുത്തുകാരി ,അഭിപ്രായം പറയാന്‍ ദയവു കാണിച്ചതില്‍ നന്ദി
ഉസ്മാന്‍ ...നന്ദി
പുതിയ തലമുറ കുറെയൊക്കെ പ്രതികരണ ശേഷി കാണിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
വിപി അഹമ്മദ് ,മാണിക്യം ,കുമാര...നന്ദിമാത്രം

ലീല എം ചന്ദ്രന്‍.. said...

എന്റെ ലോകം..,.ഒരു പാവം പൂവ് ..വെറും കഥയെന്നു കരുതി തള്ളാവുന്ന കാര്യമല്ലല്ലോ ഇത്....
ജാതകവും മറ്റു കാര്യങ്ങളും ഒത്തു നോക്കി നന്ന് എന്ന് തീരുമാനിക്കുന്നതിന്റെ കൂട്ടത്തില്‍ ശാരീരിക പൊരുത്തവും നോക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
വിനുവേട്ട...പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.തിരിച്ചറിവ് മാതാപിതാക്കള്‍ക്കും ആവശ്യമാണ്‌.
ദേവന്‍....മൈ ഡ്രീംസ് ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.തുറന്നു പറയാനുള്ള മടികൊണ്ട് എല്ലാം മൂടിവച്ച് കണ്ണീര്‍ ഒഴുക്കുന്ന എത്ര പേരുണ്ടെന്നോ?
ചന്തു നായര്‍....തുറന്നു പറച്ചിലാണ് കൂടുതല്‍ ഇഷ്ടം.തെറ്റുകുറ്റങ്ങളുടെ പുനര്‍ ചിന്തനത്തിന് വഴിയൊരുക്കും അത്.

നെല്ലിക്ക )0( said...

നന്നായിരിക്കുന്നു കഥ.ഹൃദയ സ്പര്‍ശി ആയി അവതരിപ്പിച്ചു...ആശംസകൾ...!!!

ആസാദ്‌ said...

സമൂഹത്തോട് സംസാരിക്കുന്ന ഒരു പോസ്റ്റ്..
കാര്യങ്ങള്‍ തുടങ്ങി കഴിഞ്ഞു മുഴുവനാകാന്‍ കഴിയാതെ വരുന്ന പുരുഷന്റെ അവസ്ഥ വളരെ ദയനീയമാണ്. പക്ഷെ മനസ്സിനെ അടക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഒരു അഞ്ചു മിനിട്ടിനു ശേഷം അയാള്‍ക്കെത്രയോ ദൂരം മുന്നോട്ടു പോകാന്‍ കഴിയും!
ശരിക്കും പറഞ്ഞാല്‍ ഈ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് വിവാഹത്തിന്റെ മുന്പ് ,അടിസ്ഥാന കാര്യങ്ങള്‍ വിശദമായ ഒരു കൌണ്സിലിംഗ് വളരെ വളരെ അത്യാവിശ്യമാണ്.