Friday, July 11, 2014

നിറം മങ്ങിയ ബൊമ്മ.

നിറം മങ്ങിയ ബൊമ്മ.
ജംഗ്ഷനില്‍  ബസ്സിറങ്ങി വലത്തോട്ടുള്ള വഴിയെ നടന്നു. 
മെറ്റലുകള്‍ ഇളകിയടര്‍ന്ന വഴിക്കിരുപുറവും ശ്രദ്ധയില്ലാതെ 
വളര്‍ന്നു പടര്‍ന്ന വള്ളിച്ചെടികള്‍...
എല്ലാം പഴയപോലെ തന്നെ. എങ്കിലും നിറം മങ്ങിയിരിക്കുന്നു.
വയലിറമ്പിലെ ചായക്കടയ്ക്കുപോലും പഴമയുടെ വരകളും കുറികളും മാത്രം.
നെല്‍ച്ചെടികള്‍ കാറ്റിലുലയുന്ന വയല്‍  വരമ്പിലൂടെ നടന്ന് അക്കരെയെത്തി.
മുന്നില്‍  നിറം കെട്ട ഓരോര്‍മ്മപോലെ പഴകിപ്പൊളിഞ്ഞ  തറവാട്.
കാലുകള്‍  മുന്നോട്ടു നീങ്ങാന്‍ മടിക്കുന്നത്  ശ്രീദേവി അറിഞ്ഞു.
ശൂന്യമായ ഒരന്ധകാരം മുന്നില്‍ വായ്പിളര്‍ന്നു നില്‍ക്കുന്നത് പോലെ.



"വരൂ മോളെ....വലതു കാല്‍ വച്ച് കയറി വരൂ..." 
എന്ന സ്നേഹ വചസ്സുകളുമായി ആരതി ഉഴിഞ്ഞു സ്വീകരിക്കാന്‍ 
ഒരമ്മ പടിക്കല്‍ കാത്തു നില്ക്കുന്നുണ്ടോ?

"ഒന്ന് വഴി ഒതുങ്ങിക്കൊടുക്കൂ.കുട്ടികള്‍ ഇങ്ങു കയറട്ടെ..."
ഭര്‍ത്തൃ  പിതാവിന്റെ ഗാംഭീര്യ സ്വരം ഉയര്‍ന്നു  കേള്‍ക്കുന്നുണ്ടോ
ഇല്ല... ഒന്നുമില്ല ....ആരുമില്ല....
എല്ലാം തോന്നലുകള്‍.
നാട്ടുകാരുടെയും വീട്ടുകാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ ആദ്യമായി 
ഈ പടികയറുമ്പോള്‍ മനസ്സിലെ മോഹപ്പക്ഷികള്‍ക്ക് ആയിരം ചിറകുണ്ടായി രുന്നു.
പക്ഷെ,ഇന്നോ...?
നഷ്ട സ്വപ്നങ്ങള്‍ക്ക് ഇങ്ങനൊരു പരിസമാപ്തി പ്രതീക്ഷിച്ചതേയില്ല.
തെറ്റുകാരിയെന്ന് എല്ലാവരും അധിക്ഷേപിച്ചപ്പോള്‍ നിഷേധിച്ചില്ല.
അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരഗ്നിപരീക്ഷണത്തിനു തയ്യാറായതുമില്ല.
കുനിഞ്ഞ ശിരസ്സില്‍ മനപ്പൂര്‍വവും  അല്ലാതെയും എടുത്തു ചാര്‍ത്തപ്പെട്ട 
മുള്‍ക്കിരീടങ്ങള്‍..
സഹിച്ചു. നിശബ്ദയായി എല്ലാം സഹിച്ചു.
പക്ഷെ..., കണ്ണിലെ കൃഷ്ണമണിപോലെ ആറ്റു നോറ്റു വളര്‍ത്തിയ മകള്‍
അവളിൽ  നിന്നും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.
ആഗ്നേയാസ്ത്രങ്ങള്‍ പോലെ ഹൃദയത്തിലേയ്ക്ക് തറച്ചിറങ്ങിയ
വാക്കുകള്‍ ...
"അമ്മയാണ് തെറ്റുകാരി....അച്ചനെ തനിച്ചാക്കി അമ്മ ഒരിക്കലും 
പോരരുതായിരുന്നു."
അമ്മയുടെ ജീവിതം തെറ്റുകളുടെ കൂമ്പാരമാണെന്ന് കണ്ടെത്തിയവള്‍ ...
അവള്‍ക്കു വേണ്ടി മാത്രം ജീവിച്ച ഈ അമ്മയോടാണ് അവള്‍ക്കു പക...
അതുകൊണ്ടാകാം ആ വാക്കുകളില്‍ ഒരു മാര്‍ദ്ദവവും ഇല്ലാതിരുന്നത്.
എങ്കിലും..,തന്റെ നേരെ കൈ ചൂണ്ടിയ ആ ഭാവം മറക്കാന്‍ ആകുന്നില്ല.
"ആ വലിയ മനുഷ്യന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ 
കഴിയാതിരുന്നത് അമ്മയ്ക്കല്ലേ...?
 ഇനിയെങ്കിലും ഈ വാശി ഉപേക്ഷിച്ചുകൂടെ..?"
വാശി...! തനിക്കു വാശി...!!
മകളെ നിനക്കെന്തറിയാം...?
ഒരു പാട് മോഹങ്ങളുമായി ഈ പടികടന്നു വന്ന 
 ഒരു പാവം പെണ്ണിന്റെ മനസ്സ് നീ കണ്ടില്ലല്ലോ.
കാണേണ്ടിയിരുന്ന ആളാണ്‌ മുഖത്തടിച്ചതുപോലെ ചോദിച്ചത്...
"നിന്നെപ്പോലൊരു ശവത്തെ എനിക്കെന്തിനാ ..?"
ആ  ചോദ്യം കൂര്‍ത്ത ശരങ്ങളായി തറച്ചത് ഇന്നലെയല്ല. 
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ...!
എവിടെയാണ് തെറ്റുകളുടെ ആരംഭം എന്ന് കൃത്യമായി അറിയില്ല.
ഈ പടികയറിയെത്തിയ ആദ്യ നിമിഷങ്ങള്‍ നിര്‍വൃതി ദായകമായിരുന്നു.
സ്നേഹധനരായ അച്ഛനും അമ്മയും ...
തന്റെ കവിതകളിലൂടെ ആരാധകലക്ഷങ്ങളുടെ 
കയ്യടികളും ആര്‍പ്പുവിളികളും ഏറ്റു വാങ്ങുന്ന 
പ്രശസ്തനും സുന്ദരനുമായ ഭര്‍ത്താവ് ..
അഭിമാനിച്ചു. ഭാഗ്യവതിയെന്നു അഹങ്കരിച്ചു.
ആ സാമീപ്യവും കുസൃതികളും ഉണർത്തിയ വികാരങ്ങൾ  
അവര്‍ണ്ണനീയമായിരുന്നു.
തിരക്കൊഴിയുന്ന നേരത്തിനായി തുടിക്കുന്ന മനസോടെ കാത്തു.
പക്ഷെ..., തിരക്കൊഴിഞ്ഞപ്പോള്‍ ആ ശബ്ദത്തിനു 
പ്രതീക്ഷിക്കാത്ത ഒരു മാറ്റം അറിഞ്ഞു.
"എനിക്കിവിടെ ശരിയാകില്ലെടോ...
നമുക്കെന്റെ താവളത്തിലേയ്ക്ക് പോകാം."
ഒന്നും മനസ്സിലായില്ല.
അച്ഛനും അമ്മയും നിറകണ്ണുകളോടെ ആശ്വസപ്പിച്ചു
"അവന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെയാകട്ടെ മോളെ.... 
എതിര്‍ത്തിട്ടു കാര്യമില്ല."
ഒരു രാത്രിപോലും ആ വീട്ടില്‍ അന്തിയുറങ്ങാതെ 
ഏതോ താവളത്തിലേയ്ക്കുള്ള യാത്ര...
മനസ്സില്‍ അരുതാത്ത ഒരസ്വസ്ഥത  പടര്‍ന്നു കയറി.
എങ്കിലും....ആ ശബ്ദത്തിന്റെ ദ്ദൃഡത...
ആ സ്വപ്നത്തിന്റെ ചാരുത....
മനസ്സിലെ മധുരവികാരങ്ങള്‍ക്ക് തിളക്കമേറ്റി .
ചുറ്റും നിറയെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം.
താഴ്‌വരകളില്‍ തേയിലക്കാടിന്റെ  പച്ചപ്പ് ..
കവിയുടെ ഹൃദയസ്പ്ന്ദനങ്ങള്‍ വാക്കുകളിലൂടെ തൊട്ടറിഞ്ഞു.
സൃഷ്ടിയുടെ ഉറവിടമായ ശാന്തത മനസ്സിനെ തണുപ്പിച്ചു.
പക്ഷെ ,
അവിടെ നവദമ്പതികളെ സ്വീകരിച്ചു സൽക്കരിക്കാന്‍ 
കാത്തിരുന്ന സുഹൃത്തുക്കള്‍ ...
കവിയുടെ ഭാര്യയെ കവിതകളിലൂടെ അവര്‍ പ്രകീര്‍ത്തിച്ചു. 
സുഖപ്രദമായ ദാമ്പത്യജീവിതം അവര്‍ ആശംസിച്ചു.
അവരൊരുക്കിയ വിഭവസമൃദ്ധമായ സദ്യ....
ഒപ്പം മദ്യവും ...
അത് പകരാന്‍ മദിരാക്ഷിമാരും.
ഞടുക്കത്തിന്റെ തിരയേറ്റം മനസ്സിലുണ്ടായി. 
അതുവരെ തോന്നിയിരുന്ന സന്തോഷം ഒക്കെ തീര്‍ന്നു. 
സ്വര്‍ഗീയ നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച് അവര്‍ നടത്തുന്ന 
ആഹ്ളാദത്തിമിര്‍പ്പുകള്‍ സഭ്യതയുടെ അതിര്‍  ലംഘിക്കുന്നതറിഞ്ഞു.
വെറുപ്പുളവാക്കുന്ന വാക്കുകള്‍  ...അറപ്പുളവാക്കുന്ന മേനീ ചലനങ്ങള്‍ ...
ആ മടുപ്പില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് മുറിയിലെത്തുമ്പോള്‍ 
അരുതെന്ന് കരുതിയിട്ടും മിഴികള്‍  ചോര്‍ന്നൊഴുകി .
പുറത്തെ ആരവങ്ങള്‍ അടങ്ങിയപ്പോഴേയ്ക്കും രാവെറെയായിരുന്നു.... 
ഇടറുന്ന പാദങ്ങളോടെ അകത്തേയ്ക്ക് കടന്നു വന്ന ഭര്‍ത്താവിനെ 
പകച്ചു നോക്കി.
ലഹരി പതഞ്ഞു കത്തുന്ന ചെമന്ന കണ്ണുകള്‍ ...
കാത്തു കാത്തിരുന്ന ആ സ്പര്‍ശനത്തിന് പൊള്ളുന്ന ചൂടനുഭവപ്പെട്ടു .
ഭയം ത്രസിക്കുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും മുമ്പ്, 
വന്യമായ ഒരാക്രമണത്തിനിരയാകുമ്പോള്‍ ഉള്ളിലൊരു കൊച്ചരിപ്രാവ്‌ 
പ്രാണന് വേണ്ടി പിടയുകയായിരുന്നു.
ശക്തമായി പ്രതിഷേധിക്കാന്‍ ആഗ്രഹിച്ചു എങ്കിലും 
ഒരു ചെറുവിരല്‍  പോലുമനക്കാനാവാതെ തളര്‍ന്നു കിടക്കുമ്പോള്‍,
 ലഹരി മണക്കുന്ന ഒരു കുഴഞ്ഞ ശബ്ദം വ്യക്തമായി കേട്ടു .
"ശവം.."
അവിടെയായിരിക്കാം തുടക്കം.
ചുമലില്‍ ആരോ വലിച്ചു കയറ്റിത്തന്ന കുരിശ് ...
ഇതും പേറി താണ്ടിയെത്തേണ്ട ലക്ഷ്യം ഏതെന്നു പോലും 
നിശ്ചയമില്ലെന്നോര്‍ത്തപ്പോള്‍ കണ്ണിലൂടൊഴുകിയത് ചോരയാണ്.
വഴിയില്‍  നിറച്ചിരുന്ന അനുഭവങ്ങളുടെ കൂര്‍ത്ത മുള്ളുകള്‍ ...
രക്ഷപ്പെടാനുള്ള  ഓരോ പിടച്ചിലും 
കൂടുതല്‍ മുള്ളുകള്‍ തറഞ്ഞു കയറാനേ ഉപകരിച്ചുള്ളൂ.
ക്ഷമയുടെയും ത്യാഗത്തിന്റെയും പുതിയ ഭാവങ്ങള്‍ 
സ്വന്തം ജീവിതം കൊണ്ടറിഞ്ഞു .
എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍   
ഒരു  തീപ്പൊരി പോലെ അണയാതെ സൂക്ഷിച്ചു.
അവഗണനയുടെ അവശിഷ്ടമായി മാറിയിട്ടും അദ്ദേഹത്തെ 
ഒരിക്കലും വെറുത്തില്ല.
ആര്‍ദ്രമായ ഒരു നോട്ടത്തിനായി..
മൃദുവായ ഒരു സ്പര്‍ശനത്തിനായി ഓരോ നിമിഷവും കൊതിച്ചു.
ഒക്കെ വെറുതെ.
തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് വഴുതിവീഴുന്ന ഭര്‍ത്താവ്.
സുബോധത്തോടെ ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെയായി.
കവിയെ ശുശ്രുഷിക്കാന്‍ ഊഴമിട്ടെത്തിയ ആരാധികമാര്‍...
എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
സഹികെട്ട് ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.
സൗമ്യമെന്നും  സുന്ദരമെന്നും കരുതിയ ആ ജീവിതത്തിന്റെ
 ഇരുണ്ട വശങ്ങള്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ 
താന്‍ ഒരു യജ്ഞമൃഗമെന്ന സത്യം ബോധ്യമായി. 
ഭര്‍ത്തൃ പിതാവിന്റെ സ്വരത്തില്‍ കുറ്റസമ്മതം ഉണ്ടായിരുന്നു.
"നിന്നോട് ചെയ്തത് തെറ്റായിപ്പോയി മോളെ..
.അച്ഛന്റെ സ്വാര്‍ഥതയ്ക്കു മോള് മാപ്പുതാ."
തലതിരിഞ്ഞ മകനെ നേരെയാക്കാന്‍ 
അച്ഛന്‍ കണ്ടെത്തിയ ബലിമൃഗമായിരുന്നു താന്‍....
എന്തിനു ഒരു പാവം പെണ്ണിന്റെ ജീവിതം ശപ്തമാക്കി.... 
ആ ആശ്വാസവാക്കുകളുടെ സ്പർശനം അറിയാകാനാകാത്ത വിധം 
മനസ്സ് മരവിച്ചിരുന്നു. മനസ്സ് മാത്രമല്ലല്ലോ ശരീരവും.
"ഇതെന്റെ ഭാര്യയല്ലെടോ ബൊമ്മയാ ...
ഷോക്കേസില്‍ വയ്ക്കാനേ  കൊള്ളത്തൊള്ളൂ ''
കൂട്ടുകാരുടെ മുന്നിലേയ്ക്ക് വലിച്ചിഴച്ചു ഭർത്താവ് പരിഹസിക്കുമ്പോഴും 
ശപിച്ചത്  മറ്റാരെയുമല്ല, സ്വന്തം വിധിയെത്തന്നെയാണ്.
എല്ലാ ദുരന്തങ്ങളില്‍ നിന്നും നിത്യമായ ഒരു രക്ഷപ്പെടലിനു 
ഒരുങ്ങുകയായിരുന്നു. 
പക്ഷേ  മനസ്സോടെ അല്ലെങ്കിലും ഒരു മൃദുസ്പന്ദനം 
അടിവയറ്റില്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ജീവിതം ഒരാവശ്യമായി.
ഭര്‍ത്താവ്  ...കുഞ്ഞ് ...കുടുംബം...സുന്ദരമായ പ്രതീക്ഷകൾ മനസ്സിൽ  തുടിച്ചു. 
ഒക്കെ വെറുതെ ...രക്തത്തില്‍ കുളിച്ചു ആരുടെയോ കാരുണ്യം കൊണ്ട് 
ആസ്പത്രിയിലെത്തുമ്പോള്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണതാണെന്നേ 
എല്ലാവരും അറിഞ്ഞുള്ളു.
ആ രക്തത്തില്‍ നിന്നും ഒരു കുഞ്ഞു ജീവൻ  രക്ഷിച്ചെടുത്ത്  
കയ്യിൽ തന്ന ഡോക്ടര്‍.....!
പിന്നെ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല.
എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞില്ല
വരും, ഒരിക്കല്‍ വരും, പൊന്നുമോളെ കാണാന്‍...
ഈ മനസ്സ് കാണാന്‍...പക്ഷെ വന്നില്ല.
കയ്യിൽ ധാരാളം പണം...ആനന്ദിപ്പിക്കാന്‍ ആരാധികമാര്‍ ...
സേവ പറയാന്‍ സുഹൃത്തുക്കൾ . പിന്നെന്തിനു വരണം...?എങ്കിലും,
മകൾ  വാനോളം പുകഴ് ത്തുന്ന കവിയുടെ ഉയർച്ചയും താഴ്ച്ചയുമെല്ലാം 
അറിയുന്നുണ്ടായിരുന്നു. വൈകിയാണെങ്കിലും, 
അച്ഛന്‍ രഹസ്യമായി മകളെ കാണാറുണ്ടെന്ന സത്യവും.
അച്ഛനെപ്പറ്റി പറയുമ്പോള്‍ മകള്‍ക്ക് ആയിരം നാവായിരുന്നു.
അച്ഛന്റെ കവിതകൾ  പാടുമ്പോള്‍ അവളുടെ ആവേശം...!!.
എല്ലാം നിശ്ശബ്ദം ശ്രദ്ധിക്കുമ്പോഴും  കേൾക്കണം 
എന്നാഗ്രഹിച്ച വാക്കുകൾ  
ഒരിക്കലും കേട്ടില്ല.
"അമ്മയ്ക്ക് സുഖമാണോ എന്ന് അച്ഛന്‍ ചോദിച്ചിരുന്നു'' 
എന്നൊരു പാഴ് വാക്കുപോലും.
നഷ്ട സ്വപ്നങ്ങളുടെ ശവക്കൂനകള്‍ ഹൃദയത്തിൽ  കുമിഞ്ഞു കൂടുന്നതും 
മനസ്സ് മുറവിളി കൂട്ടുന്നതും ആരുമറിഞ്ഞില്ല.
മരണത്തിന്റെ പടിവാതിലില്‍ നിന്നും മടങ്ങിയെത്തിയ അമ്മയും മകളും...
ആ മകളാണ് അമ്മയ്ക്ക് നേരെ കൈചൂണ്ടിയത്...
"അമ്മ തെറ്റു കാരിയാ."ണെന്ന്
ആ തെറ്റ് തിരുത്തി അച്ഛനെ ശുശ്രൂഷിക്കാന്‍ പടികടന്നു പോയ മകൾ ...
അവള്‍ പ്രശംസ ചൊരിയുന്ന ആ മനുഷ്യന്റെ മര്‍ദ്ദനമേറ്റ് തളർന്ന 
ഈ അമ്മയുടെ മനസ്സ് അവളറിഞ്ഞില്ലല്ലോ. വേണ്ട... അവളത് അറിയേണ്ട...
അച്ഛനെക്കുറിച്ചുള്ള  നല്ല ധാരണകള്‍ അവളുടെ മനസ്സിൽ നിലനില്ക്കട്ടെ.
തെറ്റുകാരി താനാണെങ്കില്‍ അതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഇവിടേയ്ക്ക് വന്നത്.
എങ്ങനെ സ്വീകരിക്കുമെന്ന് നിശ്ചയമില്ല. നിറം കേട്ട ഈ ബൊമ്മ 
ഷോക്കേസില്‍ വയ്ക്കാന്‍ പോലും കൊള്ളില്ലല്ലോ.
എന്നും തോറ്റവൾ  താനാണ്. തനിക്കായി വിധി ഒരുക്കിവച്ചതാകാം ഈ തോൽവിയും.
നിറഞ്ഞകണ്ണുകള്‍ തുടച്ചു മുറ്റത്തേയ്ക്ക് കയറുമ്പോള്‍ കണ്ടു, വാതില്‍ക്കല്‍ മകൾ ..
ആ മുഖത്ത് ഒരു നിമിഷം വിസ്മയം പടരുന്നത് ശ്രദ്ധിച്ചു. 
പിന്നെ ഓടി വന്നു കൈപിടിച്ച് അകത്തേയ്ക്ക് നടത്തുമ്പോള്‍ 
അവള്‍ സാവധാനം മന്ത്രിച്ചു.
"എനിക്ക് തെറ്റ് പറ്റി . അമ്മയോട് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. 
എന്റെ അമ്മയെ മനസ്സിലാക്കാന്‍ എനിക്ക് ....എനിക്ക്....അച്ഛന്റെ സഹായം വേണ്ടി വന്നു.""
പൊട്ടി വന്ന വിതുമ്പല്‍ ഒതുക്കാനെന്നവണ്ണം അവള്‍ ഒരു മാത്ര നിർത്തി.
"അമ്മ  ക്ഷമിക്കണം. എന്നെ ശപിക്കരുതേ.''
അവളെ ചേർത്തണച്ച് നിറഞ്ഞ മനസ്സോടെ ആ കണ്ണീർ തുടയ്ക്കുമ്പോള്‍ 
ഈ അമ്മയെ മനസ്സിലാക്കാന്‍ മകളെ സഹായിച്ച ആളെ കണ്ണുകൾ തേടി.
അത് മനസിലായതുപോലെ മകൾ മുറിയിലേയ്ക്ക് നയിച്ചു .
വെളിച്ചം മങ്ങിയ മുറിയിൽ ...ചുരുണ്ട് കൂടി കിടക്കുന്നത് 
ഒരു മനുഷ്യ രൂപം എന്ന് തിരിച്ചറിയാന്‍ അല്‍പ്പ നേരമെടുത്തു..
"അച്ഛാ.''
മകളുടെ വിളികേട്ട് ബദ്ധപ്പെട്ടുതുറന്ന ആ കണ്ണുകള്‍ തിളങ്ങി. 
അവിശ്വസനിയതയോടെ തരിച്ചു നിന്നു. 
ഇത്...ഇതാണോ....പ്രപഞ്ചത്തെ വരെ വെല്ലു വിളിച്ച് 
ഉറക്കെ  പാടി നടന്ന നിഷേധി.....?
നടവഴികളും പടവുകളും ചവുട്ടിതകര്‍ത്ത് മുന്നേറിയ 
ധീരനായകൻ .. ,
ഇണയുടെ വേദനകണ്ട്  ആർത്തു ചിരിച്ച സാഡിസ്റ്റ് ...
സ്വന്തം ചോരയില്‍ ഉയിര്‍കൊണ്ട  കുഞ്ഞിനെ പേറിയ ഗർഭപാത്രം
 ചവുട്ടി ഞെരിച്ച കശ്മലന്‍... 
വെറുപ്പോടെ മുഖം തിരിച്ചു ഇറങ്ങി ഓടുകയാണ് വേണ്ടത്...
ചെയ്തു കൂട്ടിയ തെറ്റിന്റെ ശിക്ഷയല്ലേ എന്ന് പരിഹസിക്കുകയാണ് വേണ്ടത്.
പക്ഷേ .,
ആ വരണ്ട ചുണ്ടില്‍  നിന്നടർന്നു വീണ രണ്ടക്ഷരം അവളെ കാതരയാക്കി. 
പൊടുന്നനെ ആ ശുഷ്ക്കിച്ച കൈകൾ  മുറുകെപ്പിടിച്ചു 
കണ്ണില്‍  ചേർത്ത് തേങ്ങുമ്പോള്‍  
തിരിച്ചു വരാന്‍  വൈകിയ തെറ്റിന് 
അവള്‍ സ്വയം ശപിക്കുന്നുണ്ടായിരുന്നു.







2 comments:

ശ്രീ said...

നന്നായിട്ടുണ്ട്

Unknown said...

നന്നായിട്ടുണ്ട് ടീച്ചർ.