ദൈവം കല്ലില്‍ എഴുതിയത്.
ഓരോരോ അറിവുകള്‍ മുന്നില്‍ എത്തുന്നത് എത്രകാലം കഴിഞ്ഞിട്ടാണ് .ഞാന്‍ ശേഖരേട്ടന്റെ വധു ആയിട്ട് തന്നെ മൂന്നു ദശാബ്ദം കഴിഞ്ഞു.അത്ര ചെറുതല്ലാത്ത ഒരു വിപ്ലവം അതിനു പിന്നിലുണ്ടായിരുന്നു.
ചെയ്യാത്ത തെറ്റിന് സഹപാഠികള്‍ക്ക് മുന്നില്‍ അവഹേളനപാത്രമായി നില്‍ക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ടു വഴികളാണ് .ഒന്നുകില്‍ ആത്മഹത്യ... അല്ലെങ്കില്‍ കടുത്ത ഒരു തീരുമാനം.
അധ്യാപക പരിശീലനത്തിനിടയിലെ ക്യാമ്പായിരുന്നു വേദി. സന്ദര്‍ശകര്‍ക്ക് അനുവാദമില്ലാത്തിടത്ത് ശേഖരേട്ടന് വന്നു എന്നത് കുറ്റവും .
പെട്ടെന്ന് വിളിച്ചു കൂട്ടിയ അസംബ്ലിയില്‍ എല്ലാരുടെയും മുന്നില്‍ നിര്‍ത്തി സൈക്കോളജി ടീച്ചര്‍ ചോദ്യം ചെയ്തു.
"ആരാണയാള്‍ ...?ഇവിടെ സന്ദര്‍ശകര്‍ പാടില്ലെന്നറിയില്ലേ? "
ശേഖരേട്ടന് ഞങ്ങളുടെ കുടുംബ സുഹൃത്ത് ആണെന്നും പപ്പാ കൊടുത്തയച്ച ഒരു ബുക്ക് എനിക്ക് തരാനാണ് വന്നതെന്നും സത്യം ബോധിപ്പിച്ചിട്ടും ടീച്ചര്‍ വിശ്വസിച്ചില്ല .
ഏതു വിധവും തന്നെ താറടിക്കാന്‍ കച്ചകെട്ടി നടന്ന ചില സഹപാഠികളുടെ മുഖത്തെ ചിരി....അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
നാണക്കേടിന്റെ മുള് മുനയില്‍ ജീവിതം തറച്ചു വയ്ക്കാന്‍ മനസ്സില്ലായിരുന്നു. അത് കൊണ്ടുതന്നെ ടീച്ചറിന്റെ മുഖത്ത് നോക്കി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
"അര്‍ഹത ഉള്ളത് കൊണ്ട് തന്നെയാ വന്നത്...."
ടീച്ചറുടെ മുഖം കോപം കൊണ്ട് തുടുത്തു.
"എന്തര്‍ഹത ..?കുട്ടിയുടെ പിതാവാണോ അയാള്‍...?അതോ സഹോദരനോ...?."
പരിഹാസത്തിന്റെ ധ്വനി കലര്‍ന്ന ചോദ്യം...
ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം നാവില്‍ വിളഞ്ഞു.
"സന്ദര്‍ശകര്‍ക്കുള്ള അനുമതി അവര്‍ക്ക് മാത്രമല്ലല്ലോ ."
ഒരു നിമിഷം എല്ലാവരെയും ഒന്ന് നോക്കി .പിന്നെ പറഞ്ഞു.
"അത്...അത്...എന്റെ ഭര്‍ത്താവാണ്..."
ആ ഹാളിലെ നിശ്ശബ്ദതയുടെ സ്ഫോടനം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവിശ്വസനീയമായതെന്തോ കേട്ട വൈക്ലബ്യമായിരുന്നു എല്ലാവരിലും...
"ആലീസേ...ഇത് തമാശ പറയാനുള്ള സ്ഥലമല്ല."
ടീച്ചറിന്റെ സ്വരം പിന്നെയും കടുത്തു .
ആലീസിന്റെ ഭര്‍ത്താവ് ശേഖരന്...!അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എല്ലാ മുഖങ്ങളിലും കണ്ടു.
മനസ്സില്‍ ആഹ്ലാദം നുരഞ്ഞു പൊന്തിയ നിമിഷം...ഈ വിജയമാണ് പ്രതീക്ഷിച്ചതും.
എന്തായാലും കൊളുത്തിയത് ഒരു വെടിക്കെട്ടിനുള്ള തിരിയായിരുന്നു...ശേഖരേട്ടന് എന്ത് പറയുമെന്നു ചിന്തിച്ചതേയില്ല .നോ എന്നായാലും അത് പ്രശ്നം അല്ല്ലായിരുന്നു.
"നിങ്ങളുടെ മകളുടെ കല്ല്യാണം കഴിഞ്ഞെന്നു അവള് പറയുന്നു.അത് സത്യമാണോ എന്നറിയാനാണ് വിളിച്ചത്."
പപ്പയെ വിളിച്ചു വരുത്തി ടീച്ചര്‍ പറഞ്ഞു.
"എന്റെ അറിവില്‍ ഇത് വരെ അങ്ങനൊന്നു സംഭവിച്ചിട്ടില്ല .എന്തായാലും ഞാന്‍ അന്വേഷിച്ചു വേണ്ടത് ചെയ്യാം"
അതായിരുന്നു ടീച്ചറും ഉദ്ദേശിച്ചത് ..ക്യാമ്പിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവരെയും ബാധിക്കുമല്ലോ .
പപ്പാ സൌമ്യമായാണ് ചോദിച്ചത്...?
"എന്താണുണ്ടായത്...?"
തന്നെ പപ്പയ്ക്ക് നന്നായി അറിയാം ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ ആവശ്യമായ സ്വാതന്ത്ര്യവും സ്നേഹവും നിയന്ത്രണവും നല്‍കിയാണ് പപ്പാ തന്നെ വളര്‍ത്തിയത്.തെറ്റായ ഒരു തീരുമാനം തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പപ്പയ്ക്ക് ഉറപ്പുണ്ട്.പെട്ടെന്ന് വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഈ തീരുമാനത്തിന്റെ സാഹചര്യം അധികം വിശദീകരിക്കാതെ തന്നെ പപ്പയ്ക്ക് മനസ്സിലായി.അല്ലെങ്കില്‍ പപ്പയ്ക്ക് മാത്രമേ അത് ബോധ്യമായുള്ളൂ .
പഠിച്ചു ഒരു ജോലി നേടുക എന്നതാണ് തന്റെ ലക്ഷ്യം . വിവാഹത്തെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല .പ്രത്യേകിച്ചും ഇങ്ങനൊരു വിവാഹം...!!പക്ഷെ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ് ടീച്ചറിന്റെയും സഹാപാഠികളുടെയും മുന്നില്‍ തലകുനിക്കാനോ..?
പപ്പയുടെ മനസ്സിന്റെ നോവ് മനസ്സിലായെങ്കിലും പറഞ്ഞു.
"ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല പപ്പാ ....പക്ഷെ ...ഇനി അത് നടക്കണം. എന്നാണെങ്കിലും അത് നടന്നേ തീരു. .."
വരാന്‍ പോകുന്ന വന്‍ വിപത്തുകളെപ്പറ്റി ചിന്തിക്കാതെയല്ല . സഭയുടെ മേച്ചില്‍പ്പുറങ്ങളില്‍ നിന്നും ദൈവത്തിനു വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോകുന്നത് വെറുതെ നോക്കി നില്ക്കാന് ഇടയന്മാര്ക്കാകുമോ?
എതിര്‍പ്പിന്റെ വാളുകള്‍ നാല് ചുറ്റും ഉയര്‍ന്നു.സഹോദരര്‍ വിധിച്ചത് വീട്ടു തടങ്കല്‍ ...
ആരോടും മറുത്തു പറഞ്ഞില്ല
മമ്മയുടെ കണ്ണുനീരിനു മുന്നില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ഞാനെങ്ങും പോയിട്ടില്ല പിന്നെന്തിനാണീ കണ്ണുനീര്...?"
സഹോദരങ്ങളോടും അത് തന്നെ പറഞ്ഞു..
"എങ്ങും പോകുന്നുമില്ല പിന്നെന്തിനീ വീട്ടു തടങ്കല്‍ ...?"
ഏകപക്ഷീയമായ വെല്ലുവിളികള്‍ക്ക് മറുപടിയില്ലാത്തതിനാല്‍ ആയുസ് ഉണ്ടായില്ല .പക്ഷെ മറ്റൊരു വിവാഹമെന്ന നിര്‍ബന്ധത്തിനു മുന്നില്‍ നിശബ്ദം നില്ക്കാന് കഴിഞ്ഞില്ല
"ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഞാന്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട. ഒരിക്കലും ഞാനതിനു ശഠിക്കില്ല.പക്ഷെ...മറ്റൊരു വിവാഹം... അതിനി ആലീസിനുണ്ടാകില്ല ..."
ഒരു വിപ്ലവത്തിന് വേണ്ടിയുള്ള നിര്‍ബന്ധമായിരുന്നില്ല ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണിനു ദൈവം ഒരുക്കിത്തന്ന വഴിയാകാം ഇത്....ഇന്നാര്‍ക്ക് ഇന്നാരെന്നു കല്ലില്‍ എഴുതി വച്ചിട്ടുണ്ടല്ലോ
പറഞ്ഞ വാക്കുകളും എടുത്ത തീരുമാനവും തെറ്റായില്ലെന്ന് കാലം തെളിയിച്ചു.
ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശേഖരേട്ടന് ...ഒരു മാസത്തെ അദ്ദേഹത്തിന്റെ ശമ്പളം ആ കുടുംബത്തിനു തന്നെ ജീവിക്കാന്‍ അപര്യാപ്തമായിരുന്നു.അവരെ തീരാദു:ഖത്തിലാഴ്ത്തി സ്വന്തം കുടുംബം കെട്ടിപ്പടുക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല അതുകൊണ്ട് തന്നെ പഠിപ്പ് പൂര്‍ത്തിയാക്കി ഒരു ജോലി കിട്ടും വരെ ഒരുമിച്ചൊരു ജീവിതം വേണ്ട എന്നതായിരുന്നു വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യമെടുത്ത തീരുമാനം.
ജീവിത വിജയത്തിന്റെ പാഠങ്ങള്‍ നന്നായി പഠിച്ച് പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഒരിക്കലും പരാജയം അറിഞ്ഞില്ല എല്ലാവരെയും സ്നേഹിച്ചു.അവര്‍ക്ക് യഥാസമയങ്ങളില്‍ കഴിയും വിധം വേണ്ടതെല്ലാം നല്കി.
ദ്വേഷിച്ചവരും അവഗണിച്ചവരുമെല്ലാം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.കേവലം രണ്ടു വ്യക്തികളുടെ ഒന്ന് ചേരല്‍ ആയിരുന്നില്ല ഞങ്ങളുടേത്. രണ്ടു കുടുംബങ്ങളുടെ..രണ്ട് ആചാരങ്ങളുടെ..വ്യത്യസ്തമായ ആഘോഷങ്ങളുടെ ഒത്തു ചേരല്‍...ഓണവും വിഷുവും ശേഖരേട്ടന്റെ വീട്ടിലും ക്രിസ്മസും ഈസ്റ്ററും എന്റെ വീട്ടിലും കുടുംബത്തോടൊപ്പം ഞങ്ങള്‍ ആഘോഷിച്ചു .
ഒരു മിശ്ര വിവാഹത്തിന്റെ ത്രില്ലില്‍ ഞങ്ങള്‍ തെല്ല് അഹങ്കരിച്ചിരുന്നു
ഞങ്ങള്‍ വിശ്വ പ്രേമത്തിന്റെ വക്താക്കള്‍ ...!
വരും തലമുറയുടെ വഴികാട്ടികള്‍..!!
എന്നാല്‍ ആ ചിന്താഗതികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ചില അറിവുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്ക് ലഭിച്ചത്...
ശേഖരേട്ടന്റെ അമ്മവീട് ഗ്രാമത്തിലാണ് .മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം കഴിഞ്ഞിരുന്ന ഒരു ബാല്യം അവര്‍ക്കും ഉണ്ടായിരുന്നു എന്നാല്‍ മറ്റു സഹോദരിമാര്‍ക്ക് കിട്ടാത്ത ഒരു സൗഭാഗ്യം അമ്മയ്ക്ക് കിട്ടി .അച്ഛന്റെ വീട് പട്ടണത്തിലാണ്.
മാതാപിതാക്കള്‍ മരിക്കുകയും സഹോദരിമാര്‍ ഓരോ വഴിക്കാകുകയും തറവാട്ട് സ്വത്ത് ഒരു സഹോദരി കുതന്ത്രങ്ങളിലൂടെ സ്വന്തമാക്കുകയും ചെയ്തതോടെ നാടുമായുള്ള അമ്മയുടെ ബന്ധം കുറഞ്ഞു.വല്ലപ്പോഴും അമ്മയെ കാണാന്‍ വരുന്ന വല്ല്യമ്മയെയും ഇളയമ്മയെയുമേ ഞാന്‍ കണ്ടിട്ടുള്ളു .എന്നാല്‍ തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഇളയമ്മ കൂടിയുണ്ടെന്നും അവര്‍ ഒരു മുസ്ലിമിന്റെ ഭാര്യയായി സസുഖം കഴിയുന്നുവെന്നും പിന്നീടെപ്പോഴോ ആണ് ഞാന്‍ അറി ഞ്ഞത് .
പോക്ക് വരവുകളോ അന്വേഷണങ്ങളോ ഒന്നുമില്ലാതെ ഒരോരുത്തരും താന്താങ്ങളുടെ ലോകത്ത് കഴിഞ്ഞു കൂടി.
സംഭാഷണങ്ങളില്‍ പോലും പിന്നീട് അവരെ ക്കുറിച്ച് പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല.
എന്നാല്‍ ഏറെക്കാലത്തിനു ശേഷം അവിചാരിതമായാണ് വീട് പണിക്കാവശ്യമായ കല്ല് ഇറക്കാനെത്തിയ ലോറി ഡ്രൈവറില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ലാത്ത ഇളയമ്മയുടെ മകന് അബ്ദുള്ളയെക്കുറിച്ച് അറിഞ്ഞത്.ഞങ്ങളെക്കുറിച്ച് അബ്ദുള്ള പറയാറുണ്ട് എന്ന് കേട്ടപ്പോള്‍ താല്പര്യം വര്‍ദ്ധിച്ചു.പ്രതികരണം എങ്ങനെ എന്ന ശങ്ക കൊണ്ടാണ് ഞങ്ങളെ കാണാന്‍ വരാത്തതത്രെ .
"ഒരു ശങ്കയും വേണ്ട ...വന്നോട്ടെ..ഞങ്ങള്‍ക്കും കാണാന്‍ ആഗ്രഹമുണ്ട് "എന്ന് ശേഖരേട്ടന് പറഞ്ഞത് എന്റെ മനസ്സിലെ ആഗ്രഹം കൂടിയായിരുന്നു .
എന്തായാലും അന്ന് രാത്രി തന്നെ ഞങ്ങളാ സ്വരം കേട്ടു .രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ സ്വരം ..
ജാതിയുടെയും മതത്തിന്റെയും പേരില്‍ നാം ആരെയാണ് മാറ്റി നിര്‍ത്തേണ്ടത്...? ആര്‍ക്കെതിരെയാണ് വാളുയര്ത്തേണ്ടത് ...?
ഒരാഴ്ചക്കകം വരുന്ന നബിദിനാഘോഷത്തില്‍ പങ്കു ചേരാനുള്ള അബ്ദുള്ളയുടെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു.
യാത്രയ്ക്കൊരുങ്ങുമ്പോള്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ പിന്നെയും ശേഖരേട്ടനോട് ചോദിച്ചു.
"ഇത് വരെ അവരെ ആരെയും ശേഖരേട്ടന് കണ്ടിട്ടില്ല...??"
''വളരെ ചെറുപ്പത്തില്‍ കൈക്കുഞ്ഞായ അബ്ദുള്ളയെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.പിന്നീട് ഇളയമ്മയെപ്പോലും ഞാന്‍ കണ്ടിട്ടില്ല."
ബസ്സില്‍ ഇരിക്കുമ്പോഴും എന്റെ ചിന്ത വൈകി എത്തുന്ന ഇത്തരം അറിവുകളെപ്പറ്റിയായിരുന്നു .
നാടാകെ നബിദിനാഘോഷത്തിമര്പ്പില് ആണ് .വഴി നീളെ തോരണങ്ങളും ഘോഷയാത്രകളും...
ബസ്സിറങ്ങി ഒരു ടാക്സി വിളിച്ചാണ് ഞങ്ങള്‍ ആ വീട്ടിലേയ്ക്ക് പോയത് .റബ്ബര്‍ തോട്ടത്തിനുള്ളിലൂടെ വീട്ടിന്റെ മുറ്റം വരെ എത്തുന്ന വഴി .സാമാന്യം വലിയ വീടിന്റെ ഉള്ളില്‍ നിന്നും ഇറങ്ങി വന്നത് ചെറിയ ഇളയമ്മയുടെ മകന് മുകുന്ദന് ആണെന്ന് പെട്ടെന്ന് തോന്നിപ്പോയി... പക്ഷെ മുകുന്ദന് അതിര്‍ത്തിയിലു ണ്ടായ വെടിവെയ്പ്പില്‍ മരിച്ചിട്ട് രണ്ടു മൂന്നുവര്‍ഷങ്ങളായി . മുകുന്ദന്റെ അതെ ഛായ ...!!
അബ്ദുള്ള ശേഖരേട്ടന്റെ കൈ പിടിച്ച് അകത്തേയ്ക്ക് കയറ്റുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു..
ആനന്ദാശ്രുക്കള്‍..!!അപരിചിതത്വത്തിന്റെ മുഖമറ എത്ര വേഗമാണ് മാറിയത്...?!!
തട്ടമിട്ട സുന്ദരി ആയിഷ,അബ്ദുള്ളയുടെ ബീവി.രണ്ടു കുട്ടികള്‍ ..അനീഷയും അജ്മലും .
അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ആണ് അനീഷ.....
അവളെ പഠിപ്പിക്കാന്‍ ഒട്ടും താല്‍പ്പര്യം അബ്ദുള്ളയ്ക്കില്ലെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.
"ജ്ജ് ന്തിനാ പാസായെ .." എന്ന് ചോദിച്ചാണ് അവളെ അയാള്‍ ചീത്ത പറഞ്ഞതത്രേ.
" ഞാന്‍ നാല് വരയെ പഠിച്ചിറ്റില്ലു ...ഞ്ഞി പ്പോണ് ല്ലാന്നു പറഞ്ഞപ്പം യെന്റുപ്പ സമ്മയിച്ചു ...ന്ന് ട്ടെന്തേ... ജീബിക്കാനുള്ള ബാകെക്കെ ഞമ്മക്കായ് ല്ലേ.?"
ന്യായം കൊള്ളാം. പക്ഷെ അജ്മാലിന്റെ കാര്യത്തില്‍ അല്പം സ്വാര്‍ത്ഥനാണ് കക്ഷി . നടന്നു പോകാനുള്ള ദൂരമേ സ്കൂളിലെലേയ്ക്കുള്ളൂ ...എട്ടാം ക്ലാസ്സില്‍ പഠിക്കണ അജ്മലിനെ സ്കൂളില്‍ കൊണ്ടുപോയാക്കണതും കൂട്ടിക്കൊണ്ട് വരണതും അബ്ദുള്ളയാണ് .
"ആകെ നാണക്കേടാ ആന്റി ...കുട്ടികള്‍ കൂക്കിക്കളിയാക്കും ... എന്നാലും ഈ ഉപ്പ ഇടം വലം തിരിയാന്‍ വിടൂല്ല."
ഉപ്പയുടെ അമിതവാത്സല്യവും ശ്രദ്ധയും അജ്മലിനെ ചൊടിപ്പിക്കുന്നുണ്ട് എന്നത് വ്യക്തം...അവന് അത്ര ചെറിയ കുട്ടിയൊന്നുമല്ല. എട്ടിലെങ്കിലും ഒരു പത്താം ക്ലാസുകാരന്റെ വലിപ്പം അവനുണ്ട്.
"മുന്നിലിരുത്തിയാല്‍ ഉപ്പയ്ക്ക് റോഡ് കാണാന്‍ പറ്റാതെ വന്നപ്പോള്‍ മാത്രമാ ബൈക്കിന്റെ പിന്നിലിരിക്കാന്‍ പോലും സമ്മതിച്ചത്.പക്ഷെ ആന്റിക്കറിയണോ ...എന്നാലും ഉപ്പേടെ അരയില്‍ കെട്ടിപ്പിടിച്ചിരിക്കണമെന്നാ കല്‍പ്പന."
എല്ലാം ശരിയാണെന്ന ചിരിയോടെ അബ്ദുള്ള.
അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന ആയിഷ യുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.
" ഉപ്പ പുറത്തേയ്ക്ക് ഇറങ്ങും വരെ അന്റെ അജി സാധുവാ. പിന്നത്തെ പ്രളയം പറയാന്‍ ബയ്യ ...''
സന്തോഷത്തിന്റെ പുണ്യ നിമിഷങ്ങള്‍...
ഏറെനേരം വര്‍ത്തമാനം പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ച്.... ബ ന്ധുക്കളെ ക്കുറിച്ച് .....
പറഞ്ഞിട്ടും അറിഞ്ഞിട്ടും തീരാത്തതുപോലെ....
നെയ്ച്ചോറും ഇറച്ചിക്കറിയും അടങ്ങിയ ഉച്ച ഭക്ഷണം. സത്കരിച്ചു മതിയാകാത്ത സ്നേഹപ്രകടനങ്ങള്‍ ...
ഞങ്ങളുടെ ആഘോഷങ്ങളുടെ എണ്ണം കൂടുകയാണെന്ന് ആഹ്ലാദത്തോടെ ഓര്‍ത്തു .ഓണത്തിന് വീട്ടിലേയ്ക്ക് വരാന്‍ പ്രത്യേകം ക്ഷണിച്ചിട്ടാണ് ഞങ്ങള്‍ മടങ്ങിയത്...
സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴും സംസാരിച്ചു കഴിഞ്ഞിരുന്നില്ല
"ആലീസേ...."പെട്ടെന്നാണ് ഞാനാ വിളി കേട്ടത് .ഓര്‍മ്മയില്‍ ആ മുഖം പരതുമ്പോഴെയ്ക്കും ഓടിവന്ന് കൈയ്യില്‍ പിടിച്ച് അവള് പറഞ്ഞു.
"ഞാന്‍ വത്സയാടി ...പത്താം ക്ലാസുവരെ നമ്മള് ഒരുമിച്ചു പഠിച്ചതാ...നീ ഇത്ര വേഗം മറന്നോ..?"
"ഇത്രവേഗം...????" ചിരിവന്നു... വര്‍ഷങ്ങള്‍ക്കു നീളം കുറഞ്ഞു പോയോ...?
മലവെള്ളപ്പാച്ചില്‍ പോലെ അവളുടെ വാക്കുകള്‍ കൂലംകുത്തി യൊഴുകി . വത്സയെ തിരിച്ചറിയാന്‍ വേറൊന്നും വേണ്ടല്ലോ. അങ്ങോട്ടൊന്നും ചോദിക്കേണ്ടി വന്നില്ല .അവളെ കല്ല്യാണം കഴിച്ചു കൊണ്ട് വന്നിരിക്കുന്നത് അവിടെയാണ്.അച്ചായന് ബിസിനസ് ആണ്. കുട്ടികള്‍ മൂന്നു പേര്.മൂത്ത പെണ്മക്കളെ കെട്ടിച്ചു.ഇളയവന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു
ഇടയ്ക്കൊരു ചോദ്യം എന്നോടുമുണ്ടായി.
"നിനക്കെത്ര മക്കളാടി ...?"
രണ്ട് ആണ്‍കുട്ടികള്‍ എന്ന് ഞാന്‍ പറഞ്ഞത് അവള് ശ്രദ്ധിച്ചതേയില്ല.ബസ് വന്നു നിന്നിട്ടും ആ വാക്ധോരണി അവസാനിച്ചില്ല .
"പോകാം "എന്ന് ശേഖരേട്ടന് വിളിച്ചപ്പോഴാണ് അവള് അവരെ കണ്ടത്.സ്വരം താഴ്ത്തി അവള് ചോദിച്ചു...
"ഇത്...?"
"ശേഖരേട്ടന്....എന്റെ ഭര്‍ത്താവ്..."
ആ മുഖം അമ്പരപ്പില്‍ വിടർന്നു. ഞാന്‍ അടുത്ത ആളെയും പരിചയപ്പെടുത്തി
"ഇത്..ശേഖരേട്ടന്റെ അനുജന്...അബ്ദുള്ള."
വത്സയുടെ വായ പൊളിയുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ബസ്സിലേയ്ക്കു കയറിയത്. ശേഖരേട്ടന്റെ മുഖത്തും ചിരിയുടെ തിളക്കം ഞാന്‍ കണ്ടു. ഓടിത്തുടങ്ങിയ ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോഴും വത്സ തരിച്ചു നില്‍ക്കുകയായിരുന്നു.
***
(ഇ -മഷി ഓണ്‍ ലൈന്‍ മാഗസിന് ലക്കം 7-ഇല് പ്രസിദ്ധീകരിച്ച കഥ)
13 comments:
വത്സലയുടെ ആ അന്തം വിട്ട ചിരിയുണ്ടല്ലോ... അത് മനസ്സില്‍ നിന്നങ്ങോട്ട് പോകുന്നില്ല
ആശംസകൾ
നന്നായി. ആശംസകള്‍
ithu sukrutham thanneyaanu,tto.. snehathode.
കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍..
ഒരിക്കൽ കവി പാടി,, ‘ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാവാം’ വത്സലക്ക് ആശ്ചര്യം തോന്നിയെങ്കിലും എനിക്ക് അത് ആശ്ചര്യമായി തോന്നിയില്ല. ജാതിയുടെ പേരിൽ അയല്‍വാസികളെ അകറ്റിനിർത്തിയ വീടുകളിൽ അന്യജാതി മതക്കാരായ മരുമക്കൾ കടന്നുവരുന്നത് കാണുന്ന എനിക്ക് ഒട്ടും ആശ്ചര്യമില്ല. കഥ നന്നായി....
കഥ ഇഷ്ടമായ്
ചേച്ചീ, എനിക്കിത് കഥയല്ല .... ചില്ലറ വ്യത്യാസങ്ങളോടെ എന്റെ ജീവിതമാണ്... !
നന്നായിരിക്കുന്നു ഇഷ്ടായി.
കഥ കൊള്ളാം ചേച്ചി ..!
വളരെ നന്നായിരിക്കുന്നു ചേച്ചി കഥ...
വായിച്ചപ്പോൾ ആകെ ഒരു സന്തോഷം.
ആദ്യ ഭാഗങ്ങൾ അറിയാമായിരുന്നു.
വിവാഹ വാര്‍ഷിക പോസ്റ്റിൽ അല്ലെ ആ
വിവരങ്ങൾ എഴുതിയത്?
ഇതിപ്പോൾ എന്താ പറയുക. എല്ലാം നല്ലതിന്
തന്നെ അല്ലെ?
നല്ല കഥ
ഇത് വയിച്ച് ഒന്ന് തരിച്ചു
Post a Comment