Thursday, July 3, 2014

പാഴ്ക്കിനാവുകള്‍

പാഴ്ക്കിനാവുകള്‍


ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ഇന്നലെവരെ ചിന്തിച്ചതേയല്ല. 
സണ്ണി  യാത്രപറഞ്ഞു  പോയപ്പോള്‍ ഉള്ളിലുറഞ്ഞ നൊമ്പരവുമായി  നിശ്ശബ്ദം നിന്നതെയുള്ളൂ .. അവസാനപ്രതീക്ഷയും അറ്റ് പോകുമെന്നറിഞ്ഞിട്ടും...ഇനിയുള്ള പാതകള്‍ ഇരുൾ മൂടിയതെന്നു ബോധ്യമുണ്ടായിട്ടും...പറയാന്‍ ഒന്നെയുണ്ടായുള്ളൂ 

   
""ഒക്കെയെന്റെ വിധിയാണെന്ന് കരുതിക്കൊള്ളാം ''
സണ്ണിയുടെ സ്വരം പരുഷമായി.
 

""വെറുതെ വിധിയെ പഴിക്കേണ്ട നന്ദേ . സ്വന്തം ജീവിതമാണ്‌ നീ നഷ്ടപ്പെടുത്തുന്നത്''
എതിര്‍ വാക്ക് ചൊല്ലിയില്ല. അല്ലെങ്കില്‍ അങ്ങനൊരു കഴിവ് തനിക്കില്ലല്ലോ. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  തുടച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ സണ്ണി അവസാന വാക്കെന്നവണ്ണം പറഞ്ഞു.
 

""നാളെ രാവിലെ നിസാമുദ്ദീന്‍ എക്സ്പ്രസിനു രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് വണ്ടി പുറപ്പെടുവോളം ഞാന്‍ നിന്നെ കാത്തു നിൽക്കും. ഇനിയെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നിനക്കാവുമെങ്കില്‍... നീ വരും ഇല്ലെങ്കില്‍....''
പൂര്‍ത്തിയാക്കാതെ തന്നെ അറിയാം സണ്ണി തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. എന്നാല്‍ പോലും സണ്ണിയെ കുറ്റപ്പെടുത്താന്‍ വയ്യ.
കാരണം ഒന്നും രണ്ടുമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സണ്ണി തനിക്കു വേണ്ടി കാത്തിരിക്കുന്നു. പിണക്കം ഭാവിച്ചു പോയാലും പിന്നെയും തിരിച്ചെത്തിയത് തന്നോടുള്ള ആത്മാര്‍ഥത  കൊണ്ടാണെന്നു നന്നായി അറിയാം. ആ സ്നേഹം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം താനനുഭവിച്ച പ്രാണവേദന മറക്കാനും ആവില്ല. എന്നിട്ടും സണ്ണിയോട്  പറയാന്‍ ഒന്നേ ഉണ്ടായുള്ളൂ,
 

""ഇല്ല. അച്ഛനെ തനിച്ചാക്കി ഞാന്‍ വരില്ല .''
ഈ മറുപടി സണ്ണി പലവട്ടം കേട്ടതാണ്. അപ്പോഴെല്ലാം പരിഹസിക്കുകയും ചെയ്തു..
 

""ജീവിതകാലം മുഴുവന്‍ അച്ഛന് കൂട്ടിരുന്നാല്‍ മതി.''
അങ്ങനൊന്നും കരുതിയല്ലെങ്കിലും സണ്ണി ക്ഷണിച്ചപ്പോ ഴൊക്കെ ഈ മറുപടിയെ പറയാനായുള്ളൂ
ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മനസ്സില്‍  വിങ്ങിത്തുളുമ്പുന്നത്.
 

തറവാട്ട്‌ പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വേലിക്കെട്ടു തകർക്കാനാകാതെ വീർപ്പുമുട്ടിയ നാളുകള്‍ .
അച്ഛന്‍ ഉറഞ്ഞു തുള്ളി.
വല്ല്യേട്ടനും കൊച്ചേട്ടനും ഭീഷണി മുഴക്കി.
ചേച്ചിമാര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു.
പരിഹാസവാക്കുകളുമായി ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരുന്നു.
ഒന്നിനും കഴിയാതെ ഉള്ളിലൊതുങ്ങിയ  തന്നെ സണ്ണി ആശ്വസിപ്പിച്ചു.


  
""ഒരു ജോലിയായാല്‍ ഞാന്‍ വരും. അന്ന് എന്റെ കൂടെ വരാന്‍ ഒരുങ്ങിക്കൊളൂ ''
ഒന്നും പറഞ്ഞില്ല. ആകാമെന്നൊ, ഇല്ലെന്നോ..
ഒരു വർഷം തികയും  മുമ്പ്  സണ്ണി വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നേടി. ക്വാര്‍ട്ടേഴ്സും മറ്റു സൌകര്യങ്ങളും ഒരുക്കി. പക്ഷെ, പോയില്ല.
ആസ്മാ  രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന അച്ഛന്‍...മുംബൈയില്‍ സ്ഥിരതാമസമാക്കിയ എട്ടന്മാര്‍ക്കു ലീവ് പോലും കിട്ടാത്ത തിരക്ക് ....
ചേച്ചിമാര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ..അവശേഷിക്കുന്നവള്‍ താൻ മാത്രം. പിന്നെങ്ങനെ..?
 

""ശരി...ഇപ്പോള്‍ വേണ്ട ...പിന്നെ എപ്പോള്‍..? ഒരു മാസം കഴിഞ്ഞു ഞാന്‍ വരട്ടെ..? അഥവ രണ്ടുമാസം കഴിഞ്ഞ്...?''

""ഞാന്‍ പറയാം.''
അതൊരു കരുതലായി...പ്രോത്സാഹനമായി ..എങ്കിലും മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയിട്ടും ""ശരി...തയ്യാര്‍ '' എന്ന് പറയാനുള്ള അവസരമോ  ധൈര്യമോ ഉണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.
സണ്ണി എന്നന്നേയ്ക്കുമായി നഷ്ടമാകുന്നു എന്ന് ബോധ്യമായ ഇന്നലെപ്പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ തനിക്കായി ല്ലല്ലോ.
സണ്ണി ചോദിച്ചതില്‍ കാര്യമുണ്ടെന്നു അറിയാതല്ല.
 

""അച്ഛന്റെ കാര്യത്തിൽ മറ്റാര്‍ക്കുമില്ലാത്ത കടപ്പാട് നിനക്കെ ന്തിന്..? നീ മാത്രമല്ലല്ലോ അച്ഛനുള്ളത്...'' ശരിയാണ്. പക്ഷെ...
 

അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ നീറ്റലാകുന്നത് നന്ദ അറിഞ്ഞു. 
എങ്കിലും ആ ഓര്‍മ്മകളില്‍ നിന്നും മോചനം നേടാന്‍ അവൾക്കായില്ല.
പാവമച്ഛന്‍ ...!
അധ്വാനശീലന്‍ ആയിരുന്നു. സ്വന്തം ആരോഗ്യത്തില്‍ അഭി

മാനം കൊണ്ടിരുന്ന അച്ഛനു ജീവിതം ഒരു പ്രശ്നമായിരുന്നില്ല. കൊണ്ടും കൊടുത്തും അവകാശങ്ങള്‍  പിടിച്ചു വാങ്ങിയും ഒറ്റയാനെപ്പോലെ കഴിഞ്ഞ അച്ഛന്‍.
ഒറ്റപ്പെടലിന്റെ വ്യഥ പക്ഷെ അച്ഛനെ വിഷമിപ്പിച്ചിരുന്നു. 


ആദ്യഭാര്യ മരിച്ചപ്പോള്‍ ഏറെ താമസിയാതെ അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്തത് അതുകൊണ്ടാണ്. പക്ഷെ രണ്ടുപ്രാവശ്യവും വിധി അച്ഛനെ പ്രഹരിച്ചു. പിന്നെ, ഭാഗ്യ പരീക്ഷണത്തിന്‌ മുതിര്‍ ന്നില്ല. രണ്ടാം വിവാഹത്തില്‍ അച്ഛന്റെ സ്വത്തായിത്തീര്‍ന്ന അഞ്ചു മക്കള്‍ക്കായി അഹോരാത്രം പണിയെടുത്തു.
ആണ്‍മക്കളെ പഠിപ്പിച്ചു. അവര്‍ മുംബൈയിലെ വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായി. രണ്ടു പെണ്‍മക്കളെ ആര്‍ഭാട പൂര്‍വം വിവാഹം ചെയ്തയച്ചു..
പക്ഷേ, എല്ലാം തലകീഴായത് വളരെ പെട്ടെന്നായിരുന്നു.
കുടുംബ സ്വത്തിനു വേണ്ടി അച്ഛന്‍ നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ടു. കടം വീട്ടാന്‍ ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടി വന്നു.
 

""ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട് മോളെ അച്ഛന്. നീ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.'' എന്ന് നെഞ്ചില്‍  തട്ടി ഊറ്റത്തോടെ പറഞ്ഞ അച്ഛന്റെ ഭാവം ഇന്നും നന്ദയുടെ മനസ്സിലുണ്ട്.  
പക്ഷെ നിസ്സാരം ഒരു വീഴ്ചയില്‍ തുടങ്ങിയ അസ്വസ്ഥത അച്ഛന്റെ ആരോഗ്യത്തെ തകര്‍ത്ത്  തുടങ്ങി .
ചുമ...ശ്വാസം മുട്ടല്‍...വാതം...വിട്ടൊഴിയാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന്.
അച്ഛനില്‍ നിന്നുള്ള സാമ്പത്തിക നേട്ടം നിലച്ചതോടെ ചേച്ചിമാ രുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു തുടങ്ങി. ഏട്ടന്മാരുടെ പേരില് പത്തുസെന്റ് സ്ഥലവും വീടും നാട്ടിലുണ്ടായിരുന്നതിനാല്‍ തെരു വില്‍ അലയേണ്ടി വന്നില്ല.


 അടുത്ത ലീവിന് വരുമ്പോള്‍ നന്ദയുടെ വിവാഹം നടത്താമെന്ന് അച്ഛനോട് വാക്ക് പറഞ്ഞ ആണ്‍ മക്കള്‍ പലതവണ വന്നു പോയിട്ടും അങ്ങനൊരു വിഷയത്തെപ്പറ്റി പിന്നീട് സംസാരി ച്ചില്ല.
 

പഠിപ്പുകഴിയുമ്പോള്‍  കമ്പനിയില്‍ നിനക്ക് ഒരു ജോലി ശരിയാ ക്കിത്തരാം എന്ന് ആശ്വസിപ്പിച്ചതും ഏട്ടന്മാര്‍ വിവാഹിതരായ തോടെ ബോധപൂര്‍വം മറന്നു.
 

വൃദ്ധനും രോഗിയുമായ അച്ഛന്‍ ഒരു ബാധ്യതയാകുമ്പോള്‍ വെറു മൊരു നേർച്ചക്കോഴിയായി അനുജത്തിയെക്കരുതാന്‍ ഏട്ടന്മാർ ക്ക് ഒരു മടിയും തോന്നില്ലെന്ന് അനുഭവം കൊണ്ടറിഞ്ഞു .
അവര്‍  പണ്ട് അങ്ങനൊന്നും ആയിരുന്നില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാര്യങ്ങള്‍ ആയപ്പോള്‍ എല്ലാം മറന്നു. എല്ലാം... 


ബന്ധങ്ങളും കടപ്പാടുകളും ഔദാര്യം പോലെ അയച്ചു തരുന്ന മണി ഓര്‍ഡറില്‍ ഒതുക്കി സഹോദരര്‍ കൈകഴുകി.
അന്യരെപ്പോലെ വന്ന് അച്ഛന്റെ രോഗവിവരം അന്വേഷിച്ചു മടങ്ങുന്ന ചേച്ചിമാരും അനുജത്തിയുടെ മനസ്സുകണ്ടില്ല. അവർക്കൊക്കെ സദ്യയൊരുക്കാന്‍ ബാധ്യതപ്പെട്ടവളായി താന്‍.
 

""നന്ദേ ...ബാലേട്ടന് ഊണിനു മത്സ്യം വേണം. കുറച്ചു വാങ്ങി ക്കൊള്ളു ''
സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ മൂത്ത ചേച്ചി....
 

""വിനുക്കുട്ടനിവിടെ നില്‍ക്കട്ടെ. നിനക്കൊരു സഹായമാകുമ ല്ലോ . ...പിന്നെ സമയം കിട്ടുമ്പോള്‍ എന്തെങ്കിലും അവനു പറഞ്ഞു കൊടുക്ക്‌.''
കൊച്ചേച്ചിയുടെ സ്വാര്‍ഥത ...!ഫീസ് കൊടുക്കാതെ മകന് ട്യുഷന്‍ തരപ്പെടുമല്ലോ.
ഒക്കെയും കഴിയുമ്പോള്‍ ശൂന്യമാകുന്ന തന്റെ പേഴ്സിനെക്കുറിച്ചു മാത്രം ആരും അന്വേഷിച്ചില്ല.
 

ഏട്ടന്മാര്‍ അയച്ചുതരുന്ന തുക അച്ഛന്റെ മരുന്നിനും നിത്യച്ചെലവു കള്‍ക്കും തികയാതെ വന്നപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒന്ന് രണ്ടു റ്റ്യൂഷന്‍ ..ഒരു കടയിൽ  കണക്കെഴുത്ത്...
പുലരും മുമ്പ്  എഴുന്നേറ്റ് അച്ഛനുള്ള മരുന്നും ഭക്ഷണവും യഥാവിധി ഒരുക്കി വച്ചിട്ടേ പോകൂ. വൈകുന്നേരം വന്നാലും പിടിപ്പതു പണിയുണ്ടാകും. വിശ്രമമില്ലാതെ പണിയെടുത്താലും ആശ്വാസമായിരുന്നു...ജീവിതത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ...അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട ഒരു കരിയില പോലെ അങ്ങനെയങ്ങൊഴുകുക.

 പക്ഷേ ,പകലൊറ്റയ്ക്കാകുന്ന അച്ഛന് ആ ഏകാന്തതയും അസ ഹ്യമായിരുന്നു.
 

""എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയുമില്ല'' 
എന്ന് അച്ഛന്‍ പലപ്പോഴും കുറ്റപ്പെടുത്തി.
 

""അതെങ്ങനെയാ ..അച്ഛന്റെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് നേരമില്ലല്ലോ.''
കൊച്ചേച്ചിയുടെ വാക്കുകളിൽ  ഒളിഞ്ഞിരിക്കുന്ന പരിഹാസം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
രണ്ടുനാള്‍ അടുപ്പിച്ച് അച്ഛനെ ശുശ്രൂഷിച്ചാല്‍ മുറുമുറുക്കുന്ന ആളാണ്‌ വക്കാലത്തിനു വരുന്നത് .
തന്റെ വിഷമം മനസ്സിലാക്കാന്‍ അച്ഛനും കഴിയാത്തതില്‍ കഠിനവ്യഥ തോന്നിയിട്ടുണ്ട്.
 

""മക്കള്‍ അച്ഛനെ കാണാന്‍ വരുമ്പോള്‍ അരുതെന്ന് പറയാന്‍ വയ്യ കുട്ടി...നിന്റെ കൂടപ്പിറപ്പുകള്‍ അല്ലെ...ഇത്തിരി സ്നേഹം അവരോടു കാണിക്ക്''
സ്നേഹം...! അച്ഛന്‍ പറയുന്ന ആ സ്നേഹം ഇങ്ങോട്ടും ആകാമല്ലോ.
എല്ലാവരുടെയും ശകാരങ്ങളും പരാതികളും കേട്ട് വെറുതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
എന്തിനു ജീവിക്കണം എന്ന് പോലും തോന്നിയിട്ടുണ്ട്.
പക്ഷെ മരിക്കാനുള്ള ധൈര്യവും ഉണ്ടായില്ല. താൻ  പോയാൽ  ഒറ്റപ്പെടുന്ന അച്ഛനെക്കുറിച്ചേ ഓര്‍ത്തുള്ളൂ ..
എത്രമാത്രം കുറ്റപ്പെടുത്തിയാലും ശകാരിച്ചാലും അച്ഛന്റെ നെഞ്ചില്‍  നിറഞ്ഞു നില്‍ക്കുന്നത് തന്നോടുള്ള സ്നേഹമാണ്. തന്നെക്കുറിച്ചുള്ള വേവലാതിയാണ്.
അതിന്റെ ആഴമെത്രയെന്നു ഇന്നലെയാണ് ബോധ്യമായത്.
 

""നിനക്ക് വേണ്ടി ഒന്നും ചെയ്യാന്‍ എനിക്കായില്ല മോളെ .. എല്ലാം എന്റെ തെറ്റാ...എന്റെ സ്വാര്‍ഥത ...!''
പൊട്ടിവന്ന ചുമ അച്ഛന്റെ വാക്കുകളെ തടഞ്ഞു. ആ ഏറ്റു  പറച്ചില്‍ നിയന്ത്രണം തെറ്റിക്കുന്നുവെന്നു മനസ്സിലായപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍  അച്ഛനെ ആശ്വസിപ്പിച്ചു.
 

""സംസാരിക്കേണ്ട ..ചുമ കൂടും..''
അത് കേൾക്കാതെ വിമ്മിട്ടത്തോടെ അച്ഛന്‍ ചോദിച്ചു.
 

""അവന്‍ സ്റ്റേഷനില്‍ കാത്തു നിൽക്കും എന്നല്ലേ പറഞ്ഞത്..?''
സണ്ണി വന്നതും സംസാരിച്ചതുമെല്ലാം അച്ഛന്‍ അറിഞ്ഞിട്ടുണ്ടാ കുമോ എന്ന് സംശയിച്ചിരുന്നു. സംശയമല്ല. ബോധ്യമായി.
ഒന്നും മിണ്ടാതെ അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുമ്പോൾ  അറിയാതെ കണ്ണുകൾ നിറഞ്ഞു.
 

""നീ പൊയ്ക്കോ മോളെ...പൊയ്ക്കോ...''
കേട്ടത് സത്യമാണോ എന്ന് ശങ്കിച്ചു .
 

""മേലില്‍ അവന്റെ കാര്യം ഇവിടെ കേട്ട് പോകരുത് ''എന്ന് ഉഗ്രശാസനം നല്‍കിയ അച്ഛനാണത് പറയുന്നത്.
അമ്പരന്നു നോക്കുമ്പോള്‍ അച്ഛന്‍ യാചിച്ചു.
 

""ഞാന്‍ കാലുപിടിക്കാം മോളെ....നീ അവന്റെ കൂടെ..''അച്ഛന്റെ വായ പൊതി ആ നെഞ്ചിൽ  വീണു പൊട്ടിക്കരഞ്ഞു.
 

""ഇല്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാന്‍ എവിടേയ്ക്കുമില്ല.''
തഴുകി ആശ്വസിപ്പിച്ച് അച്ഛന്‍ നിർബന്ധിച്ചു
 

""അച്ഛന്‍ ഒറ്റയ്ക്കാകില്ല കുട്ടി. വിനുക്കുട്ടന്‍ വരുമ്പോള്‍ ഞാന്‍ അവന്റെ കൂടെ നിന്റെ കൊച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാം ''
പോകില്ലെന്നറിയാം ഒരിക്കലും ചേരാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ആണ് അവര്‍.
 

""അച്ഛനെ നീ അനുസരിക്കില്ലേ മോളെ...?''
ആ ചോദ്യത്തിലെ ദയനീയത നെഞ്ചില്‍ കൊണ്ടു. സംശയമെന്തിന് ..? അനുസരിക്കാന്‍ മാത്രമല്ലെ നന്ദയ്ക്ക് കഴിയു.. കണ്ണീരടക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അന്തിമ തീരുമാനം പോലെ അച്ഛന്‍ പറഞ്ഞു.
 

""രാവിലെ തന്നെ പുറപ്പെടണം ....പക്ഷെ..അപ്പോഴീ അച്ഛനോട്‌  ന്റെ കുട്ടി യാത്ര ചോദിക്കരുത്..''
ഒരു നിമിഷം നിര്‍ത്തി വിതുമ്പലോടെ അച്ഛന്‍ തുടര്‍ന്നു;
 

""അനാഥയെപ്പോലെ പടിയിറങ്ങുന്നത് കാണാനുള്ള ശേഷി അച്ഛനില്ലാഞ്ഞിട്ടാ...''

അങ്ങനൊരു ശേഷി തന്നിലും ഉണ്ടായിരുന്നില്ല. അതിനാല്‍ വേണ്ടതെല്ലാം മേശപ്പുറത്ത് പതിവുപോലെ ഒരുക്കി വച്ച്, ചാരിയിട്ടിരുന്ന വാതിലിനരികില്‍ നിന്ന് നിശ്ശബ്ദം യാത്ര ചോദിച്ചു. പക്ഷെ നെഞ്ചില്‍ ഒരു കടലിരമ്പുകയായിരുന്നു

ഇപ്പോഴും അതടങ്ങിയിട്ടില്ല. റെയില്‍വേ സ്റ്റേഷന് മുമ്പിൽ  അക്ഷമനായി നിൽക്കുന്ന സണ്ണിയെ കണ്ടപ്പോഴും മനസ്സിലെ ഭാവം മറ്റൊന്നല്ലെന്ന അറിവ് നന്ദയെ തളര്‍ത്തി .
""നന്ദേ ...''
കണ്ണുകളില്‍ ഉദയസൂര്യന്റെ തിളക്കവുമായി തന്റെ അരികിലേ യ്ക്ക്  ഉത്സാഹത്തോടെ വരുന്ന സണ്ണിയെ നോക്കി അവള്‍ നിസ്സംഗം നിന്നു.
ഒരു ലക്ഷ്യവും ആശ്രയവും കൈപ്പിടിയിലെത്തിയ ഈ നിമിഷം ആഹ്ളാദത്തിന്റെതാണ്. ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സ്പര്‍ശനവും മനസ്സിൽ  കുളിര് നിറയ്ക്കേണ്ടതാണ്. 
  
പക്ഷെ, ഇനിയും വിടില്ലെന്ന മട്ടില്‍ ചേര്‍ത്ത് പിടിച്ച് റിസര്‍ വേഷന്‍ കംപാർട്ടുമെന്റിന് നേരെ സണ്ണി നടത്തുമ്പോള്‍ അസാധാരണ മായ ഒരു ശൂന്യത തന്നെ ചൂഴുന്നു എന്ന് അവള്‍ക്കു തോന്നി.

ആരോ കാലുകള്‍  പിന്നിലേയ്ക്ക് വലിക്കുന്നു ....അരുതേ എന്ന നിലവിളി എവിടെനിന്നോ മുഴങ്ങുന്നു.
വെറും തോന്നലെന്നു കരുതാന്‍ ശ്രമിക്കുമ്പോള്‍ ഒതുക്കിയിട്ടും ഒതുങ്ങാത്ത ആഹ്ളാദാരവം ചെവിക്കരികില്‍ കേട്ടു .

""വന്നൂല്ലോ. സന്തോഷമായി...വൈകിയപ്പോള്‍ ഞാന്‍ സംശയിച്ചു....അച്ഛനില്‍ നിന്നൊരു മോചനം നിനക്കിനിയും ഉണ്ടാകില്ലെന്ന്''
നെഞ്ചില്‍ പതിച്ച ഇടിവാള്‍ പോലെ തുടര്‍ന്ന വാക്കുകളും അവള്‍ കേട്ടു

""എത്രയോ മുമ്പേ ഇതാകാമായിരുന്നു''
കമ്പാര്‍ട്ട്മെന്റിലേയ്ക്ക് എടുത്തുവച്ച അവളുടെ കാല്‍ നിശ്ചല
മായി.
വളരെപ്പെട്ടെന്ന്, സുരക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞി രുന്ന സണ്ണിയുടെ കൈകള്‍ക്കിടയിലൂടെ അവള്‍ പ്ളാറ്റ് ഫോമി ലേയ്ക്ക് ഊര്‍ന്നിറങ്ങി.
 

""നന്ദേ ..'' സണ്ണിയുടെ ഉത്കണ്ഠ നിറഞ്ഞ മുഖം ഒരുമാത്ര അവള്‍ കണ്ടു. പിന്നെ, തന്നെ പിടിക്കാന്‍ നീണ്ട കൈകള്‍  തട്ടിമാറ്റി തിരിഞ്ഞു  നടന്നു.
പിന്നിലുയരുന്ന വിളിയിലെ പാരവശ്യം അവള്‍ ശ്രദ്ധിച്ചില്ല. പരിഹസിക്കും വിധം നീണ്ട കൂക്കുവിളിയോടെ വണ്ടിയോടിത്തുട ങ്ങിയതും.


അരുതാത്തത് ചെയ്ത കുട്ടിയുടെ മാനസിക വിഭ്രാന്തിയിലായി രുന്നു അവള്‍ അപ്പോള്‍.എത്ര നിര്‍ബന്ധിച്ചാലും അച്ഛനെ ഒറ്റയ്ക്കാക്കി പോരരുതായിരുന്നു. ഒരു നേരത്തെ ആഹാര ത്തിന് ....ഒരു തുള്ളി വെള്ളത്തിന്‌ ...മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അച്ഛന്റെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടവള്‍ വീർപ്പു മുട്ടി .

എത്രയും വേഗം അച്ഛന്റെ അരികിലെത്തണം. ആ കാലില്‍ വീണു മാപ്പ് പറയണം.
എങ്കിലും ...എങ്കിലും താനിത്ര സ്വാര്‍ഥയായിപ്പോയല്ലോ.
പടികടന്നു മുറ്റത്തെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഒക്കെ ഒരു സ്വപ്നം ആയിരുന്നു...മൂന്നോ നാലോ മണിക്കൂർ നീണ്ട ഒരു പാഴ്ക്കിനാവ് ..ഇതാണ് യാഥര്‍ത്ഥ്യം ..!.ഈ മുറ്റം...ഈ വരാന്ത... ഈ മുറി...മേശപ്പുറത്ത് അച്ഛനായി ഒരുക്കിവച്ച ഭക്ഷണം....മരുന്ന്..അതെ എല്ലാം കൃത്യമായുണ്ട് ..ഒന്നിനും ഒരു മാറ്റവും ഇല്ലാതെ...
ഒരു മാറ്റവും...???!

ഒരു നിമിഷം...! ആ യാഥാർഥ്യത്തിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ അവള്‍ മടിച്ചു. ഉള്‍ക്കിടിലത്തോടെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അച്ഛന്റെ അരികിലെത്തി.....
പിന്നെ ...ആ കാല്‍ച്ചുവട്ടിലേക്കു ഹൃദയം തകര്‍ന്ന നിലവിളിയോടെ അവള്‍ വീണു.
അച്ഛന്‍ അപ്പോഴും ഉറങ്ങുകയായിരുന്നു.
..............................

...................

Friday, June 20, 2014

മടക്കയാത്ര.

മടക്കയാത്ര.
പടികടക്കും മുമ്പ് ഒരിക്കല്‍ക്കൂടി  തിരിഞ്ഞു നോക്കി.
തനിക്കു  പിന്നില്‍ അടഞ്ഞവാതില്‍. നാലുവര്‍ഷത്തിലേറെ യായി സ്വന്തമെന്നു നിനച്ചു അന്തിയുറങ്ങിയ ഈ ഭവനം തനിക്കന്യമാകുന്നു.
കിടപ്പുമുറിയുടെ ജനലരികില്‍ ഒരു നിഴല്‍ അനങ്ങുന്നുണ്ടോ ..?
"സാരമില്ലശ്വതി. നിന്നെ ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞതല്ലേ...?''
എന്ന് ആശിപ്പിക്കാന്‍ പോന്ന ഒരു നോട്ടം തന്നെ തടയു ന്നുണ്ടോ....?

ഇല്ല.
അകത്തളത്തില്‍ നിന്നും ഒഴുകിയെത്തുന്നത് ശാപവാക്കു കളാണ് .
അശ്രീകരം....! അശ്രീകരം...!
മതി ...ധാരാളമായി...ഇനി മോഹിക്കാന്‍ ബാക്കിയെന്ത്‌?
നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ പോലും മെനക്കെടാതെ ശ്രീമോളുടെ കയ്യും പിടിച്ച് അശ്വതി മുന്നോട്ടു നടന്നു.
അപശകുനമെന്നു മകളെ കരുതുന്ന ഒരച്ഛനില്‍ രക്ഷപ്പെട്ട് മകളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മറ്റൊരച്ഛന്റെ അരികിലേയ്ക്കുള്ള മടക്കയാത്ര....
അന്ന് വീട്ടിൽ  നിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒറ്റപ്പെടുന്ന അച്ഛനെ ഓര്‍ത്താണ് ദു:ഖിച്ചത് .
തറവാട്ടു മുറ്റത്തെ തുളസ്സിത്തറയില്‍ ആര് വിളക്ക് വയ്ക്കും....?
ഇന്ന് അച്ഛനോട് പറയാം, ഇനി അച്ഛന്‍ ഒറ്റയ്ക്കാകില്ലെന്ന്.
നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് എന്ത് തിളക്കമാണ് .
"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന്‍ വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍  ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.
അമ്മയില്ലെന്ന കുറവറിഞ്ഞില്ല. പഠിപ്പിച്ച് ഒരു ജോലി നേടിത്തന്നപ്പോള്‍ അച്ഛന്റെ അടുത്ത ആശയായിരുന്നു വിവാഹം. മകളെ ഒരു നല്ല കുടുംബത്തിലെത്തിക്കാന്‍ എതോരച്ഛനെയും പോലെ തന്റെ അച്ഛനും ആഗ്രഹിച്ചു; എത്ര കഷ്ടപ്പെട്ടാലും.
ഏറെ ആലോചനകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഒടുവില്‍ ഏറ്റവും പൊരുത്തമെന്നും വിശേഷപ്പെട്ടതെന്നും നിനച്ച് നിശ്ചയിക്കപ്പെട്ട വിവാഹം.
കുടുംബം.....സമ്പത്ത് ...സൌന്ദര്യം...!എല്ലാം ഒന്നിനൊന്നു മെച്ചം !

അച്ഛന്റെ ഇഷ്ടത്തിനപ്പുറം  ഒന്നുമില്ലായിരുന്നു. പക്ഷേ ,
അരവിന്ദേട്ടന്റെ ദുര്‍വാശി അന്നേ മനസ്സിൽ  കൊണ്ടു. 

"ഒന്ന് രണ്ടു തലമുറയ്ക്ക് വേണ്ടതിലേറെ ഞാന്‍ സമ്പാദിച്ചി ട്ടുണ്ട് . പൊന്നും പണവും ഒന്നും എനിക്ക് വേണ്ട. എന്റെ കാര്യ ങ്ങള്‍ നേരാം വണ്ണം നോക്കാന്‍ ഒരാൾ വേണം. അത്രതന്നെ.''

ആ ആദര്‍ശ ധീരത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി .പക്ഷെ ഏറെ കഷ്ടപ്പെട്ട് നേടിയ ഒരു ജോലി ....അതിനു വേണ്ടി വാങ്ങിയ കടങ്ങള്‍ കൊടുത്തു തീര്‍ന്നിട്ടില്ല. അതിനു മുമ്പ് അത് വേണ്ടെന്നു വയ്ക്കുക.
അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.
അച്ഛന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ രാജിക്കത്ത് നല്‍കുമ്പോള്‍ അരുന്ധതിടീച്ചര്‍  ഉപദേശിച്ചു. "വിഡ്ഢിത്തമാണ് കുട്ടി,ഒരു ജീവിതമാര്‍ഗം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കാലൂന്നണമെന്ന ഈ തീരുമാനം...''
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.
തന്റെ വിഷമം കണ്ട്  ടീച്ചര്‍ തുടര്‍ന്നു
 "നിര്‍ബന്ധമാണെങ്കില്‍ ലീവെടുക്കുക അഞ്ചോ പത്തോ കൊല്ലത്തേയ്ക്ക്. തിരിച്ചു വരണമെന്ന് തോന്നിയാല്‍ ആകാമല്ലോ.''
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ  നിരസിച്ചു എന്നു  തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു നല്കി.
പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.
അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.
പോറ്റി  വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട ആവശ്യമേ ഉണ്ടായില്ല.
പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു....
കണ്ടു കാഴ്ചകളുമായി തന്ത മുടങ്ങാതെ ഇങ്ങെത്താറില്ലേ''
എന്ന ഭര്‍ത്തൃമാതാവിന്റെ പരിഹാസമാണ് കേട്ടത്. അരവിന്ദേ ട്ടനോടൊപ്പം അന്ന് പടിയിറങ്ങുമ്പോള്‍ അച്ഛന്‍ അണച്ചു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു  നല്‍കിയ യാത്രാമൊഴി.
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ പോയി....ചെല്ലുന്നിടത്ത്  നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന്  കരുതരുത്."
ഒരിക്കലും അങ്ങനെ കരുതിയില്ല.
ആരതിയുഴിഞ്ഞു സ്വീകരിച്ച ഭര്‍ത്തൃ മാതാവില്‍ സ്വന്തം അമ്മയെ കണ്ടു.
പരാതിയും പരിഭവവുമില്ലാതെ കഴിഞ്ഞു കൂടിയ ദിനങ്ങള്‍ ... ഏറെ ആശിക്കാനുള്ള ഒരു ജീവിതമാണ്‌ തന്റെതെന്ന് വിചാ രിച്ചിട്ടില്ല. പ്രതീക്ഷിച്ചതില്‍ ഏറെ കിട്ടിയ സംതൃപ്തിയാണ് 
ഉണ്ടായിരുന്നത്.
മധുവിധുവിന്റെ നാളുകളില്‍ അരവിന്ദേട്ടന്റെ വാക്കുകളില്‍ മനസ്സ് പൂത്തുലയുകയായിരുന്നു. മരുമകളെപ്പറ്റി അയൽക്കാരോട് പറയുന്ന അമ്മയ്ക്ക് ആയിരം നാവായിരുന്നു.
പക്ഷേ 
എവിടെയാണ് തെറ്റ് പറ്റിയത്...? പ്രതീക്ഷയ്ക്കുപരി ലഭിച്ചപ്പോള്‍ താന്‍ നിലമറന്ന് ആഹ്ലാ ദിച്ചുവോ? അല്ലെങ്കില്‍ എല്ലാം നീര്‍ക്കുമിളകള്‍ പോലെ...!!

ആദ്യ ഗര്‍ഭത്തിന്റെ ആനന്ദം അനുഭവിച്ച ദിനങ്ങള്‍  മറക്കാന്‍ വയ്യ .അരവിന്ദേ ട്ടന്റെയും അമ്മയുടെയും ശ്രദ്ധയും  ശുശ്രൂഷ യും  മനസ്സില്‍ അഭിമാനമുയര്‍ത്തി .അങ്ങു തിരിഞ്ഞാലും ഇങ്ങു തിരിഞ്ഞാലും ഉപദേശം ."എന്റെ പൊന്നുമോനെ വേദനിപ്പിക്കല്ലേ...''
പൊന്നുമോന്‍...പൊന്നുമോന്‍...ഓരോ വാക്കിലും  തുളുമ്പിയ  ആവേശം....
ആ സ്നേഹക്കൂടുതല്‍ കൊണ്ട് ചടങ്ങുകള്‍ പോലും വേണ്ടെ ന്നു വച്ചു.
അച്ഛനൊറ്റയ്ക്കു കഴിയുമോ പ്രസവ ശുശ്രൂഷകളൊക്കെ...?!
 ...പ്രസവമുറിയിലേയ്ക്ക് തന്നെ കൊണ്ട് പോകുമ്പോള്‍ അര വിന്ദേട്ടന്‍  ഉത്കണ്ഠാകുലന്‍ ആയിരുന്നു. തലേന്ന് രാത്രി തന്റെ വീര്‍ത്ത  ഉദരത്തില്‍ മുഖം ചേര്‍ത്ത് അരവിന്ദേട്ടന്‍ പറഞ്ഞ വാക്കുകള്‍ പെട്ടെന്നോര്‍ത്തു.
"ന്റെ പുന്നാര മുത്തിനെ അച്ഛന്‍ കാത്തിരിക്കുകയല്ലേടാ കള്ളാ''
എന്നിട്ടോ.?
കാത്തിരുന്നു കിട്ടിയത് ഒരു പെണ്‍ കുഞ്ഞാണെന്നറിഞ്ഞ് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മുഖം ഇരുണ്ടു. ഒരു ആണ്‍കുട്ടിയെ ആണ് അവര്‍ ആഗ്രഹിച്ചിരുന്നത് എന്ന് മനസ്സിലായി.ആണായാലും പെണ്ണായാലും തന്റെ മാതൃത്വം പൂര്‍ണ്ണമാക്കിയ പൊന്‍മുത്ത്.... ...!

ശ്രീമോളെ അരവിന്ദേട്ടന്‍ സ്നേഹിച്ചതേയില്ല.ആ അവഗ ണനയുടെ ബാക്കി പത്രമായിരുന്നു താനും. എത്ര പെട്ടെന്നാ ണ് അരവിന്ദേട്ടന്റെ സ്വഭാവം പരുക്കനായത്?  തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ...ഒന്നും പറഞ്ഞു കൂടാ ശരിയെ ന്നോ തെറ്റെന്നോ നോക്കാതെ അടി വീണുകഴിയും. അമ്മ പോലും ഒരാശ്വാസ വാക്ക് ചൊല്ലിയില്ല.
മാത്രമല്ല തന്നെ വാനോളം പുകഴ്ത്തിയ ആ നാവില്‍ നിന്നും ശാപ വാക്കുകള്‍ ഒഴിയാതെയായി.
"ആദ്യത്തേത് ആണ്‍ കുട്ടിയാകണേ  എന്ന് പ്രാര്‍ഥിച്ചതാ .ങാ ...പാത്രം നന്നാകേണ്ടേ..?''
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''
 ഒരു മറു ചോദ്യമാണ് മറുപടിയായത്.
"എന്താ ഇപ്പം അങ്ങനെ തോന്നാന്‍...?''
അതല്ല പ്രതീക്ഷിച്ചത്. 
"സാരമില്ല അശ്വതി... എന്തായാലും നമ്മുടെ മോളല്ലേ..''
എന്നൊരാശ്വാസവാക്കാണ് .
അതൊക്കെ പ്രതീക്ഷയ്ക്കപ്പുറം എന്ന് ബോധ്യമായപ്പോള്‍ തേങ്ങലൊതുക്കി പറഞ്ഞു..
  "അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''
"ങാ ...അല്പം ശ്രദ്ധക്കുറവാ  ...ഇനി നോക്കാം.''
ശ്രദ്ധക്കുറവോ..? എന്താണ് സൂചന എന്നു വ്യക്തമായില്ല.
ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ആണ്‍ കുഞ്ഞിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താന്‍ അരവിന്ദേട്ടന് കഴിയുമായിരുന്നുവൊ.. ?
കഴിവ് അതിലായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി.

ഉടനെ ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിച്ചതേ  ഇല്ല.
ശ്രീമോള്‍ക്ക് മൂന്നു വയസ്സെങ്കിലും ആയിട്ട് മതി. അതിനു വേണ്ട എല്ലാ ഉപദേശങ്ങളും ഡോക്ടര്‍ തന്നതുമാണ്. പക്ഷേ  അരവിന്ദേട്ടന്റെ ദുര്‍വാശി അവിടെയും ജയിച്ചു. ഒരു വര്‍ഷം എത്തും മുമ്പ് രണ്ടാമതൊരു കുഞ്ഞും എന്ന സത്യം മനസ്സിന് അംഗീകരിക്കേണ്ടി വന്നു. അതറിഞ്ഞപ്പോള്‍ അതു വരെ കാണാത്ത സ്നേഹപ്രകടനങ്ങളാണ് അരവിന്ദേട്ടനില്‍ കണ്ടത്. ഡോക്ടറെ  കാണിക്കാനും മരുന്നും ഗുളികകളും കൃ ത്യമായ് നൽകാനും ഉത്സാഹിച്ചത് അരവിന്ദേട്ടനാണ്. ലാബറ ട്ടറി ടെസ്റ്റുകളും സ്കാനിങ്ങുമൊക്കെ യഥാസമയം നടത്തി. പക്ഷെ ആറാം മാസത്തിൽ  ഒരു അബോർഷനാണ് ഉണ്ടായ ത്. ഒരു പ്രസവത്തേക്കാള്‍ വേദനയും അസ്വസ്ഥതകളും അ നുഭവിക്കേണ്ടി വന്നു. ആസ്പത്രിയില്‍ നിന്നും പോരുമ്പോള്‍  ഡോക്ടര്‍ ഓർമ്മിപ്പിച്ചു. 
"ആരോഗ്യം നന്നായി ശ്രദ്ധിക്കണം.ഇനി ഇങ്ങനെ സംഭവി ക്കരുത്.''
 അരവിന്ദേട്ടന്റെ വിഷമം ഓർത്താണ് അന്ന് വേവലാതിപ്പെ ട്ടത്. പക്ഷെ തന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ്. ശ്രീമോ ളോട് കാണിക്കുന്ന അവഗണന കണ്ട്‌  അരവിന്ദേട്ടനോട് തോന്നിയിരുന്ന അമർഷം പാടെ മാറി.
ആ സ്നേഹപ്രകടനത്തില്‍ മനസ്സ് ആർദ്രമായി നാളുകൾ കഴിയവേ വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി എന്തെല്ലാ മോ താളപ്പിഴകള്‍ മനസ്സിനെ അലട്ടുകയായിരുന്നു. അമ്മയുടെ കുത്ത് വാക്കുകളും അരവിന്ദേട്ടന്റെ ക്രൂരമായ പെരുമാറ്റങ്ങളും ശ്രീമോളെ  ഓർത്ത്  സഹിച്ചു.
അച്ഛന്റെയും അച്ഛമ്മയുടെയും സ്നേഹം കൂടി അവള്‍ക്കു നൽ കാന്‍ ശ്രദ്ധിച്ചു.
വീണ്ടും  ഒരു കുരുന്നു ജീവൻ  തന്റെ ഗർ ഭാപാത്രത്തില്‍ രൂപം കൊണ്ടത് അറിയാന്‍ വൈകി. പതിവിലേറെ ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് സംശയം തോന്നിയത്. അടി വയറ്റില്‍ അനക്കം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. അരവിന്ദേട്ടനോട് പറയണമെന്ന് തോന്നിയില്ല. പറഞ്ഞിട്ടും വലിയ കാര്യമൊന്നും ഇല്ലല്ലോ. അത്രയ്ക്കും ക്രൂരമായ ഭാവമായിരുന്നു ആ മുഖത്ത്. എങ്കിലും കഴിഞ്ഞ അബോർഷ നെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറഞ്ഞപ്പോള്‍ അദ്ദേഹത്തോ ട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിർവികാരതയോടെയെ ങ്കിലും ഡോക്ടറെ കാണിക്കാന്‍ മടിച്ചില്ല.പ്രശ്നമൊന്നും ഇല്ലെന്നും ഇനി ഒരുമാസം കഴിഞ്ഞു വന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സുതണുത്തു  . കടലാസ്സില്‍ കുറി ച്ച് തന്നിട്ടുള്ള ഗുളിക മാത്രമേ കഴിക്കേണ്ടു എന്ന് ഡോക്ടര്‍ പ്രത്യേകം ഓർമ്മിപ്പിച്ചു. മടക്കത്തില്‍ അരവിന്ദേട്ടന്റെ സുഹൃ ത്തിന്റെ ലബോറട്ടറിയില്‍ കയറി കഴിഞ്ഞ തവണത്തെ ടെസ്റ്റുകള്‍ ആവർത്തിച്ചു. ഇനി ഡോക്ടറെ  കാണാന്‍ ചെ ല്ലുമ്പോൾ ടെസ്റ്റ്‌ റിസൾട്ടും കൊണ്ട് പോകണമത്രേ...
ഡോക്ടര്‍ അങ്ങനെ പറഞ്ഞത് കേട്ടില്ല. പറഞ്ഞിട്ടുണ്ടാകും പക്ഷെ...ടെസ്റ്റ്‌ റിസൾട്ടു കണ്ട അരവിന്ദേട്ടന്റെ മുഖഭാവം മാറിയത് ഉൾക്കിടിലത്തോടെ കണ്ടു. ആ ഭാവം ദിവസങ്ങ ളോളം നീണ്ടു നിന്നു. എന്താണ് കാരണം എന്നറിയണം എന്നു ണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല. എന്നാല്‍  മറ്റൊരു ഡക്ട റെ കാണാന്‍ ദിവസം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ കാരണം ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. കിട്ടിയ മറുപടി ഒട്ടും തൃപ്തികരംആയിരുന്നില്ല.                                                                                                                     ഏറെ താല്പര്യത്തോടെ തന്നെ നോക്കുന്ന ഡോക്ടര്‍... കഴിഞ്ഞ അബോര്‍ഷനില്‍ മരണത്തില്‍ നിന്നാണ് തന്നെ അവര്‍ രക്ഷിച്ചത്. അവരുടെ വാക്കുകളാണ് മനസ്സിന് ശക്തി യും സമാധാനവും നൽകിയത്. അവരെ ഒഴിവാക്കി മറ്റൊരു ഡോക്ടറെകാണാൻ നിർബന്ധിക്കുന്നത് എന്തിനായിരിക്കും?  അപകട സൂചന മനസ്സില്‍ നുരകുത്തിയപ്പോള്‍ അദ്ദേഹം അറിയാതെ പഴയ ഡോക്ടറെ കാണാന്‍ ചെന്നു. നിറഞ്ഞ അമര്‍ഷത്തോടെയാണവര്‍  തന്നെ അവര്‍ സ്വീകരിച്ചത്.
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം  ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''
ഒരു തരം  മരവിപ്പോടെ ഡോക്ടറെ പകച്ചു നോക്കി.
തന്റെ ഭാവം കണ്ടാകണം ഡോക്ടര്‍ അല്പം മയത്തില്‍ തുടര്‍ന്നത്.
"അശ്വതി....കഴിഞ്ഞ പ്രാവശ്യം സ്വന്തം ഇഷ്ടപ്രകാരം ഗുളിക വാങ്ങിക്കഴിച്ചു ഗർഭം അലസിപ്പിച്ചത് മറന്നു പോയോ?
അന്ന് നിങ്ങളെ മരണത്തിൽ നിന്നാണ് ഞാൻ രക്ഷിച്ചത്. അല്പം ബോധമുണ്ടെങ്കിൽ ഇനിയും ഒരു ഗർഭഛിദ്രത്തിനു നിങ്ങൾ ആഗ്രഹിക്കുമോ?ഇപ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾ ക്കുള്ളത്...?മൂത്ത കുട്ടിക്കു മൂന്നു വയസ്സുകഴിഞ്ഞു. ഇനി വേണ്ട എന്നാണെങ്കിൽ ഈ പ്രസവം കഴിഞ്ഞിട്ട് നിർത്തിക്കൂടെ?
ഏതോ ഭീകര സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർ ന്നു. കഴിഞ്ഞത് ഒരു അലസിപ്പിക്കൽ ആയിരുന്നുവെന്നൊ? ""അതെ ഒരു ഗർഭിണി ഒരിക്കലും കഴിക്കരുതാത്ത ഗുളികകളാ ണ് അന്ന് നിങ്ങൾ കഴിച്ചത്. വേണമെങ്കിൽ  നിങ്ങൾക്കെതി രെ എനിക്ക് നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.. നി ങ്ങളുടെ ഭർ ത്താവ് കാലുപിടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ക്ഷമിച്ചത്.'' 
കേൾക്കുന്നത് സത്യമാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു .
വരുമ്പോൾ മേശവലിപ്പിൽ നിന്നും എടുത്ത ടെസ്റ്റ്‌ റിസൾട്ട് ഡോക്ടറുടെ നേരെ നീട്ടുമ്പോൾ അവർ അത്ഭുതത്തോടെ തിരക്കി.
"ഇതെന്താ.?ഞാനൊരുടെസ്റ്റിനുംആവശ്യപ്പെട്ടിരുന്നില്ലലോ.''
ടെസ്റ്റ്‌ റിസൾട്ട് പരിശോധിച്ച് ഡോക്ടർ സഹതാപത്തോടെ നോക്കി
"ഇതിൽ ഒന്നേ പറയുന്നുള്ളൂ. അശ്വതിയുടെ ഗർഭത്തിൽ വളരുന്നത് ഒരു പെണ്‍കുഞ്ഞാണ്.''
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ...?
അതെ ...മനസ്സിലാകുന്നു....എല്ലാം മനസ്സിലാകുന്നു.
സംഭവിച്ചത് അതാണ്‌. തന്റെ ആരോഗ്യ സംരക്ഷണത്തിന് എന്നപേരിൽ എടുത്തു തന്നു കൃത്യമായി കഴിപ്പിച്ചത് തന്റെ വയറ്റിൽ വളരുന്ന പെണ്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള വിഷമായിരുന്നു.
അച്ഛൻ...!കഷ്ടം...!! ഇങ്ങനെയും ഒരച്ഛ ൻ...!!
ഒന്നിനെക്കൊണ്ട് തൃപ്തിയാകാതെ വീണ്ടും ഒരു കൊലപാതകം കൂടി....അതിനു സമ്മതിക്കാത്ത ഡോക്ടർ കഴിവില്ലാത്തവർ എന്ന് പറഞ്ഞ് പണം കിട്ടിയാൽ ഇതു തെമ്മാടിത്തരത്തിനും കൂട്ട് നിൽ ക്കുന്ന മറ്റൊരു ഡോക്ടറെ തേടി ....
ഇല്ല ഒന്നിനെ അറിയാതെങ്കിലും കൊന്ന പാപം എങ്ങനെ തീർക്കും .....?
വീണ്ടും ഒന്നിനെക്കൂടിയോ...?
ഡോക്ടറുടെ കൈപിടിച്ച് യാചിച്ചു.
"ക്ഷമിക്കണം. ഞാൻ..ഇതൊന്നും അറിഞ്ഞിരുന്നില്ല.''
ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഹൃദയം പ്രക്ഷുബ്ധമായി രുന്നു.
ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .
ഇത് ശീലാവതിമാരുടെ കാലമല്ലെന്നു എന്തു കൊണ്ട് മറന്നു?
പുരുഷന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണോ സ്ത്രീയുടെ കടമ.....
വിട്ടുവീഴ്ചയും സഹനവും ത്യാഗവും ക്ഷമയുമെല്ലാം സ്ത്രീക്കുമാത്രം..
പുരുഷന്റെ എതാഗ്രഹങ്ങൾക്കും എറാൻ മൂളുന്ന ഒരുപകരണം മാത്രമാണോ ഭാര്യ.....?
അല്ലെന്നറിയാമായിരുന്നുവെങ്കിലും ഒരു സാധാരണ ഭാര്യ യാകാനെ ആഗ്രഹിച്ചുള്ളു.
ഭർത്താവിന് വിധേയയായി ...കുടുംബഭദ്രതയ്ക്കായി സ്വന്ത മിഷ്ടങ്ങൾ ബലികഴിച്ചു..മറുത്തൊരുവാക്ക്....സ്വന്തമായ ഒര ഭിപ്രായം...ഒന്നും ഉണ്ടായില്ല.
പക്ഷേ, ഒരാദർശ ഭാര്യയുടെ പരിവേഷം കാത്തു സൂക്ഷിച്ചിട്ട് എന്ത് നേടി...?താൻ നൊ ന്തുപെറ്റ മകളാണ് ഒരു സ്ത്രീ ജന്മം എന്നതിന്റെ പേരിൽ  അവഗണിക്കപ്പെടുന്നത്. പിറക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരച്ഛൻ കുരുതി കൊടുത്തത് തന്റെ മകളെയാണ്.വീണ്ടും ഒരു കുരുതിക്ക് കൂടി താൻ പങ്കാളി യാകുക.....!
കരയാൻ തോന്നിയില്ല. പൊരുതണം. ഈ അനീതിക്കെതി രെ പടനീക്കം നടത്തണം. സ്വന്തം വ്യക്തിത്വം പോലും അടി യറവച്ച്, പൊറുക്കാനാകാത്ത ക്രൂരതകൾക്ക് അറിയാതെങ്കി ലും പങ്കാളിയാകേണ്ടി വന്ന തെറ്റ് തിരുത്തിയേ  തീരു....

ആസ്പത്രിക്ക് മുന്നിൽ  തന്നെ അന്വേഷിച്ചെത്തിയ അരവി ന്ദേട്ടനെ കണ്ടപ്പോൾ രക്തം തിളച്ചു.സ്ഥലകാല ബോധമറ്റ്‌ അലറി.
"ദുഷ്ടൻ...! സ്വന്തം കുഞ്ഞിനെ കൊന്ന ദുഷ്ടൻ ..!''
അരവിന്ദേട്ടന്റെ കണ്ണുകൾ  ചുവക്കുന്നതു കണ്ടു...പിന്നിൽ നിന്നും ഡോക്ടറുടെ വിളിയും കേട്ടു .
നിന്നില്ല .വീട്ടിലേയ്ക്കോടി.
പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''
ആജ്ഞ ..
ചുറ്റിലും നോക്കി. ധാരാളം ആളുകൾ.. അവരുടെ ശ്രദ്ധ തങ്ങ ളിലേയ്ക്ക് തിരിയുന്നതറിഞ്ഞപ്പോൾ കണ്ണീർവിഴുങ്ങി പിന്നിൽ
ക്കയറി.
കിടപ്പ് മുറിയുടെ സ്വകാര്യതയിലെത്തുവോളം നിർവികാര ഭാവം കാട്ടിയ അരവിന്ദേട്ടൻ ഒരു നിമിഷം കൊണ്ട് ആകെ മാറുന്നത് ഉള്ളിൽ കത്തുന്ന വേദനയോടെ നോക്കി നിന്നു.ഒരു സ്വാന്തനം കാത്ത തന്റെ കവിളിൽ ആ ഉരുക്ക് മുഷ്‌ടികൾ ആഞ്ഞു പതിച്ചു.
ഒന്നല്ല. പലതവണ.
കരഞ്ഞില്ല. എല്ലാ പ്രതികാരാവേശവും നോട്ടത്തിൽ ഉൾ ക്കൊള്ളിച്ചു നിന്നു
സമനില തെറ്റിയവനെപോലെ അരവിന്ദേട്ടൻ അലറി.
" അതേടി...നിന്റെ ഗർഭം അലസിപ്പിച്ചത് തന്നെയാ. എന്റെ ഇഷ്ടം...അതെന്റെ ഇഷ്ടം...ഇനിയും ഞാനത് ചെയ്യും.ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കാനല്ലാതെ നിന്റെ ഒരു ഗർഭവും പൂർണമാകാൻ ഞാൻ അനുവദിക്കില്ല. സത്യം...സത്യം....!!''
എല്ലാം കേട്ട് നിന്ന ഭർത്തൃ മാതാവിൽ നിന്നെങ്കിലും ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചതും തെറ്റി.
"ഓന് വേണ്ടാച്ചാൽ നെനക്കങ്ങ് സമ്മതിച്ചാലെന്താ ..? ആണ്ടിലാണ്ടിലിങ്ങനെ പെണ്ണിനെ പെറ്റിട്ടാൽ ചെലവു കൊറെയൊള്ളതാ..''
അരവിന്ദേട്ടനൊഴികെ അഞ്ചു പെണ്‍മക്കൾക്ക് ജന്മം നൽ കിയ ഒരമ്മയാണത് പറഞ്ഞത്.
അശനിപാതം പോലെ അരവിന്ദേട്ടന്റെ അവസാന വാക്കു കളും എത്തി.
"രണ്ടിലൊന്ന് തീരുമാനിക്കാം.. ഒന്നുകിൽ എന്നെ അനുസരി ക്കുക ...അല്ലെങ്കിൽ..''
തുടരാതെ തന്നെ വ്യക്തമായി.
ഭർത്തൃഹിതം എത്ര ഹീനമായാലും അനുസരിച്ചാൽ ഒരു ഭാര്യയായി ഇവിടെക്കഴിയാം....അവഗണിക്കപ്പെട്ടു വളരുന്ന ഒരു മകളെ ഓർത്ത് വേദനിച്ച് ....ഒരാണ്‍കുട്ടിയെ തടയുവോ ളം ഗർഭപാത്രം വൃത്തിയാക്കി സൂക്ഷിച്ച് ...
എന്തിന് ....?എന്തിന് ...?
തീരുമാനിക്കാൻ രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. എന്നിട്ടും ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു.
നഷ്ടമാകുന്നതെന്തെന്നറിയാതെയല്ല.
ഒറ്റപ്പെടലിന്റെ ഭവിഷത്തുകൾ ഓർക്കാഞ്ഞുമല്ല.
പക്ഷേ,
മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...
മുന്നോട്ടുള്ള പാത ദുർഘടമാകാം .ഇതുവരെ അന്വേഷിച്ചി ട്ടില്ലെങ്കിലും പ്രതീക്ഷയുണ്ട്...അരുന്ധതിടീച്ചർ തന്റെ ലീവ് അന്ന് ശരിയാക്കിയിട്ടുണ്ടെങ്കിൽ അത് തീരാൻ ഇനിയും ദിവസങ്ങൾ  ഉണ്ട്.
ഇല്ലെങ്കിൽ...., അച്ഛൻ തനിക്കു തന്ന വിദ്യാഭ്യാസം തന്റെ ജീവിത മാർഗ്ഗമാകും.
അഥവ കൂലിപ്പണിയെങ്കിൽ അതിനും തയ്യാർ .....!!
പെട്ടെന്ന് തന്നെ കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന ഭാവം മനസ്സിലുണ്ട്.
ഒരിക്കലും അച്ഛൻ തന്നെ കുറ്റപ്പെടുത്തുകയില്ല. കാരണം
അത് തന്റെ അച്ഛനാണ്. മകളെ നിധിപോലെ കരുതിയ , മകൾക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ..

ആഹ്ളാദത്തോടെ  തുള്ളിച്ചാടി  മുന്നിൽ നടക്കുന്ന ശ്രീമോളെ നോക്കി അശ്വതി മന്ത്രിച്ചു.
"പൊന്നുമോളെ....ഈ മടക്കയാത്ര നിനക്ക് വേണ്ടിയാണ്. പിന്നെ  ഈ ഉദരത്തിൽ വളരുന്ന നിന്റെ അനുജത്തിക്കു വേണ്ടിയും...''

Tuesday, June 10, 2014

തിരിച്ചു വരാത്തവര്‍

തിരിച്ചു വരാത്തവര്‍ 


സന്ദര്‍ശകഗാലറിയിലെ ടി വിയില്‍ ദുബൈ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുന്നു എന്ന അറിയിപ്പ് തെളിഞ്ഞപ്പോള്‍ അശ്വതിയുടെ മനസ്സില്‍  ആശ്വാസത്തിന്റെ തണുപ്പ് വീണു.
ഏഴു മണിക്കൂറായി അവള്‍ കാത്തിരിക്കുന്നു.ഇപ്പോഴാണ് എത്തുക എന്നറിയിച്ചിരുന്നെങ്കില്‍ ഈകാത്തിരിപ്പു വേണ്ടി വരുമായിരു ന്നില്ല.
അറിയിക്കാത്തതിനു ആലീസിനെ കുറ്റപ്പെടുത്താനും പറ്റില്ല . വരുന്ന വിവരം പോലും ആരോ പറഞ്ഞു അശ്വതി അറിഞ്ഞെ ന്നെ ഉള്ളു.
"പിന്നെന്തിനാ സ്വീകരിക്കാന്‍ നീ പോകുന്നത്...?" എന്ന് അച്ഛന്‍ ചോദിച്ചത് അതുകൊണ്ടാണ്.പക്ഷെ ആലീസ് തന്നെ വിവരം അറിയിക്കാത്തത് മനപ്പൂര്‍വമല്ലെന്നു അശ്വതിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. കാരണം അങ്ങനൊരു ബന്ധമല്ലല്ലോ അവരുടേത്.
അഞ്ചുകൊല്ലം മുമ്പ്  ഇതേ സ്ഥലത്ത് വച്ച് യാത്ര പറഞ്ഞ പ്പോള്‍ ആലീസ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
"മരിച്ചാലും മറക്കില്ലശ്വതി....നീയില്ലായിരുന്നെങ്കില്‍ എനിക്കീ ഭാഗ്യം ഒരിക്കലും കിട്ടുമായിരുന്നില്ല."
വലിയ ത്യാഗം ചെയ്തു എന്ന ഭാവമൊന്നും അശ്വതിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. തനിക്കാകുന്ന സഹായം മറ്റൊരാള്‍ക്ക് നല്കുക. അത് സാധാരണ മനുഷ്യധര്‍മ്മ മല്ലെ... ഇല്ലായ്മയും വല്ലായ്മയും അറിയുന്ന ഉറ്റ സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതില്‍ ഒട്ടും അത്ഭുതമില്ല.
സത്യത്തില്‍ ഒരിക്കലും പൊരുത്തപ്പെടേണ്ടവര്‍ ആയിരുന്നിള്ളവര്‍. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിന്നുടമകള്‍.
ആര്‍ഭാടങ്ങള്‍ക്കു നടുവിലായിരുന്നു ആലീസ് പിറന്നു വീണത്... ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അശ്വതിയും. എന്നാല്‍ തികച്ചും വേറിട്ട ജീവിതാനുഭവങ്ങളിലൂടെയാണ് അവര്‍ വളര്‍ന്നത്.
പണത്തിനു മീതെ മറ്റൊന്നുമില്ലെന്ന് അഹങ്കരിച്ച അപ്പന്റെയും അച്ചായന്മാരുടെയും ഇടയില്‍ അമ്മയും ആലീസും ഒന്നുമായിരു ന്നില്ല.  അവളുടെ കൊച്ചു കൊച്ച് ആവശ്യങ്ങള്‍  പോലും ആരും സാധിച്ചു കൊടുത്തില്ല. പഠനത്തിന്റെ കാര്യത്തില്‍  പത്താം ക്ളാസുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ  പിന്നീടുള്ള പഠനത്തിന് പണം മുടക്കേണ്ട കാര്യമില്ല എന്നായി രുന്നു അച്ചായന്മാരുടെ തീരുമാനം .

കെട്ടിച്ചു വിടാന്‍ വേണം ഒരു നല്ല തുക.അതിന്റെടേല് പഠിപ്പിനും കൂടി...?

പഠനം നിര്‍ത്തിക്കൊള്ളാന്‍ അവര്‍ അന്ത്യശാസനം നല്കി.
അപ്പനും അച്ചായന്മാരുടെ ഭാഗത്താണെന്നത് അവളെ ഏറെ വിഷമിപ്പിച്ചു.
പണമില്ലഞ്ഞല്ല. അത് ചെലവാക്കാന്‍ മനസ്സില്ലാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ...
"ചാകുമ്പോള്‍ എല്ലാം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുമോ?"

സഹികെട്ട് ഒരിക്കല്‍ അവള്‍ ചോദിച്ചു.
അപ്പന്റെ മുമ്പില്‍ കഠിനമായ സമരങ്ങള്‍  തന്നെ വേണ്ടിവന്നു ആലീസിനു ഓരോ ആവശ്യങ്ങളും നേടിയെടുക്കാന്‍ .
അവളുടെ ധിക്കാരത്തിന് അച്ഛനും അമ്മയും കൂട്ട് നില്‍ക്കുകയാ ണെന്ന പേര് പറഞ്ഞ് വീതം വയ്പ്പിച്ചും അല്ലാതെയും കിട്ടാ വുന്നത്ര കൈവശപ്പെടുത്തി അച്ചായന്മാര്‍ സ്വന്തം കാര്യം നോക്കിപ്പോയി.
പഠിപ്പ് ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആലീസിനു മുന്നത്തേക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു.
ഒരു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവള്‍ നിര്‍ബന്ധം പിടിച്ചു .പക്ഷെ കൈക്കൂലി കൊടുത്തോ  ശുപാര്‍ശ ചെയ്തോ പോലും ഒരു ജോലി നേടിക്കൊടുക്കാന്‍ ആരും സഹായിച്ചില്ല.
വന്ന വിവാഹാലോചനകളും സ്ത്രീധനത്തിന്റെ വിലപേശലില്‍ നടക്കാതെ പോയി....
"ഒന്നും വേണ്ട....പെണ്ണിനെ മാത്രം മതി "എന്ന് പറയാനുള്ള സൗന്ദര്യമൊന്നും ആലീസിനുണ്ടായിരുന്നില്ല. കോങ്കണ്ണ് ഒരു കുറവുമായിരുന്നു.
ഇതിനിടയിലാണ് ജീവിതകാലം മുഴുവന്‍ പണത്തിനു കാവലി രുന്ന അപ്പന്‍ ഗുരുതര മായ രോഗത്തിനടിപ്പെട്ടതും സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും മരണത്തിനു കീഴടങ്ങിയതും.
ജീവിതം ആലീസിനു ശരിക്കും ഒരു വെല്ലു വിളിയായത് അപ്പോഴാണ്‌.
ഒരു ജോലിക്ക് വേണ്ടി അവള്‍ മുട്ടാത്ത  വാതിലുകള്‍ ഇല്ല. ഒടുവിൽ  അവൾക്കൊരു ജോലി കിട്ടി. ദുബായിലെ ഇന്ത്യന്‍ സ്കൂളില്‍ .
പക്ഷെ പോകാനുള്ള പണം വേണം. സ്വാര്‍ത്ഥരായ രണ്ട് അച്ചായന്മാരും അവളുടെ മുന്നില്‍ കൈ മലര്‍ത്തി. അവളുടെ കാര്യത്തില്‍  അവര്‍ സ്വീകരിക്കാറുള്ള പതിവ് നിലപാട് തന്നെ.
വലിയ വീട്ടില് സമ്പത്തിനു നടുവിൽ  കഴിഞ്ഞിട്ടും സന്തോഷമെ ന്തെന്ന് അവള്‍ അറിഞ്ഞില്ല.
എന്നാല്‍ അശ്വതി അങ്ങനെയായിരുന്നില്ല.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. അവള്‍ക്കു വേണ്ടിയാണ് അവര്‍ അഹോരാത്രം കഷ്ടപ്പെട്ടത്. കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍ അവള്‍ക്കായി സ്വരുക്കൂട്ടി വച്ചു. പുസ്തകങ്ങള്‍,വസ്ത്രങ്ങള്‍ , ഫീസ്‌ ...ഒന്നിനും അവള്‍ ബുദ്ധിമുട്ടിയില്ല. പലപ്പോഴും ആലീസിന് സഹായമായതും അശ്വതിയാണ്. 
ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലും അവളെ സഹായിക്കാന്‍ അശ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീട്ടിനടുത്തുള്ള മാനേജ്മെന്റ്സ്കൂളില്‍ അടുത്ത വർഷം ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് പറഞ്ഞു വച്ച തുക.... പാവപ്പെട്ട അച്ഛനമ്മമാര്‍ ചോര നീരാക്കി  മകളുടെ ഭാവിക്ക് വേണ്ടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യം...അതുപോരാഞ്ഞ് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ സ്ഥലവും പുരയുംകൂടി പണയപ്പെടുത്തി ഒപ്പിച്ച അറുപതിനായിരം രൂപ.....
അശ്വതിയുടെ തീരുമാനം അംഗീകരിക്കാന്‍ അച്ഛനും അമ്മയും മടിച്ചു.   അവരുടെ സമ്മതം നേടിയെടുക്കാൻ അവള്‍ ഏറെ പാടുപെട്ടു . ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചു തരും എന്ന  ആലീസിന്റെ ഉറപ്പുകൂടിയായപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പക്ഷെ കണക്കു കൂട്ടലുകള്‍ എവിടെയോ പിഴച്ചു.
എവിടെയായിരുന്നെന്ന് ഇപ്പോഴും നിശ്ചയമില്ല.
നന്ദി വാക്കുകൾ കോരി നിറച്ച കത്തുകൾ ആദ്യമൊക്കെ ആലീ സിൽ നിന്നും മുടങ്ങാതെ കിട്ടി. മൂന്നോ നാലോ മാസം കഴിഞ്ഞ പ്പോൾ, പണം ഉടനെ അയക്കും എന്നെഴുതിയ കത്താണ്‌ അവസാനം കിട്ടിയത്.
പക്ഷെ പണം കിട്ടിയില്ല. പിന്നീട് കത്തുകളും.അവിടെയ്ക്ക് പലവട്ടം എഴുതി. ഒരു പ്രതികരണവും കാണാതായപ്പോൾ ആകെ പരിഭ്രമിച്ചു. ആലീസ് എഴുതാഞ്ഞതാകില്ല. എന്തോ സംഭവിച്ചി ട്ടുണ്ട്.
അഡ്രസ് മാറിയതോ...? തപാൽ വകുപ്പിന്റെ അനാസ്ഥയോ?

ഉത്കണ്ഠ താങ്ങാനാകാതെ സണ്ണിച്ചായന്റെ വീട്ടിൽപ്പോയി അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ലെന്ന് മാത്രമല്ല പരിഹാസം ഏറ്റുവാങ്ങി പടിയിറങ്ങിപ്പോരേണ്ടിയും വന്നു.
എന്നാൽ അതേ സണ്ണിച്ചായൻ ആണ് ആലീസ് വരുന്ന വിവരം അറിയിച്ചതും..അഞ്ചു കൊല്ലം മുമ്പ് ഉടനെ അയക്കുന്നു എന്ന് ആലീസ് അറിയിച്ച തുക എല്പ്പിക്കാൻ വന്നതായിരുന്നു അയാൾ.
"അറുപതിനായിരത്തിന് ആറുലക്ഷം തന്നാലും കടപ്പാട് തീരി ല്ലെ " ന്ന് പറഞ്ഞവളാണ് ആലീസ്.
"ആ കടപ്പാട് നിലനിർത്താനാകും അഞ്ചുകൊല്ലത്തിനു ശേഷ വും അറുപതിനായിരം മാത്രം തിരിച്ചു തന്നത് "  എന്ന് അച്ഛൻ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ അശ്വതിക്ക് കഴിഞ്ഞില്ല
.
കൃത്യസമയത്ത് പണം കൊടുക്കാഞ്ഞതിനാൽ പറഞ്ഞു വച്ചിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴും, ഒന്ന് രണ്ട് ആലോചനകൾ പണത്തിന്റെ പേരിൽ ഒഴിവായപ്പോഴും, പണയം വീട്ടനാകാതെ വീടും പുരയിടവും അന്യാധീനപ്പെട്ടപ്പോഴും അച്ഛന്റെയും അമ്മ യുടെയും മനോവിഷമം അവൾ അറിഞ്ഞതാണ്. കേറിക്കിടക്കാൻ വാടകവീട്  ആശ്രയിക്കേണ്ടി വന്നതിന്റെയും ഒരിടത്തും സ്ഥിരമാ കാതെ അങ്ങും ഇങ്ങും ജോലി ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് അവൾ  അനുഭവിക്കുന്നുമുണ്ട്.
എന്നിട്ടും അച്ഛനെപ്പോലെ ആലീസിനെ കുറ്റപ്പെടുത്താൻ അവൾക്കായില്ല.
ആലീസ് അന്നേ പണം അയച്ചിട്ടുണ്ടാകണം. അച്ചായന്മാർ മുക്കിയിട്ടുണ്ടാകും. വില്ലന്മാർ ...!
എന്തായാലും തന്നെ ആശ്വസിപ്പിക്കുവാൻ ഇന്ന് ആലീസിനു ആകുമല്ലോ. എല്ലാ പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുകയും ആകാം.
മേഘപാളികൾക്കുള്ളിൽ നിന്നും ചെകിടടപ്പിക്കുന്ന ശബ്ദത്തോ ടെ ഭൂ മിയിലേയ്ക്കിറങ്ങി വരുന്ന കൂറ്റൻ വിമാനത്തിനുള്ളിൽ  ത ന്റെ ആത്മസുഹൃത്ത് ഉണ്ട് എന്ന ഓർമ്മ അശ്വതിയെ കോരിത്തരി പ്പിച്ചു.
ഗാലറിയിലെ മുഴങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ വിടർന്ന കണ്ണുകളോടെ അവൾ നിന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ  ആലീസിനെ കണ്ടെത്താൻ അശ്വതി വിഷമിച്ചു. അവൾ ഒരു പാട് മാറിയിരിക്കുന്നു.പരിഷ്കൃത വേഷം ....രൂപം ....  ഭാവം......വളരെ ചെറുപ്പമായത് പോലെ....
കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണാടി ചില്ലിനിപ്പുറം നിന്ന് അശ്വതി അടക്കാനാവാത്ത ആഹ്ളാദത്തോടെ കൈ ഉയർത്തി വീശി..
ആലീസിന്റെ രൂപം താഴത്തെ നിലയിൽ മറഞ്ഞപ്പോൾ സന്ദർശക  ഗാലറിയിൽ നിന്നും അവൾ ഓടിയിറങ്ങി.
കസ്റ്റംസ് ക്ളിയറിംഗ് കഴിഞ്ഞു ആലീസ് പുറത്തു വരാൻ കുറച്ചു സമയം  വേണ്ടിവരും എന്നറിയാമായിരുന്നിട്ടും ഉള്ളിൽ  തുളുമ്പുന്ന സന്തോഷം അവളുടെ ചലനങ്ങൾ ധൃതതരമാക്കി.
മുന്നേ ഏർപ്പാടാക്കിയ കാറിന്റെ ഡ്രൈവറോട് കാർ തയ്യാറാക്കി നിർത്താൻ സംജ്ഞ നല്കി.
ബന്ധുക്കളെ  സ്വീകരിക്കാനെത്തിയവർ ...!
യാത്രയയക്കാൻ  വന്നിട്ടുള്ളവർ ....!
ആരെയും ശ്രദ്ധിക്കാൻ അശ്വതിക്കായില്ല.
ആലീസിന്റെ ആശ്ചര്യ പൂർണ്ണമായ നോട്ടം തന്റെ നേരെയെ ത്തുന്ന ആ സുന്ദരനിമിഷത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ചുണ്ടിൽ ചിരിയായ് വിടർന്നു .
ട്രോളിയുമുന്തി പ്രവേശനകവാടം കടന്ന് ആലീസ് വരുന്നത് കണ്ട്  ഉൾത്തുടിപ്പോടെ അവൾ മുന്നോട്ടു കുതിച്ചു.
പെട്ടെന്ന്, അപ്രതീക്ഷിതമായ ഒരു തിരക്കിൽ  അവളുടെ ബാലൻസ് തെറ്റി. വീഴാതെ ഒഴിഞ്ഞു മാറുമ്പോൾ തന്നെ കടന്നു പോകുന്നവരെ കണ്ട് അശ്വതി ഞെട്ടി.
ആലീസിന്റെ അച്ചായന്മാർ....!
അവർ ആഹ്ളാദാരവത്തോടെ അവളെ ആനയിച്ചു കൊണ്ട് വരുന്നത് അശ്വതി അമ്പരപ്പോടെ നോക്കി നിന്നു. ആലീസിന്റെ നോട്ടം തന്റെ നേരെ തിരിയുമെന്ന പ്രതീക്ഷ വൃഥാവിലെന്നു ബോധ്യമായപ്പോൾ തന്നെ കടന്നു പോയ ചങ്ങാതിയുടെ പിന്നാലെ ഓടിയെത്തി അശ്വതി വിളിച്ചു...
"ആലീസേ..."
തിരിഞ്ഞു നോക്കിയ ആലീസിന്റെ ചുണ്ടിലെ തണുത്ത ചിരികണ്ട് അവളുടെ മനസ്സിടിഞ്ഞു.
"ഓ...അശ്വതിയോ...??"
പെട്ടെന്നോർത്ത പോലെ ആലീസ് ചോദിച്ചു.
"സണ്ണിച്ചായൻ  പണം തന്നില്ലേ...?"
മറുപടി പറയേണ്ടി വന്നില്ല.
കാറിന്റെ ഡിക്കിയിൽ ലഗ്ഗേജുകൾ അടുക്കുന്ന സണ്ണിച്ചായൻ ഉറക്കെപ്പറഞ്ഞു.
"എല്ലാം  വേണ്ടപോലെ ചെയ്തിട്ടുണ്ട് മോളെ..."
ആ വിളിയിൽ കിനിയുന്ന മാധുര്യം  ആസ്വദിച്ച ആലീസിന്റെ മുഖം തെളിഞ്ഞു.പിന്നെ ഒരു മഹാകാര്യം എന്നമട്ടിൽ അശ്വതിയുടെ നേരെ തിരിഞ്ഞ് ആലീസ് തുടർന്നു.
"വരുന്നവിവരം  ആരെയും അറിയിക്കേണ്ടെന്നു ഞാൻ സണ്ണിച്ചാ യനോട് പ്രത്യേകം പറഞ്ഞിരുന്നു. സഹായം എന്നൊക്കെപ്പറ ഞ്ഞു പിന്നെ സ്വൈര്യം തരില്ല  ഓരോ ശല്യങ്ങൾ ..."
അശ്വതിയുടെ തൊണ്ട വരണ്ടു. ചെവിക്കുള്ളിൽ വണ്ട്‌ മുരണ്ടു.
"പറഞ്ഞ് നിൽക്കാതെ  വാ മോളെ..."
കാറിന്റെ ഡോർ തുറന്നു പിടിച്ചു തൊമ്മിച്ചായനും തിരക്കുകൂട്ടി. ആലീസിന്റെ ശ്രദ്ധ അങ്ങോട്ടായി.
അശ്വതിയുടെ കണ്ണിൽ  ഇരുട്ട് കയറി. യാത്രപോലും പറയാതെ അച്ചായന്മാരോടൊപ്പം ചിരിച്ചുലഞ്ഞ് പോയത് ആലീസ് തന്നെയാണോ...?
ആയിരിക്കില്ല.സ്വപ്നമാണിത്. വെറും ഒരു പകൽ  സ്വപ്നം ....
വിജനമായ ഒരു മണലാരണ്യത്തിലാണിപ്പോൾ ....ഉഷ്ണക്കാറ്റ്‌ അത്യുഗ്രം വീശിയടിക്കുന്നു. മുന്നിൽ വഴിയില്ല.  പൂഴിയിൽ  ഉറച്ചുപോയ കാലുകൾ  വലിച്ചെടുക്കാനുള്ള ശ്രമത്തിൽ കൂടുതൽ ആഴത്തിലേയ്ക്ക് താഴ്ന്ന് ....താഴ്ന്ന് ....
"മാഡം "
കിതപ്പോടെ നോക്കുമ്പോൾ മുന്നിൽ  ടാക്സി ഡ്രൈവർ ...
സ്ഥലകാല ബോധം വരാൻ തെല്ലു നേരമെടുത്തു.
"യാത്രക്കാരെല്ലാം പോയല്ലോ. മാഡം പ്രതീക്ഷിച്ച ആള് വന്നില്ലേ...??
അടക്കാനാവാത്ത ആത്മനൊമ്പരത്തോടെ പറഞ്ഞു
 " ഇല്ല...വന്നില്ല..."
പിന്നെ പ്രവേശനകവാടത്തിനു പുറത്തുള്ള തൂണിൽ ചാരി ഒരിക്കലും തിരിച്ചു വരാത്ത ആരെയോ കാത്ത് അവൾ തളർന്നിരുന്നു.

Wednesday, March 13, 2013

ദൈവം കല്ലില്‍ എഴുതിയത്.


ദൈവം കല്ലില്‍ എഴുതിയത്.
ഓരോരോ അറിവുകള്‍ മുന്നില്‍ എത്തുന്നത് എത്രകാലം കഴിഞ്ഞിട്ടാണ് .ഞാന്‍ ശേഖരേട്ടന്റെ വധു ആയിട്ട് തന്നെ മൂന്നു ദശാബ്ദം കഴിഞ്ഞു.അത്ര ചെറുതല്ലാത്ത ഒരു വിപ്ലവം അതിനു പിന്നിലുണ്ടായിരുന്നു.
ചെയ്യാത്ത തെറ്റിന് സഹപാഠികള്‍ക്ക് മുന്നില്‍ അവഹേളനപാത്രമായി നില്‍ക്കേണ്ടി  വന്നപ്പോള്‍  ഉണ്ടായിരുന്നത്  രണ്ടു വഴികളാണ്  .ഒന്നുകില്‍ ആത്മഹത്യ... അല്ലെങ്കില്‍ കടുത്ത ഒരു തീരുമാനം.
അധ്യാപക പരിശീലനത്തിനിടയിലെ ക്യാമ്പായിരുന്നു വേദി. സന്ദര്‍ശകര്‍ക്ക്  അനുവാദമില്ലാത്തിടത്ത്  ശേഖരേട്ടന്‍ വന്നു എന്നത് കുറ്റവും .
പെട്ടെന്ന് വിളിച്ചു കൂട്ടിയ അസംബ്ലിയില്‍ എല്ലാരുടെയും മുന്നില്‍ നിര്‍ത്തി സൈക്കോളജി ടീച്ചര്‍ ചോദ്യം ചെയ്തു.
"ആരാണയാള്‍ ...?ഇവിടെ സന്ദര്‍ശകര്‍ പാടില്ലെന്നറിയില്ലേ?  "
ശേഖരേട്ടന്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആണെന്നും പപ്പാ കൊടുത്തയച്ച ഒരു ബുക്ക്‌ എനിക്ക്  തരാനാണ് വന്നതെന്നും സത്യം ബോധിപ്പിച്ചിട്ടും ടീച്ചര്‍ വിശ്വസിച്ചില്ല .
ഏതു വിധവും തന്നെ താറടിക്കാന്‍ കച്ചകെട്ടി നടന്ന ചില സഹപാഠികളുടെ മുഖത്തെ ചിരി....അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
നാണക്കേടിന്റെ മുള്‍ മുനയില്‍ ജീവിതം തറച്ചു വയ്ക്കാന്‍  മനസ്സില്ലായിരുന്നു. അത് കൊണ്ടുതന്നെ ടീച്ചറിന്റെ മുഖത്ത് നോക്കി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
"അര്‍ഹത ഉള്ളത് കൊണ്ട് തന്നെയാ വന്നത്...."
ടീച്ചറുടെ മുഖം കോപം കൊണ്ട് തുടുത്തു.
"എന്തര്‍ഹത ..?കുട്ടിയുടെ പിതാവാണോ അയാള്‍...?അതോ സഹോദരനോ...?."
പരിഹാസത്തിന്റെ ധ്വനി കലര്‍ന്ന ചോദ്യം...
ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം നാവില്‍ വിളഞ്ഞു.
"സന്ദര്‍ശകര്‍ക്കുള്ള അനുമതി അവര്‍ക്ക് മാത്രമല്ലല്ലോ ."
ഒരു നിമിഷം എല്ലാവരെയും ഒന്ന് നോക്കി .പിന്നെ പറഞ്ഞു.
"അത്...അത്...എന്റെ ഭര്‍ത്താവാണ്..."
ആ ഹാളിലെ നിശ്ശബ്ദതയുടെ സ്ഫോടനം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവിശ്വസനീയമായതെന്തോ  കേട്ട വൈക്ലബ്യമായിരുന്നു  എല്ലാവരിലും...
"ആലീസേ...ഇത് തമാശ പറയാനുള്ള സ്ഥലമല്ല."
ടീച്ചറിന്റെ സ്വരം പിന്നെയും കടുത്തു .
ആലീസിന്റെ ഭര്‍ത്താവ് ശേഖരന്‍...!അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എല്ലാ മുഖങ്ങളിലും കണ്ടു.
മനസ്സില്‍ ആഹ്ലാദം നുരഞ്ഞു പൊന്തിയ നിമിഷം...ഈ വിജയമാണ് പ്രതീക്ഷിച്ചതും.
എന്തായാലും കൊളുത്തിയത് ഒരു വെടിക്കെട്ടിനുള്ള തിരിയായിരുന്നു...ശേഖരേട്ടന്‍ എന്ത് പറയുമെന്നു ചിന്തിച്ചതേയില്ല .നോ എന്നായാലും അത് പ്രശ്നം അല്ല്ലായിരുന്നു.
"നിങ്ങളുടെ മകളുടെ കല്ല്യാണം കഴിഞ്ഞെന്നു അവള്‍ പറയുന്നു.അത് സത്യമാണോ എന്നറിയാനാണ്    വിളിച്ചത്."
പപ്പയെ വിളിച്ചു വരുത്തി ടീച്ചര്‍ പറഞ്ഞു.
"എന്റെ അറിവില്‍ ഇത് വരെ അങ്ങനൊന്നു സംഭവിച്ചിട്ടില്ല .എന്തായാലും ഞാന്‍ അന്വേഷിച്ചു വേണ്ടത് ചെയ്യാം"
അതായിരുന്നു ടീച്ചറും ഉദ്ദേശിച്ചത് ..ക്യാമ്പിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവരെയും ബാധിക്കുമല്ലോ .
പപ്പാ സൌമ്യമായാണ് ചോദിച്ചത്...?
"എന്താണുണ്ടായത്...?"
തന്നെ പപ്പയ്ക്ക് നന്നായി അറിയാം ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍  ആവശ്യമായ  സ്വാതന്ത്ര്യവും സ്നേഹവും നിയന്ത്രണവും നല്‍കിയാണ്‌ പപ്പാ തന്നെ വളര്‍ത്തിയത്.തെറ്റായ ഒരു തീരുമാനം തന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ലെന്ന് പപ്പയ്ക്ക് ഉറപ്പുണ്ട്.പെട്ടെന്ന് വിശ്വസിക്കാനോ അംഗീകരിക്കാനോ  കഴിയാത്ത ഈ  തീരുമാനത്തിന്റെ സാഹചര്യം  അധികം വിശദീകരിക്കാതെ തന്നെ പപ്പയ്ക്ക് മനസ്സിലായി.അല്ലെങ്കില്‍ പപ്പയ്ക്ക് മാത്രമേ അത് ബോധ്യമായുള്ളൂ .
പഠിച്ചു  ഒരു ജോലി നേടുക എന്നതാണ് തന്റെ ലക്‌ഷ്യം . വിവാഹത്തെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല .പ്രത്യേകിച്ചും ഇങ്ങനൊരു വിവാഹം...!!പക്ഷെ പറഞ്ഞ വാക്ക് മാറ്റിപ്പറഞ്ഞ് ടീച്ചറിന്റെയും സഹാപാഠികളുടെയും മുന്നില്‍ തലകുനിക്കാനോ..?
പപ്പയുടെ മനസ്സിന്റെ നോവ്  മനസ്സിലായെങ്കിലും  പറഞ്ഞു.
"ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല പപ്പാ ....പക്ഷെ ...ഇനി അത് നടക്കണം. എന്നാണെങ്കിലും  അത് നടന്നേ തീരു. .."
വരാന്‍ പോകുന്ന വന്‍ വിപത്തുകളെപ്പറ്റി ചിന്തിക്കാതെയല്ല . സഭയുടെ മേച്ചില്‍പ്പുറങ്ങളില്‍ നിന്നും ദൈവത്തിനു വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോകുന്നത്  വെറുതെ നോക്കി നില്ക്കാന്‍ ഇടയന്മാര്‍ക്കാകുമോ?
എതിര്‍പ്പിന്റെ വാളുകള്‍ നാല് ചുറ്റും ഉയര്‍ന്നു.സഹോദരര്‍ വിധിച്ചത് വീട്ടു തടങ്കല്‍ ...
ആരോടും മറുത്തു പറഞ്ഞില്ല
മമ്മയുടെ കണ്ണുനീരിനു മുന്നില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
 "ഞാനെങ്ങും പോയിട്ടില്ല പിന്നെന്തിനാണീ കണ്ണുനീര്‍...?"
സഹോദരങ്ങളോടും അത് തന്നെ പറഞ്ഞു..
"എങ്ങും പോകുന്നുമില്ല പിന്നെന്തിനീ വീട്ടു തടങ്കല്‍ ...?"
ഏകപക്ഷീയമായ വെല്ലുവിളികള്‍ക്ക് മറുപടിയില്ലാത്തതിനാല്‍ ആയുസ് ഉണ്ടായില്ല .പക്ഷെ മറ്റൊരു വിവാഹമെന്ന നിര്‍ബന്ധത്തിനു മുന്നില്‍ നിശബ്ദം നില്ക്കാന്‍ കഴിഞ്ഞില്ല
"ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഞാന്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട. ഒരിക്കലും ഞാനതിനു ശഠിക്കില്ല.പക്ഷെ...മറ്റൊരു വിവാഹം... അതിനി ആലീസിനുണ്ടാകില്ല ..."
ഒരു വിപ്ലവത്തിന് വേണ്ടിയുള്ള നിര്‍ബന്ധമായിരുന്നില്ല ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ക്രിസ്ത്യാനിപ്പെണ്ണിനു ദൈവം ഒരുക്കിത്തന്ന വഴിയാകാം ഇത്....ഇന്നാര്‍ക്ക് ഇന്നാരെന്നു കല്ലില്‍ എഴുതി വച്ചിട്ടുണ്ടല്ലോ
പറഞ്ഞ വാക്കുകളും എടുത്ത തീരുമാനവും തെറ്റായില്ലെന്ന്‍  കാലം തെളിയിച്ചു.
ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശേഖരേട്ടന്‍ ...ഒരു മാസത്തെ അദ്ദേഹത്തിന്റെ ശമ്പളം  ആ കുടുംബത്തിനു തന്നെ ജീവിക്കാന്‍ അപര്യാപ്തമായിരുന്നു.അവരെ തീരാദു:ഖത്തിലാഴ്ത്തി സ്വന്തം കുടുംബം കെട്ടിപ്പടുക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല അതുകൊണ്ട് തന്നെ പഠിപ്പ് പൂര്‍ത്തിയാക്കി ഒരു ജോലി കിട്ടും വരെ ഒരുമിച്ചൊരു ജീവിതം വേണ്ട  എന്നതായിരുന്നു   വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യമെടുത്ത തീരുമാനം.
ജീവിത വിജയത്തിന്റെ പാഠങ്ങള്‍ നന്നായി പഠിച്ച് പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഒരിക്കലും പരാജയം അറിഞ്ഞില്ല എല്ലാവരെയും സ്നേഹിച്ചു.അവര്‍ക്ക് യഥാസമയങ്ങളില്‍   കഴിയും വിധം വേണ്ടതെല്ലാം നല്‍കി.
ദ്വേഷിച്ചവരും അവഗണിച്ചവരുമെല്ലാം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.കേവലം രണ്ടു വ്യക്തികളുടെ ഒന്ന് ചേരല്‍ ആയിരുന്നില്ല ഞങ്ങളുടേത്. രണ്ടു കുടുംബങ്ങളുടെ..രണ്ട്  ആചാരങ്ങളുടെ..വ്യത്യസ്തമായ ആഘോഷങ്ങളുടെ ഒത്തു ചേരല്‍...ഓണവും വിഷുവും ശേഖരേട്ടന്റെ വീട്ടിലും  ക്രിസ്മസും ഈസ്റ്ററും എന്റെ വീട്ടിലും കുടുംബത്തോടൊപ്പം ഞങ്ങള്‍ ആഘോഷിച്ചു .
ഒരു മിശ്ര വിവാഹത്തിന്റെ ത്രില്ലില്‍ ഞങ്ങള്‍ തെല്ല്  അഹങ്കരിച്ചിരുന്നു
ഞങ്ങള്‍ വിശ്വ പ്രേമത്തിന്റെ വക്താക്കള്‍ ...!
വരും തലമുറയുടെ വഴികാട്ടികള്‍..!!
എന്നാല്‍ ആ ചിന്താഗതികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ചില അറിവുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്ക് ലഭിച്ചത്...
ശേഖരേട്ടന്റെ അമ്മവീട് ഗ്രാമത്തിലാണ് .മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം കഴിഞ്ഞിരുന്ന ഒരു ബാല്യം അവര്‍ക്കും ഉണ്ടായിരുന്നു എന്നാല്‍ മറ്റു സഹോദരിമാര്‍ക്ക് കിട്ടാത്ത ഒരു സൗഭാഗ്യം അമ്മയ്ക്ക് കിട്ടി .അച്ഛന്റെ വീട് പട്ടണത്തിലാണ്.
മാതാപിതാക്കള്‍ മരിക്കുകയും സഹോദരിമാര്‍ ഓരോ വഴിക്കാകുകയും  തറവാട്ട്‌ സ്വത്ത് ഒരു സഹോദരി കുതന്ത്രങ്ങളിലൂടെ  സ്വന്തമാക്കുകയും ചെയ്തതോടെ നാടുമായുള്ള അമ്മയുടെ ബന്ധം കുറഞ്ഞു.വല്ലപ്പോഴും അമ്മയെ കാണാന്‍ വരുന്ന വല്ല്യമ്മയെയും ഇളയമ്മയെയുമേ  ഞാന്‍ കണ്ടിട്ടുള്ളു .എന്നാല്‍ തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഇളയമ്മ കൂടിയുണ്ടെന്നും അവര്‍ ഒരു മുസ്ലിമിന്റെ ഭാര്യയായി സസുഖം കഴിയുന്നുവെന്നും പിന്നീടെപ്പോഴോ  ആണ് ഞാന്‍ അറി ഞ്ഞത് .
പോക്ക് വരവുകളോ അന്വേഷണങ്ങളോ  ഒന്നുമില്ലാതെ  ഒരോരുത്തരും താന്താങ്ങളുടെ ലോകത്ത് കഴിഞ്ഞു  കൂടി.
 സംഭാഷണങ്ങളില്‍ പോലും പിന്നീട് അവരെ ക്കുറിച്ച് പരാമര്‍ശങ്ങളൊന്നും  ഉണ്ടായില്ല.
എന്നാല്‍ ഏറെക്കാലത്തിനു ശേഷം അവിചാരിതമായാണ് വീട് പണിക്കാവശ്യമായ കല്ല് ഇറക്കാനെത്തിയ ലോറി ഡ്രൈവറില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ലാത്ത ഇളയമ്മയുടെ മകന്‍  അബ്ദുള്ളയെക്കുറിച്ച് അറിഞ്ഞത്.ഞങ്ങളെക്കുറിച്ച് അബ്ദുള്ള പറയാറുണ്ട് എന്ന് കേട്ടപ്പോള്‍ താല്പര്യം വര്‍ദ്ധിച്ചു.പ്രതികരണം എങ്ങനെ എന്ന ശങ്ക കൊണ്ടാണ് ഞങ്ങളെ കാണാന്‍ വരാത്തതത്രെ .
"ഒരു ശങ്കയും വേണ്ട ...വന്നോട്ടെ..ഞങ്ങള്‍ക്കും കാണാന്‍ ആഗ്രഹമുണ്ട് "എന്ന് ശേഖരേട്ടന്‍ പറഞ്ഞത് എന്റെ മനസ്സിലെ ആഗ്രഹം കൂടിയായിരുന്നു .
എന്തായാലും അന്ന് രാത്രി തന്നെ ഞങ്ങളാ സ്വരം കേട്ടു .രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ സ്വരം ..
ജാതിയുടെയും മതത്തിന്റെയും പേരില്‍ നാം ആരെയാണ് മാറ്റി നിര്‍ത്തേണ്ടത്...? ആര്‍ക്കെതിരെയാണ് വാളുയര്‍ത്തേണ്ടത് ...?
ഒരാഴ്ചക്കകം വരുന്ന നബിദിനാഘോഷത്തില്‍ പങ്കു ചേരാനുള്ള അബ്ദുള്ളയുടെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു.
യാത്രയ്ക്കൊരുങ്ങുമ്പോള്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ പിന്നെയും ശേഖരേട്ടനോട്‌  ചോദിച്ചു.
"ഇത് വരെ അവരെ ആരെയും ശേഖരേട്ടന്‍ കണ്ടിട്ടില്ല...??"
''വളരെ ചെറുപ്പത്തില്‍ കൈക്കുഞ്ഞായ അബ്ദുള്ളയെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.പിന്നീട് ഇളയമ്മയെപ്പോലും ഞാന്‍ കണ്ടിട്ടില്ല."
ബസ്സില്‍ ഇരിക്കുമ്പോഴും എന്റെ ചിന്ത വൈകി എത്തുന്ന ഇത്തരം അറിവുകളെപ്പറ്റിയായിരുന്നു .
നാടാകെ നബിദിനാഘോഷത്തിമര്‍പ്പില്‍ ആണ് .വഴി നീളെ തോരണങ്ങളും ഘോഷയാത്രകളും...
ബസ്സിറങ്ങി ഒരു ടാക്സി വിളിച്ചാണ് ഞങ്ങള്‍ ആ വീട്ടിലേയ്ക്ക് പോയത് .റബ്ബര്‍ തോട്ടത്തിനുള്ളിലൂടെ വീട്ടിന്റെ  മുറ്റം വരെ എത്തുന്ന വഴി .സാമാന്യം വലിയ വീടിന്റെ ഉള്ളില്‍ നിന്നും ഇറങ്ങി വന്നത് ചെറിയ ഇളയമ്മയുടെ മകന്‍ മുകുന്ദന്‍ ആണെന്ന് പെട്ടെന്ന് തോന്നിപ്പോയി... പക്ഷെ മുകുന്ദന്‍ അതിര്‍ത്തിയിലു ണ്ടായ   വെടിവെയ്പ്പില്‍ മരിച്ചിട്ട് രണ്ടു മൂന്നുവര്‍ഷങ്ങളായി . മുകുന്ദന്റെ അതെ ഛായ ...!!
അബ്ദുള്ള ശേഖരേട്ടന്റെ കൈ പിടിച്ച്  അകത്തേയ്ക്ക് കയറ്റുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു..
ആനന്ദാശ്രുക്കള്‍..!!അപരിചിതത്വത്തിന്റെ മുഖമറ   എത്ര വേഗമാണ് മാറിയത്...?!!
തട്ടമിട്ട സുന്ദരി ആയിഷ,അബ്ദുള്ളയുടെ ബീവി.രണ്ടു കുട്ടികള്‍ ..അനീഷയും അജ്മലും .
അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ആണ് അനീഷ.....
അവളെ പഠിപ്പിക്കാന്‍ ഒട്ടും താല്‍പ്പര്യം അബ്ദുള്ളയ്ക്കില്ലെന്ന്   സംസാരത്തില്‍ നിന്നും മനസ്സിലായി.
"ജ്ജ് ന്തിനാ പാസായെ .." എന്ന് ചോദിച്ചാണ് അവളെ അയാള്‍ ചീത്ത പറഞ്ഞതത്രേ.
" ഞാന് നാല് വരയെ പഠിച്ചിറ്റില്ലു   ...ഞ്ഞി പ്പോണ് ല്ലാന്നു പറഞ്ഞപ്പം യെന്റുപ്പ സമ്മയിച്ചു ...ന്ന് ട്ടെന്തേ... ജീബിക്കാനുള്ള ബാകെക്കെ ഞമ്മക്കായ്‌ ല്ലേ.?"
ന്യായം കൊള്ളാം. പക്ഷെ അജ്മാലിന്റെ കാര്യത്തില്‍ അല്പം സ്വാര്‍ത്ഥനാണ് കക്ഷി . നടന്നു പോകാനുള്ള ദൂരമേ സ്കൂളിലെലേയ്ക്കുള്ളൂ ...എട്ടാം ക്ലാസ്സില്‍ പഠിക്കണ അജ്മലിനെ സ്കൂളില്‍ കൊണ്ടുപോയാക്കണതും കൂട്ടിക്കൊണ്ട് വരണതും  അബ്ദുള്ളയാണ് .
"ആകെ നാണക്കേടാ ആന്റി ...കുട്ടികള്‍ കൂക്കിക്കളിയാക്കും ... എന്നാലും ഈ ഉപ്പ ഇടം വലം തിരിയാന്‍ വിടൂല്ല."
ഉപ്പയുടെ അമിതവാത്സല്യവും ശ്രദ്ധയും അജ്മലിനെ ചൊടിപ്പിക്കുന്നുണ്ട്  എന്നത് വ്യക്തം...അവന്‍ അത്ര ചെറിയ കുട്ടിയൊന്നുമല്ല. എട്ടിലെങ്കിലും ഒരു പത്താം ക്ലാസുകാരന്റെ വലിപ്പം അവനുണ്ട്.
"മുന്നിലിരുത്തിയാല്‍ ഉപ്പയ്ക്ക് റോഡ്‌ കാണാന്‍ പറ്റാതെ വന്നപ്പോള്‍ മാത്രമാ ബൈക്കിന്റെ പിന്നിലിരിക്കാന്‍ പോലും സമ്മതിച്ചത്.പക്ഷെ ആന്റിക്കറിയണോ ...എന്നാലും ഉപ്പേടെ അരയില്‍ കെട്ടിപ്പിടിച്ചിരിക്കണമെന്നാ  കല്‍പ്പന."
എല്ലാം ശരിയാണെന്ന  ചിരിയോടെ അബ്ദുള്ള.
അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന ആയിഷ യുടെ  വാക്കുകളില്‍ ഉണ്ടായിരുന്നു.
" ഉപ്പ പുറത്തേയ്ക്ക് ഇറങ്ങും വരെ അന്റെ അജി സാധുവാ. പിന്നത്തെ പ്രളയം  പറയാന് ബയ്യ ...''
സന്തോഷത്തിന്റെ പുണ്യ നിമിഷങ്ങള്‍...
ഏറെനേരം വര്‍ത്തമാനം  പറഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ച്.... ബ ന്ധുക്കളെ ക്കുറിച്ച് ..... 
പറഞ്ഞിട്ടും അറിഞ്ഞിട്ടും തീരാത്തതുപോലെ....
നെയ്ച്ചോറും ഇറച്ചിക്കറിയും അടങ്ങിയ ഉച്ച ഭക്ഷണം. സത്കരിച്ചു മതിയാകാത്ത സ്നേഹപ്രകടനങ്ങള്‍ ...
ഞങ്ങളുടെ ആഘോഷങ്ങളുടെ എണ്ണം കൂടുകയാണെന്ന് ആഹ്ലാദത്തോടെ ഓര്‍ത്തു .ഓണത്തിന് വീട്ടിലേയ്ക്ക് വരാന്‍ പ്രത്യേകം ക്ഷണിച്ചിട്ടാണ്‌ ഞങ്ങള്‍ മടങ്ങിയത്...
സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴും സംസാരിച്ചു കഴിഞ്ഞിരുന്നില്ല 
"ആലീസേ...."പെട്ടെന്നാണ് ഞാനാ വിളി കേട്ടത് .ഓര്‍മ്മയില്‍ ആ മുഖം പരതുമ്പോഴെയ്ക്കും  ഓടിവന്ന്   കൈയ്യില്‍  പിടിച്ച് അവള്‍ പറഞ്ഞു.
"ഞാന്‍ വത്സയാടി ...പത്താം ക്ലാസുവരെ നമ്മള്‍ ഒരുമിച്ചു പഠിച്ചതാ...നീ ഇത്ര വേഗം മറന്നോ..?"
"ഇത്രവേഗം...????" ചിരിവന്നു...  വര്‍ഷങ്ങള്‍ക്കു നീളം കുറഞ്ഞു പോയോ...?
മലവെള്ളപ്പാച്ചില്‍ പോലെ അവളുടെ  വാക്കുകള്‍ കൂലംകുത്തി  യൊഴുകി . വത്സയെ തിരിച്ചറിയാന്‍ വേറൊന്നും വേണ്ടല്ലോ. അങ്ങോട്ടൊന്നും ചോദിക്കേണ്ടി വന്നില്ല .അവളെ കല്ല്യാണം കഴിച്ചു കൊണ്ട് വന്നിരിക്കുന്നത് അവിടെയാണ്.അച്ചായന് ബിസിനസ് ആണ്. കുട്ടികള്‍ മൂന്നു പേര്‍.മൂത്ത പെണ്മക്കളെ കെട്ടിച്ചു.ഇളയവന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു 
ഇടയ്ക്കൊരു ചോദ്യം എന്നോടുമുണ്ടായി.
"നിനക്കെത്ര മക്കളാടി ...?"
രണ്ട് ആണ്‍കുട്ടികള്‍ എന്ന് ഞാന്‍ പറഞ്ഞത് അവള്‍ ശ്രദ്ധിച്ചതേയില്ല.ബസ് വന്നു നിന്നിട്ടും ആ വാക്ധോരണി അവസാനിച്ചില്ല .
"പോകാം "എന്ന് ശേഖരേട്ടന്‍ വിളിച്ചപ്പോഴാണ് അവള്‍ അവരെ കണ്ടത്.സ്വരം താഴ്ത്തി അവള്‍ ചോദിച്ചു...
"ഇത്...?"
"ശേഖരേട്ടന്‍....എന്റെ ഭര്‍ത്താവ്..."
ആ മുഖം അമ്പരപ്പില്‍ വിടർന്നു. ഞാന്‍ അടുത്ത ആളെയും പരിചയപ്പെടുത്തി 
"ഇത്..ശേഖരേട്ടന്റെ അനുജന്‍...അബ്ദുള്ള."
വത്സയുടെ വായ പൊളിയുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ബസ്സിലേയ്ക്കു കയറിയത്. ശേഖരേട്ടന്റെ മുഖത്തും ചിരിയുടെ തിളക്കം ഞാന്‍ കണ്ടു. ഓടിത്തുടങ്ങിയ ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോഴും വത്സ തരിച്ചു നില്‍ക്കുകയായിരുന്നു.

                                       ***
(ഇ -മഷി ഓണ്‍ ലൈന്‍ മാഗസിന്‍ ലക്കം 7-ഇല്‍ പ്രസിദ്ധീകരിച്ച കഥ)

Monday, November 7, 2011

പറയാന്‍ പാടില്ലാത്തത്‌.


പറയാന്‍ പാടില്ലാത്തത്‌.
************************



ദൈവത്തിന്റെ കാരുണ്യ കടാക്ഷങ്ങള്‍ അമിതയുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതു കണ്ട്‌ ഏറെ സന്തോഷിച്ചത്‌ ഞാനാണ്‌.അവളുടെ തകര്‍ന്നു പോയേക്കാമായിരുന്ന ജീവിതമാണ്‌ ഏറെ കഷ്ടപ്പാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍ നേര്‍വഴിക്കെത്തിച്ചത്‌.അതിനെന്നെ പ്രാപ്തയാക്കിയ ദൈവത്തിനോട്‌ ഞാനെന്നും നന്ദിയുള്ളവളായിരുന്നു. എങ്കിലും എന്റെയുള്ളില്‍ അതിന്റെ ഒരഹംഭാവം ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌....
ഞാന്‍ ഇല്ലായിരുന്നെങ്കില്‍....!!!
അങ്ങനൊരു ചിന്ത മനസ്സില്‍ ഉയരുമ്പോഴെല്ലാം ആത്മാര്‍ഥമായി ഞാന്‍ പാശ്ചാത്തപിക്കുകയും മറ്റു ചിന്തകളിലൂടെ അതിനു ന്യായീകരണം കണ്ടെത്തുകയും ചെയ്തിരുന്നു.
ലോകത്തില്‍ ഒറ്റപ്പെട്ട സംഭവം ഒന്നുമല്ലല്ലൊ ഇത്‌.കിടക്കറയിലെ പരാജയകഥകള്‍ പുറത്തു പറയാതെ എത്രയോപേര്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞു കൂടുന്നുണ്ടാകും.
അടുത്തകാലത്തു തന്നെ അത്തരം ഒരു സംഭവത്തിനു കാതോര്‍ക്കേണ്ടിവന്നത്‌ എനിക്കു വിഷമം ഉണ്ടാക്കിയ മറ്റൊരു കാര്യമാണ്‌.
ഞങ്ങളുടെ സുഹൃത്തിന്റെ മകള്‍....അവളുടെ വിവാഹം കെങ്കേമമായി നടന്നിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞതേയുള്ളു.
കല്ല്യാണത്തിന്‌ ആദ്യാവസാനം ഞങ്ങളും പങ്കെടുത്തതാണ്‌.എല്ലാം അന്വേഷിച്ചറിഞ്ഞ്‌ ജാതകം നോക്കി ഏറ്റവും ഉത്തമം എന്നു ബോദ്ധ്യപ്പെട്ട് നടത്തിയ ചടങ്ങുകള്‍.
വരന്‍ സുമുഖന്‍ ....പ്രതാപി....ആളുകളോടുള്ള പെരുമാറ്റം അത്യന്തം യോഗ്യം....പഠിപ്പുള്ള പെണ്‍കുട്ടിയാണെങ്കിലും ജോലിയുടെ ആവശ്യമേയില്ലെന്നും അവളെ പൊന്നു പോലെ നോക്കുന്ന അമ്മയാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്കും സന്തോഷം തന്നു....
ചെക്കനു ഗള്‍ഫിലാണു ജോലി. നാട്ടിലേയ്ക്കു ട്രാന്‍സ്ഫറിനുള്ള എല്ലാ സൗകര്യവുമുള്ള ജോലി.
ഇനി ആ ജോലി വേണ്ടെന്നു വച്ചാലും അച്ഛന്‍ ചെയ്തിരുന്ന വന്‍ ബിസിനസ്സ്‌ തുടര്‍ന്നാലും മതി.
കല്ല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ചയായപ്പോള്‍ പോയതാണ്‌.ഒരു മാസത്തിനുള്ളില്‍ അവളെ ഗള്‍ഫിലേയ്ക്കു കൊണ്ടുപോകയോ ട്രാന്‍സ്ഫര്‍ ശരിയാക്കി അയാള്‍ നാട്ടിലേയ്ക്കു വരികയോ ചെയ്യുമെന്നു പറഞ്ഞിരുന്നു.മാസങ്ങള്‍ കടന്നു പോയിട്ടും ഇതു രണ്ടും നടന്നില്ല.

എല്ലാം മുന്‍ കൂട്ടി തീരുമാനിക്കും പോലെ നടക്കണമെന്നില്ലല്ലോ.അവളെ കൊണ്ടു പോകാന്‍ വിസ ശരിയായിട്ടുണ്ടാകില്ല.അല്ലെങ്കില്‍ ട്രാന്‍സ്‌ഫറിന്റെ കാര്യം പെട്ടെന്നു ശരിയാകാത്തതും ആകാം...കൂടുതലൊന്നും അന്വേഷിക്കാന്‍ തോന്നിയില്ല.
ആയിടക്കാണ്‌ അവള്‍ക്കൊരു ജോലി ശരിയായത്‌.
ഇന്നത്തെക്കാലത്ത്‌ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പെണ്‍കുട്ടി ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്നതല്ലേ മണ്ടത്തരം...ദൂരെയായിരുന്നു ജോലിയെങ്കിലും ഹോസ്റ്റല്‍ സൗകര്യവും മറ്റും തൃപ്തികരമായിരുന്നതിനാല്‍ എല്ലാര്‍ക്കും സന്തോഷമായിരുന്നു.മാസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം അവള്‍ സ്വന്തം വീട്ടില്‍ വന്നു പോകും...ഇടയ്ക്കു ഞാനും അവളെ കാണുകയും കുശലങ്ങള്‍ പറയുകയും ചെയ്തിരുന്നു.
പക്ഷെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ്‌ സംഭവങ്ങളുടെ പിന്നാംകഥകള്‍ ഞങ്ങള്‍ അറിയുന്നത്‌.
ഒരു വിവാഹത്തിനുള്ള ശാരീരികമായ കഴിവ്‌ അവനില്ലത്രെ.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന ശുഭപ്രതീക്ഷയില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.കൗണ്‍സിലിങ്ങുകള്‍ പലതും നടന്നു.പക്ഷെ എന്തെങ്കിലും കുഴപ്പം തനിക്കുണ്ടെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായില്ല.
അവളെ അയാള്‍ക്ക്‌ ഇഷ്ടമാണ്‌.അവള്‍ക്കായി പ്രാണന്‍ കൊടുക്കാന്‍ പോലും തയ്യാര്‍.വീട്ടുകാര്‍ക്കും അവളോട്‌ വളരെ സ്നേഹമാണ്‌...ഒക്കെ നല്ല കാര്യം തന്നെ .പക്ഷെ...അതിനിടയില്‍ അവശ്യം വേണ്ടുന്ന ഒരു കാര്യം മാത്രം അയാള്‍ അവഗണിച്ചു.
അവള്‍ സ്വന്തം ഭാര്യയാണെന്ന കാര്യം..അവളെ ഒരു സഹോദരിയായി മാത്രമേ അവനു കാണാന്‍ കഴിയുന്നുള്ളു പോലും.ആ ചിന്താഗതി മാറ്റാന്‍ ഡോക്ടമാരുടെ ഉപദേശങ്ങള്‍ക്കോ അമ്മയുടെ കണ്ണീരിനുപോലുമോ കഴിഞ്ഞില്ല.
കല്ല്യാണം കഴിഞ്ഞൊരു വര്‍ഷം കടന്നു പോയിട്ടും ഇന്നുമവള്‍ കന്യക....
ഇപ്പോഴും കല്ല്യാണപ്രായം കഴിയാത്ത ആ പെണ്‍കുട്ടി എന്തിന്റെ പേരിലാണ്‌ തന്റെ ജീവിതം നഷ്ടപ്പെടുത്തേണ്ടത്‌?
യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള അവളുടെ തീരുമാനം ഡൈവോഴ്‌സിന്‌ അനുകൂലമാണെന്നാണ്‌ അറിഞ്ഞത്‌.
അതെ...അതാണതിന്റെ ശരി....ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നു ബോധ്യമായാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക തന്നെ വേണം.
അമിതയുടെ കാര്യത്തിലും ഒരുപക്ഷെ സംഭവിച്ചേക്കാമായിരുന്നത്‌ ഇതു തന്നെ ആയിരുന്നല്ലൊ.സുഹൃത്തുക്കളുടെ അനവസരത്തിലുള്ള വാക്കുകള്‍ അഭിഷേകിനെ സ്വാധീനിക്കുകയും കിടക്കറയില്‍ അതൊരു പരാജയ കാരണമാകുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന ഉപദേശം യഥാസമയം നല്‍കി എന്നതാണ്‌ അമിതയ്ക്കു ഞാന്‍ ചെയ്ത സഹായം.
അതിനുള്ള പൂര്‍ണ്ണ സഹകരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ടു മാത്രമാണ്‌ എന്റെ ശ്രമം വിജയിച്ചത്‌ എന്നതും ഞാന്‍ മറക്കുന്നില്ല.
എങ്കിലും അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ എന്റെ ആഹ്ലാദം പൂര്‍ണ്ണമായത്‌.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.ഇടയ്ക്കൊക്കെ വിളിച്ച്‌ വിശേഷങ്ങള്‍ ആരായുക...വല്ലപ്പോഴും വന്നു പോകുക എന്നതില്‍ കൂടുതലായി പിന്നീടൊന്നും ഉണ്ടായില്ല.സംതൃപ്തമായ ജീവിതത്തില്‍ ഒരു കൊച്ചു കട്ടുറുമ്പാകാന്‍ പോലും ഞാന്‍ ആഗ്രഹിച്ചുമില്ല.
എല്ലാം ഭംഗിയായി നടന്നു പോകുന്നു എന്നു തന്നെ ഉറച്ചു വിശ്വസിച്ചു.
പക്ഷേ,ഒരു ദിവസം അമിതയുടെ വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ത്തു. അഭിഷേകിന്റെ അമ്മയായിരുന്നു വിളിച്ചത്‌.
ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ട്‌...എല്ലാവരും കൂടി ഒന്നിവിടെ വരണം എന്നാണവര്‍ പറഞ്ഞത്‌.
കാര്യം എന്താണെന്ന് എത്ര ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. എല്ലാം നേരില്‍ പറയാം പോലും.പക്ഷെ മാമന്‍ മാത്രം പോരാ...അമിതയുടെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാരും കൂടെ വേണം എന്ന്.
ശരിക്കും ഞങ്ങള്‍ വിഷമവൃത്തത്തിലായി ഒരു സൂചനയെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. അമിതയെ വിളിച്ചപ്പോള്‍, ഒരു കാര്യവും ഇല്ല എന്നേ അവളും പറഞ്ഞുള്ളു.
ആദ്യം കാര്യമെന്തെന്നറിയട്ടെ അതിനു ശേഷം എല്ലാരെയും കൂട്ടിക്കൊണ്ടു പോകാം എന്നു കരുതി ഞങ്ങള്‍ മാത്രം അടുത്ത ദിവസം അവരുടെ വീട്ടിലെത്തി.
"എല്ലാരും കൂടി വരാനല്ലേ പറഞ്ഞത്‌...പിന്നെ നിങ്ങളുമാത്രം വന്നിട്ടെന്തിനാ..."
എന്ന ഒരു തരം മുരട്ടു ചോദ്യമാണ്‌ അവരില്‍ നിന്നും ഉണ്ടായത്‌.
"പ്രശ്നമെന്തെന്നറിഞ്ഞിട്ട്‌ എല്ലാരെയും കൂട്ടാം എന്നു കരുതിയിട്ടാ..." അദ്ദേഹം ശാന്ത സ്വരത്തില്‍ പറഞ്ഞു.
"ഓ....പ്രശ്നം അറിയാനൊന്നുമില്ല.അമിതയ്ക്കു അഭിഷേകിന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ല.അത്ര വിഷമിച്ച്‌ അവളെന്തിനാ ഇവിടെക്കഴിയുന്നത്‌....?കാര്യങ്ങള്‍ സംസാരിച്ച്‌ അവളെ കൂട്ടിക്കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കാനാ വരാന്‍ പറഞ്ഞത്‌...."
അവരുടെ വാക്കുകള്‍ ഞങ്ങള്‍ക്ക്‌ ഏറെ വിഷമം ഉണ്ടാക്കി.അങ്ങനൊരു താല്‍പര്യം അമിതയ്ക്കുണ്ടെന്നു കരുതാന്‍ എന്തുകൊണ്ടോ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.
പക്ഷെ ഞങ്ങളുടെ കരുതലുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ്‌ കാര്യങ്ങള്‍ എന്നു ക്രമേണ ബോധ്യമായി.
" ഞാനായിട്ടാ നിങ്ങളുടെ മകന്റെ കൂടെ ജീവിക്കുന്നത്‌..."എന്ന് ആ അമ്മയുടെ മുഖത്തു നോക്കി അവള്‍ പറഞ്ഞത്രെ... അങ്ങനൊരു സൗജന്യം അവളുടെ ഭാഗത്തു നിന്നും വേണ്ട എന്നു അവര്‍.
കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ഞാന്‍ അമിതയുമായി സംസാരിച്ചു.
ഭര്‍ത്തൃ മാതാവിന്റെ നൂറ് നൂറ് കുറ്റങ്ങള്‍ പറയാനാണവള്‍ കൂടുതലും ശ്രമിച്ചത്‌.
അതത്ര വലിയ കാര്യമായി എനിക്കു തോന്നിയില്ല.
ആശാരിയുടെ പണിയില്‍ മാത്രമല്ല, തടിയുടെ വളവിലും കുഴപ്പം കാണുമല്ലോ....
"നീ അമ്മയോട്‌ അങ്ങനെ പറഞ്ഞോ..."
എനിക്കറിയേണ്ടത്‌ അതുമാത്രമായിരുന്നു.
"പിന്നെപ്പറയാതെ....എനിക്കു ഒരു സ്വൈര്യവും തരാതെ കഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതാ...."
എനിക്ക്‌ അളവറ്റ ആത്മനിന്ദ അനുഭവപ്പെട്ടു.എന്തു തന്നെയായാലും ഭര്‍ത്താവിന്റെ അമ്മയോട്‌ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണവള്‍ പറഞ്ഞത്‌..ആ തെറ്റിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല.
അതിനെല്ലാം ഉപരിയായി എന്നെ അമ്പരപ്പിച്ചത്‌ അമിതയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്‌.ഒരുതരം അധീശത്വഭാവം അവളുടെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും തുളുമ്പിനിന്നു.പ്രത്യേകിച്ചും അഭിഷേകിനേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍....
അമ്മയുടേയും ഭാര്യയുടേയും നടുവില്‍ നിസ്സഹായനായി നില്‍ക്കുന്ന അഭിഷേകിനോട്‌ എനിക്ക്‌ അനുകമ്പ തോന്നി.
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു പോയി.
അമിതയോട്‌ എനിക്കു വെറുപ്പുണ്ടായി.....അവള്‍ പഴയതെല്ലാം മറന്നല്ലൊ.
ജീവിച്ചിരുന്ന ചുറ്റുപാടുകള്‍...ഇപ്പോള്‍ ലഭ്യമായ ജീവിത സൗകര്യങ്ങള്‍.....
പരസ്പര സ്നേഹവും വിട്ടുവീഴ്ചകളും ഒക്കെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്ന സാമാന്യ തത്വം പോലും അവള്‍ അവഗണിക്കുന്നു.അത്‌ ഓര്‍മ്മിപ്പിച്ച എന്നെ, അവള്‍ നോക്കിയ ഒരു നോട്ടം ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ പൊള്ളിച്ചുകളഞ്ഞു.ഇതൊക്കെപ്പറയാന്‍ നീയാരെന്ന് പറയാതെ പറഞ്ഞതു പോലെ.
അതു വെറുതെ തോന്നിയതാണെന്നു അദ്ദേഹമെന്നെ സമാധാനിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.
അങ്ങനെയായിരുന്നെങ്കില്‍ എന്ന് വേദനയോടെ വെറുതെ മോഹിക്കുകമാത്രം ചെയ്തു.
എങ്കിലും അവള്‍ക്കു വേണ്ടിയാണ്‌ ഞങ്ങള്‍ ആ വീട്ടുകാരോട്‌ സംസാരിച്ചത്‌.
അവള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും പറയരുതാത്തതായിരുന്നുവെന്നും അവള്‍ക്കു വേണ്ടി ഞങ്ങള്‍ മാപ്പു ചോദിക്കുന്നുവെന്നും അവരോട്‌ താണുകേണു പറഞ്ഞു.ഇനി ഒരിക്കലും ഇത്തരം തെറ്റുകള്‍ അവളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.
കേട്ടു നിന്ന അവളുടെ മുഖത്ത്‌ അത്തരം ഉറപ്പൊന്നുമില്ലെന്നത്‌ ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
അവര്‍ പക്ഷെ ഒരു ബന്ധം ഒഴിയലിന്റെ വഴിക്കാണ്‌ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തമായപ്പോള്‍ എന്തുകൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കവരോട്‌ പറയേണ്ടിവന്നു.
അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത്‌ അവരോട്‌ പറയാതെ അവളുടെ മാമിയായ എന്നോട്‌ പറഞ്ഞതായി പിന്നെ കുറ്റം ...മകന്റെ കുറവുകള്‍ അമ്മയോട്‌ പറയാന്‍ മടിച്ചിട്ടാകുമെന്നു ഞാന്‍ പറഞ്ഞത്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
"എന്റെ മകന്‌ ഒരു രഹസ്യവും എന്നോടു മറയ്ക്കാനില്ല" എന്നായി അവര്‍.
ആ വാദഗതികളോട്‌ യോജിക്കാന്‍ എനിക്കു മുമ്പും സാധിച്ചിരുന്നില്ലല്ലൊ.അതുകൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങള്‍ വിനയപൂര്‍വം പറഞ്ഞിട്ടു തന്നെയാണ്‌ ഞങ്ങള്‍ അവിടെ നിന്നും പോന്നത്‌.
പോരും മുമ്പേ അമിതയോട്‌ സ്വന്തം ജീവിതം തകര്‍ക്കുന്ന വാക്കുകളും പെരുമാറ്റവും ഇനി ഒരിക്കലും ഉണ്ടാകരുതെന്ന് കര്‍ശനമായി പറയുകയും ചെയ്തു.
മൗനമായി കേട്ടു നിന്നതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.
എന്റെ വാക്കുകള്‍ അവള്‍ അംഗീകരിക്കുമെന്ന വിദൂരപ്രതീക്ഷപോലും എനിക്കു നഷ്ടപ്പെട്ടിരുന്നു.
സ്വയം കുഴി തോണ്ടുന്ന അവളുടെ വിചാരവികാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലല്ലൊ.
എങ്കിലും മനസ്സറിയാത്ത കാര്യത്തിനു മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നതിന്റെ ജാളൃത എന്നെ വിടാതെ പിന്തുടര്‍ന്നു.
ഞാന്‍ അവര്‍ക്കിടയില്‍ ആരുമല്ലെന്ന തോന്നല്‍ .... അവളെ മകളായി കരുതിയവളാണ്‌ ഞാന്‍.
തിരിച്ചും അങ്ങനൊരടുപ്പം അവള്‍ക്കുണ്ടാകുമെന്നു കരുതിയത്‌ എന്റെ തെറ്റ്‌.
ആവശ്യമില്ലാത്തിടത്ത്‌ ചെന്നു കയറി ഇടപെട്ടതു പോലെ....
ഓര്‍ക്കുന്തോറും എനിക്കു കരച്ചില്‍ വന്നു.

അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളൊന്നും എന്നെ സമാധാനിപ്പിച്ചില്ല.

"നിങ്ങളെന്തിനാ അവരോട്‌ മാപ്പു പറയാന്‍ പോയത്‌....അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്‌?"

പെങ്ങളുടെ ന്യായീകരണം കൂടിയായപ്പോള്‍ എനിക്കു മതിയായി...
ഏറ്റവും രഹസ്യമായി കൈകാര്യം ചെയ്തു വിജയിപ്പിച്ച ദൗത്യം വെറും വേണ്ടാത്ത കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടു.
എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
അമിത പറഞ്ഞിട്ടു തന്നെ.
അതിത്ര രഹസ്യമാക്കി വയ്കേണ്ട കാര്യമെന്താ....?എന്ന ചോദ്യം എന്റെ നേരെയായി....
ഇതുവരെ എത്തിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരി എന്നരീതിയില്‍ ഒരുപാട്‌ വിരലുകള്‍ എന്റെ നേരെ ചൂണ്ടപ്പെടുന്നതു കണ്ട്‌ ഒന്നിനും ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.


Thursday, October 13, 2011

അമിത പറഞ്ഞത്‌

അമിത പറഞ്ഞത്‌

വിവാഹം കഴിഞ്ഞ്‌ അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍ അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍ പ്രിയങ്കരിയാണ്‌.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്‌...സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു വേണ്ടത്‌.
പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്‌.
അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്‌.രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന്‌ ഒട്ടും കുറവു വന്നില്ല.
അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും അവള്‍ക്ക്‌ എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത്‌ അവളാണ്‌.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക്‌ എപ്പോഴുമുണ്ടായിരുന്നു.
ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി അവളുടെ അച്ഛന്‍ ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു.
പോകും മുന്‍പ്‌ ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ്‌ അവിടെയുണ്ടാകുക.
കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌.ഒരല്ലലും അലച്ചിലും അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി പറഞ്ഞു നടന്ന പെങ്ങളോട്‌ ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിരുന്നതാണ്‌.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട്‌ പൊരുത്തപ്പെടുന്നതായിരുന്നില്ല.
എന്തായാലും ചെല്ലുന്നിടത്ത്‌ ഒത്തു പോകാന്‍ അമിതയ്ക്ക്‌ നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്‌.സഹോദരിയും വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള്‍ അമ്മയോടും അച്ഛനോടും ചോദിച്ച്‌ മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം നേരിടേണം.
ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്‌.അതിന്റെ കാരണം അവള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌.ഒരു ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട്‌ നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്‌ കരിക്കാന്‍ ഈ ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്‌.
എന്തായാലും പുതു ജീവിതം അവള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പക്ഷെ സല്‍ക്കാരത്തിനു വന്ന അവളുടെ മുഖത്തു വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട്‌ എന്റെ മനസ്സ്‌ വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ്‌ അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍ നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള്‍ കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.
പക്ഷെ, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക്‌ വന്നിരുന്നതാണ്‌.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും നടന്നില്ല.
ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍ കൊള്ളില്ല എന്നു പറഞ്ഞ്‌ അവള്‍ തന്നെ അത്‌ വേണ്ടെന്നു വച്ചു.
അക്കാര്യത്തില്‍ എനിക്കു നല്ല വിഷമം തോന്നിയിരുന്നു.
കാരണം കാണാന്‍ കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്‌പം അങ്ങനെയെങ്കില്‍ പിന്നെ നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ലല്ലൊ.
എന്തായാലും സുമുഖനായ ഒരു ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും സന്തോഷമുണ്ടായിരുന്നു.
പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക്‌ ഉത്‌ ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും മുറപോലെ നടന്നു.
ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും അഭിഷേകും വന്നു പോയി.
എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും ഉണ്ടായിരുന്നു.
എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.
പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും സന്തോഷവും കണ്ട്‌ മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.
വിവാഹത്തിനു മുന്‍പ്‌ നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ്‌ അമിത.പക്ഷെ പലവട്ടം വന്നു പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍ സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും ചോദിച്ചു.
"വിശേഷം...?"
ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ എന്നെ നോക്കി.
"എന്തു വിശേഷം...?"
ഞാന്‍ ചിരിയോടെ തുടര്‍ന്നു.
"അല്ല...മാസം രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള സമയമായി....അതു കൊണ്ട്‌ ചോദിച്ചതാ..."
അവള്‍ ഒന്നും മിണ്ടിയില്ല.
"കുറച്ചു കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത്‌ ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.
"അതിന്‌..."
പറയാന്‍ വന്നത്‌ അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത്‌ പാരവശ്യം നിറയുന്നത്‌ ഞാന്‍ കണ്ടു.
"എന്താ...?"
മനസ്സില്‍ ഉത്‌ ക്കണ്ഠ പെരുകി.
"വല്ലതും നടന്നിട്ടു വേണ്ടേ..."
പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള്‍ പെട്ടെന്നു പറഞ്ഞു.
ഒരു നിമിഷം...!!
ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ നോക്കി.
"നീ....പറഞ്ഞു വരുന്നത്‌....ഇതുവരെ.....?"
പെട്ടെന്ന് എന്റെ മാറില്‍ വീണവള്‍ പൊട്ടിക്കരഞ്ഞു.
ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത്‌ എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.
തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത്‌ ഒരേയൊരു കാര്യമാണ്‌.
കല്ല്യാണം കഴിഞ്ഞ്‌ രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്‌.
അത്യാഹ്ലാദത്തോടെ കതിര്‍ മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്‌.അല്‍പം നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത്‌ ഏറെ പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.
അതെ....ഒക്കെ നന്നായി നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം വേണ്ടിവന്നു.

പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....പക്ഷേ....
"ആര്‍ക്കാണ്‌ കുഴപ്പം ...?നിനക്കോ ...അതോ...?"
"എനിക്കു കുഴപ്പമൊന്നുമില്ല."
അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞത്‌ മനസ്സിലായി.
നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍ പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.
ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
"ഞാനത്‌ പലവട്ടം പറഞ്ഞതാ..."
അവളുടെ സ്വരത്തില്‍ അസഹ്യമായ നിരാശയും ദേഷ്യവും പ്രകടമായിരുന്നു.
"എന്താ നിന്നോടവനു സ്നേഹമില്ലേ...?"
"സ്നേഹം കൂടുതലാ..പക്ഷെ..."
എല്ലാറ്റിനും ഒടുവില്‍ കേള്‍ക്കുന്നത്‌ 'പക്ഷെ'കളാണ്‌
"ആരും അറിയരുത്‌ പോലും..."
"അപ്പോള്‍ എന്നോടു പറഞ്ഞുവെന്നറിഞ്ഞാല്‍..."
"ഞാന്‍ പറഞ്ഞിട്ടാണ്‌...അല്ലെങ്കില്‍ എത്രനാള്‍ ഇതു സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."
മനസ്സിലാകുന്നുണ്ട്‌.ഈ സമ്മര്‍ദ്ദം താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്‌.
ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച്‌ പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോരും.അവളെ എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.
ഇവിടെസ്വീകരിക്കേണ്ടത്‌ മനശ്ശാസ്ത്രപരമായൊരു സമീപനമാണ്‌.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ്‌ അമിത എന്നോടുമാത്രം ഇതു പറഞ്ഞത്‌.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്‌.
ആ വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ചു.
എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ഒരു മനശ്ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ച്ചയാണ്‌.
കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്‌.വികാരത്തിന്റെ ഉത്തുംഗശൃംഗത്തിലേയ്ക്ക്‌ ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത്‌ പുരുഷന്‍ തന്നെയാണ്‌.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന്‍ തളര്‍ന്നു കുഴഞ്ഞു വീണുപോകുന്നു.
പിന്നെ അവളെ കെട്ടിപ്പിടിച്ച്‌ ക്ഷമചോദിച്ച്‌ അവന്‍ കരയുന്നു,'ആരോടും പറയരുത്‌...നീയെന്നെ ഉപേക്ഷിച്ചു പോകരുത്‌...'
പകയും സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.
"കാണുമ്പോള്‍ ചിരിയാണു വരിക."
കര്‍ശനമായ താക്കീത്‌ അപ്പോള്‍ത്തന്നെ നല്‍കി.
"അരുത്‌...ആ ചിരി അപകടമാണ്‌"
"പിന്നെ ഞാനെന്തു ചെയ്യണം..?"
പരിഹാസത്തോടെയുള്ള ചോദ്യം.
"ചെയ്യാനുണ്ട്‌...നീയത്‌ ചെയ്തേ തീരൂ..."
അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത്‌ ജിജ്ഞാസ ഇതള്‍ വിടര്‍ന്നു.
"അഭിഷേകിനോട്‌ നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"
"അതിന്‌ ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട്‌ പറയാനുണ്ടാകുക."
"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍ പറ്റില്ലല്ലൊ."
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്‌.വയസ്സ്‌ ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ തുറക്കുന്നവന്‍.അമ്മ അഭിമാനത്തോടെ പറഞ്ഞത്‌ ഞാനും കേട്ടതാണ്‌.
"എന്റെ അനൂപിനേയും ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.
എല്ലാറ്റിനും ഞാന്‍ തന്നെ വേണം."
ശരിയാണ്‌.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത്‌ അച്ഛന്‍ കനിഞ്ഞു നല്‍കിയ മാനേജര്‍ സ്ഥാനം മാത്രമാണെന്നു ഇടയ്ക്ക്‌ അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചതും അങ്ങനെ തന്നെ.
മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക്‌ കുറ്റം പറയാന്‍ വയ്യ.
പക്ഷെ,ഇരുത്തിയെട്ടു വയസ്സു കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോലും അമ്മയുടെ അനുമതി വേണമെന്നു വരുന്നത്‌ നല്ല കാര്യമൊന്നുമല്ല.
"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട്‌ ഒരു ദിവസം ഞാന്‍ ചോദിച്ചു."
കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.
"നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്‍..."
കൂടുതല്‍ അറിയുന്തോറും പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി പരിശ്രമം അഭിഷേക്‌ ചെയ്യുന്നുണ്ട്‌.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു കാരണമാണ്‌ പിടികിട്ടാത്തത്‌.
അപ്പോള്‍ സംസാരിച്ചത്‌ ഞാനായിരുന്നില്ല.
എന്റെ നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍ കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ്‌ പറഞ്ഞത്‌. പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.
"അഭിയേട്ടനോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള്‍ തന്നെയാണ്‌ പ്രോത്സാഹിപ്പിച്ചത്‌.
സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക്‌ വിളിച്ചു വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം സംശയിച്ചിരുന്നു.
വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.
എന്തായാലും അഭിഷേകിന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക്‌ ചോദിച്ചു.
"ഇവളെല്ലാം പറഞ്ഞുവല്ലേ..?"
ആ സ്വരത്തില്‍ അപകടമായൊന്നും തോന്നിയില്ല.
"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത്‌ അഭിഷേകാണ്‌."
എന്റെ വാക്കുകള്‍ കേട്ട്‌ ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക്‌ അല്‍പനേരം മുഖം താഴ്ത്തിയിരുന്നു.
പ്രോത്സാഹിപ്പിച്ചു.
"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി അറിയില്ല.വിശ്വസിക്കാം."
വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍ തെളിഞ്ഞു.സമാധാനമായി.
ചോദ്യങ്ങള്‍ക്ക്‌ മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും ആവില്ലെന്ന തോന്നല്‍...അതാണ്‌ കാരണം.
"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ കാരണമാണ്‌ എനിക്കറിയേണ്ടത്‌."
'അറിയില്ല."
നിരാശയോടെ അഭിഷേക്‌ മുഖം തിരിച്ചു.
"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ്‌ അഭിഷേക്‌....സഹകരിച്ചാല്‍ ഇത്‌ നമുക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."
വളരെ ലഘുവായ ഒരു കാര്യം എന്ന മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.
"പക്ഷേ..."
അഭിഷേകിന്റെ വാക്കുകളില്‍ പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...
"ഒരു പക്ഷേയും വേണ്ട....വേണമെന്നു വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്‌...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"
പെട്ടെന്ന് ഒരു തിളക്കം ആ കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച്‌ അവരുടെ അഭിപ്രായം കൂട്ടുകാര്‍ ചെവിയില്‍ പറഞ്ഞു.
"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."
എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ പറഞ്ഞത്‌....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍ ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം....
"രണ്ടുമാസത്തിലേറെയായില്ലേ ഇവള്‍ നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത്‌ ശരിയാണെന്നു തോന്നിയോ?"
"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ വരുമ്പോള്‍...അറിയാതെ....."
അഭിഷേകിന്റെ സ്വരം നന്നേ താഴ്‌ന്നു.തെറ്റു ചെയ്ത കുട്ടിയുടെ ഭാവം...സഹതാപം തോന്നി.
"അതൊക്കെ മറന്നേക്ക്‌...ഇത്‌ നിങ്ങളുടെമാത്രം ജീവിതമാണ്‌...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ്‌ ഇവിടുള്ളത്‌.നിനക്ക്‌ കഴിയുന്ന കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."
അസാധാരണമായ ഒരു തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം ഉണ്ടായി...
തിരിച്ചു പോകും മുന്‍പ്‌ അമിതയോട്‌ മാത്രമായി പറഞ്ഞു.
"എല്ലാം ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും കൊടുക്കണം.ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."
യുദ്ധത്തിനു മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത്‌ ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ മാമി മാത്രമാണ്‌...ഒക്കെ ശരിയായി എന്ന് അവള്‍ വിളിച്ചറിയിക്കുന്ന ദിവസം...അതിനായാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌ മകളാണ്‌.
എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവന്നില്ല.അമിതപറഞ്ഞത്‌ 'അഭിയേട്ടന്‍ പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ്‌ കുളിച്ച്‌ അടുത്തുള്ള മൂന്നമ്പലങ്ങളില്‍ പോയി തൊഴുത്‌ വഴിപാടുകള്‍ നടത്തി വന്നു' എന്നാണ്‌.
"തനിച്ചാണോ?"
ഞാന്‍ എടുത്തു ചോദിച്ചു.
"അതെ.തനിച്ച്‌..."
അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.