Thursday, June 8, 2017

തലവിധി




       ഫ്രഡിക്ക് ബാങ്കിലായിരുന്നു ജോലി. സുമുഖനും സുന്ദരനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. ചീത്ത കൂട്ടുകെട്ടില്ല. മദ്യപാനമില്ല... മോശമെന്നു പറയാൻ ഒരു സ്വഭാവവും അയാൾക്കില്ലായിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിയുമൊപ്പം അയാൾ ജീവിച്ചു. വീടുവിട്ടാൽ ബാങ്ക് , ബാങ്ക് വിട്ടാൽ വീട്', അതിനപ്പുറമൊരു ലോകം അയാൾക്കുണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും അപ്സ്റ്റെ യറിലെ അയാളുടെ മുറിയിൽ വായനയും കമ്പ്യൂട്ടറും ഫോണുമായി സമയം ചെലവഴിക്കും. സമയാ സമയങ്ങളിൽ ഭക്ഷണത്തിനായി മാത്രം താഴെ വരും. 
        പെങ്ങളുടെ കല്യാണം ആഘോഷമായി നടത്തിയത് അയാൾ തനിച്ചാണ്. ചെറുപ്പം മുതൽ എല്ലാ ക്ലാസിലും ഒന്നാമനായാണ് അയാൾ കടന്നു കയറിയത്. കോളേജിലും മികച്ച വിജയം കരസ്ഥ മാക്കി. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ ഉദ്യോഗസ്ഥനുമായി.  അയാളുടെ ഭാഗ്യത്തിൽ വീട്ടുകാർ സന്തോഷിക്കുകയും നാട്ടുകാർ അസൂയപ്പെടുകയും ചെയ്തു. ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ ഭർത്താവായി കിട്ടാൻ പല പെൺകുട്ടികളും തപസ്സിരുന്നു. അവരുടെ അച്ഛനമ്മമാരും അതിനാഗ്രഹിച്ചു.. പക്ഷേ, വിവാഹത്തോട് വേണ്ടത്ര താല്പര്യം അയാൾ കാണിച്ചില്ല.
     എന്നാൽ വീട്ടുകാർ അതു സമ്മതിക്കാൻ തയ്യാറായില്ല. ഒടുവിൽ അടുത്ത ഇടവകയിലെ സത്സ്വഭാവിയായ ഒരു പെൺകുട്ടിയെ അവർ കണ്ടെത്തി . അയാളെ കല്യാണത്തിന് നിർബന്ധിച്ചു. അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

       ശലോമി ഇടവകയുടെ സ്വത്തായിരുന്നു. ഭക്തയും സേവനതത്പരയുമായ പെൺകുട്ടി. ഇടവകയിലെ എല്ലാ സേവന സംഘടനകളിലും നേതൃനിരയിൽ നിന്നു പ്രവർത്തിക്കുന്നവൾ.
 അവൾക്ക് ഐടി ഫീൽഡിൽ ജോലിയുണ്ടായിരുന്നു. അവിടെ അവളുടെ കൂടെ ജോലി ചെയ്തി രുന്ന ജോയിസ് അവളെ വീട്ടിൽ വന്ന് പെണ്ണു ചോദിച്ചതാണ് . പക്ഷേ അവൾ സമ്മതിച്ചില്ല. കാരണം അവൾക്ക് നിറം കുറവാണ്. ഒറ്റ നോട്ടത്തിൽ കണ്ട് ഇതുമതി എന്നു പറയുന്ന ഒരു പ്രകൃതവുമായിരുന്നില്ല .

" വേണ്ടമ്മേ: എളേമ്മയും എളേപ്പനും നിറത്തിന്റെ  പേരിൽ കലഹിക്കുന്നത് നാം കാണുന്നതല്ലേ? എനിക്ക് നിറം കുറഞ്ഞ ഒരാൾ മതി." 

പക്ഷേ നിറത്തേക്കാൾ സ്വർണത്തിളക്കമുള്ള അവളുടെ സ്വഭാവം ഇഷ്ടപ്പെട്ടു വന്ന ജോയിസിന് അവളുടെ മറുപടി താങ്ങാവുന്നതിനപ്പുറമായിരുന്നു. നിരാശയോടെ ജോലി രാജി വെച്ച് അയാൾ എങ്ങോട്ടോ പോയി., ഫ്രെഡിയുടെ ആലോചന വന്നപ്പോഴും അവൾ എതിർത്തു. അവളുടെ നിർബ്ബന്ധ ബുദ്ധിക്കു വഴങ്ങി ജോയ് സിനെ ഒഴിവാക്കിയതിന്റെ കുറ്റബോധം ഉള്ളിലുണ്ടായിരുന്നതിനാൽ വീട്ടുകാർ അവളെ ഈ വിവാഹത്തിനു സമ്മതം മൂളാൻ കർശനമായി താക്കീതു ചെയ്തു.  ചെറുക്കൻ കാണാൻ മിടുക്കനാണെന്ന കാരണം പറഞ്ഞ് ഒരു കല്യാണാലോ ചന വേണ്ടെന്നു വെയ്ക്കില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും നിർബന്ധവും വിവാഹ ത്തിനു മുമ്പുള്ള കൗൺസിലിങ്ങുമൊക്കെയായപ്പോൾ അവൾ സമ്മതം മൂളി. വളരെ ആഘോഷമാ യിത്തന്നെ ആ കല്യാണം നടന്നു. അമ്മാവന്മാരും ബന്ധുക്കളും വീട്ടുകാരും അവരുടെ കഴിവിൽ കൂടുതൽ സ്വർണവും പണവും സമ്മാനങ്ങളും കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. 
വിവാഹം ആശിർവദിച്ച വികാരിയച്ഛൻ  ഫ്രഡിയെ പ്രത്യേകം ഓർമ്മിപ്പിച്ചു.
 '' ഫ്രഡി യു ടെ ഭാഗ്യമാണ് ശലോമി. അവളോടൊത്ത് സന്തോഷമായി ജീവിക്കണം, സന്താനഭാഗ്യം നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കും- മക്കളെ ദൈവഹിതത്തിനനുസരിച്ച് നന്മയുള്ളവരായി വളർത്തണം. നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം. നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം. ഒരി ക്കലും ഇവളുടെ കണ്ണു നനയാൻ ഇടവരുത്തരുത് - മകളേ ശലോമി, ഭർത്താവിന്റെ ഇഷ്ടങ്ങള റിഞ്ഞ് നീ ജീവിക്കുക. ഇനി നിങ്ങൾ രണ്ടല്ല. ഒന്നാണ്. ഒരാത്മാവും ഒരു ശരീരവും " 
ആദിയിലഖിലേശൻ 
നരനെ സൃഷ്ടിച്ചു.
അവനൊരു സഖിയുണ്ടായ് 
അവനൊരു തുണയുണ്ടായ് .......
 ഇരുമെയ് അല്ലവരീ-
 ധരമേലൊരു നാളും
 ഏക ശരീരം പോൽ 
വാഴണമെന്നെന്നും..... 
ഗായക സംഘത്തോടൊപ്പം ഇടവകാംഗങ്ങളും ആശംസാ ഗാനം പാടി അവരെ അനുഗ്രഹിച്ചു.
അവന്റെ കൈ പിടിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഏതൊരു മണവാട്ടിയേയും പോലെ വലതുകാൽ വെച്ച് അവളും നടന്നു കയറി .
സ്വന്തം വീട്ടിൽ നിന്നും അപ്പനോടും അമ്മയോടും യാത്ര പറയുമ്പോൾ അവർ കരഞ്ഞു. സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ? പതിവുകാര്യമായതിനാൽ എല്ലാവരും അതുകണ്ട് ചിരിച്ചതേയുള്ളു. 
 ഫ്രഡിയുടെ വീട്ടുകാർ അവരെ ആഘോഷത്തോടെ സ്വീകരിച്ചു. അവൾ ആ വീട്ടിലെ മരുമകളായി. 
പകൽ വെളിച്ചത്തിൽ ഫ്രഡി പന്തലഴിക്കുന്നവരുടേയും മുറ്റം വൃത്തിയാക്കുന്നവരുടേയും ഇടയിൽ പണിയൊന്നും ചെയ്യാതെ ഒരു ഫോണുമായി ചുറ്റിത്തിരിയുന്നത് അവൾ കണ്ടു. 
അമ്മയോടും പെങ്ങളോടും ചുരുക്കം ചില ബന്ധു ക്കളോടുമൊപ്പം അടുക്കളയിൽ അവളും സഹായിച്ചു. അമ്മ ഒടുവിൽ സ്നേഹപൂർവം അവളോടു പറഞ്ഞു.
 "മോളുപോയി കുളിച്ചു വരൂ. നമുക്ക് അത്താഴം കഴിക്കാം." 
മുകളിൽ ഒരുക്കിയ മണിയറയിൽ പെങ്ങൾ അവളെ കൊണ്ടുചെന്നാക്കി. അലമാരയിൽ നിന്നും മാറ്റാനുള്ള ഡ്രസ് എടുത്ത് കട്ടിലിൽ വെച്ച് അവളെ അറിയിച്ചു. 
" തോർത്തും സോപ്പുമൊക്കെ കുളിമുറിയിലുണ്ട്. കുളി കഴിഞ്ഞ് വന്നിട്ട് ഡ്രസ് മാറ്റിയാൽ മതി. അവിടുന്ന് മാറ്റി  നനയേണ്ട "

 പെങ്ങൾ പോയപ്പോൾ അവൾ വാതിലടച്ച് ബോൾട്ടിട്ടു. രാവിലെ മുതലുള്ള തിരക്കാണ്, വല്ലാത്ത ക്ഷീണം തോന്നുന്നു. എങ്കിലും വേഗംകളി കഴിഞ്ഞ് വന്ന് ഡ്രസ് മാറ്റി. വാതിൽ തുറന്നു.

"കുളി കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ വന്നോളൂ മോളെ. ഭക്ഷണം വിളമ്പി. "

അവൾ  താഴെയെത്തുമ്പോൾ ഭക്ഷണമേശയ്ക്കൽ എല്ലാവരും  ഇരിപ്പുറപ്പിച്ചിട്ടുണ്ട് ; ഒരാളൊഴികെ.

" ഈ ഏട്ടന്റെ  ഒരു കാര്യം . ഇന്നും അവൻ ഒറ്റയ്ക്കിരുന്ന് കഴിച്ചിട്ട് പോയല്ലേ ?" 
വാക്കുകളിൽ ഒരു ശകാരം....ഒരു കുറ്റപ്പെടുത്തൽ...പതിവുകാര്യം എന്ന സൂചന  അടങ്ങിയിട്ടുണ്ടെന്ന് ശാലോമിക്കു തോന്നി.
അവളുടെ നെഞ്ച് അകാരണമായി ഒന്ന് പിടഞ്ഞു. അവൾക്കു ഭക്ഷണം ഇറക്കാൻ  ബുദ്ധിമുട്ടനുഭവപ്പെട്ടു.
"കഴിക്കു മോളെ എന്ന നിർബന്ധത്തിനു മുന്നിൽ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു.  പെങ്ങൾ ഒരു ഗ്ലാസ് പാലും  തന്ന് മുറിയിലെത്തിക്കുമ്പോൾ ഫ്രെഡി മൊബൈലിൽ എന്തോ തോണ്ടിയിരിക്കുന്നു ണ്ടായിരുന്നു . അവളെക്കണ്ട്‌ എഴുന്നേറ്റു പോയ അയാൾ തിരികെവന്ന് പാൽ  മുഴുവൻ കുടിച്ചിട്ട് അടുത്ത മുറിയിൽ കയറി കതകടച്ചു.

"മോൾ   ഇരുന്നോ . ഏട്ടൻ ഇപ്പോൾ വരും"
അവൾ കാത്തിരുന്നു.
കാത്തിരുന്ന് തളർന്ന്  വീണ് മയങ്ങിയിട്ടും ഫ്രഡി വന്നില്ല . 
ഉറക്കമുണർന്നു താഴേയ്‌ക്ക്‌ ചെല്ലുമ്പോൾ അമ്മയുടെ ഉച്ചത്തിലുള്ള  ശകാരമാണ് കേട്ടത്
."നീയിതെന്തുഭവിച്ചാ ഫ്രഡി ...നിന്റെ  ഭാര്യയല്ലേ ഇന്നലെ രാത്രി ഒറ്റയ്ക്ക് ആ മുറിയിൽ കഴിഞ്ഞത് ...കഷ്ടമുണ്ട് കേട്ടോ. ഒരു പെണ്ണിന്റെ ശാപം നീ വാങ്ങിക്കൂട്ടേണ്ട." 

അവളുടെ നിഴൽ കണ്ട അമ്മ നിശ്ശബ്ദയായി. ഫ്രഡി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് പോയി.
അന്ന് പകലന്തിയോളം ഫ്രഡി വീട്ടിൽ  വന്നില്ല.  ആരും അതത്ര കാര്യമായി
എടുത്തതായി തോന്നിയുമില്ല .
രാത്രി  എപ്പോഴോ തിരിച്ചു വന്ന അയാൾ അടുത്തമുറിയിലേക്കാണ് പോയത് .
ആ പതിവ് ഒരാഴ്ച ...രണ്ടാഴ്ച....ഒരു  മാസം ...അങ്ങനെ തുടർന്നു.  ഒടുവിൽ അവൾ  അമ്മയോട് ചോദിച്ചു.

"ചേട്ടന്  എന്നെ ഇഷ്മാകാഞ്ഞിട്ടാണോ?"

"അല്ല. അവൻ സമ്മതിച്ചിട്ടുതന്നെയാ ... അഥവാ അവനു ഇഷ്ടമായിരുന്നില്ലെങ്കിൽ അന്നേ പറയാമായിരുന്നില്ലേ? എന്താണവന്റെ മനസ്സിൽ  എന്ന് ആർക്കറിയാം ."

പിന്നെ ഒരു പിറു പിറു പ്പാണ് അവൾ കേട്ടത്.

"കല്യാണം കഴിഞ്ഞാലെങ്കിലും മാറ്റം  വരുമെന്ന് കരുതി. . തലവിധി...."

'ഈശ്വരാ ...ഈ വിധി തന്റെ തലയിൽ തന്നെ വേണമായിരുന്നോ ..!'

അവൾ ഒന്നും പറഞ്ഞില്ല. ഒരു ഭാവമാറ്റവും കാണിച്ചില്ല. കൗൺസിലിംഗിന് കിട്ടിയ ഉപദേശം അവൾ ഓർത്തു .
      "ഭർത്താവിനെ ദൈവത്തിന്റെ സ്ഥാനത്തു കാണണം . ദൈവത്തിന്റെ മുന്നിൽ നമുക്കൊന്നും മറയ്ക്കാനില്ല തുറന്ന  മനസ്സോടെ ആ സ്നേഹം  പിടിച്ചു പറ്റാൻ എന്തും ചെയ്യാം. കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ ഉറക്കറയിൽ എന്തും പറയാനും പ്രവർത്തിക്കാനും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഏദൻ തോട്ടത്തിലെ ആദവും ഹവ്വയുമായി മാറാൻ നിങ്ങൾ ഇരുവരും ഒട്ടും നാണിക്കേണ്ടതില്ല."

അവളതിനു ശ്രമിച്ചെങ്കിലും അതിനുള്ള അവസരം ഫ്രഡി അവൾക്കു കൊടുത്തില്ല . അവൾ പുറത്തി റങ്ങുമ്പോൾ വാതിൽ ബോൾട്ടിട്ടിട്ടേ  അയാൾ ഡ്രസ്സുമാറൂ . അയാളുടെ മുന്നിൽനിന്ന്  അവൾ അതിനു ശ്രമിച്ചാലും  അവളെ നോക്കുകയോ അവളുടെ മുന്നിൽനില് ക്കുകയോ ചെയ്യില്ല. 

അയാളുടെ മുന്നി ലൊരു മൊബൈലും  അതിലുള്ള ചാറ്റിങ്ങും മാത്രമേ ഉണ്ടായിരുന്നുള്ളൂ .

        അവളെയും കൂട്ടി ഒരു സിനിമയ്ക്കോ ഔട്ടിങ്ങിനോ ഒരിക്കലും അയാൾ പോയില്ല.
ഒന്ന് രണ്ടു പ്രാവശ്യം അവളുടെ വീട്ടിൽ ,  വീട്ടുകാരുടെ നിർബന്ധത്തിനു പോയെങ്കിലും അന്ന് തന്നെ തിരിച്ചു പോരുകയാണുണ്ടായത്. അവളെയും അവിടെ നില്ക്കാൻ അനുവദിച്ചില്ല.

      "എന്താണ്ശാലോമി, ഫ്രഡി  ഇങ്ങനെ...? നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ"
എന്ന, വീട്ടുകാരുടെ  ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചതേ  ഉള്ളു.

      ട്രെയിനിൽ കുറെയാത്ര ചെയ്ത് പിന്നീട് ബസ്സിലും പോകേണ്ട ദൂരത്തായതിനാൽ അവളോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞത് സ്നേഹം  കൊണ്ടാണെന്ന് വീട്ടുകാർ  കരുതി . അതല്ലെന്നു തുറന്നു പറയാനുള്ള തെളിവോ സൗകര്യമോ ശാലോമിക്കുണ്ടായതുമില്ല.

ഏകദേശം ഒരുവർഷത്തിലേറെ ഈ നിസ്സഹായതയിൽ അവൾ നീറി.
പക്ഷേ ,
       "ഉദ്യോഗസ്ഥനായ ഭർത്താവിനെ  കിട്ടിയപ്പോൾ അവൾ നമ്മളെയെല്ലാം മറന്നല്ലോ. ഒന്ന് വരാനോ ഒന്ന് ഫോൺ വിളിക്കാൻ പോലുമോ അവൾക്കു നേരമില്ല." 
എന്ന് അവളുടെ വീട്ടുകാർ പരിഭവം പറഞ്ഞു.

       ഇതിനൊരവസാനമുണ്ടാക്കണമെന്നും വ്യക്തമായ തെളിവോടെ അയാളെ സമൂഹത്തിനു മുന്നിൽ നിർത്തണമെന്നും അവൾ തീരുമാനിച്ചു.

        ഒരിക്കൽ അനുജൻ വീട്ടിലെ ലാൻഡ് ഫോണിൽ അവളെ വിളിച്ചു.

        "എന്താടി...അളിയനു വിലകൂടിയ മൊബൈൽ ഫോണും മറ്റു സെറ്റപ്പുമൊക്കെയുണ്ടല്ലോ. എന്നിട്ടും ഇങ്ങോട്ടൊന്നു വിളിക്കാനോ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാനോ, പോട്ടെ,  ഒരു മെസ്സേജ് അയച്ചാൽ മറുപടി തരാനോ അളിയന് നേരമില്ലെന്നാണോ? ഇവിടെ എല്ലാവരെയും എത്ര തവണയാ നാട്ടിൽ നിന്ന് വിളിക്കുന്നതും ഇവർ നാട്ടിലേക്കു വിളിക്കുന്നതും. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇവരങ്ങനെ പറയുന്നു "

"ഇല്ല" എന്നവൾ പറഞ്ഞില്ല ആ നിശ്ശബ്ദതയുടെ തേങ്ങൽ ചെറുപ്പം മുതൽ തമ്മിൽതല്ലി   കളിച്ചു വളർന്ന ആ കൂടപ്പിറപ്പിനു മനസ്സിലായി. 

നാട്ടിലേക്കു വന്ന ഒരു സുഹൃത്തിന്റെ കൈവശം അവൻ ചേച്ചിക്കൊരു മൊബൈൽ ഫോൺ കൊടുത്തയച്ചു. ആരും അറിയാതെ അതീവ രഹസ്യമായി അവളതു സൂക്ഷിച്ചു.

അയാളുടെ മൊബൈൽ പരിശോധിക്കാൻ അവൾ  അവസരത്തിനായി കാത്തു. ഒരു ദിവസം അവൾക്കതിനു സൗകര്യം കിട്ടി .  അയാൾ കുളിക്കാൻ പോയ തക്കം നോക്കി അവൾ മൊബൈൽ എടുത്തു നോക്കി.  ഒരു ഐ ടി  വിദഗ്ദ്ധയായിരുന്നതിനാൽ അയാൾ കെട്ടിപ്പൂട്ടിവെച്ച പാസ് വേഡ്‌ കണ്ടെത്താനും  അതു തുറന്നു നോക്കാനും അവൾക്കു കഴിഞ്ഞു.

വിദേശീയരായ വനിതകളുമായുള്ള അയാളുടെ ചാറ്റിംഗ് കൂമ്പാരവും നഗ്ന ചിത്രങ്ങളും കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അയാൾ അവർക്കയച്ച പൂർണ്ണ നഗ്ന ചിത്രങ്ങൾ അയാളുടേതെന്നു അവൾ തിരിച്ചറിഞ്ഞത് മുഖം കണ്ടപ്പോൾ മാത്രമാണ്. 
സ്വന്തം ഫോണിലേക്കു അത് ഫോർവേഡ് ചെയ്യാനുള്ള സാവകാശം അവൾക്കു കിട്ടിയില്ല. അയാൾ കുളികഴിഞ്ഞു പുറത്തു വരാനുള്ള സമയം ആയപ്പോൾ അവൾ ആ ഫോൺ ലോക്ക് ചെയ്ത യഥാസ്ഥാനത്ത് വെച്ച് മുറിയിൽ നിന്നും പുറത്തിറങ്ങിപ്പോയി. ആരും കാണാത്തിട ത്തിരുന്നു അവൾ മതിവരുവോളം കരഞ്ഞു.

           പിന്നെ സ്വന്തം ഫോണിൽ ഒരു ഫേക്ക് ഐ ഡി ഉണ്ടാക്കി ഒരു വിദേശ സുന്ദരിയുടെ പ്രൊഫൈൽ ചിത്രവും വെച്ചു . ഡീറ്റെയിൽസ് ഹൈഡ് ചെയ്തു. എന്നിട്ട് അയാൾക്കൊരു ഫ്രണ്ട് റിക്വസ്റ് അയച്ചു. അത് അവിടെ എത്താനുള്ള നേരമേ വേണ്ടി വന്നുള്ളൂ അക്സെപ്റ് ചെയ്യാനും ചാറ്റിങ് തുടങ്ങാനും..
         അയാളുടെ സ്പീഡിന് മുൻപിൽ മറുപടി കൊടുക്കാനാകാതെ അവൾ പലപ്പോഴും അന്തം വിട്ടു നിന്നു.  ഒരു മനുഷ്യന് എത്രത്തോളം മോശമായി അശ്ലീല ഭാഷ ഉപയോഗിക്കാനാകുമെന്നും വാക്കു കൾ കൊണ്ട് എങ്ങനെ രതീമൂർച്ഛയിലെത്താൻ കഴിയുമെന്നും അവൾ അമ്പരപ്പോടെ അറിയുകയാ യിരുന്നു.
        "ഈ മനുഷ്യന്റെ വൊക്കാബുലറിയിൽ ഇത്രയേറെ വാക്കുകൾ ഉണ്ടായിരുന്നോ?! "

പലതിന്റെയും അർത്ഥമറിയാൻ അവൾക്ക് ഡിക് ഷണറിയുടെ സഹായം വേണ്ടി വന്നു.

  അയാൾ പലപ്പോഴും അവളോട് ഫോട്ടോ ആവശ്യപ്പെട്ടു. വിത്ത് ഔട്ട് ഡ്രസ്സ് ....ആ രൂപത്തിൽ ഒന്ന് സ്കൈപ്പിൽ വരാൻ അയാൾ നിർബന്ധിച്ചു. ആവശ്യങ്ങളുടെ പ്രളയമായിരുന്നു. 

അവൾ നയത്തിൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി.

എന്നാൽ  ദിവസവും അയാളുടെ അതീവ മ്ലേച്ചമായ നഗ്നചിത്രങ്ങൾ അവൾക്കു അയച്ചു കൊടുത്തു. ഒരു ദിവസം അയാൾ പറഞ്ഞു.

       "മോളെ..ഇന്നലെ എന്റെ രതി മൂർച്ഛ നിന്നോടൊപ്പമായിരുന്നു.  നീ എത്രയോ ദൂരെയാണെങ്കിലും എന്റെ അടുത്ത് ദേ ...എന്റെ അരികുചേർന്ന് ....എന്നെ ആലിംഗനം ചെയ്ത് ...ഉമ്മകൾ കൊണ്ട് മൂടി ...ഹോ...അതൊക്കെ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്കു വയ്യ...."

         അവൾക്ക് അറപ്പും വെറുപ്പും തോന്നി. ഇടയ്ക്കിടെ ശർദ്ദിക്കണമെന്ന തോന്നൽ അവൾ പണിപ്പെട്ടടക്കി...നനച്ചാലും കുളിച്ചാലും പോകാത്ത ഒരു വഴുവഴുപ്പ് തന്റെ ശരീരത്തെ മാലിന്യ ക്കൂമ്പാരമാക്കിയോ എന്നവൾ സംശയിച്ചു.

"എന്റെ പെണ്ണെ  നാളെ നിന്നോട് ഒരു സുപ്രധാനകാര്യം പറയാനുണ്ട്.  പറയാനല്ല.. കാണിച്ചു താരാൻ . വേറിട്ട ഒരൈറ്റം "

അവൾ മറുപടി കൊടുത്തില്ല.
അടുത്തമുറിയിൽ അയാൾ  ചെയ്യുന്നതെന്നറിയാനുള്ള ജിജ്ഞാസ അവൾക്കുണ്ടായി...
പിറ്റേന്ന് അയാൾ ബാങ്കിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവൾ അടച്ചിട്ട ആ മുറിയുടെ ചുമരുകളിൽ ഒരു പഴുതു തേടി നടന്നു. അയാളുടെ ഓഫിസ് ജോലികളാണ് അവിടെ നടക്കുന്നതെന്ന് അവൾക്കു തോന്നിയില്ല. സ്വന്തം അമ്മയെപ്പോലും അയാൾ ആ മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല....അടിച്ചു വരാതെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഒരു മുറി അവൾ മനസ്സിൽ കണ്ടു.
ചുറ്റി നടന്നു നോക്കുന്നതിനിടയിൽ പിന്നിലെ ഒരു ജനാലയുടെ വിടവ് കടലാസ്സു തിരുകി അടച്ചിരിക്കുന്നത് അവൾ കണ്ടു.  മെല്ലെ ആ കടലാസുകൾ അടർത്തിമാറ്റി അവൾ അകം കാഴ്ചയിലേക്ക് കണ്ണയച്ചു.
വൃത്തിയും ചിട്ടയുമുള്ള ഒരു മുറി. മുറിയുടെ നടുക്കുള്ള മേശയിൽ ഒരു കംപ്യുട്ടർ സ്ഥാനം പിടിച്ചിരിക്കുന്നു അതിനു മുന്നിൽ കുറച്ചകലെയായി വിരിച്ചൊരുക്കിയ ഒരു കട്ടിൽ. കംപ്യുട്ടർ മേശക്കടിയിലെത്തട്ടിൽ സീഡികളുടെ ശേഖരം. മറ്റൊന്നും അവളുടെ കാഴ്ച പരിധിയിൽ തെളിഞ്ഞില്ല.  രാത്രി പന്ത്രണ്ടു മണിക്ക് ശേഷം അവളുറങ്ങി എന്ന ഉറപ്പിലാണ് അയാളുടെ പ്രകടനം എന്ന് ചാറ്റിങ്ങിലൂടെ അവൾ മനസ്സിലാക്കിയതാണല്ലോ.
അതെന്താണെന്ന് ഇന്ന് സ്പെഷ്യൽ ഐറ്റം കാണിച്ചു തരുമ്പോൾ അവളറിയും.
ജനൽ വിടവിലെ കടലാസ്സുമറയിൽ ഒരു കണ്ണിനുള്ള കാഴ്ചയ്ക്കായി മാത്രം പഴുതിട്ട് അവൾ അതടച്ചുവെച്ചു.
പതിവില്ലാത്ത ഒരുത്കണ്ഠ അവളെ ആവേശിച്ചു. രാത്രിയിൽ ചാറ്റിങ്ങിന്റെ പരിധി വിട്ടു തുടങ്ങിയപ്പോഴാണ് അവൾ ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരികിലെത്തിയത്. ഒറ്റക്കണ്ണിലൂടെ അവൾ അകത്തെ വിസ്മയം കണ്ടു.
 കംപ്യുട്ടർ ഓണിലാണ്. ഡസ്ക് ടോപ്പിൽ അതിവികൃതമായ ലൈംഗിക ചേഷ്ഠകളുമായി രണ്ടു നഗ്ന രൂപങ്ങൾ പുളച്ചു മറിയുന്നു. ചാറ്റിങ്ങിനൊടുവിൽ അയാൾ ഫോൺ വീഡിയോ  റെക്കോർഡിങ് മൂഡിൽ വെച്ച് പറയുന്നു.
 ''ചക്കരെ.. നീ സ്കൈപ്പിൽ വരില്ലെന്ന വാശികൊണ്ടല്ലേ...എന്നാലും ഞാനിത് റെക്കോർഡ് ചെയ്ത് നിനക്കയച്ചു തരാം....മോളെ... സുന്ദരി....നീയെന്റെ അരികിലാണിപ്പോൾ ..എനിക്ക് നിന്നെ തൊടാം. നിന്നെ ആലിംഗനം ചെയ്ത് ..നിന്റെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ്  നിന്റെ തുടുത്ത ഉടൽ എന്റെ നഗ്ന ശരീരത്തോട് അമർത്തിപ്പിടിച്ച് ..... നിന്റെ ചുവന്ന ചുണ്ടുകൾ കടിച്ചു പറിച്ച് ...നിന്റെ മുലകൾ ഞെരിച്ചുടച്ച്...നിന്റെ...."

 പറയുന്നതിനനുസരിച്ചു സ്വന്തംവസ്ത്രം ഉരിഞ്ഞെറിഞ്ഞ് സ്വയം കെട്ടിപ്പിടിച്ച് ചുണ്ടുകൾ അമർത്തിക്കടിച്ച് സിക്സ് പാക്കിന്റെ മുലകൾ ഞെരിച്ച് അയാൾ മുഷ്ടി മൈഥുനം നടത്തുന്നതും  സുഖത്തിന്റെ പരമോച്ചയിൽ കണ്ണുകൾ  അടച്ച് നിർവൃതിയോടെ ശക്തിയായി നിശ്വസിക്കുമ്പോൾ എന്തോ മുന്നിലുള്ള  കംപ്യുട്ടറിലേക്കു തെറിച്ചു വീഴുന്നതും  തുറിച്ച  കണ്ണുകളോടെ അവൾ കണ്ടു.

        കൊട്ടിയടച്ച ചെവികളും ഇരുള് നിറഞ്ഞ കണ്ണുകളുമായി ...അവൾ തിരികെ നടന്നു.
കരഞ്ഞില്ലവൾ. അതിനുമപ്പുറമായിരുന്നു അവളുടെ മാനസികാവസ്ഥ. മുറിയിലെത്തി ആദ്യമായ വൾ ചെയ്തത് ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും  അടുക്കുക യായിരുന്നു.
രാവുറക്കം മറന്ന് അവൾ ഇരുന്ന് നേരം വെളുപ്പിച്ചു.
      ആരോടും അനുവാദം ചോദിക്കാതെ
പുറത്തേക്കു നടക്കുമ്പോൾ അപ്പനും അമ്മയും   അവളെ തടഞ്ഞു.

"എവിടെയാ മോളെ നീ പോകുന്നത് ..?എന്താ കാര്യം..? ഇന്നലെ നിങ്ങൾ വഴക്കിട്ടോ ?"
        അവരുടെ ഉത്കണ്ഠയുടെ നേരെ മുഖമുയർത്തി അവൾ പറഞ്ഞു.
"  മകന് ഒരു ഭാര്യയുടെ ആവശ്യമില്ല . മുകളിലെ പൂട്ടിക്കിടക്കുന്ന മകന്റെ മുറി അല്പ്പം ബലം പ്രയോഗിച്ചെങ്കിലും ഒന്ന് തുറന്നു  നോക്കുക. അപ്പനും അമ്മയ്ക്കും അറിയേണ്ട   ഉത്തരം അവിടെ നിന്നും കിട്ടും." 
     അന്തം വിട്ടു നില് ക്കുന്ന ആ മാതാപിതാക്കളോട് അവൾ ഇത്രയും കൂടി പറഞ്ഞു.
" മകനോട് പറയണം 'സെറാ' എന്ന വിദേശ സുന്ദരി സ്പെഷ്യൽ ഐറ്റം അടക്കം എല്ലാ തെളിവുകളോടും കൂടിയാണ് രക്ഷപ്പെട്ടതെന്ന്  ''

തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ഇറങ്ങി നടന്നു.
                      ***  ***   ***
നാലു ദിവസങ്ങൾക്ക്  ശേഷം ശാലോമിയുടെ പേരിൽ ഒരുരജിസ്റ്റേർഡ് കത്ത് വന്നു. ഫേക്ക് ഐ ഡി യുണ്ടാക്കി ഭർത്താവിനെ വഞ്ചിച്ച ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഫ്രഡി അയച്ച  വക്കീൽ നോട്ടീസ്.

Saturday, April 29, 2017

ക്ഷമയുടെ നെല്ലിപ്പലകകൾ

ക്ഷമയുടെ നെല്ലിപ്പലകകൾ  


ഞങ്ങളുടെ നാട്ടിൽ ആജാനുബാഹുവായ ഒരു ചേട്ടനുണ്ടായിരുന്നു.
ഏതു ജോലിയും ചെയ്യാൻ കരുത്തുള്ള ഒരാൾ. വിധി വൈപരീത്യമെന്നു പറയട്ടെ മെലിഞ്ഞുണങ്ങിയ ഒരു ചെറിയ പെണ്ണായിരുന്നു അയാളുടെ ഭാര്യ.
എങ്കിലും അയാളുടെ മൂന്നു മക്കളെ അവർ പ്രസവിച്ചു. അതോടെ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി.
ആദ്യമൊക്കെ അയാളുടെ സ്വഭാവത്തിൽ അല്പമൊക്കെ കരുണയും സ്നേഹവുമുണ്ടായിരുന്നു.
പക്ഷേ  ക്രമേണ ഭാര്യയെക്കാൾ , മക്കളെക്കാൾ അയാൾ വാറ്റു ചാരായത്തെ സ്നേഹിച്ചു തുടങ്ങി.
വല്ലപ്പോഴും എന്ന അവസ്ഥയിൽ നിന്നും നിത്യം എന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.
പണിയെടുത്തുണ്ടാക്കുന്ന കാശ് ചാരായം വാങ്ങാൻ തികയാതെയായി.
വീട്ടിലേക്കു അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതുപോലും അപൂർവമായി.
                    അമ്മയേക്കാൾ ശോഷിച്ച മക്കൾക്ക് ജീവൻ നിലനിർത്താൻ ഒരു നേരത്തെ കഞ്ഞി വെള്ളമെങ്കിലും കൊടുക്കാനാണ്  പണിയെടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിലും ആ സ്ത്രീ അയൽ വീടുകളിൽ പാത്രം കഴുകാനും തുണിയലക്കാനുമൊക്കെ പോയത്. അവിടുന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് അരിവാങ്ങി കഞ്ഞിയും കാന്താരിമുളക് പൊട്ടിച്ചതും കൊടുത്ത് ആ പാവം കുട്ടികളുടെ വിശപ്പടക്കാൻ ശ്രമിച്ചു. 
       പക്ഷേ അവിടെയും അയാൾ ക്രൂരതയുടെ പര്യായമാകുകയായിരുന്നു .
"കഞ്ഞി വിളമ്പടി "എന്ന കല്പനയോടെയാണ് അയാൾ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്കു കയറി വരിക.
അന്ന് ഇരന്നു വാങ്ങി വെച്ച കഞ്ഞി അയാൾക്ക്‌ വിളമ്പാതിരിക്കാൻ അവർക്കു ആകില്ല. കലത്തിൽ ഉള്ള കഞ്ഞി മുഴുവൻ അയാൾ പാത്രത്തിൽ വിളമ്പിക്കും. എന്നിട്ടു ഒന്നോരണ്ടോ വായ് കഴിച്ചശേഷം അവിടെ ചുറ്റിപ്പറ്റി കഴിയുന്ന ചാവാലിപ്പട്ടിയുടെ മുന്നിൽ പത്രത്തിലെ കഞ്ഞി മുഴുവൻ ചൊരിഞ്ഞു കൊടുക്കും. മക്കൾക്കുവേണ്ടി എന്തെങ്കിലും മിണ്ടിയാൽ അവരെ കുനിച്ചു നിർത്തി മുതുകത്തു കൈമടക്കി കുത്തും. അതും പോരാഞ്ഞ് മുറ്റത്തിന് താഴെ നില്ക്കുന്ന തെങ്ങിന്റെ ചോട്ടിലേയ്ക്ക് വലിച്ചൊരേറാണ്.
 ഈ കാഴ്ച ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. മക്കളുടെ അലറിക്കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടുമ്പോൾ അയാൾ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകും.
       അയാളെ ഉപദേശിക്കാനും മദ്യപാനത്തിൽ നിന്നും മോചിതനാക്കാനും പള്ളിയിലച്ഛനും നാട്ടു പ്രമാണിമാരും ഒരുപാട് ശ്രമിച്ചതാണ്.
പക്ഷേ ഒന്നും ഫലം കണ്ടില്ല. 
എല്ലാം സഹിച്ച് ഇങ്ങനെ ജീവിക്കാതെ ആ അമ്മയെയും മക്കളെയും അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും ശ്രമം നടന്നു. 
അയാൾ സമ്മതിച്ചിട്ടുവേണ്ടേ....രക്ഷിക്കാൻ പോകുന്നവരുടെ ജീവന് ഭീഷണിയായപ്പോൾ എല്ലാവരും പിന്തി രിഞ്ഞു.
അധിക നാളെത്തും മുമ്പ് ആ സ്ത്രീ മരിച്ചു. അയാളുടെ കണ്ണിൽ പെടാത്ത ദൂരത്തുള്ള അനാഥാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലുമായി മൂന്നു കുട്ടികളെയും നാട്ടുകാർ കൊണ്ട് ചെ ന്നാക്കി.
മദ്യം ആ മനുഷ്യനെ കൊന്നു തള്ളുവാൻ ഏറെ കാലം ബാക്കിവെച്ചില്ല.

ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.

 ഇന്നും ഏറിയും കുറഞ്ഞും ഇതേ ക്രൂരതകൾ പല വീടുകളിലും അരങ്ങേറുന്നുണ്ട്. മറ്റുള്ളവർ അറിയാതിരിക്കാൻ പലരും അതൊക്കെ സഹിക്കുന്നു. കുടിക്കാതിരുന്നാൽ ദൈവതുല്യനായ ഭർത്താവ് കുടിച്ചു കഴിഞ്ഞാൽ അപകടകാരിയാകുന്നത് എത്രയോ വീട്ടമ്മമാർക്ക് അനുഭവമുണ്ട്. നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ കണ്ണീർ വിഴുങ്ങി അവർ നിശ്ശബ്ദരാകുന്നു. മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു കഴിയുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.
        ഒരു പക്ഷേ ഇന്നത്തെ ന്യൂ ജെനറേഷൻ പ്രതികരിക്കുന്നുണ്ട് എന്നതിന് തെളിവാണ്  കുടുംബക്കോടതികളിൽ പീഡനക്കേസുകൾ  കൊടുക്കാൻ  ധൈര്യം കാണിക്കുന്നത് . കേരളത്തിൽ ഡൈവോഴ്സി കളുടെ എണ്ണം കൂടുന്നതിനു കാരണവും അത് തന്നെ.
ക്ഷമയ്ക്കും ഇല്ലേ ഒരു നെല്ലിപ്പലക.

വൈകി വരുന്ന വിവേകം.

വൈകി വരുന്ന വിവേകം.

തലയ്ക്കുള്ളിൽ സുനാമിയും ഭൂകമ്പവും തീർത്ത വേവലാതിക്കൊടുവിലാണ് ബദ്ധപ്പെട്ടു കണ്ണുതുറന്നത്. സ്ഥലകാലബോധം വരാൻ കുറച്ചധിക സമയം എടുത്തു. തലപൊട്ടിപ്പിളരുന്ന വേദന . എല്ലാം ഓർമ്മയിൽ നിന്നും മറഞ്ഞു പോയത് പോലെ...സൈഡ് ടീപ്പോയിലിരുന്ന ഫോൺ തപ്പിയെടുത്ത് സമയം നോക്കി. 12 മണി. രാത്രിയോ പകലോ...?
ജനൽകർട്ടൻ നീക്കി പുറത്തേയ്ക്കു നോട്ടമയച്ചു.
പുളിച്ച കണ്ണിൽ വെയിൽ കത്തി.
മെല്ലെ എഴുന്നേറ്റിരുന്നു. മുറിയിൽ പരിചിതമായ ഗന്ധം. എങ്കിലും എന്തോ അരുതായ്ക.  ഇന്ന് ബെഡ് കോഫി കുടിച്ചില്ല. അതാകും തലവേദന. ഒരു ഗ്ലാസ് ചൂട് കോഫി  കുടിക്കണം എന്ന മോഹം കലശലായപ്പോൾ നീട്ടി വിളിച്ചു.
"സുഷമേ.."
വിളിയുടെ അർത്ഥം അറിയുന്നവളാണവൾ. വിളിക്കും മുമ്പ് തന്നെ കോഫിയുമായി മുന്നിലെത്തേണ്ടതാണ്. ഒന്നുരണ്ടുവട്ടം വിളിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഉള്ളിൽ കലി ഇളകി.
"എവിടെപോയിക്കിടക്കയാടീ ഒരുമ്പെട്ടോളെ...."
വായിൽ തോന്നിയതെല്ലാം വിളിച്ചിട്ടും പറഞ്ഞിട്ടും ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ സംശയത്തോടെ മെല്ലെ എഴുന്നേറ്റു. ബാലൻസ് കിട്ടാൻ കഷ്ടപ്പെട്ട് വാതിൽപ്പാളിയിൽ പിടിച്ച് കുറച്ചു നേരം നിന്നു. അടുക്കളയിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല .  ഓ..സ്‌കൂളിൽ പോയിരിക്കും. എന്നാലും അവളെന്താ വിളിച്ചുണർത്താതെ പോയത്?
ഇന്ന് ഓഫീസിൽ അത്യാവശ്യം ജോലികളുണ്ടായിരുന്നതാണ്.  ഒന്നു രണ്ടു ബിസിനസ് മീറ്റിങ്ങുകൾ ഏർപ്പാടാക്കിയിരുന്നു. ഒന്നും നടന്നില്ല
കഴുത....! ഇങ്ങു വരട്ടെ. അവൾക്ക് അവളുടെ കാര്യം  മാത്രം.
രോഷം ഇരച്ചു  പൊന്തിയപ്പോൾ ഫോണെടുത്തു അവളെ വിളിച്ചു. സ്വിച്ച് ഓഫിലാണെന്ന കിളിമൊഴി.
 പിന്നെയും  ദേഷ്യത്തോടെ സ്കൂൾ ഓഫിസിലേയ്ക്കു വിളിച്ചു. രണ്ടു ചീത്ത പറയാതെ മനസ്സിന് ഒരു സുഖമുണ്ടാകില്ല.
പക്ഷേ  അവൾ സ്കൂളിലെത്തിയിട്ടില്ല പോലും.
പിന്നെ ഇവൾ ആരുടെ കൂടെ പോയി?
അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഒരു കാര്യം ബോധ്യമായി.  ഒന്നും ഉണ്ടാക്കിയിട്ടില്ല.
അടുക്കളയിലെ പാത്രങ്ങൾ  ചുവരിലിടിച്ച് തെറിച്ചുവീണു.  കൈയ്യിൽക്കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. അവളുടെ മേശയിലിരുന്ന പുസ്തകങ്ങളും കെട്ടുകൾ പൊട്ടി പറന്നു കളിച്ചു. അതുകൊണ്ടും അരിശം തീരാതെ അവളുടെ അലമാര വലിച്ചു തുറന്നു . പതിവുപോലെ ഡ്രസ്സുകൾ വാരിക്കൂട്ടി കത്തിക്കുകയാ യിരുന്നു ലക്ഷ്യം .
പക്ഷേ,
ശൂന്യമായ അലമാരയിലേയ്ക്ക് അയാൾ തുറിച്ചു നോക്കി.
 വസ്ത്രങ്ങൾ മാത്രമല്ല അവളുടെ പെട്ടി, ബാഗുകൾ, ചെരിപ്പ് ഒന്നും ഒന്നും അവിടെവിടെ യുമില്ല.
അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ  പുളഞ്ഞു കേറി.
തളർച്ചയോടെ അയാൾ അടുത്തുകണ്ട കസേരയിൽ ഇരുന്നു. മേശപ്പുറത്ത് പേപ്പർ വെയ്റ്റി നടിയിലിരുന്ന് ഒരു കടലാസ്സ് അയാളെ നോക്കി കൊഞ്ഞനം കുത്തി.
 വിറയ്ക്കുന്ന കരങ്ങളോടെ അയാൾ ആ കടലാസെടുത്തു.
"പ്രിയപ്പെട്ട സഹദേവേട്ടന് ,
ഇന്നലെ രാത്രികൊണ്ട് എനിക്ക് ഉറപ്പായി  ഇനി ഒരിക്കലും നിങ്ങൾ നന്നാകില്ല എന്ന്. മദ്യം നിങ്ങളെ അത്രമേൽ സ്വാധീനിച്ചു കഴിഞ്ഞു. ഇനിയും  പീഡനങ്ങൾ സഹിക്കാൻ  എനിക്ക് വയ്യ. പന്ത്രണ്ട് വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും ഒരു നൂറുവട്ടമെങ്കിലും ഞാൻ ശപഥം കേട്ടതാണ്. ഇനി തിരിച്ചില്ലെന്നു  തീരുമാനിച്ചു പോയപ്പോഴെല്ലാം,
 " മോളേ  നീയില്ലാതെ എനിക്ക് വയ്യ....വാ...നീ തിരിച്ചു വാ ...ഞാൻ നിന്റെ കാലു പിടിക്കാം. ഒരിക്കലും ഞാൻ ഇനി മദ്യപിക്കില്ല. സത്യം സത്യം ..."
എന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെ കർശനമായ വിലക്കുകൾ   വകവെയ്ക്കാതെ അപ്പോഴെല്ലാം  ഞാൻ തിരിച്ചു വന്നു. ആ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയമായിരുന്നു. എവിടെപ്പോയാലും തിരിച്ചെത്താതിരിക്കാൻ എനിക്കാവില്ലെന്നും. അതായിരുന്നു നിങ്ങളുടെ വിശ്വാസം . അതുകൊണ്ട് എന്ത് ക്രൂരതകൾ ചെയ്യാനും ഒരു മടിയുമില്ലെന്നായി.
  മദ്യം അകത്തു ചെല്ലുമ്പോൾ എവിടുന്നാണ് നിങ്ങളിൽ ചെകുത്താൻ ആവേശിക്കുന്നത് ??!!. മദ്യപിച്ചില്ലെങ്കിൽ നിങ്ങളുടെ  നന്മ എന്നോളം  മനസ്സിലാ ക്കിയവർ മറ്റാരുമില്ലല്ലോ.   പക്ഷേ അതൊക്കെ നീർക്കുമിളകൾ പോലെ തകർന്നടിയുന്നത് ഒരുപാടു സഹിച്ചു. കാരണമില്ലാതെ അടിയേല്ക്കുമ്പോൾ, തലമുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുമ്പോൾ , അതി നീചനായ ഒരു വിടനെപ്പോലെ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, ക്രൂരമായി ഭോഗിക്കുമ്പോൾ കണ്ണീർ വിഴുങ്ങി എല്ലാം സഹിച്ചത്, ആരോടും ഒന്നും പറയാതെ എല്ലാം തന്നിൽ ത്തന്നെ അമർത്തിവെച്ചത് സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും നഷ്ടമാകാതിരിക്കാനായി രുന്നു എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പോലും നിങ്ങൾക്കുണ്ടായില്ലല്ലോ.
   ഇനിയും വരില്ലെന്ന് പറഞ്ഞ് പോയപ്പോഴെല്ലാം നിങ്ങളുടെ ഒരു വിളി കേട്ട് ഓടിവന്നത്  തെറ്റായിപ്പോയി എന്ന് എനിക്ക് വ്യക്തമായും മനസ്സിലാകുന്നു. ഇനി അതുണ്ടാകില്ല. നിങ്ങൾക്ക് മതിവരുവോളം മദ്യപിക്കാം. തെരുവിൽ ഉടുതുണിയില്ലാതെ കിടന്നുറങ്ങാം. ആരോടും മെക്കിട്ടു കേറാം. അടികൊള്ളുകയോ ശിക്ഷ അനുഭവിക്കുകയോ എന്തുമാകാം. ഞാൻ ഒരു തടസ്സമാകില്ല. പക്ഷേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ ഇനി എനിക്ക് വയ്യ. ദൈവം എനിക്കൊരു കുഞ്ഞിനെ തന്നിരുന്നു.  കാലമെത്താതെ അതിനെ തിരിച്ചെടു ത്തത് എന്റെ ഭാഗ്യദോഷം. അല്ലാതെ മച്ചി എന്ന വിളികേട്ട് ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിൽ തലകുനിക്കേണ്ടതില്ല. എനിക്കൊരു ജോലിയുണ്ട്. അതിന്റെകൂടി  പങ്കുപറ്റിത്തന്നെയാണ് ഇത്രകാലം നമ്മൾ ഒന്നിച്ചു കഴിഞ്ഞത്. അല്ലാതെ എന്നെ തീറ്റിപ്പോറ്റിയാണ് നിങ്ങൾ കടക്കാരനായതെന്ന പരിഹാസം  കേൾക്കാനും ഞാൻ ബാദ്ധ്യസ്ഥയല്ല. മേലിൽ എന്നെ വിളിക്കരുത്. എന്റെ കാലുപിടിക്കാൻ വരരുത്.
        പക്ഷേ ഒന്ന് ഉറപ്പിച്ചോളു. നിങ്ങളുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങുകയാണ്. നിങ്ങളെ തേടി എന്റെ ഡൈവേഴ്‌സ് നോട്ടീസ് എത്തും . എന്റെ ദേഹത്ത് വീണ ഓരോ മർദ്ദനത്തിനും നിങ്ങൾ മറുപടി പറയേണ്ടി വരും. എന്റെ ഔദാര്യത്തിൽ കെട്ടിപ്പൊക്കിയ നിങ്ങളുടെ അന്തസ്സ് തകരും ...നിങ്ങളെ ഞാൻ ജയിൽ ശിക്ഷ അനുഭവിപ്പിക്കും. മദ്യത്തെ  ആദ്യഭാര്യയായിക്കരുതുന്ന നിങ്ങളെപ്പോലുള്ളവർക്ക് ഇതൊരു പാഠമാകണം.  ഇത് എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർ അറിയാതിരിക്കാൻ എല്ലാം സഹിക്കുന്ന സഹോദരിമാർക്ക്, ഭാര്യമാർക്ക് ,അമ്മമാർക്കുള്ള എന്റെ സമർപ്പണമാണ്.
                                     -സുഷമ
തലേ രാത്രിയിലെ സംഭവങ്ങൾ, കിരാതമായ ചെയ്തികൾ, ക്രൂരമായ വാക്കുകൾ എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ തന്റെ  മുന്നിൽ തെളിഞ്ഞൊഴുകുന്നത് കണ്ട് അയാൾ തരിച്ചിരുന്നു.

Friday, September 16, 2016

നിയോഗ വ്യഥകള്‍



നിയോഗ വ്യഥകള്‍

സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരുന്ന പോലെയല്ല.മനസ്സിനെ ഞെരുക്കുന്നതു പോലെ.
അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ഛാലും സത്യം അതാണ്‌.ഒരു നീണ്ട യാത്രയുടെ സമാപ്തി.
കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.
ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.

ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. 
ഒക്കെയും തീരുന്നു.
സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹപൂര്‍വം നല്‍കിയ ഉപഹാരങ്ങള്‍ 

കൈയ്യിലൊതുക്കിപ്പിടിച്ച്‌ ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.
അദ്ദേഹം വരും.
ടീച്ചര്‍ക്ക്‌ ഉറപ്പുണ്ട്‌.എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു വന്നാക്കാനും

 കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന്‍ കൃത്യമായി എത്തും.
പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും പിരിഞ്ഞതിനു ശേഷം.
     പക്ഷേ , കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന്‍ എത്തിയില്ല എന്നതില്‍ 

ടീച്ചര്‍ക്ക്‌ അത്ഭുതവും അമ്പരപ്പുമുണ്ടായി. പതിവില്ലാത്തതാണിത്‌.
 ഒരല്‍പം പരിഭവത്തോടെ  ടീച്ചര്‍ ഓര്‍ത്തു
അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.
      ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്‌
സമയം കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത്‌ ശങ്കയ്ക്കും 

വഴിമാറുന്നത്‌ ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു പിടച്ചില്‍...
ശരീരം തളരുന്നു
       എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി.
അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന്‍ ഇറങ്ങുന്നതും കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.
"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."
മകന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ ടീച്ചര്‍ ചോദിച്ചു.
"അച്ഛന്‍...?"
മകന്‍ ചിരിച്ചു.
"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."
മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.
പല പ്രാവശ്യം മകന്റെ മുന്‍പില്‍ അച്ഛന്‍ ഇങ്ങനെ അപഹാസ്യ നായിട്ടുണ്ടെന്നും 

ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ടീച്ചര്‍ പെട്ടെന്നോര്‍ത്തു.
"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്‌?"
ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.
ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു.
ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.
"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"
ചിരിച്ചു കൊണ്ടാണു പറഞ്ഞത്‌ എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.
കാരണം ,പിന്നീടവന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല.
എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.
അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ്‌ ടീച്ചര്‍ക്കുള്ളത്‌. 

മകനോടു പറയാനുള്ള കാര്യങ്ങള്‍ 
അച്ഛന്‍ അമ്മയോടു പറയുന്നു, അച്ഛനുള്ള മറുപടി മകന്‍ അമ്മയെ അറിയിക്കുന്നു.
നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും.
അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.
മകന്റെ മനസ്സില്‍ അച്ഛനോട്‌ സ്നേഹവും ബഹുമാനവും ഉണ്ട്‌. അതിലേറെ, 

മകനേക്കുറിച്ച്‌ സദാ ഉത്‌കണ്ഠാകുലനാണ്‌ ഭര്‍ത്താവ്‌.
രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം
മകനോട്‌ സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.
ആദ്യമൊക്കെ ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന്‍ പിന്നീട്‌ ഒറ്റയും പെട്ടയും പറയാന്‍ 

തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍ ശ്രമിച്ചു. 
വിശ്വനാഥന്‌ അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.
"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായി ട്ടില്ലേ? സ്നേഹമില്ലാഞ്ഞിട്ടാ..?"
ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു.
മകനു പറയാനുള്ളതും അതു തന്നെ.
"എനിക്കച്ഛനോട്‌ സ്നേഹമില്ലാഞ്ഞിട്ടാണോ? ഒരു നല്ലവാക്ക്‌ ഒരിക്കലും അച്ഛനു പറയാനില്ല.

എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."
സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത്‌ ടീച്ചര്‍ തന്നെ.
"അമ്മേ.. എനിക്കൊരു ബുക്ക്‌ വേണം .."
"നീ അച്ഛനോട്‌ പറയ്‌.."
"അമ്മ പറഞ്ഞാല്‍ മതി."
അച്ഛനോടു പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത അമ്മയ്ക്കാണ്‌. 

ആവശ്യങ്ങള്‍ അറിഞ്ഞ്‌ സാധിച്ചു കൊടുക്കുമ്പോഴും അച്ഛന്‍ പറയും.
"അവന്‌ എന്നോട്‌ ചോദിച്ചാലെന്താ..?"
ആ ചോദ്യത്തില്‍ വിഷമമുണ്ട്‌.
'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...' 

എന്നെല്ലാം ആവശ്യപ്പെടുന്നത്‌ കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്‌
പക്ഷേ,
അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല
തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.
"അമ്മ എന്താ ആലോചിക്കുന്നത്‌...?"
പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത്‌ ടീച്ചര്‍ നിഷേധിച്ചു.
"ഏയ്‌...ഒന്നുമില്ല.....പിന്നെ, നിനക്ക്‌ ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"
പെട്ടെന്നോര്‍ത്തപോലെ മകന്‍ പറഞ്ഞു.
"ങാ...അതു പറയാന്‍ കൂടിയാ ഞാന്‍ വന്നത്‌... ശ്രീജയുടെ ലീവ്‌ തീരാറായി.

അവള്‍ ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത്‌ ആളു വേണമല്ലൊ. 
അമ്മയ്ക്കു കുറച്ചു നാള്‍ ഞങ്ങളോ ടൊപ്പം വന്നു നിന്നു കൂടെ...?"
ടീച്ചര്‍ മറുപടി പറഞ്ഞില്ല.
തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.
വീടിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന്‍ പറഞ്ഞു.
"അമ്മ ആലോചിക്ക്‌. ഞാന്‍ നാളെ വരാം."
"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."
"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."
മകന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.
"നീ അച്ഛനോടു പറഞ്ഞോ?"
"ഇല്ല അമ്മ പറഞ്ഞാല്‍ മതി."
കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.
പട്ടണത്തില്‍ സ്വന്തം വീടെടുത്ത്‌ മകന്‍ താമസമാരംഭിച്ചിട്ട്‌ നാലു വര്‍ഷം കഴിഞ്ഞു. 

അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന്‌ താല്‍പര്യമില്ലായിരുന്നെന്ന് ടിച്ചര്‍ക്കുനന്നായറിയാം
പക്ഷേ ,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങള്‍ നിരത്തി 

ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ എതിര്‍ത്തില്ലെന്നു മാത്രം.
ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.
പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവള്‍...അച്ഛനമ്മമാരുടെ ഓമന മകള്‍...

പണത്തിന്റേയും പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ 
പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ഒഴിഞ്ഞു മാറി.
ഗ്രാമത്തിലെ ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.

അതുകൊണ്ട്‌ താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്‌. 
അല്‍പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ കെട്ടുറപ്പിനു നന്ന്.
ഇന്നത്‌ തികച്ചും ബോധ്യമാകുന്നു.
ഇപ്പോള്‍,ശ്രീജയെ പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന്‍ കൂടെക്കൂടെ വരും.,

വിശേഷങ്ങള്‍ അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...
വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.
എന്നാലും സന്തോഷമാണ്‌. അത്രയെങ്കിലും ഉണ്ടല്ലൊ.
ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.
ഇല്ല.അകത്തെവിടെയോ ഉണ്ട്‌.
മകനോടുള്ള പരിഭവത്തിലാണ്‌. ഇനി, ആ പരിഭവം മാറ്റി ആളെ നോര്‍മലാക്കാന്‍ അല്‍പം പാടുപെടണം.
കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച്‌ ടീച്ചര്‍ കിടക്കമുറിയിലേയ്ക്കു ചെന്നു.
കൈകളില്‍ തലവച്ച്‌ കണ്ണടച്ച്‌ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഉറക്കമല്ല. വന്നതറിഞ്ഞ ഭാവമില്ല.
മെല്ലെ തൊട്ടു വിളിച്ചു.
"ഉറങ്ങ്വാണോ?"
പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന്‍ കണ്ണു തുറന്നു. മൗനം കണ്ട്‌ ടീച്ചര്‍ വീണ്ടും ചോദിച്ചു.
"എന്തേ....സുഖമില്ലേ?"
ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച്‌ ചൂടു നോക്കുകയും ചെയ്തു.
പെട്ടെന്ന് ആ മുഖം തെളിഞ്ഞു.
"ഒന്നുമില്ല, വെറുതെ കിടന്നതാ...?"
ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.
"മോന്‍ വന്നിട്ട്‌ ഒന്നും മിണ്ടിയില്ലേ?"
"പ്രത്യേകിച്ച്‌ എന്താ മിണ്ടേണ്ടത്‌?.വിളിച്ചിരുത്തി സത്‌കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."
ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.
ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
"പോട്ടെന്നേ...മോനല്ലേ..."
വിശ്വനാഥന്‍ ഒന്നു മൂളി. ആ മൂളലില്‍ ഒരുപാട്‌ അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.
സാരി മടക്കി ഹാങ്ങറില്‍ തൂക്കി, കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.
"അവനിന്നു വന്നതു വെറുതെയല്ല. ശ്രീജയുടെ ലീവു തീരാറായി. 

എന്നോട്‌ അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്‌."
"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത്‌ നീയല്ലേ."
ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.
അല്‍പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.
"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട്‌ നാളെ എന്താണ്‌ പറയേണ്ടത്‌..?"
"ആവാമെന്നല്ലാതെ വേറെന്ത്‌..?"
വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.
'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്‌.
പക്ഷേ....!
ഭക്ഷണമൊരുക്കുമ്പോഴും മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും 

ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള ഭര്‍ത്താവ്‌ ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത്‌ ടീച്ചറെ നൊമ്പരപ്പെടുത്തി.
ഗാഢമായ വായനയിലാണ്‌ എന്ന അഭിനയം ഒട്ടും വിജയിക്കുന്നി ല്ലെന്ന് വിശ്വനാഥനും അറിഞ്ഞു.
അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.
പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.
ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.
രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്ന വണ്ണം ടീച്ചര്‍ മന്ത്രിച്ചു.
" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷേ  ഒന്നും ചോദിച്ചില്ല..?!"
വിശ്വനാഥന്‍ എന്നിട്ടും മിണ്ടിയില്ല.
ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.
"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"
ടീച്ചര്‍ അമ്പരന്നു.
"എന്തേ ഇപ്പം ചോദിക്കാന്‍..?"
"ഓ...വെറുതെ."
മറക്കുന്നതെങ്ങനെ..?!!
ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!
വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്‌.
അതൊരു തുടക്കം മാത്രം.
ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...
പിന്നെ, ഏറെ കഷ്ടപ്പെട്ട്‌ സ്വന്തമാക്കിയ വീട്‌...അതിനു വേണ്ടിവന്ന കടങ്ങള്‍...

സാമ്പത്തിക വൈഷമ്യങ്ങള്‍...!
അതെ, ഒന്നല്ലെങ്കില്‍ മറ്റോരോ കാരണങ്ങള്‍.
വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയും കൈവന്നു.
പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത്‌ എത്ര വര്‍ഷങ്ങള്‍...
വിശ്വനാഥന്‍ ജോലിയില്‍ നിന്നും വിരമിച്ചു.
വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.
പെന്‍ഷന്‍ പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!
ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.
"ഞാനും കൂടി വരണമെന്ന് അവന്‍ പറഞ്ഞോ?"
വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.
അങ്ങനെ ഒരാവശ്യം അവന്‍ പറഞ്ഞില്ലല്ലൊ.
തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.
"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."
ആ തമാശ ആസ്വദിച്ച്‌ വിശ്വനാഥന്‍ ചിരിച്ചു. പിന്നെ പറഞ്ഞു.
"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"
ടീച്ചര്‍ ഒന്നും മിണ്ടിയില്ല
കാരണം, അനുഭവങ്ങള്‍ പലതുണ്ട്‌.

 ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.
"പെന്‍ഷന്‍ പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്‌."
മറ്റുള്ളവര്‍ക്ക്‌ നാണക്കേട്‌ ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന്‍ ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.
വിശ്വനാഥന്‍ അങ്ങനെയാണ്‌. വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.
ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്‍...
ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്‌. 

പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.
പക്ഷേ...,
അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...

ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്‌ ഒരര്‍ത്ഥമേ അവര്‍ക്കറിയു...
ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക്‌ എത്രനാള്‍ വേണ്ടിവരും...?
ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.
ഭര്‍ത്താവിന്റെ കൈമടക്കില്‍ തലവച്ച്‌ അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു. 

ആ മുഖം തന്റെ നേരെ തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.
ഒരുറക്കുപാട്ടിന്റെ താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്തമര്‍ന്നപ്പോള്‍, 

ടീച്ചറിന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത്‌ അദ്ദേഹം മന്ത്രിച്ചു.
"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു തോന്നുന്നു. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്‌.

 മക്കളെ വളര്‍ത്തി ഒരു നിലയില്‍ എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ."
ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.
" പക്ഷേ...അവിടെ മുത്തശ്ശന്‍ ഒരധികപ്പറ്റാ."
ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ്‌ പൊത്തി.
"അരുത്‌,,, അങ്ങനെ പറയരുത്‌."
വിശ്വനാഥന്‍ ചിരിച്ചു.
"ഞാന്‍ വെറുതെ പറഞ്ഞതല്ലെടാ. മക്കളുടെ നിര്‍ദ്ദേശമനുസരിച്ച്‌ കൊച്ചുമക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍.....

ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു ഭാരമാണെന്ന്"
ടീച്ചര്‍ മിണ്ടിയില്ല.
കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്‌.
കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്‍ഷന്‍ പറ്റിയ അമ്മതന്നെ.
പക്ഷേ...??!!
ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്കു ക്ഷീണം തോന്നി.

 ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ ഏറെ നേരമിരുന്നു.
ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.

 ഇനി തിരക്കൊന്നും ഇല്ല. എങ്കിലും,
ഇന്നു മകന്‍ വരും. അവന്‌ ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം.   

അതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു തോന്നി.
ഒന്നും ചെയ്യാനില്ലാത്തതു പോലെ.
ഒന്നും പറയാനില്ലാത്തതു പോലെ...
വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക്‌ അനുഭവപ്പെട്ടു.
പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..
മകന്റെ വരവാണ്‌.
'അമ്മേ' എന്നുറക്കെ വിളിച്ച്‌ അവന്‍ പണ്ടത്തെ വികൃതിക്കുട്ടിയേ പ്പോലെ അകത്തേയ്ക്ക്‌ വന്നു.
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.
"അമ്മ അച്ഛനോട്‌ പറഞ്ഞോ?"
അവന്റെ കൈ പിടിച്ച്‌ ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച്‌ ടീച്ചര്‍ നിര്‍ബന്ധിച്ചു.
"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട്‌ എത്രനാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"
"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."
ഒരു യാചനപോലെ അവര്‍ പറഞ്ഞു.
"ഒരു കപ്പ്‌ ചായ എങ്കിലും...?"
മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി. പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ്‌ കൈയ്യിലെടുത്തു.
മകന്‍ ചായ കുടിക്കുന്നതും നോക്കി ഒരല്‍പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.
"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."
മകന്റെ മുഖത്ത്‌ അമ്പരപ്പുണ്ടായി.
"അമ്മ ഉദ്ദേശിക്കുന്നത്‌....?"
"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ്‌ നീട്ടുന്നതു തന്നെയാണ്‌ യുക്തം"
പകുതി കുടിച്ച ചായക്കപ്പ്‌ മേശമേല്‍ വച്ച്‌ മകന്‍ തലകുലുക്കി.
"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"
'ഇല്ല' എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.
തന്റെ ധര്‍മ്മസങ്കടം മകന്‍ മനസ്സിലാക്കാത്തതില്‍ അവര്‍ക്ക്‌ കഠിനമായ വ്യഥയുണ്ടായി.
എങ്കിലും അവര്‍ പറഞ്ഞു.
"മോനെ...ഒന്നു നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. 

നീ മറന്നാലും അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല"
മകന്റെ മുഖം വിളറി.
"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"
മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.
അവന്റെ ചുമലില്‍ തഴുകിക്കൊണ്ട്‌ ടീച്ചര്‍ മൊഴിഞ്ഞു.
"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."
അതിനെ എതിര്‍ത്ത്‌ മകന്‍ ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക്‌ ആശ്വാസം തോന്നി. 

അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.
"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ഠ  വേണം...

പഴയ കാടന്‍ രീതികളൊന്നും അല്ലി പ്പോള്‍"
ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.
'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,
സ്റ്റെറിലൈസ്‌ ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'
എത്രയെത്ര കുറ്റങ്ങള്‍...!!
"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത്‌ അമ്മയ്ക്കില്ലാ. 

അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"
ടീച്ചര്‍ നെടുവീര്‍പ്പിട്ടു.
."ഞാനത്രയും ചിന്തിച്ചില്ല. കുറച്ചു നാള്‍ അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ എന്നേ ഞാന്‍ വിചാരിച്ചുള്ളു... 

അമ്മ ക്ഷമിക്കണം"
നിര്‍ബന്ധിച്ച്‌ ബോര്‍ഡിങ്ങില്‍ ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട്‌ ടീച്ചറുടെ നെഞ്ചു പിടഞ്ഞു.
"അരുത്‌...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം"
അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന്‍ ആവശ്യപ്പെട്ടു.
"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്‌."
നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച്‌ ടീച്ചര്‍ പറഞ്ഞു.
"ഒന്നും തോന്നില്ല. മോന്‍ സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."
പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്‍ക്കല്‍ കേട്ടു.
"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട്‌ കേട്ടോ...പണ്ടു നടക്കാതെ പോയവ...."
നേര്‍ത്തൊരു ചിരിയോടെ മകന്‍ അച്ഛനെ നോക്കി.
"ഊട്ടി...? കൊടൈക്കനാല്‍...?"
ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു. ആ കുസൃതിയേറ്റു വാങ്ങി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
"അതെയതെ...തീര്‍ന്നില്ല, കാശി...രാമേശ്വരം...തിരുപ്പതി..."
അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട്‌ ടീച്ചര്‍ കോരിത്തരിച്ചു.
 

Tuesday, September 9, 2014

ഞങ്ങള്‍ സന്തുഷ്ടരാണ്



ഞങ്ങളുടെ ദാമ്പത്യത്തിന്‌ 36 വയസ്സ്‌.

ആമുഖം.

അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.
മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും വിവാഹിതരെങ്കില്‍  

ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍
'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും ' ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന, 

ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക 
സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തയക്കണമെന്നു 
 അച്ചാച്ചനോട്‌ ആവശ്യപ്പെട്ടിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.
എല്ലാവരും അത്യാഹ്ളാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശ കര്‍ എത്തിയത്‌.
ഞങ്ങളുടെ കുടുംബ സുഹൃത്തും,  കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.
പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും , 

സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂ
ട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.
സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
''അറിയില്ലെ ...അന്നു എന്റെ അച്ചാച്ചന്റെ കൂടെ വന്നിരുന്ന ആളാ..

.ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ. ഞങ്ങളുടെ കുടുംബസുഹൃത്താ...''
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ളി ഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...
സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി. ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.
എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തി യിരുന്നല്ലൊ ടീച്ചര്‍,

 നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... വീട്ടില്‍ നിന്നും അച്ചാച്ചന്‍ കൊടുത്തയച്ചത്‌ ."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിക്ക്‌ എത്ര തരമുണ്ട്‌? ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...

പിന്നെ പറയണു അച്ചാച്ചന്‍ എന്ന്‍ ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ചാച്ചന്‍ എന്നാണ് വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷേ  കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ 

ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
ഏതു വിധവും
എന്നെ താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന 
ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!! 
ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് 
 കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ? മാതാപിതാക്കളോ സഹോദരരോ അല്ലാതെ... മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങി.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...
തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു  

അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അ
ച്ഛനാണോ അയാള്‍? കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...എന്റെ ഭര്‍ത്താവാണ്‌"
വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌. 

പക്ഷേ  ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ളേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ?"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
''സത്യമാണ്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌. വീട്ടുകാര്‍ സമ്മതി 

ക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ
അത്‌ രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളു.''
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.
കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...!!
എല്ലാവരും വിശ്വസിച്ചുവൊ?!
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ..

.ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ.
ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം

 മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌ അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ 

ആര്‍ക്കാണു കഴിയുക...?!!

പിന്നാമ്പുറം


 സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ളി മണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....! തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ 

ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും 
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ 
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷേ 
ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതി വച്ചിരുന്നു.
അത് സംഭവിക്കേണ്ടത് ആയിരുന്നതിനാല്‍ സുഹൃത്‌ ബന്ധത്തിനപ്പുറം
പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും
ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.

ഇന്ന്‍

അതെ .
ഞങ്ങളുടെ ദാമ്പത്യത്തിന്‌ 36  വയസ്സ്‌.

കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി സമാധാനപൂർണ്ണമായ ഇന്നത്തെ   

നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...ആ ചിരി....!
അന്നത്തെ അസ്സംബ്ളി  ഹാള്‍...!!
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......!!!

*********************************